എപ്പോഴും ലഭിക്കുന്നത് ഒരേ സന്ദേശം, നമുക്കവളെ കൊല്ലേണ്ടേ- ഒരു മനശ്ശാസ്ത്രജ്ഞന്റെ ഡയറിക്കുറിപ്പ്

മനശ്ശാസ്ത്രജ്ഞര്‍ ഡയറിക്കുറിപ്പുകള്‍ സൂക്ഷിക്കുന്നതിനെ പറ്റി രണ്ടു വാദങ്ങളുണ്ട്. ഒന്നാമത്തേത്, സ്വഭാവികമായും അതിനെതിരാണ്. മാനസികരോഗികളുടെ സ്വകാര്യജീവിതം, പ്രശ്‌നങ്ങള്‍ എന്നിവ മൂന്നാമതൊരാളുടെ കൈകളില്‍ എത്തിപ്പെടാം എന്ന വാദം. രണ്ടാമത്തേത്, ഞാനുള്‍പ്പെടെയുള്ളവരുടെ ന്യായീകരണം. ഓരോ രോഗിയും അവരുടെ ജീവിതവും; ഓരോ പാഠപുസ്തകങ്ങളാണെന്നും ആ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്, ആ വ്യക്തിയുടെ തുടര്‍ചികിത്സയ്ക്കും സമാനരോഗികളുടെ മാനസിക അപഗ്രഥനത്തിനും ഉതകും എന്ന വാദം. വാദപ്രതിവാദങ്ങള്‍ എന്തുമായിക്കൊള്ളട്ടെ, നിയമപരമായി ഈ പ്രവൃത്തിക്ക് തടസ്സമൊന്നും ഇല്ലെന്നിരിക്കെ, ഞാന്‍ തുടര്‍ന്നുപോകുന്ന പ്രക്രിയയാണ് ഈ ഡയറിക്കുറിപ്പുകള്‍.
ഓരോ രോഗിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഏകദേശം പതിനഞ്ച് മിനിറ്റ് നീളുന്ന ഒരിടവേള ഞാനെടുക്കാറുണ്ട്. രോഗിയുടെ സംഭാഷണങ്ങള്‍, സംഭാഷണരീതികള്‍, ചേഷ്ടകള്‍, ചലനങ്ങള്‍, വസ്ത്രധാരണരീതി എന്നിവയൊക്കെ വിശദമായി എഴുതിവെക്കുന്നതായിരുന്നു രീതി. രോഗികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും അവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥവ്യാപ്തിയോടെ രേഖപ്പെടുത്താന്‍ ഡയറിക്കുറിപ്പുകള്‍ക്ക് പരിമിതിയുണ്ടെന്ന് മനസ്സിലാക്കിയതോടെ രോഗികളുമായുള്ള കൂടിക്കാഴ്ചകള്‍ ഞാനിപ്പോള്‍ ഷൂട്ട് ചെയ്യുന്നുണ്ട്. പുസ്തകശേഖരങ്ങളുടെ ഇടയില്‍ ഒരു മൊബൈല്‍ ഒളിപ്പിച്ചുവെച്ചാണ് പരിപാടി നിര്‍വഹിക്കുന്നത്. അവരുടെ സമ്മതം ചോദിച്ചിട്ടല്ല ഇതൊക്കെ ചെയ്യുന്നത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അധാര്‍മ്മികത എന്നൊക്കെയുള്ള മുറുമുറുപ്പും ആക്രോശവും എനിക്ക് കേള്‍ക്കണ്ട. മനശ്ശാസ്ത്രത്തിന്റെ പുരോഗതിക്കും മാനവരാശിയുടെ നന്മയ്ക്കും വേണ്ടി ഇങ്ങനെ ചില ധിക്കാരങ്ങള്‍ അനിവാര്യമാണ്. ഇത്തരം ധിക്കാരങ്ങള്‍ ശാസ്ത്രത്തെ നവീകരിച്ചിട്ടേയുള്ളൂ. ഈ രേഖകളിലെ സമസ്യകള്‍ക്ക് ശാസ്ത്രത്തിന് എന്നുത്തരം നല്‍കാനാവുമോ, അന്നിവയെല്ലാം ചര്‍ച്ചാവിഷയമാകട്ടെ.
വിവിധതരം മനോരോഗികളെ ദിവസവും കാണുന്നുണ്ടെങ്കിലും പരിപൂര്‍ണ്ണശ്രദ്ധ ആകര്‍ഷിക്കുന്ന രോഗികളെ വല്ലപ്പോഴുമാണ് ലഭിക്കുക. ബാക്കിയെല്ലാവരും മുന്നില്‍ വന്ന് കസേരയില്‍ ഇരിക്കുമ്പോഴേക്കും എന്റെ അപഗ്രഥനം കഴിഞ്ഞിരിക്കും. ഇമ്മട്ടിലുള്ള അനുമാനങ്ങള്‍ക്ക് എന്റെ വിജയശതമാനം 98.7% ആണ്. പരിപൂര്‍ണ്ണ ശ്രദ്ധയാകര്‍ഷിക്കുന്നതും എന്റെ കഴിവുകളെ വെല്ലുവിളിക്കുന്നതുമായ രോഗികളുടെ വിവരങ്ങള്‍ ഞാന്‍ പ്രത്യേകമായി എഴുതിവെക്കാറുണ്ട്. അത്തരമൊന്നാണ് നിങ്ങളിപ്പോള്‍ വായിക്കുന്നത്. രോഗിയുടെ സ്വകാര്യതയെ മാനിക്കാനായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന പേരുകള്‍ വ്യാജമാണ്. നമുക്കയാളെ പ്രദീപ് എന്ന് വിളിക്കാം. നിങ്ങളുടെ പേര് പ്രദീപ് എന്നാണെങ്കില്‍ ക്ഷമിക്കുക. പ്രദീപിനെക്കുറിച്ച് ഇന്ന് രാവിലെ പത്രത്തിലൊരു വാര്‍ത്ത കണ്ടതാണ്, ഈ കുറിപ്പെഴുതാൻ പ്രചോദനം. മറ്റ് രോഗികളില്‍ നിന്ന് വിഭിന്നമായി, വാട്‌സപ്പ് സന്ദേശങ്ങളിലൂടെയാണ് അയാള്‍ അപ്പോയ്‌മെന്റിനുള്ള സമയം ചോദിക്കുക. നേരിട്ടുള്ള സംസാരത്തേക്കാള്‍ അയാള്‍ക്കിഷ്ടം സന്ദേശങ്ങളാണ്. അപ്പോയ്‌മെന്റും അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളുമൊക്കെ നോക്കുന്നത് എന്റെ അസിസ്റ്റന്റ് വിഷ്ണുപ്രിയയാണ്. സൈക്യാട്രി നഴ്‌സ്. പ്രദീപ് എനിക്ക് നേരിട്ട് സന്ദേശമയക്കുന്നത് ആദ്യമൊക്കെ എന്നില്‍ ദേഷ്യമുണ്ടാക്കി. ഈ പരിപാടി നിര്‍ത്തണമെന്ന് ഞാന്‍ പലവട്ടം പ്രദീപിനോട് പറയുകയും ചെയ്തു. ഒന്നും മിണ്ടാതെ തലയാട്ടുകയും അടുത്ത തവണ യാതൊരു മടിയും കൂടാതെ ഇതാവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു അയാള്‍. പോകെപ്പോകെ ഞാനിക്കാര്യം സൂചിപ്പിക്കാതെയായി.
വിചിത്രമായ ഒരു കാര്യവുമായിട്ടായിരുന്നു പ്രദീപ് എന്നെ സന്ദര്‍ശിച്ചത്. ആ തുറന്നുപറച്ചിലുകള്‍ ഞാനിവിടെ രേഖപ്പെടുത്തുകയാണ്. നിങ്ങളിത് വിശ്വസിക്കും എന്ന് ഞാന്‍ കരുതുന്നില്ല; പ്രതീക്ഷിക്കുന്നുമില്ല. സാങ്കല്‍പികകഥയായി ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നാം. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തത് കൊണ്ടും വിശ്വാസയോഗ്യമായ ഒരു വ്യക്തിയില്‍നിന്ന് ഇത്തരം അനുഭവങ്ങള്‍ കേള്‍ക്കാത്തതുകൊണ്ടും മാത്രമാണ് നിങ്ങള്‍ക്ക് ഈ തോന്നല്‍ എന്ന് ഞാന്‍ ദുഃഖത്തോടെ പറയട്ടെ.
സാമൂഹികമായി മദ്ധ്യവര്‍ഗ്ഗമെന്ന് തരംതിരിക്കപ്പെട്ട ഒരു കുടുംബത്തിലായിരുന്നു പ്രദീപിന്റെ ജനനം. സ്വകാര്യ ബാങ്കില്‍ ജോലി. ഭാര്യ സൗമ്യയ്ക്ക് റവന്യൂ വകുപ്പിലാണ് ജോലി. ഒരു മകളുണ്ട് മാളവിക. എട്ടുവയസ്സ്. ജോലിത്തിരക്കും വീട്ടിലെ അസ്വാരസ്യങ്ങളുമായി അവരുടെ ജീവിതം തുടര്‍ന്നു. അധികം സംസാരിക്കാത്ത പ്രകൃതമാണ് ഭാര്യയ്ക്ക്. മെല്ലെ മെല്ലെ, ആ വീട്ടില്‍ അയാള്‍ക്ക് ഒരു ഏകാന്തത തോന്നിത്തുടങ്ങി. ഒന്നും സംസാരിക്കാനില്ലാത്ത ഒരു ഭാര്യയെക്കുറിച്ച് ഡോക്ടര്‍ക്ക് മനസ്സിലാവുമോ എന്നാണ് രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ അയാള്‍ ചോദിച്ചത്. വായടയ്ക്കാത്ത ഭാര്യമാരെക്കുറിച്ച് പരാതി പറയാന്‍ വരുന്ന ഭര്‍ത്താക്കന്മാരെ പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ അയാളുടെ ചുണ്ടില്‍ പുച്ഛവും കണ്ണില്‍ നനവുമുണ്ടായിരുന്നു.
അങ്ങനെയിരിക്കേ അയാളുടെ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ഒരു യുവതി വന്നു ദീപ. വിവാഹമോചിതയാണ്. കുട്ടികളില്ല. അയാളും ദീപയും തമ്മിലടുത്തു. പരസ്പരം ബന്ധപ്പെടാന്‍ വേണ്ടി മാത്രം പുതിയ മൊബൈല്‍ ഫോണും സിമ്മും അവര്‍ സംഘടിപ്പിച്ചു. ഭാര്യയും മകളും വീട്ടിലില്ലാത്ത രാത്രികളില്‍ അവര്‍ ശാരീരികബന്ധത്തിലേര്‍പ്പെടുവാന്‍ തുടങ്ങി. ഭാര്യയ്ക്ക് നല്‍കാന്‍ കഴിയാത്ത സ്‌നേഹവും കരുതലും ശാരീരികബന്ധവും ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ ജീവിതം സന്തോഷപൂര്‍ണ്ണമായി. അവിഹിതം എന്ന ബന്ധം നിയമപരമായി മാറ്റാന്‍ ദീപ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഇടയ്ക്കിടെ സൂചിപ്പിച്ചിരുന്ന കാര്യം ക്രമേണ ഓരോ കൂടിക്കാഴ്ചയിലും അവള്‍ ആവര്‍ത്തിച്ചുതുടങ്ങി. സമൂഹത്തിലുള്ള സ്ഥാനം, ബന്ധുക്കള്‍ക്കിടയിലുള്ള വില എന്നിവയെല്ലാം നഷ്ടപ്പെടുമോ എന്നുള്ള സംശയം അയാളില്‍ പൊങ്ങിവന്നു. പക്ഷെ, ദീപയുടെ സാമീപ്യവും സ്‌നേഹവും ഉപേക്ഷിക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. ഭാര്യയും മകളും അവരുടെ വീട്ടില്‍
പോയ ഒരു വാരാന്ത്യം. ശാരീരികബന്ധത്തിന് ശേഷം ഭാര്യയെ കൊല്ലാനും ശവശരീരം മറവു ചെയ്യാനുമുള്ള പദ്ധതി അവര്‍ ആസൂത്രണം ചെയ്തു. ആ പദ്ധതി നടപ്പിലാക്കുന്നത് വരെ പരസ്പരം കാണണ്ട എന്നും തീരുമാനിച്ചു.
പിറ്റേദിവസം ജോലിക്ക് പോയ പ്രദീപ്, ഓഫീസില്‍ ദീപയെ കാണാതെ ആശങ്കപ്പെട്ടു. അവളുടെ സ്വകാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ല. അന്ന് രാത്രി തലയിണയ്ക്കടിയില്‍ നിന്നും ദീപയുടെ സ്വകാര്യഫോണ്‍ ലഭിച്ചത് അയാളെ അങ്കലാപ്പിലാക്കി. മറ്റേ ഫോണിലേക്ക് വിളിക്കാനും നിര്‍വ്വാഹമില്ല. എന്തായാലും ഇരുവരും പറഞ്ഞുറപ്പിച്ചതുപോലെ കരുക്കള്‍ നീക്കാം എന്നു തന്നെ അയാള്‍ തീരുമാനിച്ചു. പക്ഷെ ദിവസങ്ങളോളം ദീപയെ ബാങ്കില്‍ കാണാത്തത് അയാളെ അമ്പരപ്പിച്ചു. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ ദീപയെ അന്വേഷിച്ച് വന്നപ്പോഴാണ് അതൊരു തിരോധാനമായിരുന്നുവെന്ന് അയാള്‍ക്ക് മനസ്സിലായത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ നിഷ്‌കളങ്കനായ സഹപ്രവര്‍ത്തകനെ പോലെ അയാള്‍ അഭിനയിച്ചു. എന്നാല്‍, അയാളുടെ ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങി. ഒരു ദിവസം ദീപയുടെ ഓര്‍മ്മകളില്‍ മുഴുകി അയാള്‍ അവരുടെ സ്വകാര്യഫോണുകള്‍ കൈയിലെടുത്തു. ദീപയുടെ ഫോണ്‍ ഓഫാക്കി വച്ചിരുന്നുവെങ്കിലും, അവള്‍ ബന്ധപ്പെടാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷയില്‍ അയാളുടെ ഫോണ്‍ ഓണ്‍ ആയിരുന്നു. സ്വന്തം ഫോണ്‍ നോക്കിയ അയാള്‍ നടുങ്ങിപ്പോയി!
ഏറ്റവും വന്യമായതും അവിശ്വസനീയമായതുമായ കാര്യങ്ങളാണ് ഞാനിനി പറയാന്‍ പോകുന്നത്. ഇവയൊന്നും എന്റെ തോന്നലുകള്‍ അല്ലായെന്ന് എനിക്കും ബോധ്യപ്പെടാന്‍ വേണ്ടിയാണ്, ഇതെല്ലാം കുറിപ്പായി സൂക്ഷിച്ചുവയ്ക്കുന്നത്. അതീന്ദ്രിയമായ പലതും ശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധിക്കില്ല. എന്നെപ്പോലെ ചിന്തിക്കുന്നവര്‍ക്ക് ഈ സംഭവങ്ങളുടെ രഹസ്യം മനസ്സിലാക്കാന്‍ സാധിച്ചെന്നുവരും. മറ്റുചിലര്‍ക്ക് ഇതിലെന്താണ് ഭീതി എന്നും തോന്നാം. എന്നേക്കാള്‍ മാനസികസ്ഥിരതയുള്ളവര്‍ സംഭ്രമാത്മകമായ ഈ വിവരണങ്ങളെ തള്ളിക്കളഞ്ഞേക്കാം.
സംഭവത്തിലേക്ക് മടങ്ങാം, മുന്‍പ് സൂചിപ്പിച്ച ആ ഫോണുമായിട്ടായിരുന്നു പ്രദീപ് എന്നെ കാണാന്‍ വന്നത്. ഉറക്കമില്ലാത്ത കണ്ണുകളും അലസമായ വസ്ത്രധാരണവും വികലമായ പെരുമാറ്റവുമായി എന്റെ മുന്നിലവതരിച്ച അയാള്‍ സംസാരിക്കുമ്പോള്‍ മുഖത്തുനോക്കാന്‍ മടിച്ചിരുന്നു. എന്റെ പുറകിലെ ജനാലയിലൂടെ കാണാവുന്ന ശവക്കോട്ടയിലേക്കായിരുന്നു അയാളുടെ നോട്ടം. ഓരോ ശവക്കുഴിയുടെയും മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശുകളില്‍ എന്തായിരുന്നു അയാള്‍ തേടിയത്? തിരക്ക് നിറഞ്ഞ വഴിയിലൂടെ പാഞ്ഞുപോകുന്ന ആംബുലന്‍സുകളുടെ ശബ്ദങ്ങള്‍ അയാളില്‍ നടുക്കം തീര്‍ത്തതുപോലെ തോന്നിയിരുന്നു. ആദ്യ നാല് കൂടിക്കാഴ്ചകളിലും ആ ഫോണിനെ പറ്റി ഒന്നും അയാള്‍ സൂചിപ്പിച്ചിരുന്നില്ല.
അഞ്ചാമത്തെ കൂടിക്കാഴ്ചയില്‍, ഉറക്കമില്ലായ്മയ്ക്കും ഭീതി നിറഞ്ഞ രാത്രികള്‍ക്കും കാരണമായ ആ ഫോണിനെ പറ്റി അയാള്‍ പറഞ്ഞു. ദീപയെ കാണാതായ ദിവസം മുതല്‍ എല്ലാ രാത്രികളിലും, ഒരു നിശ്ചിതസമയത്ത് അയാള്‍ക്ക് ദീപയുടെ സ്വകാര്യ ഫോണില്‍ നിന്നും സന്ദേശങ്ങള്‍ വരുന്നുവത്രേ! ആ ഫോണിരിക്കുന്നതോ? അയാളുടെ കൈവശവും. അയാള്‍ പറഞ്ഞതും അയാളുടെ ഫോണില്‍ ഞാന്‍ കണ്ടതുമായ കാര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഞാനിത് എഴുതുന്നത്. നിര്‍ഭാഗ്യവശാല്‍ പ്രദീപിന്റെ സംസാരങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ നിര്‍ജ്ജീവമായതോടെ ആ വീഡിയോസ് എനിക്ക് നഷ്ടമായിരിക്കുന്നു. പ്രദീപിന്റെ കൈവശമുണ്ടായിരുന്ന, സ്വിച്ചോഫ് ആയിട്ടിരിക്കുന്ന ദീപയുടെ സ്വകാര്യഫോണില്‍ നിന്നാണ് ആ സന്ദേശങ്ങള്‍ അയാള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. എല്ലായ്‌പ്പോഴും ഒരേ സന്ദേശം, 'നമ്മള്‍ക്കവളെ കൊല്ലണ്ടേ?'
ഒരു ദിവസം അയാള്‍ തന്റെ സ്വകാര്യ ഫോണ്‍ ഓഫാക്കി നോക്കി. അയാളുടെ പ്രതീക്ഷകളെയും വിശ്വാസങ്ങളെയും തകിടം മറിച്ചു കൊണ്ട് അന്നയാളുടെ ആദ്യ ഫോണിലേക്ക് സന്ദേശം വന്നു. മറ്റൊരു പരീക്ഷണം നടത്താനുള്ള അയാളുടെ ധൈര്യം ചോര്‍ന്നു. എല്ലാ രാത്രിയും സന്ദേശങ്ങള്‍ വരുന്നത് തുടര്‍ന്നു. അതോടെ ദീപ മരണപ്പെട്ടോ എന്നൊരു സംശയം അയാളില്‍ ഉടലെടുത്തു. ദുരൂഹമായ എന്തോ സംഭവിച്ചത് കൊണ്ടാവുമല്ലോ ദീപയുടെ ഫോണ്‍നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ മുടക്കമില്ലാതെ വന്നുകൊണ്ടിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ദീപയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. ഒറ്റയ്ക്ക് പോയാല്‍ സംശയത്തിനിട വരുത്തും എന്നുള്ളത് കൊണ്ട്, സഹപ്രവര്‍ത്തകരെ കൂട്ടി അയാള്‍ ദീപയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി. അവര്‍ക്കും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷിച്ചാലും താത്പര്യം പ്രകടിപ്പിച്ചാലും പൊലീസും വീട്ടുകാരും തന്നെ സംശയിക്കുമോ എന്ന ഭയത്താല്‍ അയാള്‍ പിന്നെയൊന്നിനും മുതിര്‍ന്നില്ല. ദീപയുമായുള്ള തന്റെ ബന്ധത്തെ പറ്റി ആര്‍ക്കും ഒരറിവുമില്ല എന്ന സമാധാനം ഒരു വശത്തുണ്ടെങ്കിലും അജ്ഞാതമായ ഉറവിടത്തില്‍നിന്നും തന്നിലേക്കെത്തുന്ന വാട്‌സപ്പ് സന്ദേശങ്ങള്‍ അയാളുടെ സമനില തെറ്റിക്കാന്‍ തുടങ്ങി.
ഞാനാവശ്യപ്പെട്ടതനുസരിച്ച് ദീപയുമായി അവസാനം സന്ധിച്ച മുറിയിലേക്ക് അയാളെന്നെ നയിച്ചു. അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആ മുറിയില്‍ മാത്രം വൈദ്യുതിയുണ്ടായിരുന്നില്ല. ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചിരുന്ന അവരുടെ പദ്ധതി ഞാന്‍ ചോദിച്ചതിന്‍പ്രകാരം അയാള്‍ വിശദമായി പറഞ്ഞു. സൗമ്യയെ കൊന്ന് ഒരു കുഴിക്കുള്ളിലാക്കി മറവ് ചെയ്യുക, അതിന് മുകളില്‍ മണ്ണിട്ടശേഷം കാവല്‍നായയെ കൊന്ന് അതിലിടുക, ശേഷം കുഴിമൂടുക. മാറ്റിയ മണ്ണിനെ പറ്റി പൊലീസിന് സംശയം തോന്നി കുഴിച്ചു നോക്കിയാല്‍ നായയുടെ ജഡമാവും കാണുക. അതിനും നാലഞ്ചടി താഴ്ചയില്‍ സൗമ്യയുടെ ജഡമുണ്ടെന്ന് സ്വാഭാവികമായി ആരും സംശയിക്കില്ല. അയാള്‍ വീട്ടുവളപ്പിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി, പറമ്പിന്റെ കിഴക്കേയറ്റത്ത് അടുത്തിടെ കിളച്ചുമാറ്റപ്പെട്ടതുപോലെ മണ്ണും പുല്ലും കിടക്കുന്നത് എനിക്ക് കാണിച്ചുതന്നു. ദീപയുമായി അവസാനം സന്ധിച്ചതിന്റെ പിറ്റേദിവസം അവരുടെ നായ ഏതോ വണ്ടി കയറി ചത്ത രീതിയില്‍ റോഡില്‍ കിടന്നിരുന്നു. അതിനെയെടുത്ത് അവര്‍ നിശ്ചയിച്ച സ്ഥലത്ത് തന്നെ കുഴിച്ചിട്ടു. ദീപയുടെ വിവരമൊന്നും ഇല്ലാത്തത് കൊണ്ട് സൗമ്യയെ കൊല്ലുന്ന പദ്ധതി നീട്ടിവച്ചു. ഒറ്റയ്ക്ക് ഒരു കൊലപാതകവും ശവശരീരം മറവുചെയ്യലും പ്രായോഗികമല്ല എന്നയാള്‍ മനസ്സിലാക്കിയിരുന്നു. എന്റെ ആവശ്യപ്രകാരം അയാളവരുടെ സ്വകാര്യഫോണുകള്‍ എന്നെയേല്‍പ്പിച്ചു.
അന്ന് രാത്രി ആ ഫോണുകള്‍ ഓണാക്കി സന്ദേശം വരാറുള്ള സമയത്തിനായി കാത്തിരുന്നു. നിശ്ചിതസമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് ഞാനുറങ്ങാന്‍ തീരുമാനിച്ചു. പ്രദീപിന്റെ കോള്‍ വന്നു. ഭയവിഹ്വലമായ സ്വരത്തില്‍ അയാളുടെ കൈയിലുള്ള ഫോണിലേക്ക് സന്ദേശം വന്ന കാര്യം പറഞ്ഞു. അതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചുതന്നു. കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്നു എന്ന് മനസ്സിലായിട്ടും ഞാനതൊന്നും അയാളെ അറിയിച്ചില്ല. ഉറക്കം നഷ്ടപ്പെട്ട അയാള്‍ക്ക് ഉറക്കഗുളികകള്‍ എഴുതിക്കൊടുത്തു. അന്ന് രാത്രിയില്‍ ഞാനയാളുടെ വീട്ടിലെത്തി, പറമ്പിലെ നിശ്ചിതസ്ഥലം കുഴിച്ചുനോക്കി. അതില്‍ നായയുടെ ജഡം കണ്ട് തൃപ്തിപ്പെട്ടു. അതിനുശേഷം ഞാനയാളെ കണ്ടിട്ടില്ല. എന്നെത്തേടി അയാളുടെ സന്ദേശങ്ങള്‍ വന്നില്ല. തിരക്കുകള്‍ കാരണം ഞാനയാളെ മറന്നുതുടങ്ങി. രണ്ടാഴ്ചയ്ക്ക് ശേഷം അയാളെ സംബന്ധിച്ച ഒരു പത്രവാര്‍ത്ത കാണാനിടയായി. അയാളുടെ വീട്ടുവളപ്പിലെ കുഴിയില്‍നിന്നും ഒരു നായയുടെ ജീര്‍ണ്ണിച്ച ജഡത്തോടൊപ്പം അയാളുടെ ജഡവും ലഭിച്ചു എന്ന്. അതില്‍നിന്നും നാലടി താഴ്ചയില്‍ ഒരു യുവതിയുടെ ജഡവും. ദീപ എന്നാണത്രേ ആ യുവതിയുടെ പേര്.
ഒരിക്കല്‍ ഞാന്‍ പ്രദീപുമൊന്നിച്ച് അയാളും ദീപയും ബന്ധപ്പെട്ടിരുന്ന മുറി സന്ദര്‍ശിച്ചത് സൂചിപ്പിച്ചിരുന്നല്ലോ. ചില സ്ഥലങ്ങളില്‍ ഒരു പ്രത്യേകതരം ഊര്‍ജ്ജത്തിന്റെ സാന്നിധ്യം നമ്മളില്‍ ചിലര്‍ക്ക് തോന്നാറില്ലേ? നമ്മുടെയുള്ളില്‍ അകാരണമായ ഭീതി നിറയ്ക്കുന്ന, പൈശാചികമായ എന്തോ ഒന്നിന്റെ സാന്നിധ്യം? എല്ലാവര്‍ക്കും ഇത്തരം ഊര്‍ജ്ജം അനുഭവവേദ്യമാകണമെന്നില്ല. സഹസ്രാരം അഥവാ ബ്രഹ്മരന്ധ്രം ഉത്തേജിപ്പിക്കപ്പെട്ട ചുരുക്കം ചില വ്യക്തിത്വങ്ങള്‍ക്കേ അവ തിരിച്ചറിയാനാകൂ. കേവല മര്‍ത്യജന്മങ്ങള്‍ക്ക് ആകട്ടെ, അതിശക്തമായ ഊര്‍ജ്ജപ്രസരമേ അനുഭവവേദ്യമാകൂ. അന്ന് ആ മുറിയുടെ ഇരുണ്ടമൂലകളില്‍ നിന്ന് ഒരു പൈശാചികശക്തിയില്‍ നിന്നും ഉത്ഭവിക്കുന്ന ഊര്‍ജ്ജപ്രവാഹം എന്നിലേക്കെത്തുന്നത് ഞാനറിഞ്ഞിരുന്നു. അതിന്റെ സാന്നിധ്യം പ്രദീപിനും അനുഭവവേദ്യമാകുന്നുണ്ടെന്ന് അയാളുടെ മുഖത്തെ അസ്വസ്ഥതയില്‍നിന്നും കണ്ണുകളിലെ ഭീതിയില്‍നിന്നും ഞാന്‍ മനസ്സിലാക്കി, അയാളതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല എങ്കിലും! വെളിയിലിറങ്ങി വാതിലടച്ചിട്ടും, ആ പൈശാചികശക്തിയുടെ സാന്നിധ്യം അവിടെയെങ്ങും എനിക്കനുഭവപ്പെട്ടിരുന്നു. പ്രദീപിന്റെ മുഖത്ത് ആശ്വാസമാണ് കാണാന്‍ സാധിച്ചത്. അതിനര്‍ത്ഥം ആ മുറിയുടെ വെളിയില്‍ പൈശാചികമായ ഊര്‍ജ്ജത്തിന് ശക്തിശോഷണം ഉണ്ടെന്നാണ്. അങ്ങനെയാണ് പറമ്പിലെ കുഴി പരിശോധിക്കാന്‍ ഞാന്‍ പദ്ധതിയിട്ടത്.
ഇതോടൊപ്പം ഇന്നലെ നടന്ന ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. പ്രദീപിന്റെ വാര്‍ത്ത കണ്ട് ഓര്‍മ്മകളില്‍ മുഴുകിയിരുന്ന എന്നെയുണര്‍ത്തിയത് വിഷ്ണുപ്രിയയുടെ ശബ്ദമായിരുന്നു.
'സാര്‍, അടുത്ത അപ്പോയ്‌മെന്റിന്റെ ആള്‍ വെയ്റ്റിംഗാണ്. മഞ്ജു. വിളിക്കട്ടെ?'
'അതിന് മുമ്പ് ഒരു കാര്യം. താനിത് കണ്ടിരുന്നോ?' ഞാന്‍ പത്രം നീട്ടി.
'ഞാന്‍ രാവിലെ വായിച്ചിരുന്നു. അതയാള്‍ തന്നെ ചെയ്തതാവും, അല്ലേ? സാറിനയാളെ പരിചയമുണ്ടായിരുന്നോ?'
'പ്രദീപിനെ ഓര്‍ക്കുന്നില്ലേ താന്‍?'
അയാളുടെ ഫോട്ടോയിലേക്ക് അവള്‍ സൂക്ഷിച്ചുനോക്കി. 'ഇല്ല സാര്‍, എനിക്ക് പരിചയമില്ല.'
'ഹാ, അതെന്ത് പറച്ചിലാ? രണ്ടാഴ്ച മുന്‍പ് വരെ അയാള്‍ ഇവിടെ എന്നെക്കാണാന്‍ വരുമായിരുന്നല്ലോ!'
'ഇവിടെയോ? ഇയാളുടെ ഒരപ്പോയ്‌മെന്റും ഞാന്‍ എടുത്തിട്ടില്ലല്ലോ!'
എന്റെ തൊണ്ടയിലെ വെള്ളം വറ്റി.ഞാനാ പത്രം പിടിച്ചുവാങ്ങി വാര്‍ത്തയിലൂടെ വീണ്ടും കണ്ണോടിച്ചു. നായയുടെ ജീര്‍ണ്ണിച്ച ജഡത്തോടൊപ്പമാണ് പ്രദീപിന്റെ ജഡവും കണ്ടെത്തിയത്. അതില്‍നിന്നും നാലടി താഴ്ചയില്‍ ഒരു യുവതിയുടെ ജഡവും. മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ദീപയുടെ ജഡമാണ് അതെന്ന് പോലീസ് അറിയിച്ചു. വീട്ടുവളപ്പില്‍ വച്ചു നടത്തിയ മൃതദേഹപരിശോധനയില്‍ പ്രദീപിന്റെ ജഡത്തിനും മാസങ്ങള്‍ പഴക്കമുള്ളതായി കണ്ടെത്തി.
Content Highlights: short story