ചര്‍മം തിളങ്ങാന്‍ പുതുപുത്തന്‍ വഴികള്‍

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

സൗന്ദര്യമെന്നാല്‍ വെളുത്ത നിറം എന്ന ചിന്തയോട് പുതുതലമുറ ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു. ഏത് നിറമുള്ള, എങ്ങനെയുള്ള ചര്‍മമാണെങ്കിലും അതിന്റെ ഭംഗിയെ, ആരോഗ്യത്തെ അങ്ങനെത്തന്നെ നിലനിര്‍ത്താനുള്ള വഴികളാണ് എല്ലാവരും തിരയുന്നത്. പണ്ട് കല്യാണത്തിനോ മറ്റോ ഒന്ന് പാര്‍ലറില്‍ പോയി ഫേഷ്യലോ ക്ലീനിങ്ങോ ചെയ്തിരുന്ന രീതിയല്ല ഇപ്പോള്‍. ഏറ്റവും പുതിയ ചര്‍മ സംരക്ഷണമാര്‍ഗങ്ങള്‍ക്ക് പിന്നാലെയാണ് എല്ലാവരും. 

പുതിയ സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍  

ഡ്രൈ, ഓയിലി, സെന്‍സിറ്റീവ്, നോര്‍മല്‍... എന്നിങ്ങനെ ഏത് തരം ചര്‍മമാണെന്ന് നോക്കി, ഓരോ ചര്‍മത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരു വിദഗ്ധന്റെ സഹായത്തോടെ നിര്‍ണയിച്ച് ട്രീറ്റ്മെന്റ് സ്വീകരിക്കാം. 

  •    കെമിക്കല്‍ പീല്‍
  •    ബി.ബി. ഗ്ലോ ഫേഷ്യല്‍
  •    ഡെര്‍മാപ്ലാനിങ്
  •    മൈക്രോനിഡിലിങ്
  •    എല്‍.ഇ.ഡി. ലൈറ്റ് തെറാപ്പി
  •    റേഡിയോ ഫ്രീക്വന്‍സി
  •    അള്‍ട്രാ സൗണ്ട് തെറാപ്പി
  •    ഹൈഡ്രാ ഫേഷ്യല്‍

 കെമിക്കല്‍ പീല്‍

ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള സ്‌കിന്‍ ട്രീറ്റ്മെന്റാണ് കെമിക്കല്‍ പീല്‍. ഒരു പ്രത്യേകതരം കെമിക്കല്‍ ഉപയോഗിച്ച് ചര്‍മത്തിന്റെ പുറംപാളി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ചര്‍മം കൂടുതല്‍ മൃദുവായും ഭംഗിയായും വീണ്ടും വളരുകയും ചെയ്യും. ചുളിവുകള്‍, കരുവാളിപ്പ്, മങ്ങല്‍, പാടുകള്‍, മുഖക്കുരു, പിഗ്മെന്റേഷന്‍, മെലാസ്മ... തുടങ്ങിയവയ്‌ക്കെല്ലാം പരിഹാരമാണിത്. 

കെമിക്കല്‍ പീല്‍ പലതരമുണ്ട്. ഓരോ ചര്‍മത്തിന്റെയും പ്രശ്‌നങ്ങള്‍ക്കനുസരിച്ച് ലാക്ടിക് ആസിഡ്, സാലിസിലിക് ആസിഡ്, മാന്‍ലിക് ആസിഡ് എന്നിവയുടെ കൃത്യമായ മിശ്രിതമാണ് ട്രീറ്റ്മെന്റിന് ഉപയോഗിക്കുന്നത്. ഒരു ചര്‍മവിദഗ്ധന്റെ നേതൃത്വത്തില്‍ മാത്രമേ ഇത് ചെയ്യാവൂ. 

  • ലൈറ്റ് കെമിക്കല്‍ പീല്‍: ചര്‍മത്തിന്റെ ഏറ്റവും പുറം പാളി (എപ്പിഡെര്‍മിസ്) നീക്കുന്നു. ചുളിവുകള്‍, മുഖക്കുരു, വരള്‍ച്ച, ചര്‍മത്തിലെ നിറവ്യത്യാസം എന്നിവ മാറാന്‍ ഈ ട്രീറ്റ്മെന്റ് സഹായിക്കും.
  • മീഡിയം കെമിക്കല്‍ പീല്‍: എപ്പിഡെര്‍മിസിലെ ചര്‍മ കോശങ്ങള്‍ നീക്കുന്നതോടൊപ്പം മിഡില്‍ ലെയര്‍ സ്‌കിന്നിന്റെ മുകള്‍ ഭാഗവും നീക്കുന്നു. ചുളിവുകള്‍ മുഖക്കുരു മൂലമുള്ള വടുക്കുകള്‍ എന്നിവ മാറാനാണ് ഇത്്
  • ഡീപ് കെമിക്കല്‍ പീല്‍: വലിയ ചുളിവുകള്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ എന്നിവ നീക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാം. 

ബി.ബി. ഗ്ലോ ട്രീറ്റ്‌മെന്റ് 

സെമി പെര്‍മനന്റ് മേക്കപ്പ് രീതിയാണ് ഇത്. നാച്വറല്‍ കൊളാജന്‍ ഉത്പാദിപ്പിക്കുന്ന പിഗ്മെന്റുകളെ ഒരു മൈക്രോ നീഡില്‍ ഉപയോഗിച്ച് ചര്‍മത്തിലേക്ക് നിക്ഷേപിക്കുന്നു. നാല് മാസം വരെ ഫലം നീണ്ടുനില്‍ക്കും. മേക്കപ്പില്ലാതെ തന്നെ ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാം. വേദനരഹിതമാണ് ഈ ചികിത്സ. മുലയൂട്ടുന്നവരും ഗര്‍ഭിണികളുമായ സ്ത്രീകള്‍ ഈ ചികിത്സ ചെയ്യുന്നത് ഒഴിവാക്കണം. 

ഡെര്‍മാപ്ലാനിങ് ട്രീറ്റ്‌മെന്റ്  

ചര്‍മം പാടുകളും ചുളിവുകളുമില്ലാതാക്കാന്‍ സഹായിക്കുന്ന ട്രീറ്റ്മെന്റാണിത്. താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതാണ് ഇതിന്റെ ഗുണം. ചര്‍മത്തിന്റെ ഏറ്റവും മുകളിലെ പാളി ബ്ലേഡ് പോലെയുള്ള ഒരു ഉപകരണംകൊണ്ട് നീക്കം ചെയ്യുന്നു. മൂന്നോ നാലോ ആഴ്ചവരെ ഇതിന്റെ ഫലം ലഭിക്കും. വരണ്ട് ഉണങ്ങിയ ചര്‍മം, നിറം മങ്ങിയ കരുവാളിച്ച ചര്‍മം, ചുളിവുകള്‍ എന്നിവയെല്ലാം ഇങ്ങനെ താത്കാലികമായി നീക്കാം. മൃതകോശങ്ങളെ നീക്കുന്നതിനൊപ്പം അനാവശ്യ രോമങ്ങളും നീക്കം ചെയ്യാം.

മൈക്രോനീഡിലിങ് 

മുഖക്കുരുവിന്റെ പാടുകള്‍, സര്‍ജിക്കല്‍ സ്‌കാര്‍സ്, സ്ട്രെച്ച് മാര്‍ക്കുകള്‍, ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍ എന്നിവ പരിഹരിക്കാന്‍ മികച്ച മാര്‍ഗമാണ് മൈക്രോ നീഡിലിങ്. ചെറിയ സൂചി ഉപയോഗിച്ച് ചര്‍മത്തിലെ കൊളാജന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ചെറിയ വേദനയുള്ളതിനാല്‍ ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷമേ ട്രീറ്റ്മെന്റ് നടത്തൂ. ചികിത്സയ്ക്കുശേഷം കുറച്ച് ദിവസം ചര്‍മത്തില്‍ ചെറിയ ചുവപ്പുനിറം അനുഭവപ്പെടാം. 

റേഡിയോഫ്രീക്വന്‍സി 

അയഞ്ഞുതൂങ്ങിയ ചര്‍മത്തെ നോര്‍മല്‍ രൂപത്തിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ട്രീറ്റ്മെന്റാണ് ഇത്. ചര്‍മത്തിലെ ഏറ്റവും ഉള്ളിലുള്ള പാളിയായ ഡെര്‍മിസിലേക്ക് ഊര്‍ജ തരംഗങ്ങള്‍ കടത്തിവിട്ട് ചൂടുപിടിപ്പിക്കുന്നു. ഇതിലൂടെ കൊളാജെന്‍ ഉത്പാദനം കൂടുന്നു. ഇത് ചര്‍മത്തെ ടൈറ്റ് ചെയ്ത പഴയ രൂപത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കും. 

അള്‍ട്രാസൗണ്ട് തെറാപ്പി 

മുഖവും ചര്‍മവും മസാജ് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഫലമാണ് അള്‍ട്രാസൗണ്ട് തെറാപ്പിയിലൂടെ ലഭിക്കുന്നത്. ചര്‍മത്തിന് മുറുക്കം നല്‍കി മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ചര്‍മത്തെ തിളക്കമുള്ളതുമാക്കും. മുഖക്കുരു കുറയ്ക്കാനും മുഖത്തിന്റെ പേശികളെ ബലപ്പെടുത്താനും രക്തചംക്രമണം കൂട്ടാനും ഈ ട്രീറ്റ്മെന്റ് സഹായിക്കും. 

ഹൈഡ്രാ ഫേഷ്യല്‍ 

സൗന്ദര്യസംരക്ഷണ മേഖലയിലെ ഏറ്റവും നൂതനവും ഫലപ്രദവുമായ ട്രീറ്റ്മെന്റുകളില്‍ ഒന്നാണ് ഹൈഡ്രാ ഫേഷ്യല്‍. ഓരോ ചര്‍മത്തിനനുസരിച്ചുള്ള ക്ലെന്‍സിങ്, എക്‌സ്ഫോളിയേഷന്‍, എക്ട്രാക്ട് തുടങ്ങിയവയെല്ലാം പലതരം റിജുവനേഷന്‍ സെറം ഉപയോഗിച്ച് ചെയ്യുകയാണ് ഇതിലൂടെ. ചര്‍മം ആഴത്തില്‍ വൃത്തിയാകുകയും ബ്ലാക്ക്, വൈറ്റ് ഹെഡ്സ് നീക്കി ചര്‍മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും. ചര്‍മം കൂടുതല്‍ മൃദുവാകുന്നു, ചര്‍മത്തെ മോയിസ്ചറൈസ് ചെയ്യുന്നു. എന്നിങ്ങനെ പല ഗുണങ്ങള്‍ ഈ ട്രീറ്റ്മെന്റിനുണ്ട്.

എല്‍.ഇ.ഡി ലൈറ്റ് തെറാപ്പി

മുഖക്കുരു, സോറിയാസിസ്, ആക്ടനിക്ക് കെരാട്ടോസിസ്, റോസേഷ്യ, സണ്‍ബേണ്‍, മുറിവുകള്‍, ചര്‍മത്തിലെ വടുക്കുകള്‍ എന്നിവ മാറ്റുന്നതിനായി L E D ലൈറ്റ് തെറാപ്പി വളരെ ഫലപ്രദം ആണ്. ഗ്രീന്‍ പിഗ്മെന്റേഷന്‍, മെലാസ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ ചികിത്സ സ്വീകരിക്കാം. പല നിറങ്ങളിലുള്ള ലൈറ്റാണ് ഓരോ ചികിത്സയ്ക്കും ഉപയോഗിക്കുന്നത്. ചുവപ്പ് നിറം ആന്റി ഏജിങ് ട്രീറ്റ്മെന്റിനും നീല മുഖക്കുരു നീക്കം ചെയ്യാനും ഉപയോഗിക്കുന്ന നിറങ്ങളാണ്. 

തയ്യാറാക്കിയത്-
ഷൈമ റാണി
(ലെ കാസ്റ്റിങ് യുണിസെക്‌സ് സലൂണ്‍, കൊല്ലം)

Content Highlights: latest beauty treatments and skin care tips