നിത അംബാനി 2015-ല്‍ അണിഞ്ഞതല്ലേ ഇത്? നീതു കപൂറിന്റെ കുര്‍ത്ത തിരഞ്ഞുപിടിച്ച് സോഷ്യല്‍മീഡിയ

നീതു കപൂര്‍, നിത അംബാനി | Getty Images
നീതു കപൂര്‍, നിത അംബാനി | Getty Images

നടന്‍ ആദര്‍ ജെയ്‌നിന്റെ മെഹന്ദി ആഘോഷത്തിന്റെ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. കപൂര്‍ കുടുംബത്തിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ആദറിന്റെ കസിന്‍ സഹോദരങ്ങളായ കരീന കപൂറും കരീഷ്മ കപൂറും രണ്‍ബീര്‍ കപൂറും ആലിയയും മറ്റു കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് നൃത്തം ചെയ്ത് പരിപാടികള്‍ ആഘോഷപൂര്‍ണമാക്കി. നടിയും രണ്‍ബീറിന്റെ അമ്മയുമായ നീതു കപൂര്‍ ചടങ്ങില്‍ അണിഞ്ഞ കറുത്ത കുര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികച്ച ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ആത്മവിശ്വാസത്തോടെ വേദികളിലെത്താറുള്ള വ്യക്തിയാണ് നീതു. ഇത്തവണ നീതു അണിഞ്ഞ വസ്ത്രം മുമ്പും കണ്ടിട്ടുണ്ടല്ലോ എന്ന് ചിലര്‍ക്കെങ്കിലും തോന്നി. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്ന് അന്വേഷിച്ച് അതെവിടെയാണെന്ന് കണ്ടുപിടിച്ചു. മെഹന്ദി ആഘോഷത്തിന് നീതു തിരഞ്ഞെടുത്ത എത്‌നിക് വസ്ത്രം 2015-ല്‍ നിത അംബാനിയും അണിഞ്ഞിരുന്നു. പത്തുവര്‍ഷത്തിനുശേഷവും വസ്ത്രത്തിന്റെ ഡിസൈന് മങ്ങലേറ്റിട്ടില്ലെന്ന് പറയുകയാണ് പലരും. 

2015-ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലാണ് നിത അംബാനി സമാനമായ വസ്ത്രം ധരിച്ചത്. നെക്ക്ലൈനിന് ചുറ്റും എംബ്രോയ്ഡറി ചെയ്ത് വളരെ സൂക്ഷ്മമായി രൂപപ്പെടുത്തിയ വസ്ത്രം രണ്ടുപേര്‍ ധരിച്ചപ്പോഴും പറയത്തക്ക വ്യത്യാസങ്ങളൊന്നും ആര്‍ക്കും കണ്ടെത്താനായില്ല. സ്‌റ്റൈലിങ്ങില്‍ മാത്രം അല്‍പം വ്യത്യാസം. പച്ച നിറത്തിലുള്ള പലാസോയാണ് മാച്ച് ചെയ്തിരിക്കുന്നത്. ഒപ്പം ഗ്രീന്‍ ഡീറ്റെയിലിങ്ങും വര്‍ക്കുകളുമുള്ള ദുപ്പട്ടയും. ദുപ്പട്ട നീതു ഷോല്‍ഡറില്‍ ഇടുകയാണെ് ചെയ്തതെങ്കില്‍ നിത ഷോള്‍ഡറിലിട്ട് കൈയിലൂടെ ചുറ്റിയെടുത്താണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്.  

ആഭരണങ്ങളുടെ തിരഞ്ഞെടുപ്പിലും വ്യത്യാസമുണ്ടായിരുന്നു. നീതു കുന്ദന്‍ സ്റ്റഡുകളും മള്‍ട്ടി ലെയേര്‍ഡ് നെക്ലേസും തിരഞ്ഞെടുത്തപ്പോള്‍ നിത നെക്ക് പീസുകളൊഴിവാക്കി കമ്മല്‍ മാത്രമാണ് ധരിച്ചത്.

Content Highlights: neetu kapoor wore same outfit of nita ambani