പഞ്ചനക്ഷത്രഹോട്ടലുകളും ചേരികളും; ആനന്ദനഗരമായ കൊൽക്കത്തയിലെ കാഴ്ചകൾ

വാക്കും വാഴ്‌വും
#ശ്രീകാന്ത് കോട്ടയ്ക്കല്‍
കാഷായത്തിന്റെ കൊൽക്കത്ത
കാഷായത്തിന്റെ കൊൽക്കത്ത

ഇത്തവണ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ വര്‍ഷങ്ങളായുള്ള പതിവിന് വിപരീതമായി താമസിച്ചത് ഒരു പഞ്ചനക്ഷത്രഹോട്ടലിലായിരുന്നു; പ്രിയപ്പെട്ട സുഹൃത്തിനൊപ്പം. മുറിയുടെ ജാലകത്തിരശ്ശീല നീക്കിയാല്‍ വലിയ ചില്ലിനപ്പുറം താഴെ, നീണ്ട നീള്‍മിഴിപോലുള്ള നീന്തല്‍ക്കുളം. അതില്‍ നീന്തിത്തുടിക്കുന്ന മാദകാംഗിമാരായ സ്ത്രീകള്‍; മേദസ്സ് കവിഞ്ഞ ശരീരമുള്ള പുരുഷന്മാര്‍; സമ്പന്നതയില്‍ വളര്‍ന്ന കുട്ടികള്‍; ഉറച്ച ശരീരത്തില്‍ അമിതമായി അഭിമാനിക്കുന്ന യുവാക്കള്‍. നീന്തല്‍ക്കുളത്തിനുചുറ്റും ഈന്തപ്പനകള്‍. അതിനപ്പുറം സാള്‍ട്ട് ലേക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം. സ്റ്റേഡിയത്തെച്ചുറ്റി വിശാലമായ പാത. അതിനുമപ്പുറം ഷാരൂഖ് ഖാനടക്കമുള്ള സമ്പന്നരുടെ ഫ്‌ളാറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫ്‌ളൈഓവറുകള്‍. വിമാനത്താവളത്തിലേക്ക് വരുകയും തിരിച്ചുപോകുകയും ചെയ്യുന്ന ആഡംബരവാഹനങ്ങള്‍. അതിനുള്ളില്‍ വിയര്‍പ്പ് പുരളാത്ത ശരീരങ്ങളും മുഖങ്ങളും.

ഹോട്ടലിന്റെ ലോബിയിലും ഭക്ഷണശാലയിലും പലപല പരിമളങ്ങള്‍. പണം കിലുങ്ങുന്ന ശരീരങ്ങള്‍. ബുഫേ കൗണ്ടറില്‍ അവരുടെ ഭക്ഷണാസക്തി. 'കുറച്ചുകൂടി വലിയ പ്ലേറ്റ് കിട്ടിയിരുന്നെങ്കില്‍' എന്നതരത്തിലുള്ള നിശ്വാസങ്ങള്‍. ഭക്ഷണമേശയില്‍ പൊട്ടിച്ചിരികള്‍, ചുംബനങ്ങള്‍. പിരിയുമ്പോഴുള്ള ആലിംഗനങ്ങള്‍. രാത്രിയില്‍ തിളങ്ങുന്ന വിരുന്നുകള്‍. സ്‌കോച്ച് വിസ്‌കിയുടെ നീറിപ്പടരുന്ന മണം. പാട്ടുകളും പൊട്ടിച്ചിരികളും.
എത്രവേഗം മടുക്കുന്നു
വിരുന്നിലെ വിഡ്ഢിച്ചിരികള്‍,
മരിച്ച മത്സ്യംപോലെ വാക്കുകള്‍.
പേരറിയാത്തവര്‍ തങ്ങളില്‍
ഹസ്തദാനങ്ങള്‍.

ഉടുപ്പുലയാതുള്ള കെട്ടിപ്പിടുത്തം.
വഴുക്കുന്ന ചുംബനം
മനസ്സില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഘനസ്വരം മുഴങ്ങി.
രാത്രി ഒരു പുതപ്പ് പങ്കിട്ടുറങ്ങുമ്പോള്‍ ഞാന്‍ സുഹൃത്തിനോട് പറഞ്ഞു:
''ഇതെന്റെ കൊല്‍ക്കത്തയല്ല.''
''എനിക്കറിയാം. പ്രശസ്തി വന്നുപൊതിഞ്ഞപ്പോള്‍ ഞാനിത്തരം സ്ഥലങ്ങളില്‍ താമസിച്ച് ശീലിച്ചുപോയി. എന്തുചെയ്യാം?'', ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സുഹൃത്ത് പറഞ്ഞു.
അന്ന് ഞങ്ങള്‍ ഹേമന്ത് മുഖര്‍ജി പാടിയ രബീന്ദ്രസംഗീതം കേട്ടുറങ്ങി.

മഹാനഗരം

പിറ്റേന്ന് കൊല്‍ക്കത്തയുടെ പകലിന് അന്‍പത് ഡിഗ്രി ചൂടായിരുന്നു. വൃക്ഷങ്ങള്‍ ഉരുകിനിന്നു. നീന്തല്‍ക്കുളത്തില്‍ ആളൊഴിഞ്ഞു. അന്‍പതുവര്‍ഷത്തിനിടയില്‍ കൊല്‍ക്കത്തയനുഭവിച്ച ഏറ്റവും വലിയ ചൂടിനെക്കുറിച്ച് പ്രദേശവാസികളായ ഹോട്ടല്‍ജോലിക്കാര്‍ പറഞ്ഞു. അന്ന് പുറത്തെങ്ങും പോവേണ്ടെന്ന് ഞാനും സുഹൃത്തും തീരുമാനിച്ചു. പഞ്ചനക്ഷത്രഹോട്ടലിന്റെ പരിമളങ്ങള്‍ കലര്‍ന്ന തണുപ്പില്‍ ഞങ്ങള്‍ സുഖിമാന്മാരായി അടയിരുന്നു.

തണുപ്പുനിറഞ്ഞ മുറിയില്‍, ജാലകത്തിരശ്ശീല നീക്കി നഗരപാതകളിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍, തൊട്ടുമുന്‍പുള്ള ആഴ്ച പിന്നെയും വായിച്ചുതീര്‍ത്ത ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനും മനസ്സില്‍ വന്നു. ഓ ജറുസലേം, ഈസ് പാരീസ് ബേണിങ്, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്നീ പ്രസിദ്ധപുസ്തകങ്ങളുടെ സഹരചയിതാവായ ഡൊമിനിക് ലാപിയര്‍ എഴുതിയ 'സിറ്റി ഓഫ് ജോയ്'. കൊല്‍ക്കത്തായാത്രകള്‍ ആരംഭിക്കുന്നതിനുമുന്‍പ് അത് വായിച്ചിരുന്നു. അന്ന് എനിക്കത് അവിശ്വസനീയമായ ഭാവനാവിവരണങ്ങളുടെ പുസ്തകമായിട്ടാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ ദാരിദ്ര്യത്തെ പെരുപ്പിച്ചുകാണിച്ച് വിദേശത്ത് വില്‍ക്കുന്ന കപടനായ എഴുത്തുകാരനാണ് ലാപിയര്‍ എന്ന് ഞാന്‍ ധരിച്ചു. എന്നാല്‍, വര്‍ഷങ്ങളിലൂടെയുള്ള നിരന്തര കൊല്‍ക്കത്തായാത്രകളും അനുഭവങ്ങളും ലാപിയറെക്കുറിച്ചുള്ള എന്റെ ധാരണകളുടെ തൂണുകളെ ഇടിച്ചുനിരത്തി താഴെയിട്ടു. ഓരോ യാത്ര കഴിഞ്ഞും ഞാന്‍ 'സിറ്റി ഓഫ് ജോയ്' വായിക്കാന്‍ തുടങ്ങി. ഓരോ വായനയും എന്റെ അനുഭവങ്ങളുമായി കലര്‍ന്നു. അതെന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. 'ആനന്ദനഗരം' എന്ന പുസ്തകം എനിക്ക് വേദാന്തപാഠമായി. കൊല്‍ക്കത്ത ആത്മവിദ്യാലയമായി.

കൊൽക്കത്താ നഗരത്തിലെ സൈക്കിൾ റിക്ഷകളിലൊന്ന്‌

ഇപ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത നഗരപ്പകലില്‍ ആ പുസ്തകം വീണ്ടുമൊരിക്കല്‍ മനസ്സില്‍ അതിന്റെ താളുകള്‍ തുറന്നു. കൃഷിയും കാലിവളര്‍ത്തലും മണ്ണുമെഴുകി വൈക്കോല്‍ മേഞ്ഞ വീടും ചാണകം മെഴുകിയ മുറ്റവും ചാണകവരളികള്‍ പതിച്ച വീട്ടുചുവരുകളും വൃത്തിയുള്ള കുളങ്ങളുമുള്ള പ്രശാന്തമായ ഗ്രാമജീവിതം വിട്ട് കൊല്‍ക്കത്തയില്‍ ഭാഗ്യംതേടിയെത്തിയ ഹസാരിപാല്‍ എന്ന കര്‍ഷകനും കുടുംബവും ; സഹനത്തിന്റെ പാരമ്യത്തിലൂടെ മോക്ഷപ്രാപ്തി തേടിയെത്തിയ അസീസിയിലെ ഫ്രാന്‍സിസ് പുണ്യാളനെ ഓര്‍മ്മിപ്പിക്കുന്ന പോളണ്ടുകാരനായ വൈദികന്‍ സ്റ്റെഫാന്‍ കൊവാള്‍സ്‌കി ; ഫ്ളോറിഡയിലെ മയാമി നഗരത്തില്‍നിന്ന് എന്തോ ഉള്‍വിളിയാല്‍ നഗരദാരിദ്ര്യത്തിലേക്കെത്തിയ ഡോക്ടര്‍ മാക്‌സ് ലോബ് എന്നീ മൂന്ന് മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ലാപിയര്‍ കൊല്‍ക്കത്തയുടെ കഥപറയുന്നത്. അവര്‍ക്കൊപ്പം ആരൊക്കെയാണ് ചേരുന്നത്! റിക്ഷ വലിച്ചുവലിച്ച് ചോരതുപ്പിച്ചാവുന്ന അതിദരിദ്രരായ മനുഷ്യര്‍, അവരെ ഭരിക്കുന്ന ക്രൂരരായ നിഗൂഢലോബി, വികൃതശരീരവുമായി ജീവിക്കുന്ന കുഷ്ഠരോഗികള്‍, വ്യാജച്ചാരായവില്‍പ്പനക്കാര്‍, ലൈംഗികത്തൊഴിലാളികള്‍, ഭിന്നലൈംഗികവിഭാഗക്കാര്‍, കൂട്ടിക്കൊടുപ്പുകാര്‍, സന്ന്യാസിമാര്‍, മദര്‍ തെരേസയും അവരുടെ മാലാഖമാരും, എണ്ണമറ്റ യാചകന്മാര്‍, നിശാനര്‍ത്തകിമാര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകര്‍, നക്‌സലൈറ്റുകള്‍, കൊടിയ ദാരിദ്ര്യം കാരണം സ്വന്തം അസ്ഥികള്‍ മരിക്കുന്നതിനുമുന്‍പേ വിറ്റ് അഡ്വാന്‍സ് വാങ്ങുന്ന നിര്‍ഭാഗ്യവാന്മാര്‍, ആ എല്ലുകള്‍ വാങ്ങി വിദേശത്തെ മെഡിക്കല്‍ മേഖലയില്‍ പഠിക്കാനയയക്കുന്ന ഹോള്‍സെയില്‍ ഏജന്‍സികള്‍, അജ്ഞാതമൃതദേഹങ്ങളുടെയും എല്ലുകള്‍ സ്വയം പണയപ്പെടുത്തിയവര്‍ മരിച്ചാലുടന്‍ അവരുടെയും എല്ലുകള്‍ ശേഖരിക്കുന്ന 'ഡോമുകള്‍' എന്ന ഇടനിലക്കാര്‍, ഹൂഗ്ലിയുടെ തീരത്തെ ശ്മശാനങ്ങളുടെയും ആശുപത്രി മോര്‍ച്ചറികളുടെയും അടുത്ത് അവര്‍ പാര്‍ക്കുന്ന ഗൂഢകേന്ദ്രങ്ങള്‍, രാഷ്ട്രീയവും സാഹിത്യവും സിനിമയും ചര്‍ച്ചചെയ്യുന്ന ഭദ്രലോക് ബുദ്ധിജീവികള്‍... കൊല്‍ക്കത്ത എന്ന അദ്ഭുതനഗരത്തിന്റെ ആഴവും അജ്ഞാതസ്വഭാവങ്ങളുമെല്ലാം ലാപിയര്‍ തുറന്നുകാട്ടിത്തരുന്നു.

നഗരബാല്യം

സങ്കല്പാതീതമായ ആതിഥ്യശേഷിയുള്ള നഗരമായാണ് ലാപിയര്‍ കൊല്‍ക്കത്തയെ വിശേഷിപ്പിക്കുന്നത്. ഹോമിയോ മരുന്ന് കഴിക്കുന്നതുപോലെ, മെല്ലമെല്ലെ അറിയേണ്ട നഗരമാണിതെന്ന കാര്യം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റെഫാന്‍ കൊവാള്‍സ്‌കിക്കറിയാമായിരുന്നു. ''അതാണതിന്റെ രീതി. സുദീര്‍ഘവും വിഷമകരവുമായ ഒരു സപര്യയാണത്.''
ശാന്തമായ ബംഗാള്‍ഗ്രാമത്തില്‍നിന്ന് ഹൗറാ സ്റ്റേഷനില്‍ വന്നിറങ്ങിയ ഹസാരിപാലിനുമുന്നില്‍ നുരഞ്ഞ കൊല്‍ക്കത്താ നഗരദൃശ്യം ഇങ്ങനെയായിരുന്നു:

''പ്രഭാതത്തിലെ നീണ്ട നടത്തം. ആടിയുലഞ്ഞുനീങ്ങിയ ബസ്സിലേയും രാത്രിയില്‍ തിങ്ങിഞെരുങ്ങിയ മൂന്നാംക്ലാസ് ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിലേയും യാത്ര. ഇതെല്ലാം കഴിഞ്ഞ് ഹസാരിപാലും കുടുംബവും കൊല്‍ക്കത്തയിലെ രണ്ട് റെയില്‍വേ ടെര്‍മിനസുകളിലൊന്നായ ഹൗറാ സ്റ്റേഷനിലെത്തിച്ചേര്‍ന്നു. നിമിഷനേരത്തേക്ക് നിശ്ചലമാകുംവിധം സ്തബ്ധരായിപ്പോയ വിസ്മയക്കാഴ്ചയായിരുന്നു അവരെ നേരിട്ടത്. പൊടുന്നനെ നാനാദിശകളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന ജനക്കൂട്ടം അവരെ വിഴുങ്ങി. പൊതിക്കെട്ടുകളുടെയും പെട്ടികളുടെയും കുന്നുകള്‍ വഹിക്കുന്ന കൂലികള്‍; സങ്കല്പിക്കാവുന്ന എല്ലാ വ്യാപാരവസ്തുക്കളും വില്‍ക്കുന്ന വാണിഭക്കാര്‍, ഓറഞ്ച്, ചെരിപ്പ്, ചീര്‍പ്പ്, കത്രിക, കെട്ടുചങ്ങല, ഗ്ലാസ്, സഞ്ചികള്‍ എന്നിവയുടെ കൂനകള്‍; ഇവയ്ക്കുപുറമേ, എല്ലാതരം ഭക്ഷ്യപേയങ്ങളും. ഇത്രയും വിപുലമായ വിഭവസമൃദ്ധി അവര്‍ മുന്‍പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. യാത്രികരുടെ മധ്യത്തിലൂടെ പാഞ്ഞുനടക്കുന്ന സന്ന്യാസിമാര്‍. ഇരുപതുപൈസ കൊടുത്താല്‍ അവര്‍ തലയില്‍ കൈവെച്ചനുഗ്രഹിക്കുകയോ ഏതാനും തുള്ളി ഗംഗാതീര്‍ഥം വായിലിറ്റിക്കുകയോ ചെയ്യും. ഷൂ പോളിഷുകാര്‍, ചെവി വൃത്തിയാക്കുന്നവര്‍, ചെരിപ്പുകുത്തികള്‍, ആധാരമെഴുത്തുകാര്‍, ജോത്സ്യന്മാര്‍ എന്നിവരെല്ലാം അവരുടെ സേവനം വാഗ്ദാനംചെയ്തുകൊണ്ട് അവിടെയിരിപ്പുണ്ടായിരുന്നു. അമ്പരന്ന് നാവിറങ്ങിപ്പോയപോലെ, ഹസാരിയും കുടുംബവും സ്വയം നഷ്ടപ്പെട്ടുനിന്നു. അവര്‍ക്ക് ചുറ്റുമുള്ള നിരവധി യാത്രക്കാരും അവരെപ്പോലെത്തന്നെ ആശയക്കുഴപ്പത്തില്‍പ്പെട്ടിരിക്കുകയാണെന്ന തോന്നലുളവാക്കി...''

....റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഉദ്ഭവിക്കുന്ന യാത്രക്കാരുടെ പ്രളയത്തിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ അയാളും കുടുംബവും കൂപ്പുകുത്തി. പുതുതായി വന്ന ഈ കര്‍ഷകന് മുന്നിലെ ദൃശ്യം പെട്ടെന്ന് ഒരു തിരയിളക്കമുണ്ടായി. വഴിവാണിഭക്കാരുടെ ഒരു സമൂഹം ഹസാരിയെ പൊതിഞ്ഞു. ബോള്‍പേന, മധുരപലഹാരങ്ങള്‍, ഭാഗ്യക്കുറി, മറ്റനേകം സാധനങ്ങള്‍ എന്നിവ നീട്ടിക്കൊണ്ട് അവര്‍ അയാളുടെ നേരെ ചെന്നു. യാചകര്‍ അയാളെ അക്രമിച്ചു. കുഷ്ഠരോഗികള്‍ അയാളുടെ ഷര്‍ട്ടില്‍ പിടിച്ചുതൂങ്ങി. സ്റ്റേഷന് വെളിയിലാണെങ്കില്‍ ലോറികള്‍, ബസ്സുകള്‍, ടാക്‌സികള്‍, കൈവണ്ടികള്‍, സ്‌കൂട്ടറുകള്‍, സൈക്കിള്‍റിക്ഷകള്‍, കുതിരവണ്ടികള്‍, മോട്ടോര്‍ ബൈക്കുകള്‍, സൈക്കിളുകള്‍ എന്നിവയുടെ ചുഴലിക്കാറ്റ് ഭ്രാന്തമായി ഒന്നടങ്കം ചുറ്റിത്തിരിഞ്ഞു. നടക്കാവുന്ന വേഗത്തില്‍ അവ ഭീകരവും ക്രമരഹിതവുമായി അലങ്കോലപ്പെട്ട ശബ്ദബാഹുല്യത്തിനിടയില്‍ മുന്‍പോട്ട് ഇഴഞ്ഞുനിങ്ങി. മുച്ചക്രവാഹനങ്ങളുടെ ഓരിയിടല്‍, ഹോണ്‍ശബ്ദങ്ങള്‍, എന്‍ജിനുകളുടെ ഇരമ്പം, ബസിന്റെ ഹോണ്‍മുഴക്കം, കൈവണ്ടികളുടെ മണിനാദം, ഉച്ചഭാഷിണികളുടെ ആരവം-ആരാണ് കൂടുതല്‍ ശബ്ദമുണ്ടാക്കുന്നത് എന്നറിയാനുള്ള മത്സരംമാതിരിയായിരുന്നു അത്. ''വര്‍ഷകാലത്തെ ആദ്യ മഴയെ വിളിച്ചറിയിക്കുന്ന ഇടിനാദത്തെക്കാളും രൂക്ഷമായിരുന്നു അത്''ഹസാരി പറയും: ''എനിക്ക് തല പൊട്ടിത്തെറിക്കുമെന്ന് തോന്നിപ്പോയി....''

കൊല്‍ക്കത്ത, ഹൗറ എന്നീ ഇരട്ട നഗരങ്ങളെ ബന്ധിപ്പിച്ചിരുന്ന ഏക കണ്ണി പാലമായിരുന്നു. ഗംഗയുടെ കൈവഴിയായ ഹുഗ്ലി നദിക്ക് കുറുകെ അത് നീണ്ടുനിവര്‍ന്ന് കിടന്നു. ലോകത്തിലെ ഏറ്റവും ജനനിബിഡമായ പാലം ഇതാണ് എന്നകാര്യം നിസ്തര്‍ക്കമാണ്. ദശലക്ഷത്തില്‍പ്പരം മനുഷ്യരും പതിനായിരക്കണക്കിന് വാഹനങ്ങളും എന്നും വിഭ്രമാത്മകമായ വിക്ഷുഭ്ധതയോടെ ആ പാലത്തിലൂടെ സഞ്ചരിച്ചു. നിലത്ത് നിരത്തിവെച്ചിരിക്കുന്ന സാധനങ്ങളുടെ പിറകിലിരുന്ന ചിലയ്ക്കുന്ന വ്യാപാരികളുടെ ഇടമുറിയാത്ത രണ്ട് നിരകള്‍ക്കിടയില്‍, വിവിധ ദിശകളിലേക്ക് പോകാന്‍ തള്ളിനീക്കി വഴിയുണ്ടാക്കിയ ആളുകളുടെ പ്രവാഹത്തില്‍ ഹസാരി വിലയംപ്രാപിച്ചു. സഞ്ചാരപാതയുടെ ആറ് വരികളിലായി നൂറുകണക്കിന് വാഹനങ്ങള്‍ കണ്ണെത്താവുന്നിടത്തോളം ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഇടുക്കുവഴിയില്‍ നിറഞ്ഞുതിങ്ങി.

കാറുകളെ മറികടന്നുപോവാനുള്ള യത്‌നത്തില്‍ ലോറികള്‍ അലറിവിളിച്ചു. ചുവന്ന നിറമുള്ള ഇരുനില ബസ്സുകള്‍ അവയുടെ വശങ്ങളില്‍ തൂങ്ങിനില്‍ക്കുന്ന യാത്രക്കാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചില ബസ്സുകളാവട്ടെ അതേപടി ഏതുനിമിഷവും മറിഞ്ഞുവീഴാമെന്ന തോന്നലുളവാക്കിക്കൊണ്ട് ചരിഞ്ഞാണ് നീങ്ങിയത്. അടുക്കിവെച്ച പെട്ടികളുടെയും പൈപ്പുകളുടെയും യന്ത്രങ്ങളുടെയും കൂനയ്ക്ക് കീഴെ ഇഴഞ്ഞുനീങ്ങുന്ന കൈവണ്ടികളുമുണ്ടായിരുന്നു. ആ വണ്ടികള്‍ വലിക്കുന്ന പാവം മനുഷ്യരുടെ പേശികള്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന വിധത്തിലായിരുന്നു. ചുമട്ടുതൊഴിലാളികള്‍ സ്വന്തം തലയിലേറ്റിയ കുട്ടകളുടെ കെട്ടുകളുമായി വലിഞ്ഞുമുറുകിയ മുഖങ്ങളോടെ വേച്ചുവേച്ചുനടന്നു. മറ്റുള്ളവര്‍ വീപ്പകള്‍ ഒരു നീണ്ട വടിയുടെ രണ്ടറ്റത്തുമുറപ്പിച്ച് തോളില്‍ പേറിക്കൊണ്ട് നടന്നു.

വാഹനങ്ങളുടെ ഈ രാവണന്‍കോട്ടയിലൂടെ എരുമകളുടെയും പശുക്കളുടെയും ആടുകളുടെ കൂട്ടത്തെയും തെളിച്ച് വഴിയുണ്ടാക്കിക്കൊണ്ടുപോകുന്നവര്‍. പരിഭ്രാന്തരായ മൃഗങ്ങള്‍ മിക്കപ്പോഴും എല്ലാ ദിശകളിലും പാഞ്ഞുനടന്നു. ''ഈ പാവം മൃഗങ്ങളെങ്ങനെയാണ് ഇത്രയ്ക്ക് ക്ലേശിക്കുന്നത്''തന്റെ ഗ്രാമത്തിന്റെ പ്രശാന്ത സൗന്ദര്യത്തെ ഗൃഹാതുരമായി അനുസ്മരിച്ചുകൊണ്ട് ഹസാരി പറഞ്ഞു... മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാപിയര്‍ എഴുതിവെച്ച ഈ ദൃശ്യങ്ങളെല്ലാം ഇപ്പോഴും കൊല്‍ക്കത്തയില്‍ മാറ്റമൊട്ടുമില്ലാതെ തുടരുന്നു. കാലം കൊല്‍ക്കത്തയ്ക്ക് മുന്നില്‍ തോല്‍ക്കുന്നു. 
        (തുടരും)
(ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഉദ്ധരണികള്‍ എന്‍. ശ്രീകുമാര്‍ ചെയ്ത പരിഭാഷയില്‍ നിന്നാണ്)

Content Highlights: kolkatha travel diary vaakkum vaazhvum sreekanth kottakkal