ഇരുണ്ട നിമിഷങ്ങളിലേക്കായി ഈസ്റ്റർ പകരുന്ന പാഠങ്ങൾ

ഈസ്റ്റർ അഥവാ ഉയിർപ്പ് ഒരു പെരുന്നാൾദിനം മാത്രമല്ല; അത് പ്രത്യാശയുടെ പുനർജനിയാണ്. ഇരുട്ടിനും നിരാശയ്ക്കും മുകളിലായി ഉയിർപ്പ് ശോഭിക്കുന്ന നിമിഷം. 2026 മാർച്ച് 29 ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഒരു പറ്റം ചെറുപ്പക്കാരോടൊപ്പം കുറച്ച് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായി ഒരു യാത്ര. ആ യാത്രയിലൂടെ ഈസ്റ്ററിന്റെ അർഥം കൂടുതൽ ആഴത്തിൽ അനുഭവിക്കാനായതിന്റെ ആത്മാനുഭവം പങ്കുവെക്കുകയാണ്.
മാനസിക വെല്ലുവിളികൾ നേരിടുന്ന ഇരുന്നൂറിലധികം അമ്മമാരും സഹോദരിമാരും താമസിക്കുന്ന, കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിലേക്കാണ് യാത്ര ചെയ്യാൻ അവസരം ലഭിച്ചത്. ആദ്യം, അത് ഒരു സാധാരണ സന്ദർശനമായിരുന്നു. എന്നാൽ, അവിടുത്തെ കാഴ്ചകൾ ഒരു പുതിയ ഉയിർപ്പിന്റെ അനുഭവം തുറന്നുകാട്ടി.
ആ സ്ഥാപനത്തിന്റെ പ്രധാന വാതിൽ കടന്നപ്പോൾ, ഏകാന്തമായ നിശ്ശബ്ദത എന്നെ ചുറ്റിസഞ്ചരിച്ചു. ആ നിശ്ശബ്ദതയിൽ മനോവേദനയുടെ പ്രതിധ്വനികളും മറഞ്ഞിരിക്കുന്ന ജീവിതകഥകളും ഉത്തരവാദിത്വത്തിന്റെ ഭാരവും ഉണ്ടായിരുന്നു. എന്നാൽ, അതിനിടയിൽ ഞാൻ കണ്ടത് അതിശയകരമായ ചില ജീവിതങ്ങളെയാണ്.
ജീവിതം എത്ര വെല്ലുവിളികളാൽ നിറഞ്ഞതായാലും മനുഷ്യഹൃദയം പ്രത്യാശയുടെ ഒരു വിളക്കായി നിലനിൽക്കുന്നു.
മൂന്നു വയസ്സിന് താഴെയുള്ള രണ്ട് പെൺകുട്ടികൾ ഉച്ചയുറക്കത്തിൽ നിന്നുണർന്ന് സിസ്റ്ററമ്മയുടെ കൈപിടിച്ച് ചിരിച്ചുനിൽക്കുന്നു. അവരുടെ ചിരിയിൽ നിർമ്മലതയുടെ വിശുദ്ധി ഉണ്ടായിരുന്നു. ആ കുരുന്നുകൾക്ക് ഈ ലോകമെന്തെന്നറിയില്ലായിരിക്കാം. പക്ഷേ, നിഷ്‌കളങ്കമായ സ്‌നേഹം അവർക്ക് അറിയാമായിരുന്നു.
അവരിൽ മിയ എന്ന കുട്ടി കൗതുകത്തോടെ എന്റെ കൈകളിലിരുന്നു. ആ നിമിഷം, ഞാൻ തിരിച്ചറിഞ്ഞു: പുനരുത്ഥാനം വലിയ അത്ഭുതങ്ങളിൽ മാത്രം സംഭവിക്കുന്നതല്ല; അത് ചെറിയ സ്‌നേഹപ്രകടനങ്ങളിലും സംഭവിക്കുന്നു.
ഒരു യുവതി, തന്റെ ജീവിതകഥ പങ്കുവച്ചു. മറ്റൊരുവൾ മനോഹരമായൊരു ഭക്തിഗാനം ആലപിച്ചു. കണ്ണുകൾ അടച്ചപ്പോൾ പ്രശാന്തിയുടെ വെളിച്ചം മനസ്സിൽ നിറഞ്ഞു. ആ ശാന്തതയിൽ, ഞാൻ ദൈവസ്‌നേഹത്തിന്റെ സ്പർശമറിഞ്ഞു.
നമ്മൾ പലപ്പോഴും ദൈവത്തെ വാക്കുകളിൽ തിരയും. പക്ഷേ, നിശ്ശബ്ദതയിലും തകർന്ന മനസ്സുകളിലും ദൈവസ്‌നേഹം വെളിപ്പെടും. അങ്ങനെയൊരു രംഗമായിരുന്നു അത്. അപ്പോഴും മിയ എന്റെ കൈകളിലിരുന്ന് അച്ചാ എന്ന് വിളിക്കുന്നുണ്ടായിരുന്നു. ഈ നിമിഷങ്ങളിൽ നിരവധി ചോദ്യങ്ങൾ മനസ്സിലുയർന്നുവന്നു, ''ഈസ്റ്റർ നമ്മുടെ ജീവിതത്തിൽ എന്താണ്?'' ഈ സ്ഥാപന സന്ദർശനം എന്നിലുണർത്തിയ ചോദ്യം അതാണ്.
നൂറ്റാണ്ടുകൾക്കുമുമ്പ് കല്ലറ തുറന്നതുമാത്രമാണോ ഈസ്റ്റർ; മനുഷ്യന്റെ അടഞ്ഞ മനസ്സുകൾ തുറക്കുന്നതും മറ്റുള്ളവർക്ക് ഉയിർപ്പിന്റെ പ്രതീക്ഷകൾ നൽകുന്നതും ഈസ്റ്ററാണ്. മരണത്തെ ജയിച്ചതു മാത്രമാണോ ഈസ്റ്റർ? നിരാശരായവർക്ക് പ്രത്യാശ നൽകുന്നതുമാണ് ഈസ്റ്ററിന്റെ സന്ദേശം. അവിടെ നിന്നിറങ്ങുമ്പോൾ, എനിക്ക് എന്തോ നഷ്ടപ്പെട്ടതുപോലെയായിരുന്നു. എന്നാൽ അതേ സമയം, എന്തോ നേടിയതുപോലെയും.
ഈസ്റ്റർ നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: ജീവിതത്തിന്റെ ഇരുണ്ട നിമിഷങ്ങളിലും ദൈവം നിശ്ശബ്ദമായി പ്രവർത്തിക്കുന്നു. നമ്മൾ കാണാത്ത സ്ഥലങ്ങളിലും പ്രത്യാശ വളരുന്നു. മറന്നുപോയ മനുഷ്യരിലൂടെയും ദൈവം തന്റെ മുഖം കാണിക്കുന്നു.
ഈസ്റ്റർ ദിനത്തിൽ, ഒരു ചോദ്യം പരസ്പരം ചോദിക്കാം: നമ്മുടെ ചുറ്റുമുള്ള ''കല്ലറകൾ'' ഏതാണ്? ഒറ്റപ്പെടലിൽ കഴിയുന്നവർ, അവഗണിക്കപ്പെട്ടവർ, ആരാലും മനസ്സിലാക്കപ്പെടാത്തവർ, ഇവരുടെ ജീവിതത്തിലേക്ക് നാം ഒരു പ്രകാശമാകുമോ?
'ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു' എന്ന ക്രിസ്തു വചനം ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശം, നമ്മുടെ ഹൃദയങ്ങളിൽ മാത്രം ഒതുങ്ങാതെ, മറ്റുള്ളവരുടെ ഇരുട്ടിലേക്കും എത്തട്ടെ. അതാണ് യഥാർഥ ഈസ്റ്റർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Easter is a call to bring hope to those in despair., True resurrection happens in small acts of love and human connection., God's presence is often found in silence and broken hearts., The 2026 Easter message encourages us to be lights in the lives of the marginalized., Challenges us to identify and open the 'tombs' of isolation in our society.