ഒരു ലിപ്‌സ്റ്റിക്കിന് ഇത്രയും വിലയോ! സൗന്ദര്യവര്‍ദ്ധക രംഗത്തേക്ക് ലൂയി വിറ്റണും

ഒടുവില്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റണും സൗന്ദര്യവര്‍ദ്ധക രംഗത്തേക്കു കൂടി ചുവടുവെക്കുകയാണ്. തങ്ങളുടെ തന്നെ പുതിയ ഒരു മേക്കപ്പ് ശ്രേണിയുമായാണ് ഈ ഭീമന്‍ ഫാഷന്‍ബ്രാന്‍ഡ് സൗന്ദര്യ ലോകത്തേക്ക് പ്രവേശിക്കുന്നത്.
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് പാറ്റ് മഗ്രാത്തുമായി സഹകരിച്ച് തങ്ങളുടെ ആദ്യത്തെ മേക്കപ്പ് ശേഖരമായ 'ലാ ബ്യൂട്ടി ലൂയി വിറ്റണ്‍' കഴിഞ്ഞദിവസം ഔദ്യോഗികമായി പുറത്തിറക്കി. ഈ മേക്കപ്പ് സാധനങ്ങളുടെ വിലയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഒരു ലൂയി വിറ്റണ്‍ ലിപ്സ്റ്റിക്കിന് എത്ര വിലവരും? 160 ഡോളര്‍. അതായത് ഏകദേശം 14,000 രൂപ. ഒരു ഐഷാഡോ പാലറ്റിനാവട്ടെ, 250 ഡോളര്‍ ആണ് വില. ഏകദേശം 21,000 രൂപ.
ഫാഷന്‍ ബ്രാന്‍ഡിന്റെ ഇത്തരത്തിലൊരു നീക്കം തീരെ ശരിയായില്ലെന്നാണ് ആരാധകരുടെ പക്ഷം. ‘ടിക് ടോക് പോസ്റ്റുകള്‍ക്കായി ഇൻഫ്‌ളുവന്‍സര്‍മാര്‍ക്ക് നല്‍കാനുള്ള, ലോഗോ വെച്ച് പണം തട്ടാനുള്ള മറ്റൊരു സംരംഭം മാത്രം,' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'ഒരു ലിപ്സ്റ്റിക്കിന് 160 ഡോളര്‍ വില വരാന്‍ ഒരു കാരണവുമില്ല. ആ വിലയ്ക്ക്, അതില്‍ എന്റെ ചുണ്ടുകളില്‍ സ്വയം പുരട്ടാനുള്ള ടെക്‌നോളജിയും വേണ്ടതാണ്.' മറ്റൊരാളും പറഞ്ഞു. 'ഇതിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ല,' എന്ന് മൂന്നാമതൊരാള്‍ കൂട്ടിച്ചേര്‍ത്തു. യാതൊരു ഔചിത്യബോധവുമില്ലാത്ത, നിരാശാജനകമായ ഒരു നീക്കമെന്ന് വിശേഷിപ്പിച്ചവരുമുണ്ട്.
ബ്രാന്‍ഡിന്റെ പ്രശസ്തമായ മോണോഗ്രാം, ഡാമിയര്‍ ചിഹ്നങ്ങളാല്‍ അലങ്കരിച്ച ശേഖരിക്കാവുന്ന കെയ്സുകളാണ് ഇതിലുള്ളത്. പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ കോണ്‍സ്റ്റാന്റിന്‍ ഗ്രിസിക് രൂപകല്‍പ്പന ചെയ്ത ഇതിന്റെ പാക്കേജിങ്ങ് മാത്രം മതി ആഡംബരം മനസ്സിലാക്കാന്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിനു പകരം അതിസമ്പന്നരായ ഉപഭോക്താക്കളിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇത്തരമൊരു ലോഞ്ചിന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കമ്പനി സൂചന നല്‍കിയിരുന്നു. ഓഗസ്റ്റ് 20-ന് ചൈനയില്‍ ഔദ്യോഗികമായി ആരംഭിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 25-ന് ആഗോളതലത്തില്‍ ഡിജിറ്റലായി പുറത്തിറക്കും. അതിനുശേഷം ഓഗസ്റ്റ് 29 മുതല്‍ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ലൂയി വിറ്റണ്‍ ബൊട്ടീക്കുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഇത് ലഭ്യമാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: luxury brand louis vuitton`s new makeup line, with $160 lipsticks and $250 eyeshadow palettes, draws criticism for its high prices.