12 പ്രസാധകര്‍ തള്ളിയ പുസ്തകം, 600 മില്യണ്‍ കോപ്പികള്‍ വിറ്റ പരമ്പര, എഴുത്തിലൂടെ മാത്രം ബില്യണയറായ ആദ്യ എഴുത്തുകാരി

ലോകമാകെ ഇന്റര്‍നെറ്റ് പ്രചാരത്തിലാകും മുന്‍പ് ടെലിവിഷനായിരുന്നു വായനയുടെ ശത്രുവായി കണക്കാക്കപ്പെട്ടിരുന്നത്. കുട്ടികള്‍ ടിവിയുടെ മുന്നിലിരുന്ന് നശിക്കുന്നു എന്നതായിരുന്നു അന്നത്തെ പരാതി. പുസ്തകങ്ങളുടെ നിറപ്പകിട്ട് കുട്ടികള്‍ക്ക് അന്യമാകുമോ അവരെ സാങ്കേതികവിദ്യ പിടിച്ചുലയ്ക്കുമോ എന്നൊക്കെ ആശങ്ക പരന്ന കാലത്ത് ബ്രിട്ടനില്‍ ഒരു പുസ്തകം പുറത്തിറങ്ങി. ലോകത്തെയാകെ ആ പുസ്തകം പിടിച്ചുകുലുക്കി. അയ്യായിരത്തില്‍ പരം കോപ്പിയാണ് ആദ്യ എഡിഷന്‍. പിന്നെയത് ദശലക്ഷക്കണക്കിന് കോപ്പികളായി.
വായനയുടെ സൗന്ദര്യവും ഭാവനയുടെ കരുത്തും കാട്ടിത്തന്ന ആ അതിശയ സാഹിത്യസൃഷ്ടിയാണ് ജെ.കെ. റൗളിങ്ങിന്റെ ഹാരിപോട്ടര്‍ പരമ്പര. ഏഴ് പുസ്തകങ്ങളാണ് ആ പരമ്പരയിലുള്ളത്. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണ്‍, ഹാരിപോട്ടര്‍ ആന്‍ഡ് ദി ചേംബര്‍ ഓഫ് സീക്രട്ട്‌സ്, ഹാരിപോട്ടര്‍ ആന്‍ഡ് ദി പ്രിസണര്‍ ഓഫ് അസ്‌കബാന്‍, ഹാരിപോട്ടര്‍ ആന്‍ഡ് ദി ഗോബ്ലറ്റ് ഓഫ് ഫയര്‍,ഹാരിപോട്ടര്‍ ആന്‍ഡ് ദി ഓര്‍ഡര്‍ ഓഫ് ദി ഫീനിക്സ്, ഹാരിപോട്ടര്‍ ആന്‍ഡ് ദി ഹാഫ് ബ്ലഡ് പ്രിന്‍സ്, ഹാരിപോട്ടര്‍ ആന്‍ഡ് ദി ഡെത്‌ലി ഹലോസ് എന്നിവയാണ് ആ ഏഴ് പുസ്തകങ്ങള്‍.
1997-ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. 12 പ്രസാധകര്‍ തിരസ്‌കരിച്ച പുസ്തകം ബ്ലൂംസ്‌ബെറിയാണ് ഒടുവില്‍ പ്രസിദ്ധീകരിച്ചത്. പെട്ടെന്നാണ് പുസ്തകം വിപണിയില്‍ മാജിക്ക് കാട്ടിയത്. മില്യണ്‍ കോപ്പികള്‍ വിട്ടുപോയി. രണ്ടാം ഭാഗത്തിനായി ലോകം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. ഓരോ പുസ്തകം കഴിയുംതോറും ജനപ്രീതിയും കൂടി. 2007-ലാണ് അവസാന പുസ്തകം പുറത്തുവരുന്നത്. ഹാരിപോട്ടറിന്റെ 600 മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞത്. മറ്റൊരു പുസ്തകത്തിനും ഈ റെക്കോഡിന്റെ അടുത്തുപോലും എത്താനായിട്ടില്ല.
എട്ട് ഭാഗങ്ങളിലായി വാര്‍ണര്‍ ബ്രോസ് ഹാരിപോട്ടര്‍ സിനിമ അണിയിച്ചൊരുക്കി. സിനിമയും വന്‍ വിജയമായിരുന്നു. ഏറ്റവുമധികം പണം വാരിയത് അവസാനം പുറത്തിറങ്ങിയ ഭാഗമാണ്. 7.7 ബില്യനാണ് ഈ സിനിമ സമ്പാദിച്ചത്. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം, വീക്കെന്‍ഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്നീ റെക്കോഡുകളും സിനിമ നേടി.
ഹാരിപോട്ടറിന്റെ മാന്ത്രികപശ്ചാത്തലം വിശദമാക്കുന്ന സ്പിന്‍ ഓഫ് രചനകള്‍ റൗളിങ് തുടര്‍ന്നും നടത്തി. അവയെല്ലാം സ്വീകരിക്കപ്പെടുകയും ചെയ്തു. ‘ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ്’ എന്ന പേരില്‍ ഹാരിപോട്ടറിന് ഒരു അനുബന്ധ സിനിമാസീരീസ് കൂടിയുണ്ട്. മൂന്ന് സിനിമകളാണ് ഈ സീരീസിലുള്ളത്. ഹാരിപോട്ടര്‍ വീഡിയോ ഗെയിമുകള്‍ 34 മില്യണ്‍ കോപ്പികളാണ് വിട്ടുപോയത്. 2 ബില്യണോളമായിരുന്നു വരുമാനം. ഹാരിപോട്ടര്‍ തീം പാര്‍ക്കുകളുമുണ്ട്. ഇതിനുപുറമെയാണ് ഹാരിപോട്ടര്‍ കാര്‍ഡുകളും ടീഷര്‍ട്ടുകളും അടങ്ങുന്ന ഇതര ഉത്പന്നങ്ങള്‍.
ചരിത്രത്തിലാദ്യമായി എഴുത്തിലൂടെ ബില്യണയറായ വ്യക്തിയാണ് ജെ.കെ. റൗളിങ്. ഇപ്പോഴും പുസ്തകങ്ങളുടെയും സിനിമയുടെയുമൊക്കെ സ്രഷ്ടാവ് എന്ന നിലയില്‍ 80 മില്യനോളം അവര്‍ക്ക് വാര്‍ഷികവരുമാനമുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the incredible journey of Harry Potter, from 12 rejections to a global phenomenon selling 600 million copies & making J.K. Rowling a billionaire.