അവതാരകന്റെ ഭീഷണി, ഇറങ്ങിപ്പോക്ക്, പരസ്യമാപ്പ്, ഒടുവിൽ വിശ്വസുന്ദരി കിരീടം ഫാത്തിമ ബോഷിന്

മത്സരവേദിയിൽ അവതാരകന്റെ പരസ്യഭീഷണിക്കെതിരേ ശബ്ദമുയർത്തിയ മെക്സിക്കോയുടെ ഫാത്തിമ ബോഷ് ഫെർണാണ്ടസിന് (25) ഇത്തവണത്തെ മിസ് യൂണിവേഴ്സ് പട്ടം. തായ്‌ലൻഡിന്റെ പ്രവീണാർ സിങ് (29) ഫസ്റ്റ് റണ്ണറപ്പും വെനസ്വേലയുടെ സ്റ്റെഫാനി അഡ്രിയാന അബസാലി നാസർ (25) മൂന്നാം സ്ഥാനവും നേടി. ഫിലിപ്പീൻസിന്റെ അഹ്തിസ മണാലോ (28) നാലാം സ്ഥാനത്തും, ഐവറി കോസ്റ്റിന്റെ ഒലീവിയ യാസെ (27) അഞ്ചാം സ്ഥാനത്തുമെത്തി.
തായ്‌ലാൻഡിലെ ബാങ്കോക്കിൽ നടന്ന 74-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ പ്രക്ഷുബ്ധമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതിലെ കേന്ദ്രബിന്ദു ഫാത്തിമയായിരുന്നു. മത്സരത്തിന് മുന്നോടിയായി തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ വെച്ച് തായ് മത്സര ഡയറക്ടർ നവാത് ഇത്സാരഗ്രിസിൽ, ഫാത്തിമ ബോഷിനെ പരസ്യമായി ശകാരിച്ചു. നവംബർ 3-നായിരുന്നു സംഭവം. തായ്‌ലാൻഡിലെ പ്രചാരണ പരിപാടികളിൽ ബോഷ് വേണ്ടത്ര പങ്കെടുക്കുന്നില്ലെന്നായിരുന്നു നവാതിന്റെ ആരോപണം. തുടർന്ന് നവാത് ബോഷിനെ വിഡ്ഢിയെന്നും വിളിച്ചു. ബോഷ് പ്രതികരിച്ചു- "എനിക്കൊരു ശബ്ദമുണ്ട്... ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെന്നെ ബഹുമാനിക്കുന്നില്ല"-എന്നു പറഞ്ഞു.
ഇതോടെ സാഹചര്യം വഷളായി. ബോഷിനെ മുറിയിൽ നിന്ന് പുറത്താക്കാൻ നവാത് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു. എന്നാൽ, ബോഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലവിലെ മിസ്സ് യൂണിവേഴ്സ് വിക്ടോറിയ കെയർ തെൽവിഗും ഏതാനും മത്സരാർഥികളും മുറിയിൽ നിന്നിറങ്ങിപ്പോയി.
പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ, തൻ്റെ കടമകൾ ചെയ്തിട്ടുണ്ടെന്നും തന്നെ അന്യായമായി ലക്ഷ്യം വെക്കുകയായിരുന്നെന്നും ബോഷ് വ്യക്തമാക്കി. "നിങ്ങളുടെ ഡയറക്ടർ ചെയ്തത് ബഹുമാനമില്ലാത്ത കാര്യമാണ്. ഞാൻ ദയയോടെ പെരുമാറാനാണ് ശ്രമിക്കുന്നത്. ലോകമിത് കാണണം. ഞങ്ങൾ ശക്തരായ സ്ത്രീകളാണ്. ആരും ഞങ്ങളെ നിശബ്ദരാക്കരുത്." പലരും അവരുടെ നിലപാടിനെ ഒരു ശാക്തീകരണമായിട്ടാണ് കണ്ടത്.
സംഭവം വിവാദമായതോടെ, മിസ്സ് യൂണിവേഴ്സ് ഓർഗനൈസേഷൻ നവാതിൻ്റെ പെരുമാറ്റത്തെ പരസ്യമായി അപലപിച്ച് പ്രസ്താവനയിറക്കി. പിന്നീട് ഒരു ലൈവ് സ്ട്രീമിൽ നവാത് തൻ്റെ തെറ്റ് അംഗീകരിച്ച് കണ്ണീരോടെ മാപ്പ് പറഞ്ഞു.
സൗന്ദര്യമത്സരങ്ങളിൽ, പുരുഷ സംഘാടകർ വനിതാ മത്സരാർഥികൾക്ക് മേൽ അധികാരം സ്ഥാപിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടു. മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം അടക്കമുള്ളവർ വിഷയത്തിലിടപ്പെട്ടു. മാന്യമായ രീതിയിൽ വിയോജിപ്പറിയിച്ച മിസ് മെക്സിക്കോയ്ക്ക് അംഗീകാരം നൽകാനാഗ്രഹിക്കുന്നുവെന്ന് അവർ പ്രതികരിച്ചു. അതേസമയം, ഈ സംഭവത്തോടെ, ഔദ്യോഗിക മിസ്സ് യൂണിവേഴ്സ് പരിപാടികളിൽ നവാതിനെ നിയന്ത്രിച്ചതായി റിപ്പോർട്ടുണ്ട്.
മെക്സിക്കോയിലും ഇറ്റലിയിലുമായി ഫാഷൻ പഠനം നടത്തുന്ന ബോഷ്, സുസ്ഥിരമായ ഡിസൈനുകൾ നിർമിക്കുന്നതിലും ഉപേക്ഷിച്ച വസ്തുക്കൾ കൊണ്ട് ഫാഷൻ ഉത്പന്നങ്ങളുണ്ടാക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രോഗികളായ കുട്ടികൾക്കായി സന്നദ്ധപ്രവർത്തനം, പരിസ്ഥിതി ബോധവൽക്കരണം, കുടിയേറ്റക്കാരെയും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെയും പിന്തുണയ്ക്കൽ തുടങ്ങിയ കാര്യങ്ങളിലും ഇടപെട്ടുപോരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Fátima Bosch Fernández of Mexico wins Miss Universe 2025 after bravely confronting a host`s public bullying. Discover the dramatic pageant moments and her inspiring stand.