ഉമ്മന്‍ ചാണ്ടി, ആദ്യമായി ഒറ്റയ്ക്ക് യാത്ര പോകുന്നു...

അങ്ങേയറ്റം ഏകാകിയായൊരു മനുഷ്യനാണു ഞാന്‍. ഒറ്റയ്ക്കിരിക്കാനും ഒറ്റയ്ക്കു നടക്കാനും മാത്രമിഷ്ടപ്പെടുന്നൊരാള്‍. പക്ഷേ, ചെന്നു പെടുന്നിടങ്ങളിലെല്ലാം ഒരു പറ്റം സൗഹൃദങ്ങള്‍ ചുറ്റും കൂടാറുണ്ട്. ചുറ്റും ആളുകള്‍ തിങ്ങിനില്‍ക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന മനുഷ്യര്‍ എനിക്ക് അത്ഭുതമാണ്. അക്കൂട്ടത്തിലെ മഹാത്ഭുതമാണ് ഉമ്മന്‍ ചാണ്ടി.
ഗൃഹലക്ഷ്മിയില്‍ ട്രെയ്‌നി ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍. നന്നേ രാവിലെ റിപ്പോര്‍ട്ട് ചെയ്യാന്‍ പരിപാടി നടക്കുന്ന കോട്ടയം നാഗമ്പടം മൈതാനത്തെത്തി. അപ്പോഴേക്കും അവിടമാകെ ആളുകള്‍ നിറഞ്ഞിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവര്‍. പലതരം ആവശ്യങ്ങള്‍. പലതരം കഷ്ടപ്പാടുകള്‍. പലതരം പ്രതിഷേധങ്ങള്‍. എല്ലാറ്റിനും നടുവില്‍ ഉമ്മന്‍ ചാണ്ടി. ഒരു മനുഷ്യന് ഈ ഭൂമിയില്‍ ആര്‍ജിക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഗുണം ക്ഷമയാണെന്ന് എനിക്കു ബോധ്യപ്പെട്ട നിമിഷങ്ങള്‍.
വിലാപങ്ങള്‍ക്കും കണ്ണീരിനും മീതെ, ഉമ്മന്‍ ചാണ്ടി, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ആശ്വാസത്തിന്റെ കൈയൊപ്പിട്ടു. പിന്നെയും പല പരിപാടികളിലും പത്രസമ്മേളനങ്ങളിലും കണ്ടു. എത്ര പ്രകോപിപ്പിക്കുന്ന ചോദ്യമാണെങ്കിലും മുഖത്തുനിന്നു പുഞ്ചിരി മായില്ല.
ഉമ്മന്‍ ചാണ്ടി ചിരിക്കുന്നത് ഒരേയൊരു ചിരിയാണെന്നു നമുക്കു തോന്നും. പക്ഷേ, അങ്ങനല്ല. ഒറ്റ ചിരിയില്‍ സഹജമായ നിഷ്‌കളങ്കതയുണ്ട്, രാഷ്ട്രീയത്തിന്റെ കൗശലമുണ്ട്, മറുപടി പറയാതിരിക്കാനുള്ള തന്ത്രമുണ്ട്, കണക്കുതീര്‍ത്തതിന്റെ ആനന്ദമുണ്ട്. ആ ചിരി അടുത്തു കണ്ടതും വ്യക്തിപരമായി സംസാരിച്ചതും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
മുഖ്യമന്ത്രി സ്ഥാനത്തിരുന്നു നേരിട്ട തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്ന ശേഷം. വെറും പുതുപ്പള്ളി എംഎല്‍എ മാത്രമായ ഉമ്മന്‍ ചാണ്ടിയുടെ അഭിമുഖമെടുക്കാന്‍ പോയി. ഗൃഹലക്ഷ്മിയില്‍ ജോലി ചെയ്യുന്ന സമയത്ത്. കുറച്ചു കാലം മാത്രം പത്രപ്രവര്‍ത്തകനായിരുന്ന എന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള ഓര്‍മയാണത്.
സ്വസ്ഥമായിട്ടു ലേശം സമയം സംസാരിക്കാനുള്ള അവസരമാണ് ചോദിച്ചതെങ്കിലും അതു നടക്കാന്‍ സാധ്യതയില്ലെന്ന് അറിയിപ്പുവന്നു. കോഴിക്കോടു നിന്ന് പതിനൊന്നു മണിയുടെ ഏറനാട് എക്‌സ്പ്രസിനു കയറി. സന്ധ്യമയങ്ങിയപ്പോള്‍ കായംകുളത്തെത്തി. അവിടെ ഉമ്മന്‍ ചാണ്ടിക്കു പരിപാടികളുണ്ട്. അതു കഴിഞ്ഞ്, അദ്ദേഹം രാത്രി മാവേലി എക്‌സ്പ്രസിനു കാഞ്ഞാങ്ങാട് പോകും. ട്രെയിനില്‍ ഇരുന്നുവേണം സംസാരിക്കാന്‍. കായംകുളം സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് മാവേലി എത്തിയെങ്കിലും ഉമ്മന്‍ ചാണ്ടി എത്തിയില്ല. വിളിച്ചപ്പോള്‍ അദ്ദേഹം കൊല്ലത്തുനിന്നു കയറിയിട്ടുണ്ട്. കംപാര്‍ട്ട്‌മെന്റും സീറ്റ് നമ്പറും ഗണ്‍മാന്‍ പറഞ്ഞുതന്നു. ഓടിക്കയറി.
കംപാര്‍ട്ട്‌മെന്റ് നിറയെ വെള്ളക്കുപ്പായക്കാര്‍. സൂചികുത്താന്‍ ഇടമില്ല. അവര്‍ക്കിടയിലൂടെ നൂണ്ട്, ഉമ്മന്‍ ചാണ്ടിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ മടിയില്‍ ഒഴികെ ബാക്കി സകല സ്ഥലത്തും ആളുകളുണ്ട്. ഓരോ സ്‌റ്റേഷന്‍ എത്തുമ്പോഴും ഓന്നോ, രണ്ടോ പേര്‍ ഇറങ്ങിപ്പോകുന്നു. അവര്‍ ഒഴിയുന്ന സീറ്റില്‍ വേറെ ചിലര്‍ ഇരിക്കുന്നു. സമയം അതിവേഗവും ട്രെയിന്‍ ബഹുദൂരവും പായുന്നു. ആലപ്പുഴ കഴിഞ്ഞു. ആളൊഴിയുന്നില്ല. രാത്രി വൈകി വരുന്നു. സംസാരിക്കാന്‍ പറ്റാതെ വന്നാല്‍ ഇതേ വണ്ടിക്കു കാഞ്ഞങ്ങാടിനു പോകേണ്ടി വരും. എനിക്ക് ആങ്‌സൈറ്റി കയറിത്തുടങ്ങി. എറണാകുളം എത്തിയപ്പോഴേക്കും അവസാനത്തെയാളും ഇറങ്ങി. സമയം രാത്രി പതിനൊന്നര.
തൊട്ടടുത്തു ചെന്നിരുന്നു. ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചു. ശാന്തമായ, സൗമ്യമായ മറുപടി. ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറിയില്ല. കരുണാകരനേക്കുറിച്ചും പിണറായി വിജയനേക്കുറിച്ചും ചോദിച്ചു. മറുപടി കിട്ടി. കോണ്‍ഗ്രസിനെയും ഗ്രൂപ്പിനെയും കുറിച്ചു ചോദിച്ചു. ഉത്തരം തന്നു. കേരളത്തേക്കുറിച്ചും പുതുപ്പള്ളിയേക്കുറിച്ചും ചോദിച്ചു. നല്ല ചിരി ചിരിച്ചു. അദ്ദേഹത്തിന് ഉറക്കം വരുന്നുണ്ടെന്നു തോന്നിയപ്പോള്‍ ഞാന്‍ നിര്‍ത്തി. എഴുപതാം വയസിലും രാത്രി പന്ത്രണ്ടരയ്ക്ക് അഭിമുഖത്തിന് ഇരുന്നുതന്ന മനുഷ്യനെ ബഹുമാനിക്കണമല്ലോ.
ട്രെയിന്‍ വെളുപ്പിനെ കാഞ്ഞാങ്ങാടെത്തി. നേരെ ഗസ്റ്റ് ഹൗസിലേക്ക്. ആളുകള്‍ വരുന്നതിനു മുന്‍പ് കുറച്ചുകൂടി സംസാരിക്കണം എന്നുള്ളതുകൊണ്ട്, ഓടി റൂമില്‍പോയി റെഡിയായി വന്നു. ഒരു പത്ത് മിനിറ്റ്. ഉമ്മന്‍ ചാണ്ടിയുടെ മുറിയിലെത്തിയപ്പോള്‍ മാവേലിയില്‍ കണ്ടതൊന്നുമല്ല ആള്‍ക്കൂട്ടമെന്നു മനസിലായി. സാമാന്യം വലിയ മുറിയില്‍ ചുരുങ്ങിയത് മുപ്പതു പേരെങ്കിലും കാണും. ചോദ്യം പോയിട്ട്, സാറേന്നു വിളിക്കാന്‍ പോലും പറ്റില്ല. ഗണ്‍മാനെ കണ്ടു. ' സാറ് ആ വെള്ള കാറില്‍ കയറും. കൂടെ കയറിക്കോ'.
ആള്‍ക്കൂട്ടത്തിന്റെയൊരു പരിപാടി മനസിലായതുകൊണ്ട്, ഞാന്‍ കാറിനടുത്തു പോയി, ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ചുനിന്നു. ഉമ്മന്‍ ചാണ്ടി ഇറങ്ങി കാറിനടുത്തേക്കു നടന്നുവന്നു. ഡോര്‍ തുറന്നപ്പോള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ച ചിലരെ തള്ളിമാറ്റി ഞാന്‍ സീറ്റു പിടിച്ചു. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നാലുപേരുണ്ട്. ഏറ്റവും ഞെരുങ്ങിയിരിക്കുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാണ്. കാറിലിരുന്ന് കുറച്ചു സമയം മിണ്ടി. ഒരുമിച്ചൊരു ഫോട്ടോ എടുത്തു. ഞാന്‍ മടങ്ങി.
അദ്ദേഹം പറഞ്ഞ കാര്യങ്ങളോ, എന്റെ ചോദ്യങ്ങളോ അല്ല, ഇപ്പോഴും ഓര്‍മയിലുള്ളത്. ആ യാത്രയും ആള്‍ക്കൂട്ടവുമാണ്. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ എനര്‍ജിയുമാണ്. വളരും തോറും ജനങ്ങളിലേക്ക് അടുക്കുന്നവരാണ് നല്ല നേതാക്കളെന്നു ഞാന്‍ വിശ്വസിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയിലേക്കു നിര്‍ഭയം നടന്നു ചെല്ലുന്ന നേതാക്കളാണ് ജനാധിപത്യത്തിന്റെ മുഖമാകുന്നത്. ഉമ്മന്‍ ചാണ്ടി, ജനകീയനാകുന്നത് ജനങ്ങളോട് അത്രമേല്‍ അടുത്തുനിന്നതുകൊണ്ടാണ്; അവര്‍ക്കൊപ്പം യാത്ര ചെയ്തതുകൊണ്ടാണ്.
ഉമ്മന്‍ ചാണ്ടി, ആദ്യമായി ഒറ്റയ്ക്കു യാത്ര പോകുന്നു....
Content Highlights: writer abin josephs recollects a journey with Oommen Chandy