ഓരോ പുതുവര്‍ഷം വരുമ്പോഴും ആ കുഞ്ഞിന്റെ കരച്ചില്‍ ഓര്‍മവരും

ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്, ക്രിസ്മസ് അവധിക്ക് കുടുംബസുഹൃത്തായ സിസിയാന്റിക്കും മക്കള്‍ക്കുമൊപ്പം അമ്മയും ഞാനും ചെന്നൈയിലേക്ക് പോയത്. അവധിയാഘോഷിക്കാനല്ല, അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനു വേണ്ടിയായിരുന്നു. അമ്മയ്ക്ക് ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. അത് വ്യാപിക്കുന്നതിനുമുന്‍പ് എത്രയും വേഗം ഹിസ്ട്രക്ടമി ചെയ്യണമെന്ന് അമല ആസ്പത്രിയിലെ ഓങ്കോളജിസ്റ്റ് പറഞ്ഞു. ഉടനെ അതുചെയ്യാമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് ചെന്നൈയില്‍ താന്‍ ജോലിചെയ്യുന്ന ആസ്പത്രിയിലെ ഡോക്ടറെക്കൂടി കണ്ടിട്ടുമതിയെന്ന് സിസിയാന്റി പറഞ്ഞത്. അടുത്ത കൂട്ടുകാരിയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമൊക്കെയായതുകൊണ്ട് സിസിയാന്റി പറഞ്ഞത് അമ്മ അനുസരിച്ചു.
അങ്ങനെയാണ് ആന്റിക്കും മക്കള്‍ക്കുമൊപ്പം അമ്മയും ഞാനും ചെന്നൈയിലേക്ക് പോകുന്നത്. ടൗണില്‍ത്തന്നെയായിരുന്നു ആസ്പത്രി. ആന്റിയുടെ ഭര്‍ത്താവ് മാത്യൂസ്അങ്കിളിന് റെയില്‍വേയിലാണ് ജോലി. രണ്ടുമക്കളുണ്ട്: കെവിനും കെസിയച്ചേച്ചിയും. കെവിനന്ന് ഊട്ടിയിലാണ് പഠിക്കുന്നത്. ചേച്ചി മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും. എല്ലാ ക്രിസ്മസ് അവധിക്കും ആന്റിയും കുടുംബവും നാട്ടില്‍ വരും. വീട്ടില്‍ ഒന്നുരണ്ടുദിവസം നില്‍ക്കും. എന്നെങ്കിലും അവര്‍ക്കൊപ്പം പോയി തമിഴ്നാടൊക്കെ കണ്ടുവരണമെന്ന് വെറുതെ ആഗ്രഹിച്ചിട്ടുണ്ട്.
അക്കാലത്ത് തമിഴിനോട് വല്ലാത്തൊരിഷ്ടം ഉണ്ടായിരുന്നു. പണ്ട് വീടിനടുത്ത് പഴയ തമിഴ് പടങ്ങള്‍ വരുന്ന തിയേറ്ററുണ്ടായിരുന്നു. അവിടെ വരുന്ന മിക്ക സിനിമയ്ക്കും അപ്പ എന്നെയും കൊണ്ടുപോകും. ആ സിനിമാക്കാഴ്ചകളിലൂടെയാണ് എന്റെ തമിഴ്പ്രേമം വളര്‍ന്നത്. ഞാന്‍ വേഗം തമിഴ് സംസാരിക്കാന്‍ പഠിച്ചു. തമിഴ്-മലയാളം ഭാഷാസഹായി നോക്കി തമിഴ് അക്ഷരങ്ങളും വാക്കുകളും എഴുതാനും വായിക്കാനും പഠിച്ചുതുടങ്ങി. തമിഴ് നന്നായി സംസാരിക്കാനും എഴുതാനും അറിയണമെന്നുള്ളതായിരുന്നു അന്നത്തെ വലിയ ആഗ്രഹം. കെവിനും കെസിയച്ചേച്ചിക്കും തമിഴ് അറിയാമായിരുന്നെങ്കിലും എന്നോട് തമിഴില്‍ സംസാരിക്കുകയോ തമിഴ് പഠിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തില്ല. ഞാനാണെങ്കില്‍ തമിഴ് പഠിക്കാനുള്ള കൊതികൊണ്ട് ഇടയ്ക്ക് കെസിയച്ചേച്ചിക്ക് തമിഴില്‍ കത്തുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ചേച്ചി അതിന് മറുപടിയൊന്നും അയച്ചില്ല. കാരണം ചോദിച്ചപ്പോള്‍, ''ഒന്നും വായിക്കാന്‍ പറ്റില്ല. പൊട്ടത്തെറ്റാണ് എഴുതിവെച്ചിരിക്കുന്നത്'' എന്നുപറഞ്ഞു. എന്റെ വിഷമം കണ്ടപ്പോള്‍ കെസിയച്ചേച്ചി സോറിപറയുകയും ഒരു കൂട്ടുകാരിക്ക് എന്റെ അഡ്രസ് കൊടുക്കുകയുംചെയ്തു.
അങ്ങനെ അമുദക്ക എന്റെ പെന്‍ഫ്രണ്ടായി. ഞങ്ങള്‍ തമ്മില്‍ തമിഴില്‍ ദീര്‍ഘമായ കത്തിടപാടുകള്‍ നടത്തി. തമിഴ് വായിക്കാനറിയാത്തതുകൊണ്ട് ആദ്യമൊക്കെ രണ്ടും മൂന്നും ദിവസമെടുത്താണ് വായിച്ചുതീര്‍ത്തത്. എന്റെ കത്ത് പൊട്ടത്തെറ്റായതുകൊണ്ട് അക്കയ്ക്ക് വായിച്ചെടുക്കാന്‍ ഒരാഴ്ചയിലധികം സമയം വേണ്ടിവരാറുണ്ടെന്ന് കെസിയച്ചേച്ചി പറഞ്ഞുചിരിക്കുമായിരുന്നു.അഞ്ചുമാസം കടന്നുപോയി. അക്കാലംകൊണ്ട് ഞാന്‍ തമിഴ് തരക്കേടില്ലാതെ വായിക്കാനും എഴുതാനും പഠിച്ചു. അതിനിടെ കത്തുവരവ് നിലച്ചു. കെസിയച്ചേച്ചിയോട് ചോദിച്ചപ്പോള്‍ അക്ക പഠിത്തമൊക്കെ ഉപേക്ഷിച്ച് ഒരു ചേട്ടനൊപ്പം പോയെന്നാണ് പറഞ്ഞത്. പിന്നീടവരെക്കുറിച്ചു സംസാരിക്കുന്നത് ചെന്നൈയിലേക്കുള്ള ട്രെയിനില്‍വെച്ചാണ്. അമുദക്ക കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവന്നെന്നും ഒരു കുഞ്ഞുണ്ടെന്നും ചേച്ചി പറഞ്ഞു. ചെന്നൈയില്‍ ട്രെയിനിറങ്ങി. മാരിക്കൊഴുന്തും മല്ലികപ്പൂവും മണക്കുന്ന തെരുവുകള്‍ കടന്ന് ഞങ്ങള്‍ വീടെത്തി. രണ്ട് ദിവസം കഴിഞ്ഞാണ് ആസ്പത്രിയില്‍ പോകേണ്ടത്. അവര്‍ ഞങ്ങളെ ടൗണും മറീന ബീച്ചുമൊക്കെ ചുറ്റിക്കാണിച്ചു. പുതുവര്‍ഷരാവ് വരികയായിരുന്നു. ന്യൂ ഇയറിന് ഞങ്ങളെല്ലാവരും ബീച്ചില്‍ പോകാന്‍ തയ്യാറായിരിക്കുമ്പോഴാണ് അമ്മയ്ക്ക് ബ്ലീഡിങ് തുടങ്ങുന്നത്. യാത്രചെയ്ത് ദേഹമിളകിയതുകൊണ്ടാകും. അമ്മ വീട്ടിലിരിക്കാന്‍ തീരുമാനിച്ചു. എനിക്കും പോകാന്‍ തോന്നിയില്ല. ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ പോയില്ല. എട്ടുമണിയൊക്കെ ആയപ്പോള്‍ എല്ലാവരും പോയി. അടുത്തവീടുകളിലൊന്നും ആരുമില്ല.
കാലത്ത് അമുദക്കയെ ഒരുനോക്ക് കണ്ടിരുന്നു. സംസാരിക്കാനൊന്നും പറ്റിയില്ല. ഞാന്‍ വന്നുവെന്നുകാണിച്ച് ഒരു കുറിപ്പെഴുതി കെസിയച്ചേച്ചി ആരും കാണാതെ അവര്‍ക്ക് കൊടുത്തിരുന്നു. അവര്‍ക്ക് പുറമെയുള്ളവരോടൊന്നും സംസാരിക്കാനുള്ള അനുവാദമില്ലാതിരുന്നതുകൊണ്ട് ഇങ്ങനെ എഴുത്തുകളിലൂടെയാണ് കെസിയച്ചേച്ചി അവരുമായി വിശേഷങ്ങള്‍ കൈമാറിയിരുന്നത്.
നടി അമലയെപ്പോലെ മെലിഞ്ഞുനീണ്ട സുന്ദരിയാണ് അമുദക്ക. നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബം. അമ്മയില്ല. അമ്മയുടെ അനുജത്തിയെയാണ് അച്ഛന്‍ പിന്നീട് വിവാഹംചെയ്തത്. ചിന്നമ്മയ്ക്ക് അവരെ തീരെ ഇഷ്ടമല്ല. കീഴ്ജാതിയില്‍പ്പെട്ട ഒരാള്‍ക്കൊപ്പം പോയതോടെ വെറുപ്പ് കൂടുകയുംചെയ്തു. വീട്ടില്‍നിന്നു കിട്ടാത്ത സ്‌നേഹം പുറമേ ഒരാളില്‍നിന്നു കിട്ടിയപ്പോള്‍ അങ്ങനെ സംഭവിച്ചുപോയതാണ്. ഒന്നിച്ചു താമസിച്ച് ഒരുമാസം കഴിഞ്ഞപ്പോള്‍, അയാള്‍ ജോലിതേടി ആന്ധ്രയിലേക്ക് പോയി. അവരന്ന് ഏഴുമാസം ഗര്‍ഭിണി. ആറുമാസം ഗര്‍ഭമുള്ളപ്പോഴാണ് അയാള്‍ക്കൊപ്പം വീടുവിട്ടുപോകുന്നത്. അതുവരെ ഇക്കാര്യം അടുത്ത കൂട്ടുകാരി കെസിയച്ചേച്ചി പോലും അറിഞ്ഞിരുന്നില്ല.
അയാള്‍ പോയതോടെ ചേച്ചിയുടെ കാര്യം പരുങ്ങലിലായി. ആരോരുമില്ലാതെ ഒരു കുടുസ്സുമുറിയില്‍ കഴിയാനാവാതെ രണ്ടുംകല്പിച്ച് വീട്ടിലേക്ക് തിരിച്ചുവന്നു. ഒരു പെണ്‍കുഞ്ഞുണ്ടായതോടുകൂടി സ്ഥിതി വളരെ മോശമായി. ചിന്നമ്മയും മക്കളും അവരെയും കുഞ്ഞിനെയും ഉപദ്രവിക്കുക സാധാരണമായിരുന്നു. വീട്ടില്‍നിന്ന് പുറത്തുകടക്കാനോ, പുറമേയുള്ളവരോട് മിണ്ടാനോ അനുവാദമില്ല. അവര്‍ക്കാണെങ്കില്‍ ഭര്‍ത്താവിനെ അന്വേഷിച്ചുപോകണമെന്നുണ്ട്.
പുത്താണ്ടാഘോഷങ്ങള്‍ക്കായി എല്ലാവരും പോയിക്കഴിഞ്ഞ്, അമ്മയും ഞാനും ആഹാരം കഴിച്ച് കിടക്കാന്‍ തുടങ്ങുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു. അമുദക്കയും കുഞ്ഞുമാണ്. അവരാകെ കരഞ്ഞുകലങ്ങിയിരുന്നു. 'കുഞ്ഞിനെ അല്പസമയം നോക്കാമോ? ഞാന്‍ ഒരിടംവരെ പോയിവരാം' എന്നുപറഞ്ഞ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ച് അവര്‍ എങ്ങോട്ടോ പോയി. മഞ്ഞനിറമുള്ള ടൗവലില്‍ പൊതിഞ്ഞ കുഞ്ഞുവാവയെയും നോക്കി ഞാന്‍ കുറച്ചുനേരം ഇരുന്നു. അക്ക എനിക്ക് കത്തെഴുതുമ്പോള്‍ ഈ കുഞ്ഞ് അക്കയുടെ ഉള്ളിലുണ്ടായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അതിനോട് എനിക്ക് വാത്സല്യം തോന്നി.
ഒരുമണിക്കൂര്‍ കഴിഞ്ഞുകാണണം, കുഞ്ഞെഴുന്നേറ്റ് കരച്ചില്‍തുടങ്ങി. അമ്മയ്ക്കാണെങ്കില്‍ കുഞ്ഞുങ്ങളെന്നുവെച്ചാല്‍ ജീവനാണ്. വയ്യെങ്കിലും അമ്മ എഴുന്നേറ്റ് അതിനെയുമെടുത്ത് വീടുമൊത്തം നടന്നു. എന്തുചെയ്തിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല. അമ്മ പാല്‍പ്പൊടി കലക്കി കൊടുത്തുനോക്കി, അരിപ്പൊടി കുറുക്കി കൊടുത്തുനോക്കി, ഒരുരക്ഷയുമില്ല. ആരെയെങ്കിലുമൊന്നു വിളിക്കാമെന്നുവെച്ചാല്‍ അടുത്തവീടുകളിലൊന്നും ഒരുമനുഷ്യനുമില്ല. എല്ലാവരും ബീച്ചിലേക്ക് പോയിരിക്കുകയാണ്. അന്ന് മൊബൈല്‍ഫോണും ഇല്ല.
''കുഞ്ഞിനെ നമ്മളെ ഏല്‍പ്പിച്ച് മരിക്കാന്‍ പോയതായിരിക്കുമോ?'', അമ്മ പേടിയോടെ ചോദിച്ചു. അമ്മയ്ക്ക് ടെന്‍ഷന്‍ കാരണം ബ്ലീഡിങ് കൂടി. കരയുന്ന കുഞ്ഞിനെയും കൊണ്ട് ടെന്‍ഷനടിച്ച് നടക്കുകയാണ് ഞാന്‍. കരഞ്ഞു കരഞ്ഞ് കുഞ്ഞിന്റെ ദേഹമൊക്കെ ചുവന്ന്, ഞരമ്പുകളൊക്കെ തെളിഞ്ഞുകിടക്കുന്നു. ഇങ്ങനെ കരയാനുള്ള ആരോഗ്യം ആ മെലിഞ്ഞ ദേഹത്തിനുണ്ടോ എന്ന് ഞാന്‍ ഭയന്നു.
നഗരത്തിന്റെ പലയിടങ്ങളില്‍നിന്നും പുത്താണ്ടിനെ വരവേറ്റുകൊണ്ടുള്ള ആരവങ്ങള്‍ കേട്ടുതുടങ്ങി. ഞങ്ങളുടെ ഉള്ളുമാത്രം കിടുങ്ങിവിറച്ചുകൊണ്ടിരുന്നു. വെളുപ്പിന് നാലുമണിയൊക്കെയായപ്പോഴാണ് ആഘോഷം കഴിഞ്ഞ് എല്ലാവരും എത്തിയത്. അപ്പോഴേക്കും കുഞ്ഞ് തളര്‍ന്ന് ഉറങ്ങിയിരുന്നു. അതിന് ജീവനുണ്ടോ എന്ന്, ഞാനും അമ്മയും മാറിമാറി നോക്കിക്കൊണ്ടിരുന്നു. സിസിയാന്റിയോട് കാര്യം പറഞ്ഞപ്പോള്‍, കുഞ്ഞിനെ വാങ്ങേണ്ടിയിരുന്നില്ലെന്നും അക്ക ആത്മഹത്യചെയ്യാന്‍ പോയതായിരിക്കുമെന്നും പരിഭ്രാന്തിയോടെ പറഞ്ഞു. പിന്നെ കുഞ്ഞിനെ എന്തുചെയ്യണമെന്നുള്ള ചിന്തയായി. അക്കയുടെ വീട്ടില്‍ക്കൊണ്ടു കൊടുത്താലുള്ള പ്രതികരണം അറിയാവുന്നതുകൊണ്ട് അതു വേണ്ടെന്നുവെച്ചു. നേരം വെളുക്കുന്നതുവരെ കാത്തിരിക്കാന്‍ മാത്യൂസ് അങ്കിള്‍ പറഞ്ഞു.
അങ്ങനെ, മരിച്ചവീട്ടിലെന്നപോലെ എല്ലാവരും ഇരിക്കുമ്പോഴാണ് അഞ്ചുമണിയോടെ ഒരു ടാക്‌സിയില്‍ അമുദക്കയും അവരുടെ ഭര്‍ത്താവും വന്നിറങ്ങുന്നത്. തലേന്നുരാത്രി അമുദക്കയുടെ വീട്ടിലുള്ളവരെല്ലാം പുത്താണ്ടാഘോഷങ്ങള്‍ക്കായി പോയിക്കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് അവിടെ എത്തുന്നതും താംബരത്ത് വാടകയ്‌ക്കെടുത്ത വീട്ടിലേക്ക് അവരെ കൊണ്ടുപോകുന്നതും. വീടൊക്കെ വൃത്തിയാക്കി, വീട്ടുസാധനങ്ങളൊക്കെ വാങ്ങി, വീട്ടുകാരെത്തുംമുന്‍പ് തന്റെയും കുഞ്ഞിന്റെയും സാധനസാമഗ്രികളൊക്കെയെടുത്ത് വാടകവീട്ടില്‍ കൊണ്ടുവെച്ച്, എല്ലാം ഒരുക്കിക്കഴിഞ്ഞപ്പോഴേക്കും ആ നേരമായി. കുഞ്ഞ് ഞങ്ങളുടെയടുത്തുണ്ടാവുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു അക്ക.
അവരുടെ സന്തോഷം കണ്ടപ്പോള്‍ ഞങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളൊന്നും പറഞ്ഞില്ല. ഉറങ്ങുന്ന കുഞ്ഞിനെയും വാങ്ങി 'പുത്താണ്ട് വാഴ്ത്തുക്കള്‍' ആശംസിച്ച് തിടുക്കത്തില്‍ ടാക്‌സിയില്‍ കയറി അവര്‍ പോയി. 'പാവം നന്നായിരിക്കട്ടെ!' എന്നുംപറഞ്ഞ് അമ്മ ആ ടാക്‌സി കണ്ണില്‍നിന്നു മറയുന്നതുവരെ നോക്കിനിന്നു. ഇന്നും ന്യൂ ഇയര്‍ വരുമ്പോഴും തമിഴ് പുസ്തകങ്ങള്‍ വായിക്കുമ്പോഴുമെല്ലാം എന്റെയുള്ളില്‍ അമുദക്കയും ആ രാത്രിയും കുഞ്ഞിന്റെ കരച്ചിലും കടന്നുവരും. ആ പുത്താണ്ടുരാത്രിയും കുഞ്ഞിക്കരച്ചിലും ഇപ്പോഴും ഓര്‍മകളിലുണ്ടെന്ന് അമ്മയും പറയാറുണ്ട്.
Content Highlights: mini pc writes a intense life experience