ചര്‍മത്തിന്റെ പുറംപാളി നീക്കി തൊലിനിറം കൂട്ടാൻ കെമിക്കൽ പീലിങ്; അറിയേണ്ടതെല്ലാം

ചര്‍മത്തിന്റെ നിറം കൂട്ടാനുള്ള ക്രീമുകളും പൊടിക്കൈകളും പണ്ടുമുതലേ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, നിറത്തിലല്ല സൗന്ദര്യമെന്ന് ആളുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഏത് നിറമുള്ള ചര്‍മവും അതിന്റെ സ്വാഭാവിക ഭംഗിയോടെ സൂക്ഷിച്ചാല്‍ മതി. വെറുതേയൊരു ക്ലീനപ്പും, ഫേഷ്യലുമൊന്നുമല്ല, അതിനായി സ്‌കിന്‍ കെയര്‍ ട്രീറ്റ്മെന്റുകള്‍ തന്നെയുണ്ട്. അതിലൊന്നാണ് കെമിക്കല്‍ പീലിങ്. പലതരം പഴങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്തുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
കെമിക്കല്‍ പീലിങ് എന്ന പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ ചര്‍മത്തിന്റെ സ്വഭാവമറിഞ്ഞ് കൃത്യമായി ചെയ്താല്‍ തിളക്കവും നിറവും നേടാന്‍ മികച്ച മാര്‍ഗമാണിത്. ഒപ്പം പലതരം ചര്‍മപ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്. മുഖക്കുരു മാറ്റാന്‍, ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍, ചുളിവുകള്‍ അകറ്റാന്‍ എല്ലാം സാധിക്കും. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കാനും നല്ലതാണ്. ഒരിക്കലും സ്വയം ചെയ്യരുത്. വിദഗ്ധരായവരുടെ മേല്‍നോട്ടത്തില്‍ ഓരോ ചര്‍മത്തിന്റെയും സ്വഭാവമനുസരിച്ച് മാത്രമേ ചെയ്യാവൂ. പീലിങ്ങിനുശേഷം ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരാള്‍ക്ക് എത്ര തവണ ആവശ്യമായിവരും എന്നത് ചര്‍മസ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.
മുഖം, കഴുത്ത്, കൈകള്‍ എന്നീ ഭാഗങ്ങളിലെ ഏറ്റവും പുറമേയുള്ള ചര്‍മം നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. ഉപയോഗിക്കുന്ന കെമിക്കല്‍ അനുസരിച്ച് പീലിങ് മൂന്നുതരത്തിലുണ്ട്.
സൂപ്പര്‍ഫിഷ്യല്‍ പീല്‍ അല്ലെങ്കില്‍ ലൈറ്റ് കെമിക്കല്‍ പീല്‍
വീര്യംകുറഞ്ഞ കെമിക്കല്‍ ഉപയോഗിച്ച് ചര്‍മത്തിന്റെ ഏറ്റവും പുറംപാളി നീക്കുന്നു. ചുളിവുകള്‍, നിറംമങ്ങിയ ചര്‍മം, മുഖക്കുരു, വരണ്ട ചര്‍മം എന്നിവ പരിഹരിക്കാന്‍ ഈ പീല്‍ സ്വീകരിക്കാം.
സൂപ്പര്‍ഫീഷ്യല്‍ പീല്‍ ചെയ്താല്‍ പൂര്‍ണമായും സുഖപ്പെടാന്‍ ഏഴുദിവസംവരെ വേണ്ടിവരും. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ചര്‍മത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാം. ചര്‍മത്തില്‍ ചെറിയ അസ്വസ്ഥതയും വരള്‍ച്ചയും അനുഭവപ്പെടാം. എങ്കിലും സാധാരണയായി ചെയ്യുന്ന മേക്കപ്പും ചര്‍മസംരക്ഷണ മാര്‍ഗങ്ങളും ഈ പീല്‍ ചെയ്തുകഴിഞ്ഞാലും തുടരാം.
മീഡിയം പീല്‍
ചര്‍മത്തിലെ പുറംപാളിയും മധ്യപാളിയും നീക്കുന്നു. ചര്‍മത്തിലെ നേര്‍ത്ത പാടുകള്‍ വരെ നീക്കാന്‍ സഹായിക്കും.
ചെറിയ തടിപ്പ്, ചുവപ്പ്, വേദന എന്നിവ ഈ പീലിങ്ങിനുശേഷം അനുഭവപ്പെടാം. ഏഴുമുതല്‍ പതിന്നാലുദിവസംവരെ വേണം ചര്‍മം പൂര്‍ണമായും സുഖപ്പെടാന്‍. ചര്‍മത്തിലെ ചുവന്ന പാടുകള്‍ മാറാന്‍ മാസങ്ങളെടുത്തേക്കാം.
ഡീപ് പീല്‍
ഏറ്റവും സൂക്ഷിച്ച് ചെയ്യേണ്ടതും പാര്‍ശ്വഫലങ്ങള്‍ ഏറെ ഉണ്ടാകാന്‍ സാധ്യതയുള്ളതും ഈ പീലിങ്ങിലാണ്. മൂന്നുമുതല്‍ ആറുമാസംവരെ സൂര്യപ്രകാശം ഏല്‍ക്കുന്നതും ഒഴിവാക്കണം. വലിയ ചുളിവുകള്‍, ആഴത്തിലുള്ള പാടുകള്‍, സ്ഥിരമായി വന്ന പാടുകള്‍ എന്നിവയൊക്കെ നീക്കാന്‍ ഈ പീല്‍ നല്ലതാണ്. ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താനും മികച്ച മാര്‍ഗമാണ്.
വേദന, തടിപ്പ്, ചുവന്ന പാടുകള്‍ എന്നിവ സാധാരണമാണ്. മാത്രമല്ല, ചര്‍മത്തിലെ തടിപ്പ് മാറാന്‍ പതിന്നാലുദിവസംവരെ സമയമെടുക്കാം. ചര്‍മത്തിലെ ചുവന്ന പാടുകള്‍ മാറാന്‍ മൂന്നുമാസംവരെ വേണം. ഡീപ് പീല്‍ ചെയ്തുകഴിഞ്ഞാല്‍ ചര്‍മം പൂര്‍വസ്ഥിതിയിലെത്താന്‍ പതിന്നാല് ദിവസത്തിലധികം വേണം. ഈ സമയത്ത് മുഖം മൊത്തമായി മൂടുന്ന സര്‍ജിക്കല്‍ ഡ്രസ്സിങ് ചെയ്യുന്നതാണ് നല്ലത്. വേദനയ്ക്കുള്ള മരുന്നുകളും കഴിക്കണം.
ഡീപ് പീല്‍ ചെയ്യുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യത ഏറെ ആയതിനാല്‍ വിദഗ്ധ നിര്‍ദേശങ്ങള്‍ അങ്ങനെതന്നെ പാലിക്കാന്‍ ശ്രമിക്കുക.
- പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവാത്ത ഒരു ഹൈപ്പര്‍ പിഗ്മെന്ററി ഡിസോര്‍ഡറാണ് മെലാസ്മ. എന്നാല്‍, കെമിക്കല്‍ പീലുകള്‍ വഴി ചര്‍മത്തിനുണ്ടാകുന്ന നിറവ്യത്യാസത്തെ ഒരു പരിധിവരെ കുറച്ച് ഇൗ അവസ്ഥയിലുള്ളവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കഴിയും.
- ആഴത്തിലുള്ള കലകള്‍, പാടുകള്‍ എന്നിവ നീക്കാന്‍ കെമിക്കല്‍ പീലിങ് സഹായിക്കും. കരിമംഗല്യം പോലുള്ളവയ്ക്ക് വലിയൊരു പരിഹാരമാണ് ഇത്.
- ലാക്ടിക് ആസിഡ് പീല്‍ വരണ്ട ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തി ചര്‍മം കൂടുതല്‍ മൃദുവാക്കും. പ്രായം കൂടുന്തോറുമുള്ള ചുളിവുകള്‍ നീക്കാന്‍ കൊളാജന്‍ സ്റ്റിമുലേറ്റ് ചെയ്യുന്നതരം പീലുകളുണ്ട്. മാന്‍ഡലിക് പീല്‍ ചര്‍മത്തിന്റെ എണ്ണമയം കുറയ്ക്കും. മുഖക്കുരുവിന്റെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഈ പീല്‍ തിരഞ്ഞെടുക്കാം.
- അമിതമായി സൂര്യപ്രകാശം ഏറ്റതുമൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ നീക്കാന്‍ നല്ലൊരു മാര്‍ഗമാണ് കെമിക്കല്‍ പീലിങ്.
- അയഞ്ഞുതൂങ്ങിയ ചര്‍മത്തെ മുറുക്കമുള്ളതാക്കാന്‍ കെമിക്കല്‍ പീലിങ്ങിലൂടെ കഴിയും.
ശ്രദ്ധിക്കേണ്ടത്
ഏതുതരം പീലാണോ ചെയ്യുന്നത് അതിനെ അടിസ്ഥാനമാക്കിയായിരിക്കും വീണ്ടും ആവര്‍ത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ചില പീലുകള്‍ ആറുമാസം തുടര്‍ച്ചയായി ചെയ്യേണ്ടിവരും. ഡീപ്പ് പീലുകള്‍ ആറുമാസത്തിലൊരിക്കല്‍ ചെയ്താല്‍ മതി.
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമോ എന്ന് നേരത്തേ പരിശോധിക്കണം. രണ്ടാഴ്ച മുന്‍പുതന്നെ ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മത്തിന്റെ സ്വഭാവം മനസ്സിലാക്കും.
പീലിങ് കഴിയുന്നതും സൂര്യപ്രകാശമേല്‍ക്കാതെ സൂക്ഷിക്കാം. അല്ലെങ്കില്‍ ആന്റിഗ്ലയര്‍ പ്രൊട്ടക്ഷനുള്ള ലോഷന്‍ ഉപയോഗിക്കണം. ഡീപ്പ് പീല്‍ ആണെങ്കില്‍ ഉയര്‍ന്ന എസ്.പി.എഫുള്ള ക്രീമുകള്‍ ഉപയോഗിക്കാം. ചര്‍മത്തില്‍ ചുവന്ന പാടുകള്‍, വേദന എന്നിവ അനുഭവപ്പെട്ടാല്‍ അവ പരിഹരിക്കുന്നതിനുള്ള ക്രീമുകളും പുരട്ടണം.
കടപ്പാട്
ദീപ്തി സുനില്‍
ഔര്‍ ബ്യൂട്ടി സോണ്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ,
കൊച്ചി ആന്‍ഡ് ഗുരുവായൂര്‍
Content Highlights: chemical peeling treatment chemical peeling side effects