ഓവനിലുള്ളിൽ തലവെച്ച് ആത്മഹത്യ, ബാസ്റ്റഡ് ഡാഡി, 7 വര്‍ഷം രക്തംകുടിച്ച നരഭോജി ഭര്‍ത്താവ്

വര-ലിജീഷ് കാക്കൂര്‍
വര-ലിജീഷ് കാക്കൂര്‍

1963 ഫെബ്രുവരി 11. 1740കള്‍ക്ക് ശേഷം ഇംഗ്ലണ്ട് അനുഭവിച്ച ഏറ്റവും മാരകമായ കൊടും ശൈത്യകാലം.

ആദ്യ രണ്ട് ആത്മഹത്യാശ്രമങ്ങളും പിഴച്ചു. ഇന്ന് തോല്‍ക്കരുത്. 

സില്‍വിയ അതിരാവിലെ എഴുന്നേറ്റ് കുഞ്ഞുങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണം തയ്യാറാക്കി. അവരുടെ ജനാലകള്‍ തുറന്നിട്ടു. മുറിയുടെ വാതില്‍ പുറത്തുനിന്ന് ഭദ്രമായി പൂട്ടി. വാതിലിനടിയിലെ വിടവ് ടേപ്പ് കൊണ്ട് അടച്ചു. എന്നിട്ട് അടുക്കളയില്‍ കയറി അകത്തുനിന്ന് താഴിട്ടു. അടുക്കളയിലെ ജനലുകള്‍ പൂട്ടി. വിടവുകളില്‍ തുണികളും ടേപ്പും കുത്തിനിറച്ചു. ഗ്യാസ് ഓവന്‍ തുറന്ന് തല ഉള്ളിലേക്കിട്ടു. വിഷപ്പുക ഒഴുകിയെത്തി. അവള്‍ കണ്ണടച്ചു മരണത്തെ സ്വപ്നം കാണാന്‍ തുടങ്ങി. മണിക്കൂറുകള്‍ക്കു ശേഷം വന്ന നഴ്‌സ് ഒരു തൊഴിലാളിയുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് സില്‍വിയ പ്ലാത്ത് മരിച്ചു എന്ന് ലോകമറിഞ്ഞത്. 

സിൽവിയ പ്ലാത്ത്/ Getty Images

കര്‍ക്കശക്കാരനായ അച്ഛനില്‍ നിന്ന് ഒരിത്തിരി സ്‌നേഹവും പരിഗണയും കിട്ടാന്‍ കൊതിച്ച കുട്ടിക്കാലം. പക്ഷേ, അവളുടെ എട്ടാം പിറന്നാള്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛന്‍ മരിച്ചു. കുടുംബം മറ്റൊരു പട്ടണത്തിലേക്ക് താമസം മാറ്റി. സില്‍വിയയുടെ ജീവിതം അമ്മയുടെ പൂര്‍ണ നിയന്ത്രണത്തിലായി. അസൂയാവഹമായ ഐ.ക്യൂ. ഉണ്ടായിരുന്നു അവള്‍ക്ക്. വളരെ ചെറുപ്പത്തില്‍തന്നെ എഴുത്തുകാരിയെന്ന് പേരെടുത്തു. സ്മിത്ത് കോളേജിലെ പഠനത്തിന് ശേഷം സില്‍വിയ മാഡംവസേല്‍ എന്ന വിഖ്യാത മാഗസിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു.

അത്യുത്സാഹവും അതിവിഷാദവും ഇഴ പിരിഞ്ഞ ദിവസങ്ങളായിരുന്നു അവളുടേത്. ചില നാളുകളില്‍ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ പോലും അവളെ പൊട്ടിച്ചിരിപ്പിച്ചു. മറ്റു നാളുകളില്‍ അവള്‍ മരണത്തിനായി പ്രാര്‍ത്ഥിച്ചു. മരിക്കാന്‍ ധൈര്യമുണ്ടോ എന്ന് പരീക്ഷിക്കാനായി സില്‍വിയ സ്വന്തം കാലുകള്‍ കീറിമുറിച്ചു നോക്കി. 1953ല്‍ തന്റെ ഇരുപതാം വയസ്സിലായിരുന്നു അവളുടെ ആദ്യ ആത്മഹത്യാശ്രമം. അമ്മയുടെ ഉറക്കഗുളികകള്‍ അമ്പതെണ്ണമാണ് അവള്‍ കഴിച്ചത്. എന്നിട്ട് ഗരാജിന്റെ ബേസ്‌മെന്റില്‍ പോയിക്കിടന്നു. രണ്ടു ദിവസം പോലീസും നാട്ടുകാരും നാട് മുഴുവന്‍ അവളെ തിരഞ്ഞു നടന്നു. കണ്ടുകിട്ടുമ്പോള്‍ അവളുടെ കവിളിന്റെ പാതി പുഴുക്കള്‍ കടിച്ചെടുത്തിരുന്നു. ആ മുറിവ് ഒരിക്കലും മാഞ്ഞില്ല.

ഇലക്ട്രോഷോക്ക് ചികിത്സയുടെ നാളുകള്‍ കടന്ന് അവള്‍ സ്‌കോളര്‍ഷിപ്പോടെ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയി. അവിടെ വെച്ചാണ് അറിയപ്പെടുന്ന ഇംഗ്ലീഷ് കവിയായ ടെഡ് ഹ്യൂഗ്സിനെ പരിചയപ്പെടുന്നത്. 1956ല്‍ ഇരുവരും വിവാഹിതരായി. വിഷമയമായ ബന്ധത്തിലേക്കാണ് താന്‍ പ്രവേശിച്ചതെന്ന് സില്‍വിയ വൈകാതെ തിരിച്ചറിയുകയായിരുന്നു. 1960ല്‍ ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. സില്‍വിയയുടെ എഴുത്തുകള്‍ വേദനയുടെ കൂടുകളായി. വരികള്‍ക്കിടയിലൂടെ അവളുടെ നൊമ്പരങ്ങള്‍ ചോരപ്പാടുകളായി ലോകം കണ്ടു.  

വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളും ഹ്യൂഗ്‌സിന്റെ പരുഷതയും സില്‍വിയയ്ക്ക് താങ്ങാനായില്ല. അവളുടെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ ജീവനറ്റു. ഹ്യൂഗ്‌സിന്റെ മര്‍ദനമാണ് ഈ ദുരന്തത്തില്‍ കലാശിച്ചതെന്ന് പില്‍ക്കാലത്ത് ആരോപണങ്ങളുയര്‍ന്നു. ബെല്‍ ജാര്‍ എന്ന നോവലിലൂടെ സില്‍വിയ തന്റെ  ആത്മാംശം അനന്തതയിലേക്ക് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു. പക്ഷേ പ്രസാധകരാരും കവയത്രിയുടെ ആദ്യ നോവല്‍ സ്വീകരിച്ച് പരീക്ഷണത്തിന് തയ്യാറായില്ല. 1962ല്‍ രണ്ടാമത്തെ കുഞ്ഞിന്റെ പിറവി. 

ടെഡ് ഹ്യൂഗ്‌സിനൊപ്പം സില്‍വിയ

പ്രിംറോസ് സ്‌ക്വയറിലെ അവരുടെ വാടക വീട്ടിലേക്ക് പുതിയ താമസക്കാര്‍ എത്തിയിരുന്നു. കനേഡിയന്‍ കവിയായ ഡേവിഡ് വീവിലും ജര്‍മന്‍ ജൂത വംശജയായ ഭാര്യ ആസീയ വീവിലും. ആസിയയും ടെഡും വളരെ വേഗം തമ്മിലടുത്തു. അവരുടെ അടുപ്പം സില്‍വിയയെ അസ്വസ്ഥയാക്കി. 1962 ജൂണില്‍ അടുത്ത ആത്മഹത്യാശ്രമം. അതിവേഗത്തിലോടിച്ച കാര്‍ പുഴയുടെ ഓളപ്പരപ്പും ചുഴിയും താണ്ടി ആഴങ്ങളിലേക്ക്... സില്‍വിയ ആശുപത്രി വിട്ടപ്പോഴേക്കും ഹ്യൂഗ്സ് ആസീയയോടൊപ്പം താമസം മാറിയിരുന്നു.

പിഞ്ചുകുഞ്ഞുങ്ങളെ വാരിയെടുത്ത് അവള്‍ ഒറ്റയ്ക്ക് ലണ്ടനിലേക്ക് പോയി. ആര്‍ത്തലച്ചു പെയ്യുന്ന ഇടവപ്പാതി പോലെ തുടര്‍ച്ചയായി എഴുതി. നോവിന്റെ ഓര്‍മകളെല്ലാം കവിതയിലൂടെ സുന്ദര ചിത്രങ്ങളാക്കി. ഡാഡി എന്ന വിശ്വവിഖ്യാത കവിത ജനിക്കുന്നത് ഇക്കാലത്താണ്. നിഷേധിക്കപ്പെട്ട വാത്സല്യത്തിന്റെ ക്ലാവ് പിടിച്ച സ്മൃതി വാ്ക്കുകളായി പുനര്‍ജനിച്ചു. കവിതയ്ക്കൊടുവില്‍ വികാരവിക്ഷോഭത്തോടെ സില്‍വിയ പറഞ്ഞു - ''ഡാഡീ ഡാഡീ യൂ ആര്‍ എ ബാസ്റ്റര്‍ഡ്.'' ഏഴ് വര്‍ഷം തന്റെ രക്തം കുടിച്ച നരഭോജിയെ താന്‍ കൊന്നു എന്നും കവിതയില്‍ പറയുന്നുണ്ട്. അത് ടെഡ് അല്ലാതെ മറ്റാരാകാന്‍?

കൊടും ശൈത്യം അവളുടെ ശാരീരിക ആരോഗ്യം തകര്‍ത്തു. നിരന്തരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കലങ്ങിക്കറുത്ത മനസ്സിനെ കൂടുതല്‍ തളര്‍ത്തി. മരണം കവിതയിലും ചിന്തയിലും നിത്യസാന്നിധ്യമായി. അവള്‍ മരിക്കാനുറച്ചു. 1963 ഫെബ്രുവരി പതിനൊന്നിന് ആഗ്രഹിച്ച മരണം സ്വയം വരിക്കുമ്പോള്‍ അവള്‍ക്ക് പ്രായം മുപ്പത്. 

നിയമപരമായി ഇനിയും വേര്‍പിരിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ അവളുടെ എസ്റ്റേറ്റും പുസ്തകങ്ങളുടെ കോപ്പി റൈറ്റും ടെഡിന് അവകാശപ്പെട്ടതായി. അയാള്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ അവളെ അടക്കി. അവളുടെ കല്ലറയ്ക്കു മുകളില്‍ അയാളുടെ കവിത ആലേഖനം ചെയ്യപ്പെട്ടു - ''തീഷ്ണമായ തീനാളങ്ങള്‍ക്കിടയിലും സ്വര്‍ണ്ണത്താമര വിടരും.'' 

സില്‍വിയയുടെ മരണത്തിന് ഹ്യൂഗ്‌സിനെ പഴിച്ച ആരാധകര്‍ അവളുടെ കല്ലറയില്‍ നിന്ന് അയാളുടെ പേര് കൊത്തിമാറ്റി. അയാള്‍ക്ക് കല്ലറയുടെ തലക്കല്ല് മാറ്റിവെയ്‌ക്കേണ്ടി വന്നു. അതിനെതിരെയും കൂട്ടപ്രതിഷേധമുണ്ടായി. സില്‍വിയയുടെ അവസാനകാല ഡയറിക്കുറിപ്പുകള്‍ താന്‍ നശിപ്പിച്ചു എന്ന ടെഡിന്റെ തുറന്നുപറച്ചിലും വന്‍ വിവാദമായി. 

സിൽവിയയുടെ കല്ലറ/ Getty Images

സില്‍വിയയുടെ മരണം ആസീയയെ വേട്ടയാടി, സമൂഹത്തിനു മുന്നില്‍ താന്‍ പ്രതിയായെന്ന് അവള്‍ക്കു തോന്നി. ആറ് വര്‍ഷങ്ങള്‍ക്ക്  ശേഷം അവള്‍ മകളോടൊപ്പം ആത്മഹത്യ ചെയ്തു. ഉറക്കഗുളിക കഴിച്ച അമ്മയും മകളും ഓവനിലെ വിഷപ്പുക ശ്വസിച്ച് അടുക്കളയിലെ തണുത്ത തറയില്‍ മരവിച്ചുകിടന്നു. മരണത്തിന്റെ നീലിച്ച വിഷചിത്രം കാലം വീണ്ടും വരച്ചതുപോലെ. 

1998ല്‍ ക്യാന്‍സര്‍ ടെഡിനെയും മരണത്തിന് കൈമാറി. അമ്മയെ കവര്‍ന്നെടുത്തിട്ടും കൊതിതീരാത്ത മരണം മകന്‍ നിക്കോളാസിനെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. അമ്മയെപ്പോലെ വിഷാദത്തിരകളില്‍ നിലതെറ്റിയ നിക്കോളാസ് 2009ല്‍ സ്വന്തം ജീവനെടുത്തു. അറിയപ്പെടുന്ന കവിയും ചിത്രകാരിയുമാണ് സില്‍വിയയുടെ മകള്‍ ഫ്രീഡ. അമ്മയുടെയും സഹോദരന്റെയും ആത്മഹത്യ ആഘോഷിക്കുന്ന ലോകത്തെ അവള്‍ തന്റെ കവിതകളിലൂടെ തള്ളിപ്പറയുന്നു. 

പട്ടച്ചരട് പോലെ നേര്‍ത്ത മനസ്സില്‍ വിരിഞ്ഞ ആശയപ്രപഞ്ചമായി സില്‍വിയ ഓര്‍മിക്കപ്പെടുന്നു. മുപ്പതു വര്‍ഷത്തെ ആയുസ്സില്‍ അവള്‍ സൃഷ്ടിച്ച കാവ്യലോകം മുന്നൂറാണ്ടുകള്‍ക്കും വിസ്മയമായി തുടരുമെന്ന് തീര്‍ച്ച. 

(പുനപ്രസിദ്ധീകരണം)
 

Content Highlights: the tragic life of american poet sylvia plath