നിറമുള്ള കാഞ്ചീപുരം സാരികളില്‍ തിളങ്ങുന്ന രേഖ; സാരിയുടുത്താല്‍ രാജ്ഞിയെപ്പോലെ തോന്നും

മനോഹരമായ കാഞ്ചീപുരം സാരികളും ആഭരണങ്ങളും നെറുകയിലെ സിന്ദൂരവുമാണ് നടി രേഖയുടെ ട്രേഡ് മാര്‍ക്ക്. വിവാഹച്ചടങ്ങുകളിലും റെഡ് കാര്‍പ്പറ്റിലും പാര്‍ട്ടികളിലുമെല്ലാം രേഖ തിളങ്ങുന്നത് കാഞ്ചീപുരം സാരികളിലാണ്. അവരുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ സാരികള്‍. അതിനൊപ്പം കുന്ദന്‍ മുതല്‍ ഓക്‌സിഡൈസ്ഡ് വരെയുള്ള ആഭരണങ്ങളും.
''കാഞ്ചീപുരം സാരിയും നെറുകയില്‍ സിന്ദൂരവുമുണ്ടെങ്കില്‍, പൂര്‍ണയായതുപോലുള്ള ചിന്തയാണ്. ലോകത്തെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും അപ്പോഴാണ് കിട്ടുന്നത്'', സാരികളോടുള്ള തന്റെ പ്രേമം അവരെപ്പോഴും തുറന്നുപ്രകടിപ്പിക്കാറുണ്ട്.
തന്റെ കരിയറിന്റെ തുടക്കംമുതലേ ഈ സാരികളായിരുന്നു രേഖയുടെ സിഗ്നേച്ചര്‍ സ്റ്റൈല്‍. ഒപ്പം ബനാറസി സില്‍ക്കും. സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ രേഖ ഈ കാഞ്ചീപുരം പ്രണയത്തെക്കുറിച്ച് ഒരിക്കല്‍ സംസാരിച്ചു, ''എന്റെ ഇന്ത്യന്‍ വേരുകളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എന്നും അഭിമാനമാണെനിക്ക്. അതുകൊണ്ടാണ് എപ്പോഴും കാഞ്ചീപുരം സാരിയുടുക്കുന്നത്''. അതിനൊപ്പം രേഖ കൂട്ടിച്ചേര്‍ത്തു. ''ഒരു കാഞ്ചീപുരം സാരിയുടുത്താല്‍, എനിക്ക് രാജ്ഞിയെപ്പോലെ തോന്നും''.
താന്‍ തിരഞ്ഞെടുക്കുന്ന കാഞ്ചീപുരം സാരികളിലൂടെ, സാരിനെയ്ത്തുകാരെ പിന്തുണയ്ക്കാനുള്ള ശ്രമം കൂടിയാണ് അവര്‍ നടത്തുന്നത്. ''ഞാന്‍ ധരിക്കുന്ന ഓരോ സാരിക്കും നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ കഥകള്‍ പറയാനുണ്ട്''.
അടുപ്പമുള്ളവര്‍ക്ക് രേഖ സമ്മാനമായി നല്‍കുന്നതും കാഞ്ചീപുരം സാരി തന്നെ. ഇന്ത്യന്‍ ഐഡല്‍ സംഗീത റിയാലിറ്റി ഷോയില്‍ അതിഥിയായി ഒരിക്കല്‍ അവരെത്തിയിരുന്നു. പരിപാടിയിലെ ജഡ്ജ് കൂടിയായ ഗായിക നേഹ കക്കറിന് വിവാഹസമ്മാനമായി നല്‍കിയത് ഈ സാരിയാണ്. ടി.വി.താരമായ ഐശ്വര്യ ശര്‍മയ്ക്ക് വിവാഹസമ്മാനമായി രേഖ സമ്മാനിച്ചതും അതുതന്നെ. കങ്കണ റനൗട്ട് തന്റെ ഗോഡ് മദര്‍ എന്നാണ് രേഖയെ വിളിക്കുന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കങ്കണയുടെ കാഞ്ചീപുരം സാരി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് രേഖ സമ്മാനിച്ചതാണെന്ന് പിന്നീട് കങ്കണ തന്നെ തുറന്നുപറഞ്ഞു.
Content Highlights: actress rekha and her love for kanchipuram saree