ലോറിയൽ ഐശ്വര്യയെ അവഗണിച്ചോ? കാനിന്റെ പോസ്റ്ററിൽ ആലിയ ഭട്ട് മാത്രം

ഐശ്വര്യ റായ്
ഐശ്വര്യ റായ്

കാൻ ഫിലിം ഫെസ്റ്റിവൽ (Cannes Film Festival) ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ലോറിയൽ പാരിസിന്റെ ദീർഘകാലത്തെ ആഗോള ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെടുന്ന ഐശ്വര്യ റായ് ബച്ചനെ കാണാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ, അവരുടെ പ്രചാരണ പരിപാടിയിൽ ബ്രാൻഡ് ഐശ്വര്യയെ അവഗണിച്ചുവെന്നാണ് ഇപ്പോൾ ആരാധകരുടെ പരാതി.

ഫെസ്റ്റിവൽ ഡി കാൻ 2026ലെ ഔദ്യോഗിക മേക്കപ്പ് പങ്കാളിയാണ് ലോറിയൽ പാരിസ്. ബ്രാൻഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് അടുത്തിടെ, കാനിലെ ഐതിഹാസിക ഹോട്ടൽ മാർട്ടിനെസിൽ ബ്രാൻഡ് അംബാസഡർമാരുടെ ഭീമാകാരമായ പോസ്റ്ററുകൾ കാണിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഹോളിവുഡ് താരങ്ങളായ വയോള ഡേവിസ്, എവ ലോംഗോറിയ, ഹെലൻ മിറൻ എന്നിവർ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടു. ബോളിവുഡ് സിനിമാ ലോകത്തുനിന്ന് ഐശ്വര്യ റായി ബച്ചന് പകരം ആലിയ ഭട്ടിന്റെ പോസ്റ്ററാണ് ബ്രാൻഡ് പ്രദർശിപ്പിച്ചത്.

ഇത് ഐശ്വര്യയുടെ ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. 2003 മുതൽ താരം ബ്രാൻഡുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും തിരിച്ചറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളാണെന്നും പലരും വാദിക്കുന്നു. 2024-ൽ ആലിയ ഭട്ട് പുതിയ ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ആരാധകരുടെ പ്രതികരണം

ആരാധകർ വീഡിയോയോട് ശക്തമായാണ് പ്രതികരിച്ചത്. ഐശ്വര്യ എവിടെയാണ്?, ഐശ്വര്യ ഇല്ലാതെ ലോറിയലിന് ഇന്ത്യയിൽ ഒന്നുമില്ല, എത്ര അംബാസഡർമാർ (100 ആലിയമാർ പോലും) ലോറിയലുമായി ഒപ്പിട്ടാലും, അവരിൽ ആർക്കും ഐശ്വര്യ നൽകുന്ന കാലാതീത സൗന്ദര്യത്തിനും ആകർഷകസാന്നിധ്യത്തിനും തുല്യമാകാൻ കഴിയില്ല, ഇന്ത്യയിലെ എല്ലാ വീട്ടിലും ലോറിയൽ പ്രശസ്തമാക്കിയ വ്യക്തി ആരാണ്? എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യയും ആലിയയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആലിയ ഇതിനകം ഫ്രഞ്ച് റിവിയേരയിലെത്തിയിട്ടുണ്ട്. ഐശ്വര്യയ്ക്കും ആലിയയ്ക്കും പുറമെ, അതിഥി റാവു, കല്യാണി പ്രിയദർശൻ, താര സുതാരിയ, മൗനി റോയ്, ജാക്വിലിൻ ഫെർണാണ്ടസ്, കരൺ ജോഹർ തുടങ്ങിയ മറ്റ് ഇന്ത്യൻ സെലിബ്രിറ്റികളും റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെടും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: L'Oreal Paris featured Alia Bhatt's poster at Cannes 2026, omitting long-time ambassador Aishwarya Rai., Aishwarya Rai has been the face of L'Oreal in India since 2003, triggering fan backlash., Alia Bhatt was recently appointed as a global ambassador in 2024., Both actresses are expected to attend the 2026 festival alongside other Indian celebrities.