'പ്രിയങ്കയുടെ ചർമം വളരെ മോശമായിരുന്നു, തടിച്ച ശരീരമായിരുന്നു, മേക്കപ്പിട്ട് മറയ്ക്കേണ്ടിവന്നു'

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് വളർന്ന് തന്റെ പ്രതിഭ ലോകത്തിനു മുമ്പിൽ കാഴ്ചവെച്ച നടിയാണ് പ്രിയങ്ക ചോപ്ര. ആഗോള വിജയത്തിലേക്കുള്ള അവരുടെ യാത്ര എളുപ്പമായിരുന്നില്ല. 2000-ത്തിലെ ഫെമിന മിസ് ഇന്ത്യ, മിസ് വേൾഡ് കിരീടങ്ങൾ ഉൾപ്പെടെ പ്രിയങ്കയുടെ കരിയറിന്റെ തുടക്കകാലം ഓർത്തെടുക്കുകയാണ് പരസ്യചിത്ര സംവിധായകൻ പ്രഹ്ലാദ് കക്കർ ഇപ്പോൾ.
“ആ സമയത്ത് പ്രിയങ്കയ്ക്ക് വലിയ പോരായ്മകളുണ്ടായിരുന്നു. ഇരുണ്ട നിറമായിരുന്നു ഒരു പ്രശ്നം. രണ്ടാമതായി, അവരുടെ ചർമം മോശമായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. സിനിമയ്ക്കായി അവരുടെ ചർമം മേക്കപ്പ് ഇട്ട് മറയ്ക്കേണ്ടി വന്നു. പിന്നെ, അവർ കാഴ്ചയിൽ ശക്തയായ സ്ത്രീയായിരുന്നു.
ദോസ്താനയിൽ പ്രിയങ്ക അതിസുന്ദരിയായിരുന്നു. അതിൽ കാണുന്ന രൂപത്തിലേക്ക് എത്താൻ ഒരുപാട് ഭാരം കുറച്ചു. അതിലൊരു സംശയവുമില്ല. അതിനവർക്ക് കഠിനമായി പ്രയത്നിക്കേണ്ടി വന്നു. ലോലമായ ശരീരപ്രകൃതിയുള്ള പെൺകുട്ടിയല്ല, മറിച്ച് താരതമ്യേന വലിയ ശരീരപ്രകൃതിയുള്ളയാളായിരുന്നു അവർ. അതുകൊണ്ട് ശരീരത്തിലെ മാംസം കുറയ്ക്കുക മാത്രമല്ല, വലിയ സ്കെലിറ്റണും അവർക്ക് കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു.”-അദ്ദേഹം പറഞ്ഞു.
‘ചെറുപ്പക്കാരിയായ നായികയെ അവതരിപ്പിക്കാൻ പ്രായം കൂടി’ എന്ന് പറഞ്ഞ് ബോളിവുഡ് അവരെ ഒതുക്കാൻ തുടങ്ങിയപ്പോൾ, വിദേശത്തേക്ക് മാറുകയെന്ന ധീരമായ തീരുമാനം പ്രിയങ്ക എടുത്തുവെന്നും കക്കർ പറയുന്നു. അവരുടെ ധൈര്യത്തെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ- “വലിയ വേഷങ്ങൾ ലഭിക്കുന്നുണ്ട്, എന്നാൽ നിങ്ങൾ മുൻനിരയിലല്ല. അപ്പോൾ നിങ്ങൾ തീരുമാനിക്കുന്നു, ഇതെല്ലാം നിർത്തി ഞാൻ എൻ്റെ കരിയർ വീണ്ടും തുടങ്ങുമെന്ന്. എത്ര പേർക്ക് അങ്ങനെ ചെയ്യാൻ കഴിയും?”-കക്കർ ചോദിച്ചു. ഒന്നിച്ചു ജോലിചെയ്യാൻ ഏറ്റവും മികച്ച വ്യക്തിയാണ് പ്രിയങ്കയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അതേസമയം, പ്രിയങ്കയ്ക്ക് ശക്തമായ ഒരു പ്രണയമുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതവർക്ക് വളരെ വ്യക്തിപരമായിരുന്നു. ആ പ്രണയത്തെപ്പറ്റി ഒരിക്കൽപോലും പ്രിയങ്ക ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പക്വതയോടെയാണവർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താവും അമേരിക്കൻ ഗായകനുമായ നിക്ക് ജോനാസിൻ്റെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ് പ്രിയങ്കയിന്ന്. എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിൻ്റെയും വരാനിരിക്കുന്ന പ്രോജക്റ്റിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുക കൂടിയാണ് താരം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ad filmmaker Prahlad Kakkar reveals Priyanka Chopra`s initial challenges in Bollywood, from skin issues to weight struggles, before her global success.