397 രത്നങ്ങൾ, മിനിയേച്ചറുകൾ, വൈറ്റ് ഗോൾഡിൽ അനന്ത് അംബാനിക്ക് വാച്ചുണ്ടാക്കി ജേക്കബ് ആൻഡ് കോ

വൻതാര വാച്ച്
വൻതാര വാച്ച്

ആഢംബര വാച്ച് നിർമ്മാതാക്കളായ ജേക്കബ് ആൻഡ് കോ, അനന്ത് അംബാനിക്കു വേണ്ടി നിർമിച്ച കസ്റ്റം-മെയ്ഡ് വാച്ചാണ് ഇപ്പോൾ ചർച്ച. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്തിന്റെ വന്യജീവി സ്നേഹവും മൃഗസംരക്ഷണത്തോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്താണ് ഈ 'വൻതാര' വാച്ച് നിർമിച്ചിരിക്കുന്നത്. അനന്തിന്റെ വന്യജീവി സംരക്ഷണകേന്ദ്രമായ വൻതാരയുടെ മാതൃകയിലാണ് നിർമാണം. മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും മാതൃകകൾ വാച്ചിനുള്ളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ടൈംപീസ് വൈറ്റ് ഗോൾഡിൽ പണിതപ്പോൾ മുതലയുടെ തുകൽകൊണ്ടാണ് സ്ട്രാപ്പ് ഒരുക്കിയത്. 397 വിലയേറിയ, അത്യപൂർവ രത്നങ്ങൾ കൊണ്ട് ഉൾവശം അലങ്കരിച്ചു. ഈ വാച്ചിലെ ഏറ്റവും സവിശേഷമായ ഘടകം, ഡയലിൽ സ്ഥാപിച്ചിട്ടുള്ള അനന്ത് അംബാനിയുടെ ഒരു ചെറിയ ത്രീഡി പ്രതിമയാണ്. ആന, കാണ്ടാമൃഗം, കടുവ തുടങ്ങിയവയുടെ രൂപങ്ങളുമുണ്ട്. വാച്ചിൽ കറങ്ങുന്ന ഭൂഗോളവും ചലിക്കുന്ന ചെറുമൃഗങ്ങളുമുണ്ട്.

മാസങ്ങളെടുത്താണ് വാച്ചിന്റെ സൂക്ഷ്മമായ നിർമാണപ്പണികൾ പൂർത്തിയാക്കിയതെന്ന് കമ്പനി പറയുന്നു. 

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര വാച്ച്, ആഭരണനിർമാതാക്കളാണ് ജേക്കബ് ആൻഡ് കോ. ചെലവേറിയതും അതിസങ്കീർണവുമായ ടൈംപീസ് ഡിസൈനുകളും അത്യാഡംബരമായ വജ്രമാലകളും നിർമിക്കുന്നതിൽ പേരുകേട്ട സ്ഥാപനമാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ബിയോൺസ്, ഡേവിഡ് ബെക്കാം, സൽമാൻ ഖാൻ, നിതാ അംബാനി, അഭിഷേക് ബച്ചൻ തുടങ്ങിയ സെലിബ്രിറ്റികൾ ജേക്കബ് ആൻഡ് കോയുടെ വാച്ചുകൾ സ്വന്തമാക്കിയിട്ടുണ്ട്. മാസ്റ്റർപീസുകൾ നിർമ്മിക്കാനുള്ള കഴിവാണ് ലോകമെമ്പാടുമുള്ള കളക്ടർമാരും ആഡംബര പ്രേമികളും കമ്പനിയെ അവരുടെ ബക്കറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്താൻ കാരണം. ഇവിടെ ഒരു വാച്ച് സമയം ട്രാക്ക് ചെയ്യാൻ മാത്രമല്ല, ഒരാളുടെ വ്യക്തിത്വം, ഹോബികൾ, നിർമ്മാതാവിന്റെ കഴിവുകൾ എന്നിവ പ്രദർശിപ്പിക്കാനുംകൂടി വേണ്ടിയുള്ളതാണ്. 

വാച്ചിന് കണക്കാക്കുന്ന വില ഏകദേശം 1.5 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 13.74 കോടി രൂപ). ഒരു യുവ ഇന്ത്യൻ ശതകോടീശ്വരന് വേണ്ടി നിർമ്മിച്ച ഏറ്റവും വിലയേറിയ വാച്ചുകളിൽ ഒന്നാണിത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the stunning Jacob & Co Vantara watch custom-made for Anant Ambani. A unique masterpiece of luxury, wildlife, and conservation, featuring 397 gemstones & a 3D Ambani figure. Click to explore!