സ്വര്‍ണത്തുന്നലുകള്‍, പതിനായിരം പേളുകള്‍; ലോകത്തെ അമ്പരപ്പിച്ച ആ വിവാഹവസ്ത്രം

കെൻസിങ്ടൺ കൊട്ടാരത്തില്‍ പ്രദർശിപ്പിച്ചിരിക്കുന്ന ഗൗൺ (Getty Images)
കെൻസിങ്ടൺ കൊട്ടാരത്തില്‍ പ്രദർശിപ്പിച്ചിരിക്കുന്ന ഗൗൺ (Getty Images)

ഒരു സ്വപ്നം പോലെയാണ് ചാള്‍സ് രാജകുമാരന്റെ വധുവായി ഡയാന സ്പെന്‍സര്‍ അള്‍ത്താരയിലെത്തിയത്. അവരുടെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം ആ ഗൗണിന്റെ അഴക് കൂടിയായപ്പോള്‍ ഇരട്ടിയായി. ലോകത്ത് ഏറ്റവുമധികംപേര്‍ തത്സമയംകണ്ട രാജകീയ വിവാഹമായിരുന്നു 1981-ലെ ചാള്‍സ്-ഡയാന വിവാഹം. 2018-ല്‍ 'ഏറ്റവും സ്വാധീനം ചെലുത്തിയ എക്കാലത്തെയും മികച്ച ബ്രിട്ടീഷ് രാജകീയ വിവാഹവസ്ത്രങ്ങളില്‍' ഒന്നായി ടൈം മാഗസിന്‍ ഡയാനയുടെ വെഡ്ഡിങ് ഗൗണ്‍ തിരഞ്ഞെടുത്തു. 

ഡേവിഡ്, എലിസബത്ത് ഇമ്മാനുവല്‍ എന്നിവരാണ് ഡയാനയ്ക്കായി വിവാഹവസ്ത്രമൊരുക്കിയത്. ലോകം കാത്തിരിക്കുന്ന വിവാഹമാണിതെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. കൃത്യമായ ഫാഷന്‍ ബോധ്യമുള്ള വ്യക്തിയാണ് ഡയാന. അവര്‍ക്ക് ഇഷ്ടപ്പെടുകയും വേണം. ഡയാന തന്നെയാണ് ഗൗണൊരുക്കാന്‍ ഇവരിരുവരെയും കണ്ടെത്തിയതും.

ഫാഷന്‍ലോകത്തെ ഏറ്റവും നന്നായി ഒളിപ്പിക്കപ്പെട്ട രഹസ്യം എന്ന വിശേഷണം കൂടി ഈ ഗൗണിനുണ്ട്. ചാള്‍സിന്റെ പ്രണയവും വിവാഹവുമൊക്കെ അന്താരാഷ്ട്രമാധ്യമങ്ങള്‍ക്ക് വലിയ താത്പര്യമുള്ള വിഷയമായിരുന്നു. വിവാഹനാളിനും ഏറെ മുമ്പുതന്നെ വസ്ത്രത്തിന്റെ പണി പൂര്‍ത്തിയായതാണ്. പക്ഷേ പാപ്പരാസികള്‍ കിണഞ്ഞുശ്രമിച്ചിട്ടും ഗൗണിന്റെ ഏകദേശ രൂപം പോലും ഊഹിക്കാനായില്ല.

വി-നെക്കും മുട്ടോളം നീളമുള്ള സ്ലീവും വൈഡ് സ്‌കേര്‍ട്ടുമുള്ള മറ്റൊരു വിവാഹവസ്ത്രവും ഡയാനയ്ക്കായി ഒരുക്കിയിരുന്നു. ഇതില്‍ പേളുകള്‍ പിടിപ്പിച്ചിരുന്നു. മറ്റേ വിവാഹവസ്ത്രത്തിന്റെ ഡിസൈന്‍ ചോര്‍ന്ന് വാര്‍ത്തയായാല്‍ പകരം ഉപയോഗിക്കാന്‍ കരുതിയതായിരുന്നു ഇത്. വിവാഹനാളില്‍ മഴ പെയ്താലോ എന്ന കരുതി ഒരു ചെറിയ അലങ്കരക്കുടയും ഡിസൈനര്‍മാര്‍ ഒരുക്കിയിരുന്നു.

വിവാഹവേഷത്തിൽ ഡയാന

വിവാഹത്തിന്റെ സമ്മര്‍ദം ഡയാനയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു. ബുലിമിയ എന്ന ഈറ്റിങ് ഡിസോര്‍ഡര്‍ അവരെ വലച്ചു. ശരീരഭാരം കാര്യമായി കുറഞ്ഞു. ഗൗണ്‍ ആദ്യം പരീക്ഷിക്കുമ്പോള്‍ അവരുടെ സൈസ് 14 ആയിരുന്നു. പെട്ടെന്ന് അത് 10 വരെ കുറഞ്ഞു. ഇത് ഡിസൈനര്‍മാര്‍ കുഴപ്പിച്ചിരുന്നു.

ഐവറി സില്‍ക്കാണ് ഗൗണിനുപയോഗിച്ചത്. 25 അടി ട്രെയിന്‍, 140 മീറ്റര്‍ വെയില്‍ എന്നിവ കൂടി ചേര്‍ന്നതാണ് ഗൗണ്‍. ഹാന്‍ഡ് എംബ്രോയിഡറി, പതിനായിരം പേളുകള്‍, സ്വര്‍ണത്തുന്നലുകള്‍, സെക്വിന്‍സ് എന്നിങ്ങനെ ഏറെ ശ്രദ്ധയോടെയാണ് ഗൗണ്‍ തയ്യാറാക്കിയത്.

ഗൗണിനൊപ്പമുള്ള നീളന്‍ ട്രെയിന്‍ ചില്ലറ ബുദ്ധിമുട്ടല്ല ഉണ്ടാക്കിയത്. ഡയാനയും അച്ഛനും കത്തീഡ്രലിലേക്കെത്തിയത് പരമ്പരാഗത കണ്ണാടി കോച്ചിലാണ്. അതിനുള്ളില്‍ ഇത്രയും നീളമുള്ള ട്രെയിനിന് ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാഹവേദിയിലെത്തിയപ്പോഴേക്കും ഡയാനയുടെ വസ്ത്രത്തില്‍ ചുളിവ് വീണിരുന്നു.

2014-ല്‍ ഈ വസ്ത്രത്തിന്റെ ഉടമസ്ഥാവകാശം ഡയാനയുടെ സഹോദരനില്‍ നിന്ന് മക്കള്‍ക്ക് കിട്ടി. ഇരുവര്‍ക്കും 30 വയസ്സ് തികയുമ്പോള്‍ തന്റെ സ്വത്തുവകകള്‍ അവര്‍ക്ക് നല്‍കണമെന്ന് ഡയാന തീരുമാനിച്ചിരുന്നു. ഡയാനയുടെ എന്‍ഗേജ്‌മെന്റ് മോതിരം പ്രിന്‍സ് വില്യമിന് കിട്ടി. വിവാഹവസ്ത്രത്തിന്റെ ഉടമസ്ഥാവകാശം പ്രിന്‍സ് വില്യമും പ്രിന്‍സ് ഹാരിയും പങ്കിടുന്നു. 2021-ല്‍, 'റോയല്‍ സ്‌റ്റൈല്‍ ഇന്‍ ദി മേക്കിംഗ്' എക്‌സിബിഷന്റെ ഭാഗമായി ഡയാനയുടെ വെഡ്ഡിങ് ഗൗണ്‍ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlights: Explore the iconic wedding gown of Princess Diana, its design, secrets, and lasting legacy. Thousands of pearls, gold embroidery, and a 25-foot train!