മകന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് അമ്മ മോഡലായപ്പോള്‍

'എങ്കില്‍ അമ്മയ്ക്ക് എന്റെ മോഡല്‍ ആയിക്കൂടെ?'
മകന്‍ രാജീവ് ഒന്ന് ചോദിച്ചതേയുള്ളൂ. രമണിയമ്മ ഉടന്‍ സമ്മതം മൂളി. അങ്ങനെ തന്റെ 68-ാം വയസ്സില്‍ അവര്‍ മകന്റെ വസ്ത്ര ബ്രാന്‍ഡിന് മോഡലായി. ആ അമ്മയുടെ ആശകള്‍ക്ക് ചിറകു മുളച്ചത് അങ്ങനെയാണ്.
മോഡലായി അരങ്ങേറി ആറാം വര്‍ഷം ഗൃഹലക്ഷ്മിയുടെ ഫാഷന്‍ഷൂട്ടിനായി മകന്‍ ഡിസൈന്‍ ചെയ്ത സാരിയില്‍ വീണ്ടും രമണിയമ്മ ഫോട്ടോഷൂട്ടിന് പോസ് ചെയ്തു. അമ്മയുടെ നൂറ് വാട്ട് ചിരിയുടെ പ്രകാശം മകന്റെ മുഖത്തും തെളിഞ്ഞു. അവരുടെ സ്‌നേഹത്തിനും സന്തോഷത്തിനും മാറ്റേറെയുള്ള ജീവിതത്തിന്റെ പകിട്ടുണ്ട്.
രമണിയുടെ മകന്‍
ഭര്‍ത്താവ് പീതാംബരനും ഭിന്നശേഷിക്കാരിയായ മകളും അടങ്ങിയതായിരുന്നു രമണിയുടെ കുടുംബം. ആലപ്പുഴ ഹരിപ്പാടാണ് വീട്. അവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തി. ആ മകനാണ് രാജീവ് പീതാംബരന്‍.
കുടുംബത്തില്‍ രാജീവിന് സ്‌നേഹത്തിന് ക്ഷാമമുണ്ടായിരുന്നില്ല. എങ്കിലും സമൂഹത്തില്‍ നിന്നും കൂടെ പഠിച്ചവരില്‍ നിന്നും ഒരുപാട് മുറിവേറ്റു.
ഉയരെ ഉയരെ
പ്ലസ്ടു പഠന കാലത്ത് പത്രത്തില്‍ വന്ന ഫാഷന്‍ ഡിസൈനിങ്ങിനെക്കുറിച്ചുള്ള ഒരു വാര്‍ത്ത രാജീവിന്റെ കണ്ണിലുടക്കി. ചിത്രരചനയിലും കലയിലും താത്പര്യമുള്ള രാജീവിന്റെ ഭാവി തെളിയുന്നത് അവിടെനിന്നാണ്. പ്ലസ്ടുവിനുശേഷം കോസ്റ്റിയൂം ഡിസൈനിങ്ങില്‍ ബിരുദമെടുത്തു. തുടര്‍ന്ന് മുംബൈ നിഫ്റ്റില്‍ ബിരുദാനന്തര ബിരുദം. സുസ്ഥിര ഫാഷന്‍, എക്കോ ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍ എന്നീ ആശയങ്ങളുമായാണ് രാജീവ് നാട്ടിലേക്ക് തിരിച്ചത്. പരസ്യമേഖലയിലും സിനിമയിലും നാടകത്തിലും കോസ്റ്റിയൂം ഡിസൈനറായും പരിചയസമ്പന്നനായി. ഇതായിരുന്നു സ്വന്തമായൊരു ബ്രാന്‍ഡ് ആരംഭിക്കാനുള്ള മുതല്‍മുടക്ക്.
ഫാഷന് വയസ്സുണ്ടോ?
2018-ല്‍ കൊച്ചിയില്‍ 'രാജീവ് പീതാംബരന്‍' ഹാന്‍ഡ്‌ലൂം ക്ലോത്തിങ് ബ്രാന്‍ഡിന് തുടക്കമായി. ''അച്ഛന്റെയും സഹോദരിയുടെയും മരണശേഷം അമ്മ ഒറ്റപ്പെട്ടു. പിന്നെ എനിക്കൊപ്പം കൊച്ചിയില്‍ താമസമായി. അമ്മ സാരിയുടുത്ത് ഒരുങ്ങി വരുന്നത് കാണാന്‍ ഭംഗിയാണ്. അത് ഞാന്‍ ഫോട്ടോ എടുക്കാറുണ്ടായിരുന്നു. ഒരുങ്ങാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അമ്മയ്ക്കും ഇഷ്ടമാണ്.
സാരികള്‍ ഡിസൈന്‍ ചെയ്യാമെന്ന തോന്നല്‍ ഉണ്ടായപ്പോള്‍ മോഡലായി ആദ്യം മനസ്സിലേക്കുവന്ന മുഖം അമ്മയുടേയാതിരുന്നു. അമ്മയും തയ്യാറാണെന്നു പറഞ്ഞു. ഓരോ സ്‌റ്റൈലിങ് രീതികള്‍ അമ്മയില്‍ പരീക്ഷിക്കാന്‍ തുടങ്ങി.
നമ്മുടെ നാട്ടില്‍ കറുപ്പ്, വെളുപ്പ് എന്നിവ തമ്മിലുള്ള വേര്‍തിരിവ് പ്രകടമാണ്. നിറത്തിന്റെയും ജാതിയുടെയും അളവുകോല്‍ വച്ചാണ് പലരും പെരുമാറുന്നതുപോലും. അതിന് മാറ്റം വരുത്താനുള്ളൊരു ശ്രമം.
അമ്മയുടെ ഫോട്ടോ കണ്ട് ഒരുപാടുപേര്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അമ്മ അവര്‍ക്ക് പ്രചോദനമായെന്നും പ്രായമായതിന്റെ പേരില്‍ മാറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിച്ചതുകണ്ട് സന്തോഷമായെന്നും പറഞ്ഞു.'' ഈ പ്രതികരണങ്ങളൊക്കെയും മനസ്സില്‍ അഭിമാനം നിറച്ചെന്ന് പറയുന്നു രാജീവ്. സ്‌നേഹം രക്തബന്ധത്തിനപ്പുറം ഉള്ളതാണെന്നും അഴകളവുകള്‍ നിറത്തിന് അതീതമാണെന്നും തെളിയിക്കുകയാണ് ഈ അമ്മയും മകനും.
Content Highlights: ramani became a model for her son rajeev peethambaran's designs