വാന്‍ഗോഗിന്റെ മഞ്ഞ

ചില നുറുങ്ങുവെട്ടങ്ങളില്‍ വിഷാദമനുഷ്യന്‍ മുഖമൊളിപ്പിക്കുന്നതുപോലെ സൂര്യന്‍ ഏതോ ഒരു നോവിന്റെ ചെമ്മണ്‍ നിറങ്ങളില്‍ കുരുങ്ങി തളര്‍ന്നുപോയൊരു മേഘക്കീറിലേക്ക് മറയാന്‍ വെമ്പുന്നു. സന്ധ്യകള്‍ക്ക് എങ്ങനെയൊക്കെ നോക്കിയാലും ഖേദരാഗമാണ്. പാടിത്തീരുന്നതുവരെ അസ്തമയങ്ങള്‍പോലും മെല്ലെയാകുന്നു. എങ്കിലും പ്രകൃതിയുടെ വിരഹം, പതിന്മടങ്ങ് മനോഹരം.
"എന്ത് ഭംഗിയാലേ..."
അവള്‍ക്കെല്ലാം കൗതുകമാണ്. കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും. ഒരു ട്രെയിന്‍ പോകുന്നത് കാണുമ്പോള്‍ പോലും എക്‌സൈറ്റഡ് ആകുന്നത് കാണാം.
വളരെ വൈകി കണ്ടുമുട്ടിയ രണ്ടുപേരായതുകൊണ്ടാകാം, ഇതിന്റെയൊക്കെ രസം ഏറെക്കുറെ തനിക്ക് ഇല്ലാതായിട്ടുണ്ട്. അയാള്‍ ഒട്ടൊരു നിര്‍വികാരതയോടെ ഓര്‍ത്തു.
തിര കണങ്കാല്‍വരെ നനച്ച് ഉമ്മവെച്ചു പോകുന്നതും നോക്കി അവള്‍ വെറുതേ നിന്നു. എത്ര തണുപ്പോടെയുള്ള ചുംബനങ്ങള്‍. തിരിഞ്ഞൊന്നയാളെ നോക്കി.
"ഒന്നിവിടെ വാ, നല്ല രസമാ"
ഒരു നീരസത്തിന്റെ പൊടിമിന്നല്‍പ്പിണര്‍ കണ്ണില്‍ മിന്നിമറയുന്നത്, തന്റെ വില കൂടിയ കൂളിങ് ഗ്ലാസ്സിലൂടെ അവള്‍ കണ്ടിട്ടില്ലെന്ന് അയാള്‍ക്കുറപ്പാണ്.
നിര്‍ജ്ജീവമായൊരു തമ്പ്‌സ് അപ് കൊടുക്കുമ്പോള്‍, 'നാടകം നിര്‍ത്തി തിരിച്ചുകേറി വാ' എന്നൊരു മൊഴിയില്ലാ ധ്വനി, അതില്‍ മുഴങ്ങിയത് കേട്ടിട്ടാകണം അവള്‍ മെല്ലെ തിരിച്ചു കയറി വരുന്നുണ്ട്.
പൊടി പുരണ്ട കാലടികളിലേക്ക് അവള്‍ ഒരു പുഞ്ചിരിയോടെ നോക്കി.
"കാറില്‍ മണ്ണാകൂലോ"
"സാരമില്ല, കേറിക്കോ" കനം ഒട്ടും കുറയ്ക്കാതെ ഒരു മറുപടി.
ഒന്നിനോടും പ്രത്യേക മമത ഇല്ലാതെയായിട്ട് വര്‍ഷങ്ങള്‍ ആകുന്നു. ഇവള്‍ കൂട്ടുവന്നതില്‍ പിന്നെയാണ് ഒരു തരത്തില്‍ ജീവിതത്തിന് ഒരനക്കം വെച്ചത്. എത്രെയോ നിറങ്ങള്‍പേറി പ്രണയിച്ചു ജീര്‍ണ്ണിച്ചു പോയൊരു ഹൃദയം, ആക്രിക്ക് കൊടുക്കുന്ന പോലെയാണ് അവള്‍ക്ക് എടുത്ത് കൊടുത്തത്. എന്നിട്ടും മറിച്ചു വില്‍ക്കാതെ, അവളതു പൊതിഞ്ഞ് പിടിക്കുകയാണ്. എന്നും തൂത്തു തുടയ്ക്കുന്നത് കാണാം.
പൊട്ടിയാണ്. വെരി സില്ലി.
വെറുതേ കാറ്റ് വന്ന് തൊട്ടുപോകുന്നതും പ്രണയമാണ്. എന്തിലും എവിടെയും സ്‌നേഹത്തിന്റെ മേമ്പൊടി വിതറിയിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാള്‍. എഴുതിയ കവിതകളൊക്കെയും അതൊക്കെത്തന്നെ. പാടിനടന്നതും കൊണ്ടുനടന്നതും അച്ച് കുത്തിയ പോലെ ഇന്നും നെഞ്ചില്‍. ഉള്ളില്‍ ഇതൊക്കെ അറിഞ്ഞിട്ടും പുറമേ വല്ലാതെ പിശുക്കുന്നുണ്ട്. ഒരുതരം കട്ടക്കറുപ്പിന്റെ കടുപ്പം. ആന്റണിക്ക് ശ്വാസം മുട്ടി.
വണ്ടി മുമ്പോട്ട് പൊയ്‌ക്കൊണ്ടേയിരിക്കുന്നു. അവളുടെ വായ് മൊഴികളും. മിക്കപ്പോളും തന്റെ നിശബ്ദതപോലും അവള്‍ക്ക് ഉണര്‍വ് കൂട്ടുന്നേയുള്ളു എന്ന് തോന്നി പോകും. പുറമെ എന്തോ കൗതുകമുണര്‍ത്തുന്നത് കണ്ടതിന്റെ വിശേഷങ്ങളാണ്.
അമ്പലങ്ങളോടും ക്ഷേത്രങ്ങളോടുമുള്ള ഇഷ്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ളതാണ്. ചിലതിന്റെ അരികില്‍കൂടി പോകുമ്പോള്‍ വെറുതെ വണ്ടി നിര്‍ത്തും. അവളോടിറങ്ങി കാണാന്‍ പറയും.
"ഏട്ടന്‍ കൂടി വായോ"
"ഞാനില്ല... നീ കണ്ടിട്ട് വാ"
അത്ര നിര്‍ബന്ധിച്ച് അവളെ തനിയെ പറഞ്ഞയിച്ചിട്ട് കാറിലിരുന്നു ഓര്‍മകളുടെ നനവിറക്കും.
വിയര്‍ത്തൊലിച്ചൊരിക്കല്‍ തിരിച്ചുകയറി വന്നപ്പോള്‍ അവളൊരുപാട് ചോദിച്ചു, എന്ത് പറ്റിയെന്ന്. മുഖം വാടിയിരിക്കുന്നത് പിടികിട്ടുമല്ലോ. അവള്‍ക്ക് എല്ലാം പിടി കിട്ടും, പരിഭവമില്ലെന്ന് മാത്രം.
പക്ഷെ കഴിഞ്ഞതവണ ഒരമ്പലമുറ്റത്ത് നിര്‍ത്തിയപ്പോള്‍ അവള്‍ കട്ടായം പറഞ്ഞു,
'ഇനി എന്തെങ്കിലും കാണാനെങ്കില്‍ ഒന്നിച്ചു മാത്രം. ഒരു കോട്ടയും കോവിലും തനിയെ നടന്നുകണ്ടെന്ന് മനസ്സിനോടിനി പറയാന്‍ വയ്യാ'
വളരെ കാവ്യാത്മകമായിട്ടാണ് അവളതു പറഞ്ഞത്. വിദൂരതയിലേക്ക് നോക്കി, ചെറിയ കണ്‍നനവോടെ, വെള്ളിവെട്ടിയ നേര്‍ത്ത ശബ്ദത്തില്‍, നിരാശയുടെ ഈണത്തില്‍.
"ഡോണ്ട് ബി സില്ലി"
എനിക്കരിശം വന്നു. ഓവര്‍ സെന്റിമെന്റ്‌സ് നല്ല ബോറാണ്. ഈയിടെയായി ഒട്ടും പറ്റുന്നില്ല.
ഒരേറെ നേരം കാറിന്റെ ഇരുണ്ട വെളിച്ചത്തിന്റെ ഗൗരവമേറിയ മൂകതയില്‍ രണ്ടു ഹൃദയങ്ങളുടെ അകലം കടലോളമെത്തിയതറിഞ്ഞപോലെ പെട്ടെന്ന് അവള്‍ തലചെരിച്ചു നോക്കി.
"ഏട്ടാ..."
"മ്മ്..."
"ഏട്ടനേറ്റവും ഇഷ്ടമുള്ള നിറമേതാണ്? വെള്ള കഴിഞ്ഞാല്‍?"
വീണ്ടും തുടങ്ങുകയാണോ എന്ന ഭാവത്തില്‍ മൗനമെന്ന ബുദ്ധിപരമായ ആയുധമെടുത്തണിഞ്ഞു. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു. ഒരു വല്ലാത്ത പിടച്ചില്‍ ഉള്ളില്‍ വരുന്നുണ്ട്.
ഇഷ്ടമുള്ള നിറം! ഓര്‍മകളില്‍ അത് മഞ്ഞയാണ്.
"മഞ്ഞ"
സൈ്വര്യംകെട്ട് പറഞ്ഞപോലെ പറയാന്‍ വളരെയധികം ശ്രദ്ധിച്ചു.
"വാന്‍ഗോഗിന്റെ മഞ്ഞയാണോ?"
"മ്മ്..."
എത്ര നന്നായിട്ടാണ് അവള്‍ തന്നെ പഠിച്ചിരിക്കുന്നത്. ഭൂതകാലത്തിലെ പറയാത്ത ഏടുകളിലെ മയില്‍പ്പീലിത്തുണ്ടുകള്‍വരെ ചേര്‍ത്തുവെച്ചു വായിക്കുന്നവള്‍.
"ഏട്ടാ, ന്റെ ഏറ്റവും ഇഷ്ടമുള്ള നിറമേതാന്ന് അറിയാമോ?"
ചെറിയ തോതില്‍ ഇരച്ചുകയറുന്ന അരിശം മൗനത്തില്‍ മുക്കി കുടിച്ചിറക്കി.
"ഇന്നലെ ഞാനൊരു ഇന്റര്‍വ്യു ടീവിയില്‍ കണ്ടു. ന്യൂവ്‌ലി വെഡഡ് കപ്പിള്‍സിന്റെ. അതില്‍ അവര്‍ അന്യോന്യം ചോദിക്കുന്ന ചോദ്യങ്ങളാണ്, ഇഷ്ടമുള്ള നിറം."
"താനിത്രയ്ക്ക് സില്ലി ആകാതെകേട്ടോ... കുറച്ചുകൂടി മെച്ചൂരിറ്റി ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒന്നുമല്ലെങ്കിലും ഒരു ഐ.ടി. ഗ്രാജ്വേറ്റ് അല്ലേ, കഷ്ടം."
പെട്ടെന്ന് കാറിനകത്ത് പടര്‍ന്ന നിശബ്ദതയില്‍, സങ്കടം കൂടാതെ ഒരുതരം ഞെട്ടലിന്റെ മടുപ്പിക്കുന്ന ഗന്ധം കൂടി പരക്കുന്നപോലെ. ആന്റണി അപ്‌സെറ്റാണ്. പുതുമയൊന്നുമില്ല.
അവളെ കണ്ടുപിടിച്ചതും പുറകെ നടന്ന് കൂടെക്കൂട്ടാന്‍ തീരുമാനിച്ചതുമൊക്കെ താന്‍ തന്നെ. ഒരു നൂറുവട്ടം ഒഴിഞ്ഞുമാറിയതാണവള്‍. അവസാനം സമ്മതിച്ചു.
പൊട്ടി. സില്ലി...
ഇപ്പോള്‍ ശരിക്കും തോന്നുന്നുണ്ട് വേണ്ടിയിരുന്നില്ലെന്ന്. കണക്ട് ആകാനേ പറ്റുന്നില്ല. വര്‍ഷങ്ങളോളം പ്രണയം തലയ്ക്കു പിടിച്ചുനടന്നപ്പോള്‍ ഫീലായതൊന്നും അവളോട് തോന്നുന്നേയില്ല. രണ്ടു വരി കവിതപോലും എഴുതിക്കൊടുത്തിട്ടില്ല. അവള്‍ കെഞ്ചിയിട്ടുണ്ട്, സില്ലി എന്നും പറഞ്ഞു വാതിലടച്ചു.
അതെ. അങ്ങനെ വാതിലുകള്‍ പലതും കൊട്ടിയടയട്ടെ. ഒരു പരിധിക്കപ്പുറം ഒരാള്‍ക്കും ഒന്നും തിരിച്ചുകൊടുക്കാനാവില്ല. ഷീ വില്‍ ബി ഫൈന്‍. അയാള്‍ വെറുതേ ആശ്വസിക്കാന്‍ ശ്രമിച്ചു.
അവളിരിക്കുന്നിടത്തേക്ക് ഒന്നു നോക്കാന്‍ പോലും തോന്നിയില്ല. വീടെത്തിയപ്പോള്‍ മാത്രം വിളിച്ചു. ഒന്നും കാണിക്കാതെ പഴയ ഉന്മേഷം വീണ്ടെടുത്തപോലെ അവള്‍ പിന്നെയും ഉഷാറാകുന്നു. എന്തൊരു പെണ്ണ്..!
ഒരുപാട് ദിവസങ്ങളുടെ ക്ഷീണം ഉള്ളതുകൊണ്ട് പെട്ടെന്നുതന്നെ കിടന്നുറങ്ങി. നാളെ പുതിയ വാരം.
തിങ്കളാഴ്ച്ച ഒരു കടലാണ്. നീന്തി നീന്തി കരയ്‌ക്കെത്താന്‍ ഒരു നേരമാകും. രാവിലെ തന്നെ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മെല്ലെ പറഞ്ഞു.
"ഇന്നിത്തിരി നേരത്തെ വരുവോ?"
"എന്തുപറ്റി..? "
കടുപ്പിച്ചുതന്നെ ചോദിച്ചു.
"വെറുതേ, ഞാനും നേരത്തെ എത്താം. എനിക്കിത്തിരി സംസാരിക്കാനുണ്ട്."
അയാള്‍ അവളെ വല്ലാതെ നോക്കി..
"എന്തോ ഓക്കെ ആകുന്നില്ല ഒന്നും"
അവള്‍ ചിരിക്കാതെ തന്നെ പറഞ്ഞു. അത് പതിവില്ല.
"എന്ത് ഓക്കെ ആകുന്നില്ല? ആര്‍ യൂ റിയലി ദിസ് സില്ലി? വെറുതേ ടൈം വേസ്റ്റ് ആക്കാതെ എന്റെ!"
ഉറക്കെയാണ് പറഞ്ഞത്.
ഒട്ടും നേരം കളയാതെ അയാള്‍ ആവശ്യമില്ലാത്ത വേഗതയോടെ കാര്‍ ഓടിച്ചു പുറത്തേക്ക് പോകുമ്പോള്‍ റിയര്‍ മിററില്‍ പ്രതിഫലിച്ച അവളുടെ മുഖത്തെ നിശ്ചലത വ്യക്തമായിരുന്നു. ആദ്യമായിട്ടല്ല, ഇടയ്ക്കുള്ളതാ. മൈന്‍ഡ് ചെയ്യാതിരുന്നാല്‍ താനേ ശരിയായിക്കോളും. അവള്‍ വഴക്ക് വെച്ചോണ്ടിരിക്കാറില്ല. പൊട്ടിയാണ്.
എങ്കിലും ഇന്ന് ചിരിച്ചില്ല. ഒന്നും പറഞ്ഞില്ലെങ്കിലും തനിക്ക് പിടച്ചിലുണ്ട്. അവള്‍ നിശബ്ദമായി പറയുന്നതൊക്കെ വ്യക്തമായി കേള്‍ക്കുന്ന പോലെ.
സില്ലി ഗേള്‍! വെറുതെ ഓരോന്ന് ആലോചിപ്പിച്ച് തന്നെക്കൂടി വട്ടാക്കാന്‍.
ഓഫീസിലെ തിരക്കുചുഴികളില്‍ മുങ്ങി നിവരുന്നതിന്റെയിടയ്ക്ക് മൊബൈല്‍ അടിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
അവളാണ്. മനപ്പൂര്‍വം എടുത്തില്ല. കുറേ കഴിഞ്ഞപ്പോള്‍ ഏതോ മരവിപ്പിന്റ ലോകത്തിലേക്കു യാത്ര തിരിച്ച പോലെ ആ വിളികള്‍ നിശ്ചലമായി.
വൈകിട്ട് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അക്‌സയും തോമസും കൂടി വരുന്നു.
"അന്തോണി, ഞങ്ങളും വരാം. ഒരു കാര്യമുണ്ട്."
"എന്താണ്?"
അവരുടെ ശബ്ദനിയന്ത്രണങ്ങളിലെ ഗൗരവം വല്ലാതെ മനസിലാക്കിയതുകൊണ്ടാകാം ഒന്നൂടെ ചോദിച്ചു.
"എന്താ കാര്യം? എന്ത് പറ്റി?"
തല കുനിച്ചാണ് അക്‌സ നില്‍ക്കുന്നത്. ഏതോ ഒരു നിലവിളി തൊണ്ടയില്‍ കുടുങ്ങിയത് പോലെ. തോമസ് വിയര്‍ക്കുന്നുണ്ട്.
"എന്താടോ? ഒന്നു പറ"
"ചേച്ചി..."
"നമുക്കൊന്ന് മെഡികെയര്‍ വരെ പോണം, ഒരു അപകടം പറ്റിയിട്ടുണ്ട് അന്തോണി."
അവളുടെ വലിയ ആരാധകനാണ് തോമസ്. അത്രയും സ്‌നേഹം കൂടിയതുകൊണ്ടുതന്നെ ആദരവൊക്കെ ആ 'ചേച്ചി' വിളിയില്‍ അവനെന്നും നിറച്ചു. വെറുതെ അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് മിനിറ്റായി. അനങ്ങാന്‍ പറ്റുന്നില്ല.
പിന്നെപ്പോളോ പയ്യെ നടന്നതറിഞ്ഞു. അവരും പിന്നേ വേറെ ആരൊക്കെയോ ഉണ്ട് കൂടെ. എല്ലാവര്‍ക്കും അവളെ കാണണം. വരട്ടെ.
ഇനി കടന്ന് പോകാനിരിക്കുന്ന നിമിഷങ്ങളുടെ വ്യാധി തല മുതല്‍ പാദംവരെ അരിച്ചിറങ്ങുന്നുണ്ട്.
ആശുപത്രികളിലെ നിമിഷങ്ങളില്‍ മരണം സ്ഥിതീകരിച്ചത് രണ്ടാള്‍ക്കാണ്. അവള്‍ക്കും... പിന്നെ ആന്റണിയെന്ന തനിക്കും!
ശൂന്യതയുടെ ഒരു വസന്തംപോലെ, കോട മഞ്ഞുപോലെ ദുഃഖം. എങ്ങും എല്ലായിടത്തും വിരിഞ്ഞു നില്‍ക്കുന്ന നോവ്.
തൊടാതെ തൊട്ട് പൊള്ളിക്കുന്ന വിരഹത്തിന്റെ കനല്‍ കാറ്റ്. നിശബ്ദതയുടെ മെത്തകളില്‍ ഓര്‍മകളുടെ രതിമേളം. പിണഞ്ഞുപിണഞ്ഞു കിടക്കുന്ന കദനത്തിന്റ നൂലിഴകളില്‍ രാവും പകലും ഇണ ചേരാതെ കിടന്ന് പുലമ്പുന്നു.
അവള്‍ പോയിട്ട് 2 മാസം. എത്ര ഗുണിച്ചും ഹരിച്ചും കൂട്ടിയും കുറച്ചും നോക്കിയിട്ടും മുഖത്തിന് ഒരു കുറ്റവാളിയുടെ അളവ് കോലുകള്‍ മാത്രം. എറിഞ്ഞുടച്ച് കണ്ണാടി ചില്ലുകള്‍, പലവട്ടം. അന്വേഷിച്ചു വന്നവര്‍ വന്നവര്‍ മടുത്തത്തല്ലാതെ, ജീവിതത്തിലേക്ക് തിരിച്ചു കയറുന്നേയില്ല.
അക്‌സ ഒരിക്കല്‍ വെറുതേ പറഞ്ഞു..
"അന്നച്ചേച്ചിക്ക് ഞങ്ങടെ അവിടത്തെ കാവ് വലിയ ഇഷ്ടായിരുന്നു. അവിടെ ഒന്ന് പോകാന്‍ ആശയായിരുന്നു. കാടിനുള്ളില്‍, നിറയെ പൂക്കളാണ്. ഒരിക്കല്‍ കൊണ്ടുപോകാമെന്നു പറഞ്ഞിരുന്നു."
ഒന്നും മിണ്ടിയില്ല. ആരോടും ഈയിടെയായി ഒന്നും മിണ്ടാറില്ല.
"സര്‍ ഒന്നു വരാമോ... ചേച്ചിടെ വല്യ ആഗ്രഹമായിരുന്നു. ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്."
പൊടുന്നനെ ഒരു മഴ തൂവി. അവള്‍ ചിരിച്ച പോലെ. മഴ അവള്‍ക്ക് ഭ്രാന്തായിരുന്നു, എപ്പോള്‍ പെയ്താലും ഇറങ്ങി നില്‍ക്കും. സില്ലി ഗേള്‍.
പുറത്തെ മുറ്റത്തേക്കുള്ള വാതില്‍ ഓടിച്ചെന്ന് തള്ളിത്തുറന്നതും വാരിവലിച്ചുടുത്തൊരുങ്ങി വന്ന നൊമ്പരങ്ങളുടെ ഒരു പെരുമഴ. അതില്‍ നനഞ്ഞൊട്ടി നില്‍ക്കുമ്പോള്‍ വീണ്ടും അവളുടെ ചിരി കേട്ടു.
ഒരാഴ്ച വെറുതേ പോയി. ഭ്രാന്ത് പിടിക്കുമെന്ന് ആയപ്പോള്‍ അക്‌സ പറഞ്ഞ കാവിലേക്ക് ഒന്ന് പോകാമെന്നായി. തോമസ് എത്തിയിട്ടുണ്ട്.
കാടിന്റെ ഒത്ത നടുക്കാണ്. പച്ചപ്പുതപ്പിനുള്ളിലൂടൂര്‍ന്നിറങ്ങുന്ന വെയില്‍മുത്തങ്ങളില്‍ മയങ്ങി നില്‍ക്കുന്ന ഒരു ചെറിയ പൂങ്കാവ്. പണ്ടായിരുന്നെങ്കില്‍ ഒരു കവിത കുറിച്ചേനെ. ഓരോ പടവിലും നിറയെ പൂമെത്ത കണക്കെ മുക്കുറ്റി വിരിഞ്ഞു നില്‍ക്കുന്നു, ഉള്ളില്‍ ദേവിരാഗങ്ങളുടെ ഈരടികള്‍. നടയിലെത്തി. അറിയാതെ കൈകൂപ്പിപ്പോയി. അകത്തു നിന്നും പൂജാരി ഇറങ്ങിവന്നു. നിന്നവര്‍ക്കൊക്കെയും പ്രസാദം.
പടവിറങ്ങി കിഴക്കുഭാഗത്തേക്ക് അക്‌സ കൂട്ടിക്കൊണ്ടുപോയി. അവളുടെ കാവാണ്. അവിടെ ചെറിയ ചെറിയ താലങ്ങളില്‍ പലനിറങ്ങളിലുള്ള പൂവിതളുകള്‍ നിറച്ചുവെച്ചിരിക്കുന്നു. ചുറ്റിനും കത്തിച്ചുവെച്ച കളിമണ്‍ചിരാതുകള്‍.
"കടന്ന് പോയവര്‍ക്ക് വേണ്ടിയുള്ള ഇവിടുത്തെ പൂജയാണ്. ഇഷ്ട നിറങ്ങളുടെ പൂവിതള്‍ കൊണ്ടുള്ള അര്‍ച്ചന ചെയ്താല്‍ മരിച്ചവര്‍ക്ക് ശാന്തി കിട്ടുമെന്നാണ്. ചേച്ചിയുടെ ഇഷ്ടനിറം ഏതായിരുന്നു സര്‍?"
വല്ലാതെ മുഴങ്ങി ആ ചോദ്യം. അതിന്റെ ചവര്‍പ്പിലും കയിപ്പിലും മുളച്ച മുള്ളുകള്‍ക്കൊന്നും കര്‍ണ്ണപുടങ്ങളെ തുളച്ചു കീറാനോ, ശിരസ്സിന്റെ പാതയോരങ്ങളിലേക്ക് കടക്കാനോ ആവാതെ, കാതോരങ്ങളില്‍ തന്നെ വീണുരുണ്ട് മറ്റൊലി കൊണ്ടു.
"ഏട്ടാ.. ന്റെ ഏറ്റവും ഇഷ്ടമുള്ള നിറമേതാന്ന് അറിയാമോ?"
ഒരു ഇടിമിന്നലില്‍ ഹൃദയം രണ്ടായി പിളര്‍ന്നതറിഞ്ഞു. മരവിച്ചുപോയ കൈയില്‍ മെല്ലെ തട്ടി തോമസ് യാഥാര്‍ഥ്യങ്ങളിലേക്ക് തന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
"എടോ... ചേച്ചിടെ ഇഷ്ട നിറം ഏതാണ്? പൂജ അവള് ചെയ്‌തോളും. തനോര്‍ക്കുന്നുണ്ടോ?"
"ഇല്ല"
താനെങ്ങനെ ഓര്‍ക്കാനാണ്? അവള്‍ പറഞ്ഞതൊന്നും ശരിക്ക് കേട്ടിട്ടില്ല. കേള്‍ക്കാന്‍ തോന്നിയിട്ടില്ല. അവളോടൊന്നും ചോദിച്ചിട്ടില്ല. പറയാന്‍ തുടങ്ങുന്നതോരൊന്നും തടഞ്ഞിട്ടെയുള്ളു...
ഇഷ്ട നിറം ഏതാണ്? ഏതാണ്?
പൊന്നേ... നിന്റെ ഇഷ്ടം നിറം ഏതാണ്...? അലറിയലറി ചോദിക്കാന്‍ തോന്നുന്നു.
അയാളുടെ കണ്ണ് നിറഞ്ഞൊഴുകി. കണ്ണീര്‍ത്തുള്ളികള്‍ നിലത്തുവീണുടഞ്ഞു. മണ്ണ് കുതിരുന്നുണ്ട്.. അതിലേക്ക് താനടര്‍ന്നു വീഴുമ്പോലെ. തോമസ് മുറുകെ പിടിക്കുന്നുണ്ട്.
ആരെയോ വിളിച്ചു വെച്ചതിന് ശേഷം അക്‌സ ഓടിവന്നു പറഞ്ഞു.
"സര്‍ വിഷമിക്കല്ലേ... ആതിരച്ചേച്ചിയെ വിളിച്ചു ചോദിച്ചു. ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. മഞ്ഞ. വാന്‍ഗോഗിന്റെ മഞ്ഞ. ചേച്ചി പോയ അന്ന് രാവിലെ പറഞ്ഞതാത്രേ... അതുകൊണ്ട് ഓര്‍ത്തിരിപ്പുണ്ട്"
"ഞാന്‍ പൂവെടുത്തിട്ട് വരാം. സര്‍ ദയവായി ഓക്കെ ആകൂ."
ആതിര, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി. താഴെ പൂന്തോട്ടമാണ്. അക്‌സ പോകുന്നത് കാണാം. കരുതലോടെ ചുറ്റിപ്പിടിച്ചിരുന്ന തോമസിന്റെ കൈവിടുവിച്ച് മെല്ലെ ആ പടിയില്‍ ഇരുന്നു. നനഞ്ഞ കണ്‍തടങ്ങള്‍ മെല്ലെ അടച്ചുതുറന്നു. ഹാ... ങ്ങും മഞ്ഞപ്പ്. മേലെ, കീഴെ, താഴെ, ചാരെ...
അങ്ങ് ദൂരെ താഴ്വാരങ്ങളില്‍ മഞ്ഞ ജമന്തികളുടെ പരിഭവം കലര്‍ന്ന ചിരികള്‍ പേറുന്ന ഒരു കാറ്റ് തൊട്ടും തലോടിയും ഇങ്ങനെ പ്രാകി കൊണ്ടേയിരുന്നു. കാല്‍പാദങ്ങളെ മുട്ടിയിരുമ്മി കൂട്ടുവെട്ടിയെന്നറിയിക്കുന്ന പാവം മുക്കുറ്റികള്‍. മുകളില്‍ ആകാശത്തിനുമുണ്ട് മേഘങ്ങളോട് പറയാന്‍ സ്വര്‍ണ്ണരാശി കലര്‍ന്ന കടും മഞ്ഞനിരാശകള്‍. തളര്‍ന്നെന്നറിഞ്ഞിട്ടും തീമഞ്ഞകൈകള്‍ നീട്ടി വിടചൊല്ലുന്ന സൂര്യന്‍, ഇനിയൊരു പുലരിയില്ലെന്നുറപ്പ് പറയും പോലെ. മഞ്ഞകളൊക്കെയും പിണക്കമാണ്.
ഒരു ഉന്മാദിയെ പോലെ അയാള്‍ ചിരിച്ചു തുടങ്ങി. തളര്‍ന്നു പോകുന്ന ശരീരം അനുസരണയില്ലാതെ ആ പ്രാര്‍ത്ഥനാ ഭൂമിക്ക് മീതെ ചിതറിവീണു. കുറ്റബോധത്തിന്റ മഞ്ഞ വെളിച്ചങ്ങള്‍ മിന്നാമിന്നി കണക്കെ ചുറ്റിനും.
അതെ...
അവളുടെ ഇഷ്ട നിറം, ആശകളുടെയും നിരാശകളുടെയും നിറം, ഭ്രാന്തിന്റെ നിറം, തന്റെ നിറം, മഞ്ഞ!
വാന്‍ഗോഗിന്റെ മഞ്ഞ!
വൈകാതെ ഒരു മഞ്ഞമരണം വന്ന് അയാളുടെ ഇരു കണ്ണുകളെയും പുണര്‍ന്നു...
Content Highlights: story of dr milani mary paul