കരിക്കിൻവെള്ളം നിർബന്ധം, ഉറങ്ങുമ്പോൾ മേക്കപ്പ് ഇടാറില്ല, ശ്രദ്ധ കപൂറിന്റെ ചർമരഹസ്യം

ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ മേക്കപ്പും ഫിൽറ്ററുമില്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ശ്രദ്ധയുടെ ഇൻസ്റ്റഗ്രാമിലൂടെ ഒന്നു കണ്ണോടിച്ചാൽ സ്വാഭാവിക ചർമ്മം വെളിവാക്കുന്ന അവരുടെ മനോഹരമായ സെൽഫികൾ കാണാം. ആരോഗ്യവും തിളക്കവുമുള്ള ചർമം നിലനിർത്താൻ ചില ചിട്ടകളാണ് ശ്രദ്ധയെ സഹായിക്കുന്നത്. എളുപ്പത്തിൽ പിന്തുടരാവുന്ന ചില പൊടിക്കൈകൾ നോക്കാം.
ശരീരത്തിന്റെ എപ്പോഴും ജലാംശം നിലനിർത്തേണ്ടത് നല്ലതും ആരോഗ്യകരവുമായ ചർമ്മത്തിന് അനിവാര്യമാണ്. ശ്രദ്ധയത് കൃത്യമായി പാലിക്കാറുണ്ട്. പഴയൊരു അഭിമുഖത്തിൽ അവർ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. നന്നായി വെള്ളംകുടിക്കും. സാധാരണ വെള്ളത്തിന് പുറമെ, ദിവസത്തിൽ ഒരിക്കലെങ്കിലും കരിക്കിൻ വെള്ളം കുടിക്കാനും ശ്രദ്ധിക്കുമെന്നും. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമായ കരിക്കിൻ വെള്ളം ചർമത്തെ പോഷിപ്പിക്കുകയും, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും, മുഖക്കുരുവിനെ ചെറുക്കുകയും, ചർമത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങൾ വേറെയുമുണ്ട്.
പാനീയങ്ങൾക്ക് പുറമെ, ഭക്ഷണക്രമത്തിലും ശ്രദ്ധയ്ക്ക് നിർബന്ധങ്ങളുണ്ട്. ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കും.
സസ്യാഹരങ്ങൾ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കും. അത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകുമെന്നാണ് ശ്രദ്ധ പറയുന്നത്. 'ഭക്ഷണത്തിന്റെ കാര്യത്തിൽ, ഞാൻ ജങ്ക് ഫുഡ് ഒഴിവാക്കും. വീഗൻ ആകാൻ ശ്രമിക്കുന്നതിനാൽ, വളരെ ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നത്, ഇത് മുഖത്ത് ഒരു പ്രത്യേക തിളക്കം നൽകും'.
മേക്കപ്പോടെ ഉറങ്ങാൻ പോകരുതെന്നത് ശ്രദ്ധയുടെ കർശന നിയമമാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുമ്പോഴെല്ലാം സൺസ്‌ക്രീൻ പുരട്ടാനും ശ്രദ്ധിക്കും.
ഇതിനെല്ലാം പുറമെ, മിനിമൽ മേക്കപ്പാണ് ശ്രദ്ധ എപ്പോഴും തിരഞ്ഞെടുക്കാറ്. മുഖം സ്വാഭാവികമായി തോന്നിക്കാൻ ഇതവരെ സഹായിക്കുന്നു. മേക്കപ്പിനു മുമ്പ് ഐസിങ് ചെയ്യാനും ശ്രദ്ധിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Shraddha Kapoor`s natural beauty tips for healthy, radiant skin. From hydration and clean eating to makeup removal, get her secrets here.