പല്ലുകളെയും ഇനി അണിയിച്ചൊരുക്കാം ; രസകരമായ ബ്രൈഡല്‍ ഗ്രില്‍

ആഭരണമെന്ന് കേള്‍ക്കുമ്പോള്‍ മാലയോ കമ്മലോ ആയിരിക്കും മനസ്സില്‍ തെളിയുക. എന്നാല്‍ ഫാഷന്‍ ലോകത്ത് ഒരു പുത്തന്‍ ആഭരണമാണ് ഇപ്പോള്‍ താരം. കല്യാണദിവസം സർവാഭരണ വിഭൂഷിതയായി നിൽക്കുന്ന വധുവിന്റെ പല്ലിലും കൂടി ആഭരണമായാലോ? സംഗതി സത്യമാണ്. ബ്രൈഡല്‍ ഗ്രില്‍ എന്നറിയപ്പെടുന്ന ഈ ആഭരണം പല്ലിലാണ് ധരിക്കുന്നത്.
പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി ഫാഷന്‍ രംഗത്ത് സജീവമാണെങ്കിലും, ഗ്രില്ലുകള്‍ അതില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ന് വധുക്കളുടെ ഏറ്റവും പുതിയ ചോയിസായി ബ്രൈഡല്‍ ഗ്രില്‍ മാറിക്കഴിഞ്ഞു. പുഞ്ചിരിയെ മനോഹരമാക്കാൻ സഹായിക്കുന്ന ഗ്രില്ലുകള്‍ വ്യത്യസ്ത അളവിലും ആവശ്യകതയ്ക്കുമനുസരിച്ച് ഓരോരുത്തര്‍ക്കും പ്രത്യേകമായാണ് നിർമിക്കുന്നത്. പല്ല് മുഴുവനായി ധരിക്കാന്‍ കഴിയുന്നതും ഒറ്റയ്ക്ക് ധരിക്കാന്‍ കഴിയുന്നതുമായ നിരവധി ബ്രൈഡല്‍ ഗ്രില്ലുകള്‍ ഇന്ന് ലഭ്യമാണ്. കല്യാണ ആഭരണങ്ങളില്‍ പരമ്പരാഗത മോഡലുകള്‍ ഉള്‍പ്പെടുത്തുന്ന ശീലമായി ഗ്രില്ലുകളെ കാണാവുന്നതാണ്.
കസ്റ്റം ഫിറ്റ് ചെയ്ത ഇവ ആവശ്യാനുസരണം അഴിക്കുകയും, ധരിക്കുകയും ചെയ്യാം. സാധാരണ ആഭരണങ്ങള്‍ പോലെ സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങി ഏത് ലോഹത്തിലും ഗ്രില്‍ നിര്‍മ്മിക്കാം. ഡയമണ്ട് പതിപ്പിച്ച ഗ്രില്ലുകളും ഇന്ന് വിപണിയിലുണ്ട്.
പണ്ട് തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രഭുക്കന്മാരുടെ കാലത്തും പുരാതന മായന്‍ സംസ്‌കാരത്തിലും കരുത്ത്, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായി പല്ലിലെ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. അതില്‍ നിന്ന് ഇന്ന് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ മുതല്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വരെ ഗ്രില്ലുകള്‍ എത്തി നില്‍ക്കുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bridal Grill, the latest trend in wedding jewelry