മുടിയഴിച്ചിട്ട് പാലമരത്തില്‍നിന്ന് കരിമ്പനയിലേക്ക് നടക്കുന്നതാണ് കണ്ടത്; പലരും യക്ഷിയെ കണ്ടത്രേ...

കുന്നിന്‍പുറങ്ങള്‍ കുടികിടപ്പുകള്‍ ആയപ്പോള്‍ പൊട്ടിച്ചൂട്ടുകളും യക്ഷികളും ഗ്രാമം വിട്ടു. അരയാലുകളും പാലമരങ്ങളും അപ്രത്യക്ഷമായപ്പോള്‍ ഗന്ധര്‍വന്മാരും. എങ്കിലും ഇരുണ്ട തട്ടിന്‍പുറങ്ങളിലും അവശേഷിച്ച ഇല്ലിക്കാടുകളിലും രാത്രിയില്‍ ദുര്‍ദേവതകള്‍ കയറിക്കൂടുന്നു. ഭയന്ന മനസ്സുകള്‍ക്ക് ധൈര്യംപകരാന്‍ പുതിയ മന്ത്രവാദ ശക്തികളുടെ വാര്‍ത്ത ഗ്രാമത്തില്‍ പരക്കുന്നു. ദേവതകളും ഗ്രാമീണരും ആശ്വസിക്കുന്നു
-എം.ടി വാസുദേവന്‍ നായര്‍
പണ്ടേയ്ക്ക് പണ്ടേ, യക്ഷിയുടെ വിഹാരകേന്ദ്രമായിരുന്നു എന്റെ കുന്നിന്‍പുറങ്ങള്‍. വാമൊഴിയായി കേട്ടറിഞ്ഞ കഥകള്‍, പൊടിപ്പും തൊങ്ങലും വെച്ച കെട്ടുകഥകള്‍. തലമുറ തലമുറകളായി ഞങ്ങള്‍ കുട്ടികള്‍ അവളുടെ കഥകള്‍ കൈമാറി. പക്ഷേ, ഞങ്ങള്‍ കേട്ടറിഞ്ഞ യക്ഷികളൊന്നും കുട്ടികളെ ഉപദ്രവിച്ചിരുന്നില്ല! ഗ്രാമത്തിലെ വയല്‍ മുറിച്ചുകടന്നാല്‍ തുരുത്തിക്കാരുടെ പറമ്പായി. അവിടെയായിരുന്നു യക്ഷിയുടെ വാസം. ഒരര്‍ഥത്തില്‍ 'കാവ്' തന്നെയായിരുന്നു ആ പ്രദേശം. തുരുത്തിക്കാരുടെ പറമ്പ് മുതല്‍ കുന്ന് ആരംഭിക്കുന്നു. ആദ്യം ഭീമാകാരമായി നില്‍ക്കുന്ന കരിമ്പന. അതിനോട് ചേര്‍ന്ന് ആകാശം മുട്ടിനില്‍ക്കുന്ന മാവുകള്‍. മുകളിലേക്ക് പോകുമ്പോള്‍ ആഞ്ഞിലികളും ഇരുപൂളുകളും ആകാശംമുട്ടി നിന്നു. കുന്നിന്‍ചെരുവില്‍ പടര്‍ന്ന് പന്തലിച്ച വൃക്ഷങ്ങളുടെ ശിഖരത്തില്‍ വാസമുറപ്പിച്ച കൂമന്റെ മൂളല്‍ സന്ധ്യാവേളകളില്‍ കുട്ടികളെ ഭയപ്പെടുത്തിയിരുന്നു. അപ്പോള്‍ അമ്മ, തൊണ്ടപൊട്ടുന്ന രീതിയില്‍ കാര്‍ക്കിച്ചു തുപ്പും. പിന്നെ അരിശത്തോടെ പറയും ''പോ ചേട്ടെ അവിടുന്നു, നിന്റെ നാവരിഞ്ഞ് ഞാന്‍ ഉപ്പിലിടും'' -ഞാനും അതേറ്റുപറയും. പുലര്‍കാലങ്ങളിലാകട്ടെ കുയിലിന്റെയും വണ്ണാത്തിക്കുരുവികളുടെയും കളകൂജനം ആശ്വസം പകരും. മാവുകളും ആഞ്ഞിലികളും ഇരുപൂളുകളും കശുമാവുകളും നിറഞ്ഞ കുന്നിന്‍പുറത്തിന്റെ ഒത്തനടുവിലായി ഒരു പാലമരം തലയുയര്‍ത്തിനിന്നിരുന്നു. പാലമരത്തിനോട് ചേര്‍ന്നുള്ള ചരുവുകളിലൂടെ ചെങ്കുത്തായ തോടും ഒഴുകുന്നു. വര്‍ഷകാലത്ത് തോടുനിറഞ്ഞ് വെള്ളമൊഴുകും.
മുണ്ടകൻ കൊയ്ത്തുകഴിഞ്ഞാല്‍ കുട്ടികള്‍ കുന്നിന്‍പുറത്തിന് താഴെയുള്ള വയലില്‍ പന്തുകളിച്ചിരുന്നു. പാലമരത്തില്‍ യക്ഷിയുണ്ടെന്ന് അമ്മയാണ് പറഞ്ഞത്, യക്ഷി കുട്ടികളെ ഉപദ്രവിക്കില്ലെന്നും! പാലമരത്തില്‍ വലിയൊരു ആണി തറച്ചിരുന്ന കാഴ്ച കൂട്ടത്തിലെ മുതിര്‍ന്ന കുട്ടികളാണ് കാണിച്ചുതന്നത്. തുരുത്തിക്കാരുടെ പറമ്പ് പിന്നിട്ടാല്‍ മലഞ്ചെരുവുകളാണ്. അതിനുമപ്പുറത്താണ് ഞങ്ങളുടെ വീടുകള്‍. കുന്നിന്‍പുറത്തിലൂടെ അല്ലാതെയായിരുന്നു വീട്ടിലേക്കുള്ള ശരിയായ വഴി. പണ്ടുകാലങ്ങളിൽ ഗ്രാമങ്ങളില്‍ എല്ലായിടത്തും ഇതുപോലുള്ള കുറുക്കുവഴികള്‍ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു തുരുത്തിക്കാരുടെ കാടുമൂടിക്കിടന്നിരുന്ന ഈ കാവ്. ഇരുട്ടുവീണാല്‍ ഞങ്ങള്‍ കുന്നുകയറില്ല, മുതിര്‍ന്നവര്‍ മാത്രമേ ഈ വഴി സഞ്ചരിക്കൂ. ഒരിക്കല്‍ പന്തയം വെപ്പ് നടന്നു. സന്ധ്യകഴിഞ്ഞ് കുന്നുകയറി വീട്ടില്‍പോകാന്‍ ധൈര്യമുണ്ടോ? ധൈര്യമുണ്ടായിരുന്നില്ല! പക്ഷേ, തോറ്റുകൊടുക്കാനും മനസ്സുവന്നില്ല. പെരുമാളെ മനസ്സില്‍ ധ്യാനിച്ചു. പാലമരത്തില്‍ യക്ഷി വസിക്കുന്നുവെന്ന കാര്യം മറക്കാന്‍ ശ്രമിച്ചു. സാവധാനം നടന്നു. പക്ഷേ, പകുതി ദൂരം പിന്നിട്ടപ്പോഴേക്കും മനസ്സ് പതറിത്തുടങ്ങി. ഭീമാകാരമായ ശിഖരങ്ങള്‍ കാറ്റത്ത് ഇളകിയാടി. ഏതൊക്കെയോ കൊമ്പുകളിലിരുന്ന് കൂമന്‍ മൂളിക്കൊണ്ടിരുന്നു. കരിമ്പനയ്ക്ക് സമീപം ഇണചേര്‍ന്നുനിന്ന ഇല്ലിത്തുറകള്‍ സീല്‍ക്കാരം മുഴക്കി. ഇപ്പോള്‍ നില്‍ക്കുന്നത് പാലമരത്തിന്റെ ചുവട്ടിലാണ്. പാലപ്പൂവിന്റെ ഗന്ധം മത്തുപിടിപ്പിച്ചു. മനസ്സില്‍ ഭയം ഉരുവംകൊണ്ടു. ഞാന്‍ വിതുമ്പി, പന്തയം വെച്ച നിമിഷത്തെ മനസ്സാ ശപിച്ചു. പെരുമാളെ വിളിച്ചിട്ടും പേടിയകന്നില്ല, കണ്‍മുന്നില്‍ ആകാശംമുട്ടെ നിന്നിരുന്ന ഏഴിലംപാലയ്ക്ക് ഉയരം കൂടുന്നുണ്ടായിരുന്നുവോ?. അമ്മ പറഞ്ഞത് ഓര്‍മയില്‍വന്നു. ''യക്ഷികള്‍ കുട്ടികളെ ഉപദ്രവിക്കില്ലത്രെ''! പിന്നെ പാലമരത്തിന് നേരെ കൈകൂപ്പി യാചിച്ചു. 'ഉപദ്രവിക്കരുത്, ഞാനിനി പന്തയം വെക്കില്ല'. പിന്നെ തിരിഞ്ഞുനോക്കിയതേയില്ല. വീട്ടില്‍ വന്നുകയറിയ എന്നെ നോക്കി അമ്മ അന്തംവിട്ടു. 'ചെറുക്കാ, കണ്ട പറമ്പുകളിലൂടെയൊക്കെ തെണ്ടിനടന്ന് ഈ സന്ധ്യയ്ക്ക് കുന്നുകയറിയാണോ വന്നത്''? ഞാന്‍ മിണ്ടിയില്ല.
കുട്ടികളെ ഉപദ്രവിച്ചില്ലെങ്കിലും യക്ഷിയുടെ സാന്നിധ്യം ഗ്രാമത്തിലെ ചിലരെയെങ്കിലും ഭയപ്പെടുത്തിയിരുന്നു. കുന്നിന്‍പുറത്തുവെച്ച് അക്കാലത്ത് ചിലര്‍ യക്ഷിയെ കണ്ടുവത്രെ!. തൂവെള്ളസാരിയുടുത്ത് മുടിയഴിച്ചിട്ട് പാലമരത്തില്‍നിന്ന് അവള്‍ കരിമ്പനയിലേക്ക് നടക്കുന്നതായാണ് കണ്ടത്. സെക്കന്റ് ഷോ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇഷ്ടന്‍ പുള്ളിക്കാരിയുടെ മുന്നില്‍പ്പെട്ടത്. കൂരാകൂരിരുട്ടില്‍ ഇത്തിരിപ്പോന്ന മെഴുകുതിരി വെട്ടത്തില്‍ യക്ഷി മുട്ടോളം നീട്ടത്തില്‍ മുടിയഴിച്ചിട്ടത് താന്‍ കണ്ടുവെന്ന വാദം ഞങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങി. കഥകള്‍ അവസാനിക്കുന്നില്ല. പിന്നെയും പലരും യക്ഷിയെ കണ്ടിട്ടുണ്ടത്രെ?. പക്ഷേ, അവള്‍ കുട്ടികളെയെന്നല്ല ആരെയും ഉപദ്രവിച്ചില്ല. കരിമ്പനയുടെ മുകളിലേയ്ക്ക് നമ്പൂര്യാരെ കൂട്ടിക്കൊണ്ടുപോയി കഥകഴിച്ച് പല്ലും നഖവും ബാക്കിവെച്ചെന്ന ഐതിഹ്യമാലകള്‍ പഴങ്കഥകള്‍ മാത്രമായി തുടര്‍ന്നു.
ഓരോ ഋതുവിലും യക്ഷിയുടെ വാസസ്ഥലം കുട്ടികള്‍ക്കുള്ളതായിരുന്നു. വേനലവധികളില്‍ ഞങ്ങള്‍ കുന്നിന്‍ചെരുവുകളുടെ മറുവശത്ത് പക്ഷിത്തൂവല്‍ ശേഖരണത്തിന് എത്തും. കശുമാവുകളും മഞ്ഞക്കടമ്പും കാട്ടിരുപൂളുകളും വളര്‍ന്നുനില്‍ക്കുന്ന ചരുവുകളില്‍ മഞ്ഞക്കിളിയുടെയും ഉപ്പന്റെയും പ്രാപ്പിടിയന്റെയുമെല്ലാം തൂവലുകള്‍ കൊഴിഞ്ഞു കിടപ്പുണ്ടാകും. ഓണക്കാലമായാല്‍ കുട്ടികളുടെ ഐക്യം നഷ്ടപ്പെടും. ഒരുമിച്ചുപോയാല്‍ കാട്ടുപൂക്കള്‍ ഒരുമിച്ച് വീതംവെക്കേണ്ടി വരുമല്ലോ? അതിനാല്‍ പലപ്പോഴും ഒറ്റയ്ക്കായിരിക്കും. ചീന്തിയെടുത്ത വാഴയിലയുമായി വെട്ടം വീഴുന്നതിന് മുമ്പേ ഞാന്‍ ഓട്ടം തുടങ്ങും. കൂടുതല്‍ കാട്ടുപൂക്കള്‍ പൂത്തുനിന്നിരുന്നത് യക്ഷിയുടെ വിഹാരകേന്ദ്രത്തിലായിരുന്നു. ഞങ്ങളുടെ വീട്ടില്‍നിന്ന് പല്‍പ്പിനിച്ചേച്ചിയുടെ കശുമാവിന്‍ തോട്ടം പിന്നിട്ടാല്‍ കളപ്പുരക്കാരുടെ റബര്‍തോട്ടമായി, അതിനപ്പുറമായിരുന്നു കുന്നിന്‍ചെരുവ്. 'വീണ്ടും മറ്റൊരു ഇടവഴി'. അവിടെ കോളാമ്പിപ്പൂവും കൃഷ്ണമുടിപ്പൂക്കളും കമ്മല്‍പ്പൂക്കളുമെല്ലാം സുലഭമായിരുന്നു. യക്ഷിയുടെ പാലമരത്തിനോട് ചേര്‍ന്നൊഴുകുന്ന തോട്ടിന്‍കരയില്‍ പേരറിയാത്ത എത്രയെത്ര കാട്ടുപൂക്കളായിരുന്നു അന്ന് വിരിഞ്ഞുനിന്നിരുന്നത്. തേഞ്ഞുതീരാറായ വള്ളിച്ചെരുപ്പിനിടയിലൂടെ നൂണ്ടിറങ്ങിയ തൊട്ടാവാടിമുള്ളുകള്‍ ഓരോ ഓണക്കാലത്തും കാല്‍പാദങ്ങളെ മുറിവേല്‍പ്പിച്ചുപോന്നു.
ഒരു വേനലവധിയില്‍ ഞങ്ങള്‍ ചിലത് തീരുമാനിച്ചു. യക്ഷി വസിക്കുന്ന പാലമരത്തിലെ ആണി പറിക്കണം. ചിലര്‍ വേന്നെ് പറഞ്ഞു, ചിലര്‍ പ്രോത്സാഹിപ്പിച്ചു. പക്ഷേ, പാലമരത്തിലെ ആണിപറിക്കല്‍ അത്ര എളുപ്പമുള്ള പണിയായിരുന്നില്ല. അത്രയേറെ ആഴത്തിലായിരുന്നു ആണി പാലയിലേക്ക് ആഴ്ന്നിറങ്ങിയിരുന്നത്. കല്ലുകൊണ്ട് ഇടിച്ചിളക്കി ഒരുപാട് പണിപ്പെട്ടാണ് അത് പിഴുതുമാറ്റിയത്. ആരാണ് ഏഴിലംപാലയില്‍ ആണി തറച്ചതെന്ന ചോദ്യത്തിന് ഗ്രാമത്തിലെ മുത്തശ്ശിമാര്‍ക്ക് പോലും അറിവില്ലായിരുന്നു. പണ്ടേയ്ക്ക് പണ്ടേ തറച്ചതാകാം?. കള്ളിയങ്കാട്ടുനീലിയും കടമറ്റത്ത് കത്തനാരും ടെലിവിഷനില്‍ വന്നപ്പോഴും യക്ഷി ഞങ്ങള്‍ക്ക് അമ്മസങ്കല്‍പമായിരുന്നു. കാരണം, അവള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നില്ലല്ലോ!
വര്‍ഷങ്ങള്‍ പിന്നിട്ടു. നാലുചക്രവാഹനം പെരുകിയപ്പോള്‍ ഗ്രാമത്തിലെ കുറുക്കുവഴികള്‍ അപ്രത്യക്ഷമായി. ഇടവഴികളെല്ലാം വലുപ്പം വെച്ചു. പതിയെപതിയെ കുന്നിന്‍പുറങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങി. പിന്നാലെ കരിമ്പനയ്ക്കുമേല്‍ അറക്കവാള്‍ വീണു. പിറകെ മാവുകള്‍ക്കും ആഞ്ഞിലികള്‍ക്കുമേലും. മഞ്ഞക്കിളിയുടെയും ഉപ്പന്റെയും നീലപ്പൊന്മാന്റെയും തൂവലുകള്‍ കുട്ടികള്‍ക്ക് വേണ്ടാതായി. മുണ്ടകന്‍കൊയ്ത്തു നടന്നിരുന്ന വയലേലകളില്‍ കോണ്‍ക്രീറ്റ് വീടുകള്‍ ഉയര്‍ന്നു. വയലുകള്‍ ഇല്ലാതായപ്പോള്‍ കുട്ടികള്‍ പന്തുകളി അവസാനിപ്പിച്ചു. കാട്ടുപൂക്കള്‍ സമൃദ്ധമാക്കിയ പൂക്കളങ്ങള്‍ ഗ്രാമത്തിലിന്ന് കാണാനാകില്ല. പകരം, ഓണക്കാലത്ത് കര്‍ണാടകത്തില്‍നിന്ന് ജമന്തിപ്പൂക്കള്‍ വന്നു. കുന്നിന്‍പുറങ്ങള്‍ കുടികിടപ്പുകളായി മാറിക്കൊണ്ടിരുന്നു. എങ്കിലും യക്ഷിയുടെ പാലമരം മാത്രം മുറിച്ചിരുന്നില്ല. പക്ഷേ, കരിമ്പനയിലേക്കുള്ള അവളുടെ രാത്രി സഞ്ചാരം നിലച്ചിരിക്കണം. മുത്തിശ്ശിക്കഥകള്‍ അപ്രത്യക്ഷമായി തുടങ്ങിയപ്പോള്‍ യക്ഷിയെന്ന അമ്മ സങ്കല്‍പം ഗ്രാമത്തെ വിട്ടകന്നു. ഞങ്ങളുടെ രാവുറക്കങ്ങളെ ഭീതിയിലാഴ്ത്തിയ എത്രയെത്ര കഥകളാണ് ഇല്ലാതാകുന്നത്. ഈ വേനലില്‍ ഗ്രാമത്തില്‍ കനത്ത വരള്‍ച്ചയുായി. പാലമരത്തിനോട് ചേര്‍ന്ന് കുലംകുത്തിയൊഴികിയിരുന്ന തോട്ടില്‍ ഒരിറ്റ് വെള്ളംപോലും ഇല്ലാതായി. കുന്നിന്‍ചെരുവ് വീണ്ടും വീണ്ടും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഇന്ന് യക്ഷിയെ ആരും ഓര്‍ക്കാറില്ല. ഭയന്നമനസ്സുകള്‍ക്ക് ധൈര്യം പകരാന്‍ ഗ്രാമത്തില്‍ ഇനി പുതിയ മന്ത്രവാദികളുടെ ഉദയം വേണ്ടാതായിരിക്കുന്നു. മണ്ണും മരവുമില്ലെങ്കില്‍ പിന്നെ യക്ഷിയ്ക്ക് എന്റെ ഗ്രാമത്തില്‍ എന്ത് കാര്യം. അവശേഷിച്ച പാലമരത്തില്‍ അറക്കവാള്‍ വീഴുമെന്ന് അവള്‍ക്ക് അറിയാമായിരിക്കണം. ഭൂമിയിലെ അവശേഷിച്ച കാവുകളിലേയ്ക്ക് യക്ഷി കൂടിയേറിയിരിക്കണം.
Content Highlights: yakshi, a memoir