പ്രിൻസസ് ഡയാന സ്യൂട്ടിൽ, ബേബി ബമ്പുമായി സോനം കപൂർ

ഫാഷന്റെയും സ്റ്റൈലിങ്ങിന്റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്തയാളാണ് ബോളിവുഡ് നടി സോനം കപൂർ. ഇപ്പോഴിതാ മറ്റൊരു സ്റ്റൈലിഷ് ലുക്കിൽ താൻ ഗർഭിണിയാണെന്ന് അനൗൺസ് ചെയ്തിരിക്കുകയാണ് സോനം. ഡയാന രാജകുമാരിയുടെ ഹോട്ട് പിങ്ക് ഔട്ട്ഫിറ്റിനോട് സാമ്യമുള്ള വസ്ത്രമാണ് സോനം ഈ വിശേഷാവസരത്തിനായി തിരഞ്ഞെടുത്തത്. ഹോട്ട് പിങ്ക് ബ്ലേസറും മാച്ചിങ് സ്കർട്ടുമാണ് സോനം ധരിച്ചിരിക്കുന്നത്.
80-കളിലെ വിന്റേജ് ലുക്ക് നൽകുന്ന സ്യൂട്ടാണിത്. ഹോട്ട് പിങ്ക് സ്യൂട്ടിന് ഭംഗി നൽകുന്നത് ബ്ലാക്ക് ബട്ടണുകളും. 'എസ്കാഡ ബൈ മാർഗരീത്ത ലെ' എന്ന ബ്രാൻഡിൽനിന്നുള്ള വസ്ത്രമാണിത്. സ്റ്റൈൽ ചെയ്തിരിക്കുന്നത് സോനത്തിന്റെ സഹോദരി റിയ കപൂറാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം 'മദർ' എന്ന് കുറിപ്പും ഇട്ടിട്ടുണ്ട്.
ഡയാന രാജകുമാരി പല അവസരങ്ങളിലും ധരിച്ചിട്ടുണ്ട് ഇതേ നിറത്തിലുള്ള സ്യൂട്ട്. 1988-നും 1990-നും ഇടയിൽ കുറഞ്ഞത് നാല് പൊതുപരിപാടികളിലെങ്കിലും ഡയാന ഈ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടു. ഫാഷനിസ്റ്റകൾ അതിന് പ്രിൻസസ് ഡയാന സ്യൂട്ട് എന്ന് പേരുമിട്ടു.
സോനം ഗർഭിണിയാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചില പരിപാടികളിൽ പങ്കെടുത്തശേഷം തിരിച്ചുപോകുമ്പോൾ ഫോട്ടോയ്ക്കു പോസ് ചെയ്യാതിരുന്നതും റിപ്പോർട്ടുകൾക്ക് ഊർജം പകർന്നു. അതിനെല്ലാം അവസാനമാണ് സോനം തന്നെ ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.
2018-ലാണ് സോനവും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരാവുന്നത്. 2022-ൽ ആദ്യത്തെ കുഞ്ഞ് വായു ജനിച്ചു. കുഞ്ഞിന്റെ ജനനശേഷം സിനിമയുടെ ലോകത്തുനിന്ന് അകന്നുനിൽക്കുകയാണ് സോനം. 2023-ൽ റിലീസായ 'ബ്ലൈൻഡ്' ആണ് അവരുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood fashionista Sonam Kapoor announces pregnancy in a stunning hot pink suit, channeling Princess Diana`s iconic style