അസൂയാലുക്കളായ എല്ലാ പുരുഷന്മാരെയുമെന്നപോലെ തെറ്റായ ഇടങ്ങളില്‍ അയാള്‍ വഞ്ചനയുടെ തെളിവുകള്‍ തേടി

ബോസ്ഫറസിലെ തിളങ്ങുന്ന ജലവും സുവര്‍ണമുനമ്പിന്റെ വശ്യമായ കാഴ്ചകളും അതിരിടുന്ന ഇസ്താംബുള്‍. വമ്പന്‍ പടയോട്ടങ്ങളുടെ, മഹത്തായ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഇസ്താംബുള്‍. ആ പ്രാചീന നഗരത്തിന്റെ തെരുവുകളിലൂടെ അവിടുത്തെ മണല്‍ത്തരികളറിഞ്ഞ പലായനത്തിന്റെ നോവുകളിലേക്കും പ്രണയത്തിന്റെ ഭാവഭേദങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന നോവലാണ് 'ദ ലാസ്റ്റ് അപ്പാര്‍ട്ട്‌മെന്റ് ഇന്‍ ഇസ്താംബുള്‍'. ടര്‍ക്കിഷ് എഴുത്തുകാരിയായ ഡെഫ്‌നെ സുമന്‍ എഴുതിയ നോവല്‍ ദേശാതിര്‍ത്തികളും പ്രണയവും മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുന്ന വേദനയുടെ, തിരസ്‌കാരമെന്ന പൊറുക്കപ്പെടാത്ത മുറിവിന്റെ ആഴങ്ങള്‍ കാട്ടിത്തരുന്നു. 'ഇസ്താംബുളിലെ അവസാനത്തെ അപ്പാര്‍ട്ട്‌മെന്റ്' എന്ന പേരില്‍ കെ.ജീവന്‍ കുമാര്‍ ഈ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
എഴുപത്തഞ്ചുകാരനും ഏകാകിയുമായ പെരിക്ലിസ് ഡ്രാക്കോസ് എന്ന ഫാര്‍മസിസ്റ്റിന്റെ വാര്‍ദ്ധക്യത്തില്‍ നിന്നും പിന്നിലേക്കുള്ള സഞ്ചാരമാണ് ഇതിവൃത്തം. തന്റെ ചെറുമകളോളം പ്രായമുള്ള ലൈലയ്ക്കും അയാള്‍ക്കും ഇടയില്‍ രൂപപ്പെടുന്ന സവിശേഷമായ ആത്മബന്ധത്തില്‍ നിന്നാണ് നോവല്‍ തുടങ്ങുന്നത്. ഒരു നൂറ്റാണ്ടില്‍ നിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരത്തില്‍ ജീവിതത്തെയും പ്രണയത്തെയും പിന്നിലുപേക്ഷിച്ച് വിഷാദത്തെയും ആശങ്കകളെയും ഒപ്പംകൂട്ടിയ പെരിക്ലിസ്. 2020 ജനുവരിയില്‍ കൊറോണ വൈറസ് പിടിമുറുക്കിയ ആദ്യ നാളുകളിലാണ് പെരിക്ലിസിന്റെ ഏകാന്തതയിലേക്ക് ലൈല കടന്നുവരുന്നത്. ഏകാന്തത അയാളില്‍ പടുത്തുയര്‍ത്തിയ മൗനത്തിന്റെ പുരാതനമായ ശില്പം പതിയെ ഉടയുകയായിരുന്നു.
പെരിക്ലിസ് ഉള്‍പ്പെടെ വിരലിലെണ്ണാവുന്നത്രയും മാത്രം അന്തേവാസികള്‍ അവശേഷിക്കുന്ന ഇസ്താംബൂളിലെ സര്‍ക്കിള്‍ അപ്പാര്‍ട്‌മെന്റ് എന്ന പഴയ കെട്ടിടം നോവലിലുടനീളം നിശ്ശബ്ദനായൊരു കഥാപാത്രമായി നിറഞ്ഞുനില്‍ക്കുന്നു. ലിയന്‍ഡേഴ്‌സ് ടവര്‍ മുതല്‍ സുവര്‍ണമുനമ്പ് വരെയുള്ള മനോഹരമായ കാഴ്ചകള്‍ കാണാനാകുന്ന കെട്ടിടം. 1922-ല്‍ പ്രശസ്തനായൊരു ഇറ്റാലിയന്‍ ശില്പിയാണത് നിര്‍മിച്ചത്. ഇസ്താംബൂളിന്റെ നഗരവത്കരണം സര്‍ക്കിള്‍ അപ്പാര്‍ട്ട്‌മെന്റിനെ ഒരു തെരുവിന്റെ തകര്‍ച്ചയ്ക്കാണ് സാക്ഷിയാക്കിയത്. ആ പ്രാചീന മന്ദിരത്തിലെ ഏറ്റവും പഴയ താമസക്കാരനാണ് പെരിക്ലിസ്. അയാള്‍ ജനിച്ചതുപോലും അവിടെയാണ്. ലൈല ഹനീമിന്റെ അവിടേക്കുള്ള വരവോടെ അയാള്‍ വളരെയേറെക്കാലത്തിനുശേഷം തീവ്രമായൊരു മോഹത്തിന്റെ ഭാരം അറിഞ്ഞുതുടങ്ങുകയാണ്. അവളുടെ സാമീപ്യം അതൊന്നുമാത്രമാണ് അയാള്‍ ആഗ്രഹിക്കുന്നത്.
എഴരപ്പതിറ്റാണ്ടോടടുക്കുന്ന തന്റെ ജീവിതം പെരിക്ലിസ് കടലാസില്‍ പകര്‍ത്തുകയാണ്. ആ ഉദ്യമത്തില്‍ ലൈല അയാളുടെ സഹായിയാകുന്നു. അങ്ങനെ അവള്‍ അയാളുടെ ഓര്‍മകളുടെ കാവല്‍ക്കാരിയാകുകയാണ്. പെരിക്ലിസിന്റെ പൂര്‍വകാലം ഇസ്താംബൂളിലെ പലായനങ്ങളുടെ നോവ് പേറുന്നുണ്ട്. ഇസ്താംബൂളിനെ ജന്മദേശമായി കണ്ട ഗ്രീക്കുകാരുടെ പലായനത്തിന്റെയും വേദനകളുടെയും കഥകൂടിയാണ് അവരിരുവരും ചേര്‍ന്ന് പകര്‍ത്തിയെഴുതുന്നത്.
ഇസ്താംബൂളിലെ ഗ്രീക്ക് അര്‍മേനിയന്‍ ജൂതവംശജര്‍ അതിക്രമത്തിനിരയായ, കൊള്ളയടിക്കപ്പെട്ട 1955-ലെ സെപ്റ്റംബര്‍. മറവിയിലേക്ക് തള്ളിയിടുന്ന ഒറ്റുകാരനായ മൗനം പെരിക്ലിസ് ഉള്‍പ്പെടെയുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുകയറാന്‍ കാരണമായ കലാപങ്ങള്‍. മറ്റുള്ളവരുടെ ക്രൂരത ഇതരരില്‍ അവശേഷിപ്പിക്കുന്ന അപമാനത്തിന്റെ വേദനകളിലൂടെയാണ് കഥ മുന്നേറുന്നത്. ചുറ്റിക കൊണ്ട് അടിച്ചു തകര്‍ക്കപ്പെട്ട കൊളോണ്‍കുപ്പികളും മുടി വടിച്ചുനീക്കപ്പെട്ട മനോഹരമായ ചീനക്കളിമണ്‍പാവകളും ആട്ടിയകപ്പെട്ട മനുഷ്യരുടെ നോവിന്റെ അടയാളങ്ങളായി വായനയില്‍ പിന്തുടരും.
കലാപനാളുകളില്‍ ഇസ്താംബുള്‍ കണ്ടറിഞ്ഞ കൂട്ടപ്പലായനത്തിന്റെ കാഴ്ചകള്‍ പെരിക്ലിസ് ലൈലയ്ക്ക് പകര്‍ന്നുകൊടുക്കുന്നുണ്ട്. തന്റെ അച്ഛനും അമ്മയും പരിചിതരായ അനേകരും ഏതന്‍സിലേക്ക് തീവണ്ടികയറാന്‍ വിധിക്കപ്പെട്ട വേദനനിറഞ്ഞ ആ ദിവസത്തിന്റെ ഓര്‍മകള്‍ പെരിക്ലിസിലൂടെ ലൈല അതേമട്ടില്‍ അറിയുന്നുണ്ട്. അന്ന് സിര്‍കേജി റെയില്‍വേസ്‌റ്റേഷനില്‍ തിങ്ങിക്കൂടിയവരില്‍ ദേശദ്രോഹി എന്ന് മുദ്രകുത്തപ്പെട്ട വൃദ്ധരായിരുന്നു ഏറെയും. ബോസ്ഫറസ് തീരത്തെ വലിയ മാളികകളില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവര്‍. ഉറ്റവരില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട നിസ്സഹായരുടെ കൈകള്‍ തീവണ്ടിയുടെ ജനലഴികളിലൂടെ പുറത്തേക്കുനീണ്ട ആ ദിവസത്തെ പെരിക്ലിസ് എങ്ങനെ മറക്കാനാണ്. അച്ഛനും അമ്മയും അതിര്‍ത്തിക്കപ്പുറം മറഞ്ഞ ആ നാളില്‍ സ്വന്തം ജന്മദേശത്ത് പെരിക്ലിസ് അനാഥനായി.
ഒലിവ് ജാം പുരട്ടി ചീസും തക്കാളിക്കഷണങ്ങളും അടുക്കി ഓവനില്‍ മൊരിച്ചെടുത്ത കീമക്യാലന്‍ ബേക്കറിയിലെ ബേഗലുകളുടെ രുചിയുള്ളതാണ് നോവലിലെ മനുഷ്യബന്ധങ്ങള്‍. തിരസ്‌കാരത്തിന്റെ നോവറിയിപ്പിക്കുന്ന, അരക്ഷിതമായ പ്രണയങ്ങള്‍. പ്രണയത്തിന്റെ ചാരെയുള്ള അസൂയയെന്ന മഹാവേദനയുടെ ആഴം പെരിക്ലിസ് ആദ്യം അറിയുന്നത് സ്വന്തം അമ്മയില്‍ നിന്നാണ്. അതിസുന്ദരനായിരുന്നു പെരിക്ലിസിന്റെ പിതാവ്. ഇരുണ്ട നീലനിറമുള്ള വിഷാദം നിറഞ്ഞ അയാളുടെ കണ്ണുകള്‍ക്ക് ഏത് സ്ത്രീയേയും ആകര്‍ഷിക്കാനുള്ള ശക്തിയുണ്ടായിരുന്നു. താര്‍ലാബാഷിയില്‍ നിന്ന് ബെയോലുവിലെ ഫാര്‍മസിയിലേക്ക് അച്ഛന്‍ നടന്നുപോകുന്നതും നോക്കി ഫ്‌ലാറ്റിന്റെ ജനാലയില്‍ വേദനിച്ച് നില്‍ക്കുന്ന അമ്മയെ അയാള്‍ക്ക് മറക്കാനാകുന്നില്ല. അച്ഛന്‍ നടന്നുപോകുന്ന വഴിയില്‍ അയാളിലേക്ക് ആരാധനയോടെ കണ്ണുകളുറപ്പിച്ച സ്ത്രീകളെ അമ്മ കാണുന്നുണ്ട്. ഏതു നിമിഷവും തനിക്കൊരു പകരക്കാരിയെ അയാള്‍ കണ്ടെത്തുമെന്ന് ഓര്‍ത്തോര്‍ത്തു നീറി ജീവിക്കാന്‍ മറന്നുപോകുന്ന സ്ത്രീയാണവര്‍. 'പക്ഷേ, പപ്പ മമ്മയോട് വിശ്വസ്തനായിരുന്നു.' അയാളോര്‍ക്കുന്നു. ആ വിശ്വസ്തത പെരിക്ലിസിന്റെ അമ്മ തിരിച്ചറിഞ്ഞില്ലെന്നുമാത്രം.
അമ്മയോടുള്ള വിശ്വസ്തതയുടെ പേരില്‍ പപ്പ മറ്റ് സ്ത്രീകള്‍ക്ക് നിഷേധിച്ചതെല്ലാം താനവര്‍ക്ക് പിശുക്കേതുമില്ലാതെ നല്കുമെന്ന് കുട്ടിയായ പെരിക്ലിസ് അന്നേ ഉറപ്പിച്ചതാണ്. പപ്പയുടെ ഫാര്‍മസിലേക്കുള്ള യാത്രയില്‍ അക്ഷമയായി അസൂയാലുവായി ജനലിറമ്പില്‍ നില്‍ക്കുന്ന മമ്മയുടെ ധമനികളില്‍ നിന്ന് അസൂയ ഒരു ജനിതകരഹസ്യം പോലെ തന്നിലേക്ക് ഒഴുകുന്നത് അയാളറിയുന്നതേയല്ല. പ്രണയം അറിഞ്ഞ നാള്‍ മുതല്‍ അമ്മയെപ്പോലെ പെരിക്ലിസും അസൂയ അറിഞ്ഞുതുടങ്ങി. പ്രണയിനിയാല്‍ താന്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം അയാളെ തളര്‍ത്തിത്തുടങ്ങി. അസൂയാലുക്കളായ എല്ലാ പുരുഷന്മാരെയുമെന്നപോലെ അയാള്‍ തെറ്റായ ഇടങ്ങളില്‍ വഞ്ചനയുടെ തെളിവുകള്‍ തേടിക്കൊണ്ടിരുന്നു.
അയാള്‍ ഭാര്യയുടെ മരണത്തോടെ അവസാനിച്ച തന്റെ ദാമ്പത്യം ഓര്‍ത്തു. അവള്‍ ആശുപത്രിയില്‍ രോഗിയായി കഴിഞ്ഞുകൂടിയ നാളുകളില്‍ അവളെ പരിചരിച്ച പുരുഷന്മാരായ ഡോക്ടര്‍മാരുടെ മേല്‍ തന്റെ അസൂയ പതിഞ്ഞത് അയാളോര്‍ത്തു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയങ്കരിയായ ഉല്‍ക്കാഷ് എന്ന സ്ത്രീയുമായുണ്ടായിരുന്ന ബന്ധവും അയാളോര്‍ത്തു. ബാല്യത്തില്‍ തുടക്കമിട്ട പ്രണയബന്ധം നീണ്ട ഇടവേളയ്‌ക്കൊടുവില്‍ അവരിലേക്ക് വീണ്ടുമെത്തുമ്പോള്‍ ഉല്‍ക്കാഷ് വിവാഹമോചിതയായിരുന്നു. അയാളാകട്ടെ മര്‍ക്കേലയുടെ ഭര്‍ത്താവും. അത്യന്തം തീവ്രമായിരുന്നു അവര്‍ക്കിടയിലെ പ്രണയം. മര്‍ക്കേലയ്‌ക്കൊപ്പം സര്‍ക്കിള്‍ അപ്പാര്‍ട്‌മെന്റിലെ തങ്ങളുടെ കിടക്കയിൽ ഉറങ്ങുമ്പോള്‍ പാതിരാത്രിയില്‍ അസൂയകൊണ്ട് കനത്ത മനസ്സോടെ ഞെട്ടിയുണരുന്ന തന്നെ പെരിക്ലിസ് ഓര്‍ത്തു. മറ്റൊരാളുമായി കിടക്കപങ്കിടുന്ന ഉല്‍ക്കാഷിന്റെ രൂപമോര്‍ത്താണ് അയാള്‍ ഉണര്‍ന്നത്. തെരുവിലൂടെ അയാള്‍ ട്യൂണല്‍ ചത്വരത്തിലെ അവളുടെ വീട്ടിലേക്ക് പായും. അര്‍ധരാത്രിയില്‍ വിവശനായി വാതില്‍ക്കല്‍ വന്ന് മുട്ടി ഉറക്കംകെടുത്തുന്ന പെരിക്ലിസിന് ഉല്‍ക്കാഷ് വീടിന്റെ താക്കോല്‍ കൊടുക്കുന്നുണ്ട്, അസൂയയ്ക്കുള്ള മരുന്നായി, താന്‍ കിടക്കയില്‍ തനിച്ചാണെന്ന് തന്റെ ഉറക്കം കെടുത്താതെ പെരിക്ലിസ് ഉറപ്പിക്കാനുള്ള വഴിയായി.
തീവ്രപ്രണയത്തിന്റെ വര്‍ഷങ്ങള്‍ക്കൊടുവില്‍ വാര്‍ദ്ധക്യത്തിലും താന്‍ തരിമ്പും മാറിയിട്ടില്ലെന്ന് അയാള്‍ ഉറപ്പിക്കുന്നത് ലൈലയുടെ വരവോടെയാണ്. മാറി എന്നത് വെറുമൊരു തോന്നല്‍ മാത്രമായിരുന്നു എന്ന് അയാള്‍ തിരിച്ചറിയുന്നു. പ്രണയരാഹിത്യം വികാരങ്ങളെ തെല്ലുനേരത്തേക്കൊന്നു മരവിപ്പിച്ചതുമാത്രമാണെന്ന് അയാള്‍ക്ക് മനസ്സിലാവുന്നു. പ്രണയത്തിന്റെ തൊട്ടടുത്തായി അസൂയയുണ്ടെന്നും മമ്മയെപ്പോലെ താനും അതിന്റെ ഇരയാണെന്നും അയാളറിയുന്നു. ഒരുപാട് പുരുഷന്‍മാര്‍ ലൈലയുടെ പ്രേമം ആഗ്രഹിക്കുന്നുണ്ടെന്ന തോന്നലില്‍ പുരുഷന്മാരെല്ലാവരും അയാള്‍ക്ക് ശത്രുക്കളായി. അസൂയ, വിഷമായി തന്നില്‍ നിറയുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു.
ഈ വേദനകള്‍ക്കും നിസ്സഹായതകള്‍ക്കുമിടയിലും പ്രണയത്തിന്റെ ഏറ്റവും കുറ്റമറ്റ അനുയോജ്യമായ നിമിഷങ്ങള്‍ ഉല്‍ക്കാഷിനൊപ്പം അയാളറിയുന്നുണ്ട്. ഉല്‍ക്കാഷിനോടൊപ്പം അവളുടെ നീല മിനികൂപ്പറില്‍ അയാള്‍ ഇസ്താംബൂളിനെ വേദനകളില്ലാതെ പ്രണയത്തോടെ മാത്രം നോക്കിക്കണ്ട സായാഹ്നങ്ങള്‍. കാറിനുള്ളില്‍ അയാളെ പൊതിഞ്ഞ ഇസ്താംബൂളിന്റെ തണുത്ത കാറ്റ്. സമുദ്രതീരത്തെ ഉപേക്ഷിക്കപ്പെട്ട മന്ദിരങ്ങള്‍ക്കരികിലൂടെ അവര്‍ യാത്ര തുടരും. സായാഹ്നങ്ങളിലെ ബോസ്ഫറസിലെ നിറംമാറുന്ന ജലരാശിയിലേക്ക് കണ്‍തുറന്ന്, നേര്‍ത്ത കടല്‍ക്കാറ്റേറ്റ്, ഗോക്‌സു നദിയുടെ ജലപ്രവാഹത്തിന്റെ തണുപ്പറിഞ്ഞ് അസൂയയറ്റ സ്‌നേഹത്തിലേക്ക് അയാള്‍ കൂപ്പുകുത്തുന്നുണ്ട്.
നോവല്‍ അവസാനിക്കുമ്പോള്‍ ഏകാന്തത മനുഷ്യരില്‍ പണിതുയര്‍ത്തുന്ന മൗനശില്പത്തിന്റെ കനം വായനക്കാരും അറിയും. പ്രണയത്തിലും ദേശത്തിലും ആട്ടിയകറ്റപ്പെടുന്ന നിസ്സഹായരുടെ വേദന പുസ്തകം ബാക്കിവെക്കും. അക്രമികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട ഡെസ്പീന. കൈയിലൊരു ജെറേനിയം ചെടിയുമേന്തി തൊട്ടുമുന്നിലെ തകര്‍ച്ചയിലേക്ക് ഭയത്തോടെ ഉറ്റുനോക്കിയിരിക്കുന്ന വൃദ്ധയായ മാഡം എല്‍പിനിക്കി. സമൃദ്ധിയുടെ ഗതകാലത്തില്‍ നിന്ന് വറുതിയുടെ പീഡകളിലേക്ക് വലിച്ചെറിയപ്പെട്ട പെരിക്ലിസിന്റെ മുത്തച്ഛന്‍. എന്തിനെ ഉപേക്ഷിച്ചാലും തന്റെ പ്രിയനഗരത്തെ ഉപേക്ഷിക്കാന്‍ കഴിയാത്ത ഇസമിന്‍ ആന്റി. കഥാപാത്രങ്ങള്‍ വേദനയുടെ ബിംബമായി മാറുകയാണ്. കീമക്യാലന്‍ തെരുവിലെ പള്ളിയില്‍ നിന്ന് കലാപനാളുകളില്‍ മുഴങ്ങിയ അപായമണി പോലെ കടലാസില്‍ അക്ഷരങ്ങള്‍ വേദന പടര്‍ത്തുന്നു.
Content Highlights: the last apartment in Istanbul reading