'19-ാം വയസ്സിൽ കഷണ്ടിയായിത്തുടങ്ങി; അത് ആത്മവിശ്വാസത്തെ ബാധിച്ചു'

ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് നടൻ അക്ഷയ് ഖന്ന ഇപ്പോൾ. ദൃശ്യം 2, ഛാവ എന്നീ സിനിമകളുടെ വിജയത്തിനുശേഷം, 'ധുരന്ധറി'ലെ അദ്ദേഹത്തിന്റെ കഥാപാത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.
'ധുരന്ധറി'ലെ അക്ഷയ്യുടെ പ്രകടനത്തെ പല താരങ്ങളും പ്രശംസിക്കുകയും ചെയ്യുന്നു. അതിനിടെ തന്റെ ജീവിതം തന്നെ തകർത്ത ഒരു പ്രശ്നത്തെക്കുറിച്ച് അദ്ദേഹം പറയുന്ന പഴയ ഒരഭിമുഖം വീണ്ടും വൈറലാവുകയാണ്. തന്റെ യൗവനത്തെ രൂപപ്പെടുത്തുകയും രൂപഭാവങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള സമയത്ത് തന്റെ ആത്മവിശ്വാസം തകർക്കുകയും ചെയ്തു ആ പ്രശ്നമെന്ന് അക്ഷയ് തുറന്നുപറയുന്നു. കൗമാരപ്രായത്തിൽ തന്നെ മുടി കൊഴിയാൻ തുടങ്ങിയതായിരുന്നു അത്.
''വളരെ ചെറുപ്പത്തിൽ മുടി കൊഴിയാൻ തുടങ്ങി. ഒരു പിയാനിസ്റ്റിന് വിരലുകൾ നഷ്ടപ്പെടുന്നത് പോലെയായിരുന്നു അത്. നിങ്ങൾ അതിനോട് ശരിക്കും പൊരുത്തപ്പെടുന്നതുവരെ, അത് നിങ്ങളെ അലട്ടിക്കൊണ്ടേയിരിക്കും. അത് നിങ്ങളെ വല്ലാതെ ബാധിക്കും'', അദ്ദേഹം പറയുന്നു.
''നിങ്ങൾ ഒരു കായികതാരമോ, ക്രിക്കറ്റ് കളിക്കാരനോ, ഫുട്ബോൾ കളിക്കാരനോ ആണെന്ന് കരുതുക. കാൽമുട്ട് ശസ്ത്രക്രിയ ആവശ്യമായി വരുമ്പോൾ അത് ഹൃദയഭേദകമല്ലേ? അതുപോലെ തന്നെയായിരുന്നു ഇതും. കാരണം ഒരു നടനെന്ന നിലയിൽ നിങ്ങൾക്ക് രൂപഭംഗി വളരെ പ്രധാനമാണ്'', താരത്തിന്റെ വാക്കുകൾ. സിനിമയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന ഒരു യുവനടനെന്ന നിലയിൽ, അവസരങ്ങൾ നഷ്ടപ്പെടുമെന്നും സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം ഭയപ്പെട്ടു.
''19-20 വയസ്സിലെ മുടികൊഴിച്ചിൽ നിങ്ങളെ മാനസികമായി വേദനിപ്പിക്കും, ഇഞ്ചിഞ്ചായി കൊല്ലും. നടനെന്ന നിലയിൽ എന്റെ ആത്മവിശ്വാസത്തെ ഭീകരമായി ബാധിച്ചു''.
അകാലകഷണ്ടിക്ക് കാരണങ്ങൾ
അകാലകഷണ്ടി പല യുവാക്കളുടെയും പ്രശ്നമാണ്. ജനിതകപ്രശ്നങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ, ഓട്ടോഇമ്മ്യൂൺ അവസ്ഥകൾ എന്നിവയിലേതെങ്കിലുമാവാം അതിനുകാരണം. കഷണ്ടി കൗമാരത്തിന്റെ അവസാനത്തിൽ തന്നെ ആരംഭിക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akshaye Khanna opens up about early hair loss at 19, its devastating impact on his confidence, and his struggles as an actor