അവരുടെ ഇടയിൽനിന്ന് ആ സ്ത്രീയുടെ പേരെങ്ങനെ മാഞ്ഞുപോയി?

ഏതാനും മാസങ്ങൾക്ക് മുമ്പ് എലേന ഫെരാന്റെയുടെ 'മൈ ബ്രില്യന്റ് ഫ്രണ്ട് ' എന്ന നോവൽ വായിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ ഗ്രാസിയ ഡേലെദ്ദ എന്ന എഴുത്തുകാരിയെ പരാമർശിച്ചു കണ്ടു. ടോൾസ്റ്റോയ്, ദസ്‌തേവ്‌സ്‌കി, ചെക്കോവ് തുടങ്ങിയവരുടെയിടയിൽ കേൾക്കാത്ത ഒരു പേര്. ഒരു സ്ത്രീയുടെ പേരാണല്ലോ! ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വരെ നേടിയ ഒരാൾ. അപ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പേരാണ്, എന്നാൽ വായനയുടെയിടയിലൊന്നും ഞാൻ ഈ പേര് കേട്ടിട്ടേയില്ല.
ഒരു സ്ത്രീ എഴുതിയെഴുതി നോബൽ സമ്മാനം നേടിയാലും സ്വന്തം രാജ്യത്തിനപ്പുറം അധികമാരും അറിയാതെ പോകുന്ന അവസ്ഥ. എഴുത്തിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇപ്പോഴും സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്നുണ്ട് . ഇത്തരം പാർശ്വവത്കരണം സ്ത്രീകൾക്ക് മുഖ്യധാരയിലേക്ക് എത്തുന്നതിന് ഇന്നും തടസ്സം നിൽക്കുന്നു. വലിയ പോരാട്ടവീര്യം വേണ്ടിവരുന്നു സ്ത്രീകൾക്ക് മുൻനിരയിലേക്ക് എത്തുവാൻ.
എഴുത്തും സ്ത്രീയും എന്ന വിഷയം ആലോചിക്കുമ്പോൾ തന്നെ സാഹിത്യചരിത്രത്തിലെ ആദ്യ എഴുത്തുകൾ സ്ത്രീയെ എങ്ങനെ നിർവചിക്കുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 'എഴുത്ത് ' തന്നെ പലപ്പോഴും സ്ത്രീകൾക്ക് എതിരായി പ്രവർത്തിക്കാറുണ്ട്. ഐതിഹ്യങ്ങളിലേയും മതപുസ്തകങ്ങളിലേയും എഴുത്ത് ഒരു ഉപകരണമായി മാറി പല ആചാരങ്ങളെയും ഊട്ടി ഉറപ്പിക്കുന്നതിന് കാരണമാകുന്നു. സ്ത്രീകൾക്കും മറ്റു പാർശ്വവത്കരിക്കപ്പെട്ടവർക്കും എതിരേയുള്ള വിവേചനത്തിനും ക്രൂരതക്കും ന്യായീകരണമായി ഈ ആചാരങ്ങൾ, ഇത്തരം കഥകളെയാണ് പൊതുവേ ചൂണ്ടിക്കാട്ടുന്നത്. ഹവ്വയുടെ പാപമാണ് ആദിപാപം എന്നും, പൻഡോറ (Pandora's box) ആകാംക്ഷയുടെ പുറത്ത് തുറന്ന പെട്ടിയാണ് മാനവരാശിക്കു എല്ലാ ശാപങ്ങളും വാരി വിതറിയതെന്നും വെസ്റ്റേൺ മിത്തുകൾ പറയുന്നു.
'നാരി ഭരിക്കുന്നിടം നശിച്ചു പോകും', 'പെൺബുദ്ധി പിൻബുദ്ധി' തുടങ്ങി നിരവധി ചൊല്ലുകൾ സ്ത്രീകൾക്കെതിരെ ഇങ്ങ് കേരളത്തിലുമുണ്ടല്ലോ. ഇതെല്ലാം കൊണ്ട് കെട്ടിപ്പൊക്കിയ നമ്മുടെ കളക്ടീവ് ബോധം വലിയ പ്രയാസമൊന്നുമില്ലാതെ തന്നെ സ്ത്രീകൾക്കെതിരെയുള്ള ചെറിയ ചെറിയ അടിച്ചമർത്തലുകൾക്കു നേരെ കണ്ണടക്കുന്നു. ഇത്തരം കഥകളുടെ രൂപത്തിൽ 'എഴുത്ത് ' പല തരം വിവേചനത്തിന് കൂട്ട് നിൽക്കുമ്പോഴും, ഇതേ ചട്ടക്കൂടിൽ നിന്നുകൊണ്ടുതന്നെ എഴുത്ത് ഒരു ക്രിയാത്മകമായ ഉപകരണമായും ഉപയോഗിക്കാൻ സ്ത്രീകൾക്കു കഴിഞ്ഞു.
ഐസ്‌ലാൻഡിക് എഴുത്തുകാരിയും കവിയും ആയ ക്രിസ്റ്റിൻ ഒമർസ്‌ഡോട്ടിർ പറഞ്ഞിട്ടുള്ളത് പോലെ ''സാഹിത്യത്തിന്റെ കഥ വളരെ പഴയതാണ്, അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.'' (The story of literature is long. It did not begin ten years ago) ഇത്രയും പഴമയുള്ള സാഹിത്യചരിത്രത്തിൽ എന്നിട്ടും സ്ത്രീകൾ എല്ലാക്കാലവും അവരുടെതായ സംഭാവനകൾ നൽകിയിട്ടുണ്ട്. തുല്യഅവസരങ്ങൾ ലഭിച്ചില്ലെങ്കിലും അവർ എഴുതിക്കൊണ്ടേയിരുന്നു. ജനിച്ച അന്നുമുതൽ അന്യവത്കരണം പലതരത്തിൽ അനുഭവിക്കുന്ന സ്ത്രീകൾക്ക് വ്യത്യസ്ത വീക്ഷണകോണുകളാണുള്ളത്. അതിലൂടെ ലോകം കണ്ടുവളർന്ന്, ചിന്തിച്ച്, തല പുകഞ്ഞ്, കടലാസിലോട്ട് പകർത്തിയ കഥകൾ വായിച്ച്, അവളെ മാറ്റി നിർത്തിയ സമൂഹം തന്നെ ചോദിക്കും ''സ്ത്രീകളെ കുറിച്ചുള്ള കഥകൾ മാത്രമേ എഴുതുകയുള്ളോ?'' എന്ന്.
പ്രശസ്ത നോവലിസ്റ്റ് ടോണി മോറിസണോട് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദിച്ചു ''നിങ്ങൾ എപ്പോഴെങ്കിലും വെള്ളക്കാരെ കുറിച്ച് എഴുതാൻ പോകുന്നുണ്ടോ?'' അവർ തിരിച്ചു ചോദിച്ചു, ''ഇത് നിങ്ങൾ ഏതെങ്കിലും വെള്ളക്കാരോട് ചോദിക്കുമോ? കറുത്ത വർഗക്കാരെ കുറിച്ച് അവരൊക്കെ എപ്പോൾ എഴുതി തുടങ്ങും എന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ? എന്നോടുള്ള ഈ ചോദ്യം പോലും നിങ്ങളുടെ പ്രിവിലേജിന്റെ ചിഹ്നം ആണ്.''
എല്ലാവരും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കഥകൾ സൃഷ്ടിക്കുമ്പോൾ ഈ ചോദ്യം ചിലരുടെ നേരെ മാത്രം നീളുന്നു. മാറ്റി നിർത്തപ്പെട്ടവർക്കുള്ള അടുത്ത കടമ്പ അതാണ്. കാര്യങ്ങൾ അത്ര എളുപ്പത്തിൽ സാധിക്കില്ല എന്ന് അവർ അറിയണമെന്ന് സമൂഹത്തിന് നിർബന്ധമാണ്. അന്യവത്കരിക്കപ്പെടുന്നവർ അന്യരാവുന്നത് ഒരു യാദൃശ്ചികത അല്ല, അത് ആസൂത്രിതമാണ്. അതാണ് നമ്മൾ കെട്ടി ഉയർത്തിയ വ്യവസ്ഥ.
എഴുത്തിൽ എന്നപോലെതന്നെ മറ്റു കലാരംഗങ്ങളിലും സ്ത്രീകൾ പുറന്തള്ളപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന സിനിമയെ നമ്മൾ 'female centric' എന്ന് വിശേഷിപ്പിക്കുന്നു. പതിറ്റാണ്ടുകൾ ആയി 99 ശതമാനം സിനിമകളും 'male centric' ആയിട്ടും ആ ടാഗ് നമ്മൾ അത്തരം സിനിമകൾക്ക് ഒരിക്കലും നൽകിയിട്ടില്ല. എങ്ങനെയോ നമ്മളെല്ലാവരും തന്നെ ധരിച്ചു വെച്ചിരിക്കുന്നത് 'male centric' എന്ന് പറയേണ്ട കാര്യമില്ല, അത് 'human centric' ആണെന്നാണ്. എന്നാൽ 'female centric' എന്നത് ഒരു മനുഷ്യാവസ്ഥ അല്ല, അതൊരു 'സ്ത്രീ അവസ്ഥ' മാത്രം ആണ്.
അങ്ങനെ കഥകളിലായാലും തിരക്കഥകളിലായാലും സ്ത്രീകേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾക്കു നമ്മൾ ഒരു വിശേഷസ്ഥാനം നൽകും, അതിനെ ഒരു പ്രത്യേക പേരിട്ട് വിളിക്കും, ആ കീഴ് വഴക്കം തന്നെ ഉപയോഗിച്ച് അവയെ തള്ളിക്കളയുകയും ചെയ്യും. എന്തൊരു വിരോധാഭാസം! ഇങ്ങനെ തള്ളിക്കളയാൻ പല കാരണങ്ങളും കണ്ടുപിടിക്കപ്പെടും. 'ഇതൊന്നും എഴുതാൻ കൊള്ളുന്ന വിഷയങ്ങളല്ല, അല്ലെങ്കിൽ ഇത് സീരിയസ് എഴുത്തുകാർ എഴുതുന്ന വിഷയങ്ങളല്ല' എന്ന് പരക്കെ അഭിപ്രായം ഉയരും. സ്ത്രീ അവസ്ഥകൾ അല്ലാതെ എന്തെങ്കിലുമൊക്കെ എഴുതിക്കൂടേ എന്ന് ചോദിക്കുമ്പോൾ, അതിൽ പറയാതെ പറയുന്ന കാര്യം ഇത് എഴുതാൻ യോഗ്യമായ കാര്യമല്ല എന്നാണ്.
ജനസംഖ്യയിൽ പകുതിയുണ്ടെങ്കിലും സ്ത്രീകളുടെ ചിന്തകളെയും താല്പര്യങ്ങളെയും ബഹുമാനിക്കാത്ത ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത് എന്ന് കാണാം. ഇതിന്റെ ഇടയിൽ നിന്നു കൊണ്ട് അനേകായിരം സ്ത്രീകൾ സ്വന്തമായും കൂട്ടായും വെട്ടി തെളിച്ചു വന്ന വഴികൾ നമ്മൾക്ക് ഇനിയും നീട്ടേണ്ടിയിരിക്കുന്നു. പോരാടിയല്ലാതെ അവകാശങ്ങൾ ഒന്നും നേടിയെടുക്കാനാകാത്ത ഈ ഭൂമിയിൽ സ്ത്രീകളുടെ എഴുത്തും അങ്ങനെ തന്നെയാണ്. ഇതിനും അപ്പുറം സഞ്ചരിക്കാൻ ഈ വഴികൾ വളരണമെങ്കിൽ സാഹിത്യം എന്ന മഹാലോകത്ത് പുതിയ പാതകൾ നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Historical erasure of prominent female authors like Grazia Deledda., The use of religious and cultural myths to justify gender discrimination., Systemic bias in labeling 'female-centric' content while normalizing 'male-centric' perspectives., The necessity of challenging established patriarchal literary structures.