ആ അപമാനത്തിനുള്ള പ്രതികാരമായി ഡയാനയുടെ റിവഞ്ച് ഡ്രസ്സ്; ചാൾസിന്റെ തുറന്നുപറച്ചിൽ നാളിൽ ലോകത്തെ ഞെട്ടിച്ച ഡയാന

ഡയാനയുടെ റിവഞ്ച് ഡ്രസ്സ്(Getty Images)
ഡയാനയുടെ റിവഞ്ച് ഡ്രസ്സ്(Getty Images)

ഒരാളുടെ സ്‌റ്റൈല്‍ അയാളുടെ മെസ്സേജോ സ്റ്റേറ്റ്‌മെന്റോ ആകാറുണ്ട്. ഡയാന രാജകുമാരിയെപ്പോലെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ മറ്റൊരു സ്ത്രീ ഇരുപതാം നൂറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ടാകില്ല. അവരുടെ സ്‌റ്റൈലിന് ആരാധകരേറെയുണ്ടായിരുന്നു. ഡയാനയുടെ പല ഫാഷന്‍ എന്‍ട്രികളും ഇന്നുമോര്‍മിക്കപ്പെടുന്നു. അക്കൂട്ടത്തില്‍ സുപ്രധാനമാണ് ഡയാനയുടെ റിവഞ്ച് ഡ്രസ്സ്.

1994 ജൂണ്‍ 29ന് സെര്‍പെന്റൈന്‍ ഗാലറിയില്‍ വാനിറ്റി ഫെയര്‍ പാര്‍ട്ടിക്കെത്തിയ ഡയാന എല്ലാവരെയും ഞെട്ടിച്ചു. രാജകുടുംബാംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കര്‍ശനമായ ഡ്രസ്സ് കോഡ് നിലവിലുണ്ട്. അതെല്ലാം പാടേ തിരസ്‌കരിക്കുന്നതായിരുന്നു ഡയാനയുടെ വസ്ത്രം. ശരീരത്തോട് പറ്റിക്കിടക്കുന്ന കറുപ്പ് സില്‍ക്ക് ഡ്രസ്സ്. ഗ്രീക്ക് ഡിസൈനര്‍ ക്രിസ്റ്റീന സ്റ്റാമ്പൊലിയന്‍ ഒരുക്കിയ ഓഫ് ഷോള്‍ഡര്‍ ഡ്രസ്സിനൊപ്പം പേള്‍ ചോക്കറാണ് ഡയാന ധരിച്ചിരുന്നത്. 

1991 മുതല്‍ ഡയാനയുടെ ശേഖരത്തില്‍ ഈ ഡ്രസ്സുണ്ട്. ഒരു സ്പെഷ്യല്‍ അവസരത്തിനായി ഡയാന ഡ്രസ്സ് നീക്കി വെക്കുകയായിരുന്നു പോലും. മരണവേളയില്‍ മാത്രമാണ് രാജകുടുംബാംഗങ്ങള്‍ കറുപ്പ് ധരിക്കാറുള്ളത്. ഇതിനുമുന്‍പും ആ പതിവ് ഡയാന തെറ്റിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും ഫാഷനബിള്‍ ആയി മുന്‍പൊരിക്കലും ഡയാന കറുപ്പ് ധരിച്ചിട്ടില്ല.

ഡയാന

വാനിറ്റി ഫെയര്‍ പാര്‍ട്ടിക്ക് മറ്റൊരു വസ്ത്രം ധരിക്കാനായിരുന്നത്രെ ഡയാനയുടെ പ്ലാന്‍. വാലെന്റിനോ ഡിസൈനറാണ് ഡയാന ധരിക്കുക എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. ഒരു ‘മില്യണ്‍ ഡോളര്‍ ലുക്ക്’ കിട്ടാന്‍ അവസാന നിമിഷം ഡയാന തീരുമാനം മാറ്റുകയായിരുന്നെന്ന് സ്‌റ്റൈലിസ്‌റ് ആന്‍ ഹാര്‍വേ പറയുന്നു. എന്താണ് ഡയാനയുടെ മനസ്സുമാറ്റിയതെന്ന് ആര്‍ക്കും വ്യക്തമല്ല. പക്ഷേ ആ വൈകുന്നേരം മറ്റൊന്ന് സംഭവിച്ചിരുന്നു. അതോടെയാണ് ഈ ഡ്രസ്സ് റിവഞ്ച് ഡ്രസ്സ് ആയി മാറിയത്.

ഡയാനയുടെ മുന്‍ ഭര്‍ത്താവായിരുന്ന ചാള്‍സിന്റെ ഡോക്യുമെന്ററി അന്ന് വൈകിട്ടാണ് ബിബിസിയിലൂടെ ലോകം കണ്ടത്. അന്നേ ദിവസം സംപ്രേക്ഷണം ഉണ്ടാകുമെന്ന് മുന്‍കൂര്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഡോക്യുമെന്ററിയില്‍ താനും കാമിലയുമായുള്ള ബന്ധം പരോക്ഷമായെങ്കിലും ചാള്‍സ് തുറന്നു സമ്മതിക്കുന്നുണ്ട്. അത്രയും കാലം അടക്കിപ്പിടിച്ച രഹസ്യമായിരുന്നു ചാള്‍സ്-കാമില പ്രണയം. ചാള്‍സിന്റെ തുറന്നുപറച്ചിലോടെ അത് പരസ്യമായി പുറത്തെത്തി.

1981-ലായിരുന്നു ഡയാനയും ചാള്‍സുമായുള്ള വിവാഹം. 1992-ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഡോക്യുമെന്ററി പ്രകാരം വിവാഹിതനായിരുന്ന കാലത്തൊക്കെ ചാള്‍സ് കാമിലയുമായി ബന്ധത്തിലായിരുന്നു. കാമിലയും അപ്പോള്‍ വിവാഹിതയായിരുന്നു.

ന്യൂബ്രിഡ്ജസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഡയാനയുടെ ഡ്രസ്സ്

ആ അപമാനത്തിനും പ്രതികരമായിട്ടാണ് ഡയാന റോയല്‍ പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായ സ്‌റ്റൈലില്‍ പാര്‍ട്ടിക്ക് വന്നതെന്നാണ് വ്യാഖ്യാനം. അതോടെ ഈ ഡ്രസ്സ് റിവഞ്ച് ഡ്രസ്സ് എന്ന് വിളിക്കപ്പെടുന്നത്. ചാള്‍സിന്റെ തുറന്നുപറച്ചിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ കാണുകളും ഡയാനയിലേക്കായിരുന്നു. അവര്‍ പാര്‍ട്ടിക്ക് വരാതെ, ഉള്‍വലിയുമോ എന്നും സംശയമുണ്ടായിരുന്നു. പക്ഷെ തന്റെ സ്‌റ്റൈലിലൂടെ ഡയാന പ്രതിഷേധമറിയിച്ചു. അതല്ലാതെ മറ്റൊരു പ്രതികരണവും ചാള്‍സിന്റെ ഡോക്യുമെന്ററിയെക്കുറിച്ച് അവര്‍ നടത്തിയില്ല.

1997-ല്‍ ഈ വസ്ത്രം ഡയാന ലേലത്തില്‍ വിറ്റിരുന്നു. 65000 ഡോളറിനാണ് ഈ വസ്ത്രം വിറ്റുപോയത്. എയ്ഡ്സ്-കാന്‍സര്‍ രോഗികളുടെ ചികിത്സാസഹായത്തിനാണ് ഡയാന ലേലത്തിന്റെ ഭാഗമായത്. അയര്‍ലണ്ടിലെ മ്യൂസിയം ഓഫ് സ്‌റ്റൈല്‍ ഐക്കണ്‍സില്‍ ഈ വസ്ത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Uncover the story behind Princess Diana`s iconic `revenge dress,` worn after Prince Charles` confession. A style statement that redefined royal fashion.