പെണ്‍കഥകള്‍ക്ക് ഗൃഹലക്ഷ്മി പുരസ്‌കാരം

മലയാളിയുടെ വായനാലോകത്ത് ഗൃഹലക്ഷ്മിയുടെ ആദ്യ ലക്കം പിറവിയെടുത്തിട്ട് നാല്പത്തിയാറ് വര്‍ഷം തികയുകയാണ്. മാതൃഭൂമിയില്‍ നിന്നും സ്ത്രീകള്‍ക്കായി ഒരു പ്രസിദ്ധീകരണം എന്ന എം.ടി. വാസുദേവന്‍ നായരുടെ ആശയമാണ് ഗൃഹലക്ഷ്മിയുടെ പിറവിക്ക് കാരണം. മലയാള സാഹിത്യലോകത്ത് പുതുഭാവുകത്വത്തിന് തിരികൊളുത്തിയ എം.ടി എന്ന പത്രാധിപരുടെ മേല്‍നോട്ടത്തില്‍ തുടങ്ങിയ ഗൃഹലക്ഷ്മിയുടെ അക്ഷരയാത്ര നാല്പത്തിയാറ് വര്‍ഷം പിന്നിടുകയാണ് അക്ഷരങ്ങളുടെയും അനുഭവങ്ങളുടെ ആഴമറിഞ്ഞ ആ യാത്രയുടെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഗൃഹലക്ഷ്മിയുടെ പിറന്നാള്‍ പതിപ്പ് വിപണിയിലെത്തിക്കഴിഞ്ഞു.
അഞ്ച് പുതിയ പംക്തികളും അഞ്ച് പെണ്‍വെളിച്ചങ്ങളും നിറയുന്ന പിറന്നാള്‍ പതിപ്പില്‍ ഒരു കഥാ മത്സരത്തിനും തുടക്കമാവുകയാണ്. ഇക്കാലമത്രയും ജീവിതത്തിനൊപ്പം സാഹിത്യത്തിനും താളുകളില്‍ ഇടം നല്‍കിയ ഗൃഹലക്ഷ്മി സര്‍ഗാത്മകതയുടെ വിളനിലമായ മലയാളത്തിനേകുന്ന അക്ഷരാര്‍ച്ചനയായാണ് ഈ കഥാമത്സരത്തെ കാണുന്നത്. ക്രോസ്വേഡ് പുരസ്‌കാരം ഉള്‍പ്പെടെയുള്ള വിഖ്യാത ബഹുമതികള്‍ മലയാളി സ്ത്രീകള്‍ സ്വന്തമാക്കുന്ന ഈ പുതുകാലത്ത് ഗൃഹലക്ഷ്മിയില്‍ നിന്നുമൊരു കഥാകിരീടം എഴുത്തുകാരികളെ തേടിയെത്തും.
ഒന്നാംസ്ഥാനത്തെത്തുന്ന കഥയ്ക്ക് 50,000 രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ യഥാക്രമം 25,000 രൂപയും 10,000 രൂപയും ഉള്‍പ്പെടുന്നതാണ് ഗൃഹലക്ഷ്മി കഥാപുരസ്‌കാരം.
തിരഞ്ഞെടുക്കപ്പെടുന്ന കഥകള്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിക്കും. ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്ന കഥകള്‍ മാതൃഭൂമി ബുക്ക്സ് പുസ്തക രൂപത്തില്‍ പുറത്തിറക്കുകയുംചെയ്യും. സാഹിത്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയാകും സമ്മാനാര്‍ഹമായ കഥകള്‍ തിരഞ്ഞെടുക്കുക. മത്സരത്തിന്റെ വിശദവിവരങ്ങള്‍ പുതിയലക്കം ഗൃഹലക്ഷ്മിയിലുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi