'ഇന്നെന്തോ വല്ലാത്ത സങ്കടം' എന്ന് അവൾ മറുപടി പറഞ്ഞതോർമ്മയുണ്ട്…

ഓർമ്മകളിലേക്ക് പല തവണ തിരികെനടക്കാതെ ഒരാളും ജീവിക്കുന്നില്ല. അനേകമനേകം ഓർമ്മകളുടെ ശബ്ദമില്ലാത്ത റീലുകളിലൂടെയാണ് പലപ്പോഴും ഞാൻ കടന്നു പോവുന്നത്. പല കാലങ്ങൾ, പല മനുഷ്യർ, അനുഭവങ്ങൾ അതിങ്ങനെ ഉള്ളിൽ തെളിഞ്ഞു കൊണ്ടേയിരിക്കും. വിഷുക്കാലമെത്തുമ്പോൾ പലതരം ഓർമ്മകൾ ഒപ്പംനടക്കുന്നു. പട്ടാമ്പിയിലെ ഹോസ്റ്റൽക്കാലത്ത് ഇടയിൽ പരീക്ഷ വന്നതുകൊണ്ട് ആ രണ്ടു വർഷങ്ങളിലെ വിഷു (vishu) ഹോസ്റ്റലിൽ തന്നെയാണ് ആഘോഷിച്ചത്. ഹോസ്റ്റലിലെ ചേച്ചിമാരൊരുക്കിയ വിഷുക്കണി, മെസ്സിലെ മണിയേട്ടനും നളിനിയേച്ചിയും ലക്ഷ്മണേട്ടനുമൊക്കെച്ചേർന്ന് ഉണ്ടാക്കിയസദ്യ..ഹോസ്റ്റലിലെ ചുറ്റുമതിലിനപ്പുറം കൊന്നയുടെ മഞ്ഞയും പിന്നെ പേരറിയാത്ത പുക്കളുടെ പലനിറങ്ങളും കലർന്ന വേനൽക്കാലം. വെയിൽച്ചൂടിന് പൂക്കൾ നീട്ടി മറുപടി പറയുന്ന ചെടികൾ! പട്ടാമ്പിയങ്ങനെ ഇപ്പോഴും വേനലിൽ കരിയാത്ത പച്ച പോലെ ഉള്ളിൽ പൂത്തുനിൽക്കുന്നു.
ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ അടുത്തടുത്ത റൂമിലായിരുന്നു ഞങ്ങൾ. എന്നിട്ടും ഞങ്ങൾ അധികം മിണ്ടിയതേയില്ല. അവൾ ആരോടും അധികം അടുപ്പം കാണിക്കാതെ മുഴുവൻ സമയവും മുറിയിലിരുന്നു പഠിച്ചു. പിന്നെ പനിപിടിച്ച് ഒരു ദിവസം മുഴുവൻ റൂമിലിരുന്ന അവളെ ഇന്ന് കണ്ടില്ലല്ലോ എന്ന് ഞങ്ങൾ പരസ്പരം ആശങ്കപ്പെട്ടു. മുറിയിൽ പനിച്ചൂടിൽ തളർന്നു കിടക്കുന്ന അവളെ ഡോക്ടറെ കാണിച്ച് തിരികെ കൊണ്ടുവന്നതിൽ പിന്നെയാണ് അവൾ ഞങ്ങളുടെ മുറിയിലെ സ്ഥിരം സന്ദർശകയായത്. ഒറ്റയ്ക്ക് നിൽക്കുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞിരുന്ന അവൾ പിന്നീട് പല രാത്രികളിലും എനിക്കും ഷാലിക്കുമൊപ്പം ഉറങ്ങി. പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും അവൾ വായിച്ചിരുന്നില്ല. ലോകത്തെക്കുറിച്ചോ, പലതരം ജീവിതങ്ങളെക്കുറിച്ചോ മനുഷ്യരെക്കുറിച്ചോ കള്ളത്തരങ്ങളെക്കുറിച്ചോ അറിയാതെ അവൾ ജീവിക്കുന്ന ജീവിതം പലപ്പോഴും ഞങ്ങളെ അദ്ഭുതപ്പെടുത്തി. പക്ഷെ, പിന്നീട് ഞങ്ങൾക്കാപ്പം അവളുണ്ടായിരുന്നു.
അപൂർവമായി മാത്രം അവൾ അവളുടെ സങ്കടങ്ങളെ കുറിച്ച്, വീടിനെക്കുറിച്ച് പറഞ്ഞു. നന്നായിപഠിച്ച് ജോലി കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് അവൾ ആത്മവിശ്വാസത്തോടെ ചിരിച്ചു. പ്രതീക്ഷയുടെ കുഞ്ഞു വെളിച്ചം ഉള്ളിൽ നിറച്ചു കൊണ്ട് പല തിരക്കുകളിൽ ഒഴുകിപ്പോവുമ്പോഴും അവൾ ഒപ്പമുണ്ടായിരന്നു. അത്തവണ പരീക്ഷയെത്തിയത് ഒരു വിഷുക്കാലത്താണ്. നാട്ടിൽപ്പോയി വരുമ്പോൾ അവൾ വിഷുവിന്റെ സദ്യ പല പാത്രങ്ങളിൽ നിറച്ച് ഞങ്ങൾക്കായി കൊണ്ടു വന്നു. വിഷുക്കട്ടയെന്ന് പേരുള്ള ഒന്ന് അന്നാദ്യമായാണ് കഴിച്ചത്.
കോളജിൽ നിന്ന് ഹോസ്റ്റലിലേക്ക് നീളുന്ന വഴിയുടെ ഇരുവശവും വളർന്നു നിറഞ്ഞു നിൽക്കുന്ന മരങ്ങളും കുറ്റിച്ചെടികളുമാണ്. വൈകുന്നേരങ്ങളിൽ ഞങ്ങൾ ആ വഴിയിലിരുന്നു കഥ പറഞ്ഞു. അങ്ങനെയാണ് പരസ്പരം മനസ്സുകളിലേക്കുള്ള വഴികളും ഞങ്ങൾ കണ്ടെത്തിയത്. പിന്നെയൊരിക്കൽ ഒരു വൈകുന്നേരം ഹോസ്റ്റലിന്റെ ഗേറ്റിനരികെ പുറത്തേക്ക് നോക്കി ഒറ്റയ്ക്ക് നിന്നിരുന്ന അവളോട് എന്തു പറ്റിയെന്ന് തിരക്കിയപ്പോൾ 'ഇന്നെന്തോ വല്ലാത്ത സങ്കടം' എന്ന് അവൾ മറുപടി പറഞ്ഞതോർമ്മയുണ്ട്. അന്ന് ആ വൈകുന്നേരമാണ് അവൾക്കേറ്റവും പ്രിയപ്പെട്ട ചേച്ചി ട്രെയിനിന് മുന്നിൽ ജീവിതം അവസാനിപ്പിച്ചത്.. അവളിതെങ്ങനെ നേരിടുമെന്ന് ആശങ്കപ്പെട്ട എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ വളരെ വേഗത്തിൽ ജീവിതത്തിനൊപ്പം നടന്നു. എന്നിട്ടും വളരെ അപൂർവമായി ചില രാത്രികളിൽ ചേച്ചിയെക്കുറിച്ച് പറയുകയും കണ്ണ് നിറയുമ്പോൾ എഴുനേറ്റ് പോവുകയും ചെയ്തു.
വിഷുവരുമ്പോൾ എപ്പോഴും അധികം മിണ്ടാതെ അവൾ ഒപ്പം നടക്കുന്നു എന്ന തോന്നലാണ്. മെലിഞ്ഞ ശരീരവും അയഞ്ഞ ചുരിദാറും നീളൻ മുടിയുമായി അവൾ പതുക്കെയെന്തോ പറയുന്നുണ്ട്. മരണത്തിന് മായ്ച്ചു കളയാനാവാത്ത ചിലത് കൂടിയാണ് ഓർമ്മകൾ. പിജിയ്ക്ക് അവൾക്ക് റാങ്ക് ഉണ്ടായിരുന്നു എന്നാണറിഞ്ഞത്. ഇന്നത്തെ പോലെ മൊബൈൽഫോൺ വ്യാപകമാല്ലാതിരുന്ന ആ കാലത്ത് പിന്നെയെപ്പോഴോ രണ്ടു തവണ അവളുടെ കത്തു വന്നു. നൂറു നൂറ് സങ്കടങ്ങൾക്കിടയിലും രക്ഷപ്പെടാമെന്ന പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞ കത്തുകൾ. ഡിഗ്രിക്ക് പഠിച്ച കോളജിൽ തന്നെ താൽക്കാലികമായി ജോലി ചെയ്യുന്നു എന്ന് നിറയെ സന്തോഷത്തോടെ ഒരിക്കൽ അവൾ പറഞ്ഞതോർമ്മയുണ്ട്. കുറച്ച് വർഷങ്ങൾ കഴിഞ്ഞ് പിന്നെയറിയുന്നത് അവൾ മരിച്ചെന്നാണ്.
ജീവിതം പല വഴികളിലൂടെ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും, അതിന്റെ തീരങ്ങളിൽ നിറയെ പലനിറമുള്ള ഓർമ്മകൾപൂക്കൾ പോലെ വിരിയുന്നു. പലമനുഷ്യർ... ഒപ്പം നടന്നവർ, സ്നേഹിച്ചവർ, പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്തവർ, അപ്രതീക്ഷിതമായി മുന്നിലെത്തി വിസ്മയിപ്പിച്ചവർ. എല്ലാവരെയും വീണ്ടും വീണ്ടും കാണാനാണ് ഓർമ്മകളത്രയും. ഓർക്കുന്നതും ഒരു കണ്ടുമുട്ടലാണെന്നല്ലേ ജിബ്രാൻ പറഞ്ഞത്!
ഇന്നും ഓർമ്മയിൽ അവൾ ഒപ്പം നടക്കുമ്പോൾ ജീവിതത്തിന്റെ സ്ഥായിയായ ഭാവം ദുഃഖമാണെന്ന് തിരിച്ചറിയുന്നു.. പട്ടാമ്പിക്കാലത്തിന്റെ അതിരില്ലാത്ത സന്തോഷങ്ങളിലേക്ക് സങ്കടത്തിന്റെ നിറം കലർന്നു പോവുന്നു.
വിഷുവിനൊപ്പം വരുന്ന പല വിഷാദങ്ങളിൽ ഒന്നും മിണ്ടാതെ ഒപ്പം നടക്കുന്നുണ്ട് അവളും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reflective narrative on the intersection of festive joy and personal grief., Captures the essence of college hostel life and deep, unspoken friendships., Explores how memory serves as a bridge to people who are no longer with us., Philosophical take on the permanence of memories in the year 2026., Highlights the resilience of the human spirit amidst life's inevitable sorrows.