മിസ് ഫിന്‍ലന്‍ഡ് കിരീടം സാറാ ദ്‌സാഫ്‌സെയില്‍ നിന്ന് തിരിച്ചെടുത്ത നടപടി എന്തിനായിരുന്നു?

2025-ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് എത്തിയത് സാറാ ദ്‌സാഫ്‌സെയാണ്. ഇപ്പോഴിതാ മിസ് ഫിന്‍ലന്‍ഡ് വിജയിയായിരുന്ന സാറയുടെ കിരീടം തിരിച്ചെടുത്തിരിക്കുകയാണ് മിസ് ഫിന്‍ലന്‍ഡ് ഓര്‍ഗനൈസേഷന്‍. ഡിസംബര്‍ 12-ന് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സംഘടന ഈ തീരുമാനം പ്രഖ്യാപിച്ചത്. സാറയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കാരണമാണ് ഈ നടപടി. വംശീയത നിറഞ്ഞ പെരുമാറ്റം ആണ് കാരണമായി സംഘടന ചൂണ്ടിക്കാട്ടിയത്.
'സാറയുടെ സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ് അപമാനകരവും, മത്സരത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്' എന്നും ഡിസംബര്‍ 11-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ ഓര്‍ഗനൈസേഷന്‍ പങ്കുവെച്ചു.
വംശീയതയോ വിവേചനപരമായ പെരുമാറ്റമോ ഒരു തരത്തിലും തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ബഹുമാനം, സമത്വം, ഉത്തരവാദിത്തം, മനുഷ്യന്റെ അന്തസ്സ് എന്നീ മൂല്യങ്ങളാണ് തങ്ങളെ നയിക്കുന്നതെന്നും, ഈ തത്വങ്ങളില്‍ വിട്ടുവീഴ്ചയില്ലയെന്നും സംഘടന വ്യക്തമാക്കി. ‘ഈ സംഭവങ്ങള്‍ ഉണ്ടാക്കിയ വേദനയില്‍ ഞങ്ങള്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഏഷ്യന്‍ സമൂഹത്തോടും, കൂടാതെ ബാധിക്കപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നു.’
1931 മുതല്‍ നല്‍കിവരുന്ന മിസ് ഫിന്‍ലന്‍ഡ് കിരീടം, ഫിന്‍ലന്‍ഡിനെയും ഫിന്നിഷ് ജനതയെയും ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കുന്ന വലിയ പദവിയാണ്. ഒരു മാതൃകയാവേണ്ടതിന് പകരം, സാറ തന്റെ പ്രവൃത്തികളില്‍ വീഴ്ച വരുത്തി എന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചത്.
ഡിസംബര്‍ 12-ലെ ‘യ്‌ലെ’ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, സാറാ ദ്‌സാഫ്‌സെ 'ജോഡല്‍' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് വിവാദത്തിന് കാരണം. ചിത്രത്തിൽ സാറാ തന്റെ വിരലുകള്‍ കൊണ്ട് കണ്ണുകള്‍ ചരിഞ്ഞ രൂപത്തിലാക്കുന്നതായാണ് കാണിക്കുന്നത്. ഇത് കിഴക്കന്‍ ഏഷ്യന്‍ വംശജര്‍ക്കെതിരായ ഒരു വംശീയ പരാമര്‍ശമായി കണക്കാക്കപ്പെടുന്നു. ചിത്രത്തോടൊപ്പമുള്ള ഫിന്നിഷ് ഭാഷയിലെ വാചകം 'ഒരു ചൈനക്കാരനോടൊപ്പം ഭക്ഷണം കഴിക്കുന്നു' എന്നായിരുന്നു.
ഡിസംബര്‍ 8-ന്, സാറാ ഒരു ക്ഷമാപണ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'എന്റെ പ്രവൃത്തികള്‍ പലരിലും മോശം അഭിപ്രായം ഉണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു, അതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു... ഈ സാഹചര്യത്തില്‍ വ്യക്തിപരമായി ബാധിക്കപ്പെട്ടവരോട് ഞാന്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു തരത്തിലും എന്റെ ഉദ്ദേശമായിരുന്നില്ല' എന്നായിരുന്നു അവരുടെ വാക്കുകള്‍.
മിസ് യൂണിവേഴ്സ് 2025 മത്സരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളുടെ ഏറ്റവും പുതിയ വാര്‍ത്തയാണ് സാറയുടെ പേരിലുള്ള ഈ അച്ചടക്ക നടപടി. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന മത്സരത്തില്‍ മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ് കിരീടം നേടി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Miss Finland organization revokes Sara Risa`s crown after racist social media post. Learn more about the controversy and its implications.