"പള്ളിക്കൂടത്തിൽ നല്ല മാർക്ക് കിട്ടിയത് കൊണ്ടായില്ല, ജീവിതത്തിൽ ഫസ്റ്റ് ക്ലാസ് മേടിക്കുന്നതാ പ്രധാനം"-കമ്പിളികണ്ടത്തെ കൽഭരണികൾ

ഓർമ്മക്കുറിപ്പുകൾ പലപ്പോഴും മറ്റൊരു ജീവിതത്തിലേക്കുളള ടിക്കറ്റെടുക്കാത്ത യാത്രയാണ്. ആ യാത്രക്കിടയിൽ പരിചിതമായ അനുഭവങ്ങൾ പഴയ ഓർമ്മകളെയുണർത്തും, ഉള്ളിലെ മനുഷ്യനെ വീണ്ടും സജീവമാക്കും. കൂടുതൽ ആഴത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കും. പോൾ കലാനിധിയുടെ ആത്മകഥ 'When Breath Becomes Air' മായാ ഏഞ്ചലോയുടെ 'I Know Why the Caged Bird Sings' എന്നിവയിലൂടെ അറിഞ്ഞ, ജീവിതകഥകൾ ഒന്നുമായിരുന്നില്ലെന്നും അതിനുമപ്പുറം ജീവിതമെന്ന സത്യത്തിന് മൂല്യമുണ്ടായിരുന്നു എന്നുമുള്ള ഓർമ്മപ്പെടുത്തലാണ്. അത്തരത്തിൽ ഹൃദയസ്പർശിയായ നിരവധി അനുഭവങ്ങൾ നിറഞ്ഞ, പതറിപ്പോകുന്ന ജീവിതസന്ദർഭങ്ങളിൽ മനസ്സിൽ പ്രകാശം നിറയ്ക്കാൻ പ്രാപ്തമായ പുസ്തകമാണ് ബാബു എബ്രഹാമിൻ്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ'.
തൻ്റെ പൂർവ്വികരുടെ ജീവിതകഥയോടെ ആരംഭിക്കുന്ന ഈ അനുഭവക്കുറിപ്പ് ലളിതമായ ഭാഷയിലും ശൈലിയിലുമാണ് എഴുതിയിരിക്കുന്നത്. മദ്യപാനിയായ അപ്പൻ സഹകരണ ബാങ്കിൽ കുറേ കാശടയ്ക്കാനുള്ളതുകൊണ്ട് മലബാറിൽ പോയി കാശുണ്ടാക്കി വരാമെന്ന് പറഞ്ഞ് പോയപ്പോൾ പ്രമാണിമാരായ ബന്ധുക്കൾ ഉണ്ടായിരുന്നിട്ടും ആരും സഹായത്തിനില്ലാത്തതിനാൽ പറക്കമുറ്റാത്ത നാലുമക്കളേയും കൂട്ടി കല്ലാർകുട്ടി ഡാമിൽ നിന്ന് ചാടി മരിക്കാൻ നന്ദികുന്നേൽ മേരി എന്ന അമ്മ തീരുമാനിക്കുന്നു. എന്നാൽ അവരുടെ താമസസ്ഥലം വിട്ട് അറിയാത്ത സ്ഥലത്തേക്ക് പോയി ഭിക്ഷ തെണ്ടി ജീവിക്കാമെന്നുള്ള മകളുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് നിറമറ്റു പോയ ജീവിതത്തെ തോൽപ്പിക്കാൻ ആ അമ്മ തീരുമാനിക്കുന്നയിടത്തു നിന്നാണ് സഹന സമരത്തിൻ്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്.
Content Highlights: Discover `Kambilikkandathe Kalbharanikal`, an inspiring memoir by Babu Abraham.