പട്ടുനൂല്‍പുഴുക്കളെ കൊല്ലാത്ത പട്ടില്‍ വിരിയുന്ന വസ്ത്രങ്ങളുമായി ഒരു ഡിസൈനര്‍

പരമ്പരാഗതവസ്ത്രങ്ങളുടെ കണ്‍നിറയ്ക്കുന്ന കാഴ്ചകളുള്ളയിടമാണ് മേഘാലയ. ഇത്രമാത്രം പരിസ്ഥിതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യര്‍ വേറെയുണ്ടാവില്ല. മേഘങ്ങള്‍ക്കൊപ്പം ജീവിക്കുന്നവര്‍. അതുകൊണ്ടു തന്നെയാണ് ഇബ മലായി എന്ന മേഘാലയന്‍ ഫാഷന്‍ ഡിസൈനര്‍ തന്റെ വസ്ത്രങ്ങള്‍ ഒരിക്കലും പ്രകൃതിയെ വേദനിപ്പിക്കുന്നതാവില്ലെന്ന് തീരുമാനിച്ചതും. മേഘാലയന്‍ പാരമ്പര്യത്തനിമയുടെ പഴമയുടെയും പുതുമയുടെയും കൂട്ടിയിണക്കലാണ് ഇവയുടെ കിനിഹോ എന്ന വസ്ത്രബ്രാന്‍ഡ്. പ്രകൃതി-സൗഹാര്‍ദ്ദമായ എറി സില്‍ക്ക് യാം ഉപയോഗിച്ചാണ് മുപ്പത്തേഴുകാരിയായ ഇബ തന്റെ ബിസിനസ് കെട്ടിപ്പടുത്തത്.
എറി എന്ന തുണിത്തരം
മലായി കളക്ഷനില്‍ വിവിധതരം വസ്ത്രങ്ങളാണ് തിങ്ങിനിറഞ്ഞിരിക്കുന്നത്. മേഘാലയയിലെ പ്രാദേശിക ഗോത്രവര്‍ഗക്കാരുടെ ഏറ്റവും ഇഷ്ട തുണിത്തരമാണ് എറി. രാജ്ഞിമാരും രാജാക്കന്മാരും മുതല്‍ ഗ്രാമീണര്‍ വരെ ഏറ്റവും അഭിമാനത്തോടെ ധരിക്കുന്ന തുണിത്തരമാണിത്. അതുകൊണ്ടായിരിക്കാം നൂറുകണക്കിന് ഗ്രാമങ്ങള്‍ ഈ പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തുന്നതും എറി പട്ടുനൂല്‍ വിതരണ ശൃംഖലയും പരിസ്ഥിതി വ്യവസ്ഥയും അവയുടെ കേന്ദ്രത്തില്‍ ഉള്ളതും.
ഖാസി ഭാഷയില്‍ റിന്‍ഡിയ എന്നറിയപ്പെടുന്ന എറി സില്‍ക്ക് മേഘാലയ ജനതയുടെ പരമ്പര്യത്തിന്റെ പ്രതീകമാണ്. സാമിയ സിന്തിയ റിക്കിനി മോത്ത് / ഫിലോസാമിയ റിക്കിനി മോത്തില്‍ നിന്നാണ് എറി സില്‍ക്കിനാവശ്യമായ കൊക്കൂണുകള്‍ ശേഖരിക്കുന്നത്. മുട്ടയില്‍ നിന്ന് കൊക്കൂണിലേക്കുള്ള ചക്രം ഏകദേശം 50 ദിവസമെടുക്കും. എറി ശലഭം പൂര്‍ണ്ണ വളര്‍ച്ചയെത്തി പറന്നുപോകുമ്പോള്‍ കൊക്കൂണ്‍ ശേഖരിക്കും. ശലഭം പരിണമിച്ച് കൊക്കൂണില്‍ നിന്ന് പുറത്തുവന്നെന്ന് അറിയിക്കാനായി ഒരു ദ്വാരം അവശേഷിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് എറി പട്ടിന് അഹിംസ എന്നും പേരിട്ടിരിക്കുന്നത്.
എറിയില്‍ വിരിയുന്ന കിനിഹോ
സുസ്ഥിരതയുടെും പെതൃകത്തിന്റെയും ട്രെന്‍ഡിംഗ് ഫാഷന്റെയും സംയോജനമാണ് കിനിഹോ. ഇക്കോ ഫാഷനെ പ്രോത്സാഹിപ്പിക്കുന്നതിനായി മേഘാലയയിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും പ്രാദേശിക നെയ്ത്തുകാരാല്‍ പ്രകൃതിദത്തമായി ചായം പൂശി കൈകൊണ്ട് നെയ്‌തെടുത്ത എറി സില്‍ക്ക് പോലുള്ള ജൈവ തുണിത്തരങ്ങളാണ് ഇബയുടെ കിനിഹോയിലേത്. ഷില്ലോങ്് ആസ്ഥാനമായുള്ള കിനിഹോ വസ്ത്രാലയം ഇക്കോ ഫാഷന്റെ കലവറയാണ്. നൂതനമായ നെയ്ത്ത് ശൈലിയും കളര്‍ ബ്ലെന്‍ഡിംഗ് ടെക്‌നിക്കുകളും ഉള്ള പരമ്പരാഗത കരകൗശല തുണിത്തരങ്ങളോടുള്ള ആധുനിക സമീപനമാണ് ഈ തുണിത്തരങ്ങളില്‍ കാണാന്‍ കഴിയുന്നത്. പുഴുക്കള്‍ വിരിഞ്ഞ് ശലഭമായി പറന്നു പോയ ശേഷം ബാക്കിയുള്ള കൊക്കൂണാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതിന് പട്ടിന്റെ തിളക്കവും മൃദുവായ പരുത്തിയുടെ പ്രതീതിയും ലഭിക്കും. വേനല്‍ക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നല്‍കുന്നു എന്നതാണ് പ്രത്യേകത.
എല്ലാ കാലാവസ്ഥയിലും ധരിക്കാന്‍ അനുയോജ്യമായ ഒരു വസ്ത്രമാണിതെന്ന് ഇബ പറയുന്നു. തദ്ദേശീയരായ നെയ്ത്തുകാരുടെ സമൂഹത്തെ വളര്‍ത്തിയെടുക്കാനും തന്മൂലം പൈതൃക കരകൗശലത്തെ നിലനിര്‍ത്താനും ഇതിലൂടെ ഇബയുടെ സംരംഭത്തിന് സാധിക്കുന്നുണ്ട. തലമുറകളായി എറി സില്‍ക്ക് നെയ്ത്ത് പരിശീലിക്കുന്ന റിഭോയ് ജില്ലയിലെ നെയ്ത്തുകാരുടെ സ്വന്തം കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് കിനിഹോയുടെ പിന്നില്‍.
വസ്ത്രകല
ഇബയുടെ ശേഖരത്തില്‍ സ്ത്രീകളുടെ വസ്ത്രങ്ങളായ ഉടുപ്പുകള്‍, ടോപ്പുകള്‍, ട്രൗസറുകള്‍, പുരുഷന്മാരുടെ ഷര്‍ട്ടുകള്‍, ഷാളുകള്‍, സ്റ്റോള്‍സ്, സ്‌കാര്‍ഫുകള്‍, ജൈന്‍സെം (ഖാസി വസ്ത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം എറി സില്‍ക്ക് നൂലില്‍ നിര്‍മിച്ചതാണ്. ഹാന്‍ഡ് ഹെമ്മിംഗ്, ഹാന്‍ഡ് എംബ്രോയിഡറി, ഡ്രേപ്പിങ്ങുകള്‍.. എന്നിങ്ങനെ വസ്ത്രങ്ങള്‍ മനോഹരവും ഒപ്പം മിനിമലിസ്റ്റിക്ക് രീതി പിന്തുടരുന്നവയുമാണ്. തുണിത്തരങ്ങള്‍ക്ക് കുറുകെയുള്ള പരമ്പരാഗത 'ഖ്‌നോങ്' ലൈനുകളും വസ്ത്രങ്ങളില്‍ കാണാം. വസ്ത്രങ്ങള്‍ കലാസൃഷ്ടികളായി അവതരിപ്പിക്കുകയാണ് ഇബ തന്റെ ബ്രാന്‍ഡിലൂടെ
Content Highlights: story of meghalayan designer iba malai and eri silk