ഷാരൂഖിനെ മനസ്സിലാവാതെ അമേരിക്കന്‍ മാധ്യമങ്ങള്‍, മെറ്റ് ഗാലയില്‍ സ്വയം പരിചയപ്പെടുത്തി താരം

മെറ്റ് ഗാല ഫാഷന്‍ ഇവന്റില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സബ്യസാചി മൂഖര്‍ജി ഡിസൈന്‍ ചെയ്ത കറുത്ത ഷെര്‍വാണി വസ്ത്രവും കൈയും മെയ്യും നിറയെ ആഭരണങ്ങളുമണിഞ്ഞ് മെറ്റ് ഗാലയുടെ നീലക്കാര്‍പ്പറ്റില്‍ ഷാരൂഖ് പോസ് ചെയ്തു.
വിശദമായിപ്പറഞ്ഞാല്‍ കറുത്ത സില്‍ക്ക് ഷെര്‍വാണി സ്റ്റൈല്‍ ജാക്കറ്റ് വസ്ത്രവും പാന്റ്‌സുമായിരുന്നു ഷാരൂഖിന്റെ വേഷം. കഴുത്തില്‍ ഗോള്‍ഡന്‍, പേള്‍, സില്‍വര്‍ പാറ്റേണുകളിലുള്ള പലതരം മാലകള്‍, ചോക്കര്‍ മുതല്‍ നീളന്‍ മാലകള്‍ വരെ ഇതിലുണ്ട്. ഖാന്റെ പേരിനെ സൂചിപ്പിക്കുന്ന K എന്ന അക്ഷരത്തിലുള്ള ഡയമണ്ട് മാല ശ്രദ്ധയാകര്‍ഷിച്ചു. കൈനിറയെ മോതിരങ്ങളും വാച്ചും പിന്നെ കടുവാമുഖമുള്ളം വാക്കിങ് സ്റ്റിക്കും. പുഞ്ചിരിയോടെ ഷാരൂഖ് വേദിയിലെത്തി.
ലോകത്ത് താരപ്രഭയില്‍ ഏറ്റവും മുന്നിലുള്ള വ്യക്തികളിലൊരാളാണെങ്കിലും അമേരിക്കന്‍ മാധ്യമങ്ങള്‍ ഷാരൂഖ് ഖാനെ തിരിച്ചറിഞ്ഞില്ല. വിദേശമാധ്യമപ്രവര്‍ത്തകര്‍ ഖാനോട് സ്വയം പരിചയപ്പെടുത്താന്‍ പറയുന്നതിന്റെയും അവര്‍ക്കു മുമ്പില്‍ നടന്‍ 'ഞാന്‍ ഷാരൂഖ് ഖാന്‍' എന്ന് പരിചയപ്പെടുത്തുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യത്തെ മെറ്റ് ഗാല അനുഭവത്തെപ്പറ്റിയും മാധ്യമങ്ങള്‍ ചോദിച്ചു. തനിക്ക് പരിഭ്രമം തോന്നിയെന്നും ഇതെല്ലാം ചെയ്യുന്നത് കുട്ടികള്‍ക്കുവേണ്ടിയാണെന്നും ഷാരൂഖ് മറുപടി പറഞ്ഞു.
കാര്‍പെറ്റില്‍ കയറുന്നതിനു മുമ്പ്, ന്യൂയോര്‍ക്കിലെ ഹോട്ടലിന് പുറത്ത് ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു, വലിയ സ്‌നേഹപ്രവാഹമാണ് ഷാരൂഖിനെ സ്വീകരിച്ചത്. മിന്നുന്ന ക്യാമറകള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താരത്തിന് പക്ഷേ സ്വയം പരിചയപ്പെടുത്തേണ്ടിവന്നു. അതേസമയം, വിദേശമാധ്യമങ്ങള്‍ ഷാരൂഖിനെ തിരിച്ചറിയാത്തതില്‍ ഖാന്റെ ആരാധകര്‍ അസ്വസ്ഥരാണ്. സബ്യസാചിയുടെ വസ്ത്രത്തിനെതിരേയും വിമര്‍ശനങ്ങളുയരുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ വീട്ടില്‍ പോയി ഗൂഗിളില്‍ തിരഞ്ഞാല്‍ ഷാരൂഖ് എത്രത്തോളം ജനപ്രിയനാണെന്ന് മനസ്സിലാകുമെന്ന് ഒരാള്‍ റെഡ്ഡിറ്റില്‍ കുറിച്ചു. വേണ്ടത്ര കവറേജ് ലഭിച്ചില്ലെന്ന് മറ്റൊരാളും. ഒരുതവണ ആലിയക്കും ഇതേ അനുഭവം നേരിടേണ്ടിവന്നിരുന്നെന്നും റെഡ്ഡിറ്റില്‍ ആളുകള്‍ പറഞ്ഞു. ഇന്ത്യന്‍-അമേരിക്കക്കാര്‍ ഒഴികെ മറ്റാര്‍ക്കും അന്ന് ബോളിവുഡ് താരം ആലിയ ഭട്ടിനെ തിരിച്ചറിയാനായിരുന്നില്ല.
Content Highlights: american media fail to recognise shah rukh khan at met gala