കണ്ണുകളില്‍ മേക്കപ്പ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം/ shutterstock
പ്രതീകാത്മക ചിത്രം/ shutterstock

ഐലൈനര്‍, മസ്‌കാര, കാജല്‍, ഐഷാഡോ, ഐലാഷ്,‌ ഐലാഷ് കേർളർ ... കണ്ണിമകളുടെ അഴക് കൂട്ടാന്‍ ഒരുപാട് ഉത്പന്നങ്ങള്‍ വിപണികളില്‍ സുലഭമാണ്. എന്നാല്‍ അവയെല്ലാം കണ്ണുകള്‍ക്ക് സേഫ് ആണോ...അറിയാം ഐ മേക്കപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

♦ സൗന്ദര്യവര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധവേണം. ഇവയുടെ ഉപയോഗത്തിലെ ചെറിയ പാകപ്പിഴകള്‍പോലും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
♦ കൈകള്‍ നന്നായി വൃത്തിയാക്കിയതിനുശേഷം മാത്രമെ കണ്ണുകളില്‍ മേക്കപ്പ് ചെയ്യാവൂ. 
♦ കണ്ണുകളില്‍ ഉപയോഗിക്കാൻ പ്രത്യേകം തയ്യാറാക്കിയ പദാര്‍ഥങ്ങള്‍ മാത്രമെ ഐ മേക്കപ്പിന് ഉപയോഗിക്കാവൂ. 
♦ ലിപ്സ്റ്റിക്, ബ്ലഷ് തുടങ്ങിയവ ഐഷാഡോയ്ക്ക് പകരമായി കണ്‍പോളയില്‍ ഇടുന്ന രീതി പിന്‍തുടരുന്നവരുണ്ട്. എന്നാല്‍ അവ കണ്ണിന് നല്ലതല്ല. 
♦ നന്നായി കൂര്‍പ്പിച്ചതിനുശേഷം വേണം ഐ പെന്‍സില്‍ ഉപയോഗിക്കാന്‍. 
♦ ഐലാഷ് ലൈനിന് (കണ്‍പീലികളുടെ രേഖ) പുറത്ത് കണ്ണെഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
♦ കണ്‍പീലിയുടെ ഉള്ളില്‍, അതായത് വാട്ടര്‍ലൈനിലൂടെ കണ്ണെഴുതുന്നത് കണ്ണുനീര്‍ ഗ്രന്ഥികള്‍ അടയാന്‍ കാരണമായേക്കാം. കണ്ണിന്റെ വരള്‍ച്ച, കണ്‍പോളയില്‍ നീര്‍ക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. 
♦ ഐമേക്കപ്പ് ഉത്പന്നങ്ങള്‍ കണ്ണിനുള്ളിലേക്ക് പടരാതെയിരിക്കാനും ശ്രദ്ധിക്കണം. 
♦ കണ്ണുകളില്‍ ഉപയോഗിക്കുന്ന മേക്കപ്പ് പദാര്‍ഥങ്ങള്‍ മറ്റൊരാളുമായി പങ്കുവെക്കുന്നത് അണുബാധയ്ക്ക് കാരണമാകുന്നു. 
♦ കടകളിലെ മേക്കപ്പ് പദാര്‍ഥങ്ങളുടെ സാമ്പിളുകള്‍ കണ്ണുകളില്‍ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളംപേര്‍ ഉപയോഗിക്കുന്നതായതിനാല്‍ അണുബാധയുണ്ടായേക്കാം. 
♦ കണ്ണുകളില്‍ അണുബാധയുണ്ടായാല്‍ അത് ഭേദമാകുന്നതുവരെ ഐ മേക്കപ്പ് ഒഴിവാക്കാം. 
♦ കണ്ണുകളില്‍ പൊടിയോ മറ്റോ വീണുകഴിഞ്ഞാല്‍ കണ്ണ് തിരുമ്മരുത്. തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുക. 
♦ ഒരു മേക്കപ്പ് ഉത്പന്നം ഉപയോഗിക്കുമ്പോള്‍ അലര്‍ജി, കണ്‍പോളയില്‍ വേദന, വീക്കം, കണ്ണില്‍ ചുവപ്പ് തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ മേക്കപ്പ് പൂര്‍ണമായും കഴുകിക്കളയുക. പിന്നീട് അലര്‍ജിയുണ്ടാക്കുന്ന മേക്കപ്പ് ഉത്പന്നം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 
♦ പല മേക്കപ്പ് പദാര്‍ഥങ്ങള്‍ക്കും ഷെല്‍ഫ് ലൈഫ് കുറവാണ്. ആറുമാസത്തിലൊരിക്കല്‍ ഇവ മാറ്റി, പുതിയത് ഉപയോഗിക്കണം. കണ്ണുകളില്‍ അണുബാധയുണ്ടാകുന്നത് തടയാന്‍ അത് സഹായിക്കുന്നു. 
♦ പെന്‍സില്‍, ലിക്വിഡ്, ജെല്‍ എന്നിങ്ങനെ പല രൂപത്തിലുള്ള ഐലൈനറുകളുണ്ട്. അനുയോജ്യമായവ തിരഞ്ഞെടുക്കാം.  ലിക്വിഡ് രൂപത്തിലുള്ള മേക്കപ്പ് പദാര്‍ഥങ്ങളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്. അവ മൂന്ന് മാസം കൂടുമ്പോള്‍ മാറ്റി പുതിയത് ഉപയോഗിക്കുന്നത് നല്ലതാണ്. 
♦ രാത്രി ഉറങ്ങുന്നതിന് മുന്‍പ് കണ്ണിന് ചുറ്റുമുള്ള എല്ലാ മേക്കപ്പും കഴുകി വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
♦മേക്കപ്പ് ചെയ്യാതെതന്നെ കണ്ണുകളെ ഭംഗിയാക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാവും. കണ്ണിന് ചുറ്റുമുള്ള ചര്‍മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 4 ലിറ്റര്‍ വെള്ളം കുടിക്കണം. 
♦ കൃത്യമായ വിശ്രമവും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങാം. 
♦ ദീര്‍ഘനേരം സ്‌ക്രീനില്‍ ചെലവഴിക്കുന്നതും കുറയ്ക്കാം. 

Content Highlights: eye makeup tips