സിനിമയ്ക്കായി ഷാരൂഖ് ധരിച്ചത് 90 കോടിയുടെ ബോഡിസ്യൂട്ട്; ബോളിവുഡിലെ ഏറ്റവും ചെലവേറിയ വസ്ത്രങ്ങളായത്

ഷാരൂഖ് ഖാന്റെ കരിയറിലെ സൂപ്പർഹീറോ സിനിമയാണ് 'റാ-വൺ'. ഗൗരി ഖാനാണ് സിനിമ നിർമിച്ചത്. 2011-ൽ 130 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. സിനിമയിലെ വിഷ്വൽ എഫക്ട്‌സ് അഭിനന്ദനം നേടിയെങ്കിലും, ബോക്‌സോഫീസിൽ പരാജയപ്പെട്ടു. സ്‌പെഷൽ ഇഫക്ട്‌സിന് അത്തവണത്തെ ദേശീയപുരസ്‌കാരം ലഭിച്ചു.
ഇതിലെ ഷാരൂഖിന്റെ കഥാപാത്രത്തിനായി കോസ്റ്റിയൂമുകൾ പ്രത്യേകം തയ്യാറാക്കുകയായിരുന്നു. പലതരം ബോഡിസ്യൂട്ടുകൾ. ലോസ് ആഞ്ചൽസിൽനിന്നുള്ള ഒരു സംഘമായിരുന്നു അതിനുപിന്നിൽ. അമേരിക്കൻ സംവിധായകനും നിർമാതാവും സ്‌പെഷൽ ഇഫക്ട്‌സ് മേക്കപ്പ് ആർട്ടിസ്റ്റുമായ റോബർട്ട് കേർട്ട്മാനും ടിം ഫ്‌ളേറ്ററിയുമാണ് ഇത് ഡിസൈൻ ചെയ്തത്. ഇതിനുപിന്നിലെ ഐഡിയ സിനിമയുടെ സംവിധായകൻ അനുഭവ് സിൻഹയുടേതും. മൂന്നുമാസമാണ് അതിനായി അദ്ദേഹമെടുത്തത്. കുറേ സൂപ്പർഹീറോ സിനിമകൾ കണ്ടു, പല ആളുകളോടും സംസാരിച്ചു. തന്റെ മനസ്സിലുള്ള സ്‌കെച്ചുകൾ വരച്ചു തയ്യാറാക്കി. അതിനുശേഷമാണ് ഡിസൈനർമാരെ ഏൽപ്പിക്കുന്നത്. വസ്ത്രത്തിനായി ഷാരൂഖിന്റെ അളവിലുള്ള ഒരു മോൾഡ് തയ്യാറാക്കണമായിരുന്നു.
കഴുത്തുവരെ ചൂടുള്ള ദ്രാവകം നിറച്ച ഒരു അറയിലേക്ക് അദ്ദേഹത്തെ നിർത്തി. അത് നന്നായി ഉണങ്ങി ഉറച്ചുവരുന്നതുവരെ ആ നിൽപ്പ് തുടരേണ്ടിവന്നു. ആ മോൾഡിൽനിന്നാണ് വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്‌തെടുത്തത്. പുറകിൽ സിബ്ബുള്ള രീതിയിലായിരുന്നുവത്. ഇത്തരത്തിലുള്ള കുറേ ബോഡിസ്യൂട്ടുകൾ തയ്യാറാക്കി. ഓരോ സ്യൂട്ടിനും ഒരുകോടി രൂപ വീതമാണ് ചെലവ് എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. എന്നാൽ, പിന്നീട് അത് ഷാരൂഖ് തന്നെ തിരുത്തി. ''സിനിമയിലെ കോസ്റ്റിയൂമിന് ഒരുകോടി രൂപയാണെന്ന് ഞാൻ പലയിടത്തും വായിച്ചു. സത്യത്തിൽ അങ്ങനെയല്ല. നാലര കോടിയാണ് ചെലവ്. അതേപോലുള്ള 20 എണ്ണമുണ്ടായിരുന്നു''. അതോടെ ബോളിവുഡിലെ ഏറ്റവും ചെലവേറിയ കോസ്റ്റിയൂമുകളായി 'റാ.വണി'ലേത് മാറി.
ആദ്യം മറ്റൊരു വസ്ത്രമിട്ട്, അതിനുമുകളിലാണ് ഈ ബോഡിസ്യൂട്ട് ഷാരൂഖ് ധരിച്ചത്. ചർമവുമായി നേരിട്ടുള്ള സമ്പർക്കം തടയാൻവേണ്ടിയായിരുന്നുവത്. ഓരോ തവണയും സ്യൂട്ട് ധരിക്കാനും അഴിക്കാനും മാത്രം ഒരുമണിക്കൂറിലേറെ സമയമെടുത്തു. വായുകടക്കാത്ത തരത്തിലായിരുന്നു സ്യൂട്ടുകളെല്ലാം.
സിനിമയുടെ സിഗ്നേച്ചർ ട്യൂണായൊരു പാട്ടുണ്ട്, 'ഛമ്മക്ക് ചലോ'. 'റാ.വണി'ന്റെ മാർക്കറ്റിങ്ങിലെല്ലാം ഏറ്റവും കൂടുതൽ സഹായിച്ചത് 'ഛമ്മക്ക് ചലോ' ആണ്. പാട്ട് പല ചാർട്ടുകളിലും ഇടംപിടിച്ചു. അതിൽ കരീന കപൂറിന്റെ വസ്ത്രവും ശ്രദ്ധിക്കപ്പെട്ടു. ധോത്തി സ്‌റ്റൈലിലുടുത്ത ചുവന്ന സാരിയായിരുന്നു കരീനയുടേത്. മനീഷ് മൽഹോത്രയുടേതായിരുന്നു ഡിസൈൻ. പിന്നീട് 'കരീന വാലാ റെഡ്' എന്നാണ് ആ സാരി അറിയപ്പെട്ടത്. ഇതേ സാരി ധരിച്ചാണ് സിനിമയുടെ പ്രൊമോഷന് കരീന എത്തിയതും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: shah rukh khan 4.5 crore bodysuit in ra.one becomes expensive costume in bollywood history