95-ാം വയസ്സില്‍ വൈറല്‍ ഗേള്‍; മേക്കപ്പണിഞ്ഞ് മോഡലായി മേരി

#അബിന മാത്യൂ
കണ്ണൂര്‍ മേരി, ഫോട്ടോ: റിഥിന്‍ ദാമു
കണ്ണൂര്‍ മേരി, ഫോട്ടോ: റിഥിന്‍ ദാമു

നല്ല മാതാവേ മരിയേ
നിര്‍മ്മല യൗസേപ്പിതാവേ..
നിങ്ങളുടെ പാദപങ്കജത്തില്‍
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേന്‍....
(മാതാവിന്റെ 'വണക്കമാസത്തിന്റെ' ഭാഗമായി മേയ് മാസത്തില്‍ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലും വീടുകളിലും പാടുന്ന ഗാനമാണിത്).

മേക്കപ്പിനിടയിലും ഉശിരന്‍പാട്ടാണ് മേരിയമ്മച്ചി. പാട്ടുപാടി തീര്‍ന്നപ്പോള്‍ അമ്മച്ചിയ്‌ക്കൊരു സംശയം ഇതെല്ലാം പേപ്പറില്‍ വരുവോ? ഇല്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ക്യാമറ നോക്കി ചിരിയാരംഭിച്ചു, മനംമയക്കുന്ന നിറഞ്ഞചിരി.

'അമ്മച്ചിയ്ക്ക് ഇതെല്ലാം ഭയങ്കര ഇഷ്ടമാണ്. എത്രനേരം വേണമെങ്കിലും നമ്മളുടെ കൂടെ കമ്പനിയടിയ്ക്കും, യാത്രകള്‍ക്ക് ഒപ്പംകൂടും. നമ്മള്‍ പാട്ടുപാടിയാല്‍ അതിനും കൂടും,ഡാന്‍സ് കളിച്ചാല്‍ അതിനും തയ്യാര്‍', കൊച്ചുമകള്‍ പ്രിന്‍സി പറയുന്നു. 

മുടിയില്‍ കൈവച്ചപ്പോള്‍ അമ്മച്ചി ഗൗരവക്കാരിയായി, 'അമ്പടി കള്ളീ.. നീ എന്റെ മുടി മുറിയ്ക്കുവാണോ?' 'അല്ലമ്മച്ചീ, മുടി ശരിയാക്കുവാ..' മേക്കപ്പ് അസിസ്റ്റന്റിന്റെ കൈയിലുള്ളത് കത്രിക അല്ല എന്ന് കണ്ടപ്പോഴാണ് അമ്മച്ചിയ്ക്ക് സമാധാനമായത്.

'എന്റെ കര്‍ത്താവെ, എന്നാ സുന്ദരിയാന്നേ ഈ പെണ്ണ്, വല്ല ചെക്കന്മാരും കൊണ്ടുപോകുവോ അമ്മച്ചികൊച്ചിനെ?കൊച്ചുമക്കളുടെ കളിയാക്കലില്‍ മേരിയമ്മച്ചിയ്ക്ക് നാണംവന്നു.


വീക്ക്‌നെസാണ് മേക്കപ്പ്

കൊച്ചുമകളായ പ്രിന്‍സിയുടെ കരുവഞ്ചാലിലെ നെയോറ ബ്യൂട്ടിബോക്‌സ് മേക്കപ്പ് സ്റ്റുഡിയോയിലാണ് ഇത്തവണയും മേരി ഒരുങ്ങിയത്. 'ഒരുങ്ങിനടക്കാനൊക്കെ അമ്മച്ചിയ്ക്ക് നല്ല ഇഷ്ടമാണ്. കല്യാണങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പോകുമ്പോള്‍ നമ്മുടെ ഐ ലൈനറും ലിപ്സ്റ്റിക്കുമൊക്കെ അമ്മച്ചിയ്ക്കും വേണം, വീക്ക്‌നെസാണ്', മേക്കപ്പിനിടയിലും ഒന്നിടവിട്ടനേരം കണ്ണാടിയില്‍നോക്കി എല്ലാം പെര്‍ഫെക്ട് ഓക്കെയാണെന്ന് ഉറപ്പുവരുത്തുന്ന മേരിയമ്മച്ചിയെ നോക്കി പ്രിന്‍സി ചിരിക്കുന്നു.

ആലക്കോട് മങ്കര കോലഞ്ചേരിയില്‍ വീട്ടില്‍ മേരിയ്ക്ക് ഒരു മകനാണ്, ബേബിയെന്ന് നാട്ടുകാര്‍ വിളി്ക്കുന്ന വര്‍ഗീസ്. മേരിയുടെ ഭര്‍ത്താവ് പാപ്പച്ചന്‍, മകന് വര്‍ഗീസിന് അഞ്ചുവയസ്സുള്ളപ്പോള്‍ മരിച്ചതാണ്. വര്‍ഗീസിന്റെ ഭാര്യയുടെ പേരും മേരി (മേരിക്കുട്ടി) എന്നുതന്നെ. വര്‍ഗീസിന് മൂന്നുമക്കളാണ് പ്രിന്‍സ്, പ്രിന്‍സി, അബിലാഷ്. എല്ലാവര്‍ക്കുമായി ആറ് കൊച്ചുമക്കളും. ഇവരെല്ലാംചേര്‍ന്നാണ് മേരിയമ്മച്ചിയെ 'കൊച്ചുപ്പെണ്ണാ'ക്കി സമൂഹമാധ്യമങ്ങളില്‍ ഫെയ്മസാക്കിയത്. സുന്ദരിയമ്മച്ചിയുടെ മേക്കോവറിന് മാത്രമല്ല, വല്യമ്മച്ചിയുടെ ആഗ്രഹത്തിന് കൂട്ടുനിന്ന കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും സ്‌നേഹത്തിനും സോഷ്യല്‍മീഡിയയില്‍ കൈയടി കിട്ടി.

മോഡല്‍ അമ്മച്ചി
 

മുടിയൊതുക്കി, ഐ ലാഷുകള്‍ വെച്ച്, മസ്‌കാരയും ബ്ലഷുമിട്ട് മുഖം മിനുക്കി, ചുവപ്പന്‍ ലിപ്സ്റ്റിക്കണിഞ്ഞപ്പോള്‍ അമ്മച്ചി കൂടുതല്‍ സുന്ദരിയായി.  ചുവപ്പും കറുപ്പും ചെക്ക് ഷര്‍ട്ടും കറുപ്പ് മിഡിയുമാണ് അമ്മച്ചിയുടെ വേഷം. കൂളിങ് ഗ്ലാസ് വെക്കാന്‍ പറഞ്ഞപ്പോള്‍  'അതുവേണ്ടാടാ'യെന്ന് അമ്മച്ചി. 'ഒന്നുവെച്ചുനോക്കട്ടെ അമ്മച്ചീ, എന്നിട്ട് മാറ്റാ'മെന്ന് പറഞ്ഞപ്പോള്‍ സമ്മതം. 

ഇത്തവണ ഷൂ വേണമെന്ന് അമ്മച്ചിയ്ക്ക് നിര്‍ബന്ധമായിരുന്നു. പോസ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അമ്മച്ചി മോഡലുകളെപ്പോലെ നിവര്‍ന്നു. പിള്ളേരെപ്പോലെ യോയോ പറയാനും തംപ്‌സ് അപ്പ് ചെയ്യാനും തുടങ്ങി. 

''ചെവിയ്ക്ക് ലേശം പ്രശ്‌നമുണ്ടെന്നതൊഴികെ വേറൊരു പ്രശ്‌നോമില്ല മേരിക്കുട്ടിയ്ക്ക്, അല്ലേ അമ്മച്ചീ?'' പിള്ളേരുടെ വര്‍ത്തമാനത്തിനുപുറകേ മേരിയമ്മച്ചിയുടെ മുഖത്ത് നൂറുവാള്‍ട്ട് ചിരി തെളിയുകയായി.
 
പ്രായം എന്ന കാരണത്തില്‍ ഒതുക്കിനിര്‍ത്തേണ്ടതല്ല ഓരോരുത്തരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെന്നാണ് മേരിയമ്മച്ചിയും മക്കളും അടിവരയിട്ട് പറയുന്നത്. ആഗ്രഹങ്ങള്‍ക്ക് അതിരുവെക്കാത്തതാണ് 95ലും അമ്മച്ചിയെ ഫുള്‍ ഓണാക്കിനിര്‍ത്തുന്നത്. മേക്കപ്പ് സെറ്റ് ചെയ്തുകഴിഞ്ഞപ്പോള്‍ അമ്മച്ചി ആഗ്രഹങ്ങളോരോന്നായി പറഞ്ഞു. എല്ലാവരുടെയും കൂടെ ഫോട്ടോ എടുക്കണം, മേക്കോവര്‍ വീഡിയോകളും ചിത്രങ്ങളും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കും മരുമകള്‍ക്കും മകനും അയക്കണം.  സ്‌നേഹത്തോടെ തന്നെ ചേര്‍ത്തുപിടിക്കുന്നവര്‍ക്കെല്ലാം നൂറുചുംബനം നല്‍കണം.

കോസ്റ്റ്യൂം ആന്‍ഡ് മേക്കപ്പ്
നെയോറ ബ്യൂട്ടിബോക്‌സ്,
മിടുക്കീസ് ഗ്രൂപ്പ്,
കരുവഞ്ചാല്‍,
കണ്ണൂര്‍.    

Content Highlights: makeover of kannur mary