വീശിവലിച്ചെറിഞ്ഞ വാക്കുകളുടെ ആഴംതേടി

കവിതകൾ
കവിതകൾ

1. രംഗം

ഒന്ന് കമിഴ്ന്നുകിടന്നും

മറ്റൊന്ന് മലര്‍ന്ന് മേപ്പോട്ടുനോക്കിയും

ഇനിയും ചിലതൊക്കെ

മുട്ടുകുത്തിയും

പിച്ചവെച്ചുനടന്നും

ചിലത് ഓടിയും

കുഞ്ഞിനെപ്പോലെ

വികൃതികാട്ടി

ബഹളം കൂട്ടും.

പൊഴിഞ്ഞ പൂക്കളെ

ഒരിക്കലെങ്കിലുമെടുത്ത്

കൊഞ്ചിച്ച് പുന്നാരിക്കാമായിരുന്നു

ഇപ്പോള്‍

എന്റെ കവിതയ്ക്കുള്ളില്‍ വന്നിരുന്നു

കളിക്കുന്നു അവയൊക്കെ

ഇനി ഞാനെങ്ങനെ

അവരെ തിരികെ

അവരുടെ വീട്ടിലെത്തിക്കും...

2. ചേച്ചി

ചേച്ചി വീശി വലിച്ചെറിഞ്ഞ

വാക്കുകളെ

കൂട്ടിപ്പെറുക്കി

മുറത്തില്‍ വാരിയെടുത്ത് ചേറിക്കൊഴിക്കുകയാണു ഞാന്‍...

തൊണ്ടും ഉമിയുമൊക്കെ നീക്കിയാല്‍

അതൊക്കെയും

മിന്നുന്ന മുത്തുക്കളാണല്ലോ ...

എപ്പോഴും

മൂപ്പത്തിക്ക്

മധുരത്തിലും

തേനിലും ചാലിച്ച്

ഒന്നുമേ ആര്‍ക്കും നല്‍കാനറിയില്ല

കുറച്ച് കോപാവേശം

കുറച്ച് കരച്ചില്‍ അസ്വസ്ഥത

പിന്നെയല്പം ശാപം

ഇതാണ് മൂപ്പത്തിയുടെ വാക്കിന്റെ ചേരുവ

എന്ത് ചെയ്യാനാ? മൂപ്പത്തിയുടെ

മുറിവുകളെയും നഷ്ടങ്ങളെയും

ഏതു വാക്കിലും ഒതുക്കാനാവില്ല

പൂര്‍ത്തിയാവാത്ത കവിതകളാണവ ...

അവള്‍ വീശി വലിച്ചെറിഞ്ഞ

വാക്കുകള്‍ കൊണ്ട്

മുഴുവനായി

അളക്കാന്‍ കഴിയില്ല അവളെ ...

പ്രാവിന് ദശ മുറിച്ച്

കൊടുത്തവളെപ്പോലെ

കുടുംബത്തിന് വേണ്ടി

തന്നെത്താന്‍ ത്യജിച്ചവള്‍ ...

ചേച്ചിയുടെ വികാരങ്ങളെ

കൊന്ന ആദ്യത്തെ കൊലയാളി

അമ്മ തന്നെയാണ്

അതു കൊണ്ടാവാം

അമ്മ ഉണ്ടായിരുന്നപ്പോഴും

ഇല്ലാത്തപ്പോഴും അമ്മയുടെ

ഛായാരൂപമായി ചേച്ചി.

3. സ്‌നേഹ മനസ്സ്

ബന്ധുക്കളോട്

തര്‍ക്കത്തിലകപ്പെടുമ്പോഴൊക്കെയും

മീനാക്ക പറയുമായിരുന്നു -

''നിങ്ങളെയൊക്കെ

വെട്ടി വലിച്ചെറിയാന്‍

ഒരു നിമിഷം പോലുമാകില്ല''

- എന്നിങ്ങനെ .

എടുത്താല്‍ പൊങ്ങാത്ത

ആ വാക്ക്

എപ്പോഴൊക്കെ പറയാനിടയായോ

അപ്പോള്‍ത്തന്നെ

അവളുടെയുള്ളില്‍

അത് തുളുമ്പുന്നുണ്ടായിരിക്കാം...

എന്നിരുന്നാലും

ആരെങ്കിലും അതിനെ തടഞ്ഞിരിക്കാം

ഓരോ തര്‍ക്കത്തിലും

ബഹളത്തിനിടയ്ക്കും

കേണുകൊണ്ടേയിരുന്നിരിക്കാം

മറ്റാരുമില്ലാത്ത

അവളുടെ സ്‌നേഹ മനസ്സ്.

4. ഉള്‍പ്പുറം

അവളോട്

ഇവളെക്കുറിച്ചും

ഇവളോട്

അവളെക്കുറിച്ചും

മാറിമാറി

പങ്കുവെക്കുന്ന

വാക്കിനും

ഏതായാലും

മുളയ്ക്കും ചിറകുകള്‍

അപ്പോള്‍

ആനച്ചെവി

മുളയ്ക്കാതിരുന്നാള്‍

നന്ന്

അവള്‍ക്കും

ഇവള്‍ക്കും.

Content Highlights: Discover four Tamil poems by C. Punitha Jothi, translated to Malayalam by Sreeja Radhakrishnan. Explore themes of family, love, and loss.