അമ്മയുടെ ദേഹത്തു നിന്നഴിച്ചെടുത്ത മാലയും വളയും മൂക്കുത്തിയും എന്നെ കരയിപ്പിച്ചതെന്തിനാണ്...

ഓര്‍മകള്‍ ഓരോ കാലത്തും പല രൂപങ്ങളില്‍ നമ്മെ വന്നുതൊടാറുണ്ട്. പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് നോക്കിന്റെയും വാക്കിന്റെയും ചിരിയുടെയും അകമ്പടിയുണ്ടാകും. ആ വ്യക്തി ഉപേക്ഷിച്ചുപോയ, അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തു ചിലപ്പോള്‍ ജീവിതാന്ത്യത്തോളം അവരുടെ സാന്നിധ്യമായി നമുക്കൊപ്പമുണ്ടാകും. തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരിയുമായ കബനി സിവിക് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അമ്മയുടെ പ്രിയപ്പെട്ട സാരികളെ ഓര്‍ത്തെടുക്കുന്നു. അമ്മയുടെ സാരികള്‍ പല കാലങ്ങളില്‍ ജീവിതത്തെ നിര്‍ണയിച്ച സന്ദര്‍ഭങ്ങളും അവർ ഓര്‍ത്തെടുക്കുന്നു.
അമ്മ മരിച്ചിട്ട് ഈ മാസം 29 ന് ഇരുപതു വര്‍ഷം. അമ്മയെ കുറിച്ച് ഈ ഇരുപതു വര്‍ഷവും ഞാന്‍ എഴുതാറോ അധികം സംസാരിക്കാറോ ഇല്ല. 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയില്‍ ഹംസധ്വനി പറയുന്നതു പോലെ, ഏറ്റവും അടുപ്പമുള്ളവരുടെ അസാന്നിദ്ധ്യം നമ്മളില്‍ പടരുന്ന വേദനയാണ് ഒരിക്കലും വിട്ടു പോകാത്തത്. നമ്മള്‍ സാധാരണ മട്ടില്‍ ജോലിക്കു പോകുകയും ദിനചര്യകള്‍ ചെയ്യുകയും വായിക്കുകയും എഴുതുകയും ചിരിക്കുകയും ചെയ്യും. ഉള്ളില്‍ നിറയുന്ന,നീറ്റുന്ന വേദന അവിടെത്തന്നെ കാണും. ഓര്‍മ്മകള്‍ എവിടെയും പോകില്ല. പകല്‍ മന:പൂര്‍വ്വം നമ്മള്‍ മനസ്സിന്റെ അടിത്തട്ടിലേക്കു തള്ളിയതിലുള്ള പരിഭവം അവര്‍ രാത്രിയില്‍ സ്വപ്നങ്ങളിലൂടെ പറഞ്ഞു തീര്‍ക്കും. മരിച്ചവരുടെ വസ്ത്രങ്ങളെല്ലാം എവിടെയാണു പോകുന്നത്? അവര്‍ക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന വസ്തുക്കള്‍ക്കെന്തു സംഭവിക്കും?
ഒരു ജീവിതകാലം കൊണ്ട് അവര്‍ അരുമയോടെ കൂട്ടിവെച്ചവയോ? എന്റെ അമ്മയ്ക്ക് അധികം സാരികളൊന്നുമുണ്ടായിരുന്നില്ല, അതും വില കുറഞ്ഞവ. പല നിറങ്ങള്‍, പല തരം തുണികള്‍. നല്ല സാരി വാങ്ങാനുള്ള വകയുള്ള കാലത്തും അമ്മ വില കുറഞ്ഞ പുടവകള്‍ വാങ്ങി. അയല്‍സംസ്ഥാനക്കാര്‍ തുണി വില്‍ക്കാന്‍ കൊണ്ടു വരുമ്പോഴും ഒന്നോ രണ്ടോ സാരികള്‍ വാങ്ങി. അമ്മയ്ക്ക് ചേരുന്നവയും ഒട്ടും ചേരാത്തവയും അതിലുണ്ടായിരുന്നു. പക്ഷേ അമ്മയ്ക്കെല്ലാ സാരികളും ഇഷ്ടമായിരുന്നു. അമ്മയുടെ സാരികളില്‍ എനിക്ക് ഓര്‍മ്മയുള്ളത് ഉഷമേമയും മോഹന്‍കുമാര്‍ മാഷും കന്യാകുമാരിയിലേക്കു പോയി വന്നപ്പോള്‍ വാങ്ങിക്കൊണ്ടു വന്ന ഒരു സാരിയാണ്. ഞാനന്ന് രണ്ടാം ക്ലാസില്‍. ചായയിലേക്ക് പാല്‍ പതിയെ ഒഴിക്കുമ്പോള്‍,കലങ്ങുന്നതിനു മുമ്പ് അതൊന്നു പരക്കും. തിരകള്‍ പോലെ വിവിധ തവിട്ടു നിറങ്ങള്‍ പൊന്തി വരും. അത്തരമൊരു ചായനിറമുള്ള പട്ടു സാരിയായിരുന്നു അത്. അന്നത്തെ ഞങ്ങളുടെ ജീവിത നിലവാരം വെച്ചു നോക്കുമ്പോഴും അല്ലെങ്കിലും കൊതിയുണ്ടാക്കുന്ന ഒന്ന്. ഒരുപാടു കാലം ആ സാരി അമ്മ ഉടുത്തു.
പിന്നത്തെ ഓര്‍മ്മ വയലറ്റു നിറത്തില്‍ കുഞ്ഞു നക്ഷത്രങ്ങളുള്ള ഒരു കറുത്ത സാരിയാണ്. ആ സാരി മാത്രമാണ് ഏറെക്കാലം അമ്മയ്ക്കുണ്ടായിരുന്നത്. അതിനൊരു വെള്ള ബ്ലൗസും. അതിനുമുണ്ട് ഏറെ പ്രിയകരമായ ഒരു ഓര്‍മ്മക്കഷ്ണം.
സുജാതാദേവി ടീച്ചറും ഏതോ കൂട്ടുകാരിയും ഒരിക്കല്‍ വീട്ടിലേക്കു വന്നു. അമ്മ പ്രസവം നിര്‍ത്തി കിടപ്പാണ്. ഞാന്‍ മൂന്നാം ക്ലാസില്‍. അനുജത്തി ഹരിതയ്ക്ക് ഒരു വയസ്സ് കഴിഞ്ഞതേയുള്ളൂ. അന്നു ഞങ്ങള്‍ തൃശ്ശൂരിലെ കൊരട്ടിയില്‍ മുത്തിയുടെ പള്ളിക്കരികില്‍ ഒരു പഴയ വലിയ വീട്ടില്‍ വാടകയ്ക്കാണു താമസം. ടീച്ചറു വന്നു കയറിയപ്പോള്‍ അമ്മ കിടക്കുന്നു, എണീക്കാന്‍ വയ്യ. ഞാനും ഹരിതയും അവിടവിടെ ഓടിനടക്കുന്നു. മൊത്തത്തിലുള്ള അന്തരീക്ഷം കണക്കിലെടുത്ത് ടീച്ചര്‍ കയ്യിലുണ്ടായിരുന്ന പൈസയും ഒരു കെട്ട് വെള്ളത്തുണിയും (മിനുസമുള്ള വെള്ളത്തുണിയില്‍ കുഞ്ഞു നക്ഷത്രങ്ങളുടെ സെല്‍ഫ് പ്രിന്റ്) അമ്മയുടെ തലയ്ക്കല്‍ വെച്ചിട്ടു പോയി. അമ്മ പിന്നീടതെടുത്ത് അഞ്ചാറു ബ്ലൗസ് തുന്നിച്ചു. എല്ലാം ഒരേ നിറം, ഒരേ തരം.
ആ വര്‍ഷം ഞാന്‍ പഠിച്ചിരുന്ന കൊരട്ടി പള്ളി സ്‌ക്കൂളിന്റെ വാര്‍ഷികദിനം. നാടകത്തില്‍ ഞാനുമുണ്ട്. കൊരട്ടി മുത്തിയുടെ അനുഗ്രഹത്താല്‍ കാലു നേരെയാകുന്ന ദീനക്കാരന്‍ പയ്യന്റെ അമ്മയായാണ് പൊരിഞ്ഞ അഭിനയം. പരിപാടിയുടെ ദിവസമടുത്തപ്പോള്‍ അന്നിടേണ്ട വസ്ത്രത്തെ കുറിച്ച് വേവലാതിയായി. അമ്മയുടെ സ്ഥിരം കറുത്ത സാരി തന്നെയുടുക്കാം. പക്ഷേ ബ്ലൗസ്? തീരെ കുഞ്ഞായ എനിക്ക് അതിടാനാകില്ല. എന്നാലതിന്റെ വണ്ണം കുറച്ചേക്കാം. അപ്പുറത്തുള്ള തയ്യല്‍ക്കാരനെ അതേല്‍പ്പിച്ചു. അയാളത് എനിക്കു പാകത്തിന് വണ്ണം കുറയ്ക്കുന്നതിനു പകരം വെട്ടിച്ചെറുതാക്കി. അങ്ങനെ അമ്മയുടെ അഞ്ചാറു നക്ഷത്ര ബ്ലൗസുകളിലൊന്ന് കൈമോശം വന്നു. ടോമിമാമനും സീപ്ജച്ചേച്ചിയും വിവാഹം കഴിഞ്ഞ് ഞങ്ങളെ പരിചയപ്പെടാന്‍ വീട്ടില്‍ വന്നപ്പോള്‍ കൊണ്ടുവന്ന മറ്റൊരു സാരിയും ഓര്‍മ്മയുണ്ട്. കാക്കി നിറമുള്ള തുണിയില്‍ വിവിധ നിറമുള്ള തുണിക്കഷ്ണങ്ങള്‍ മടക്കിവെച്ചുണ്ടാക്കിയ കിളികളും പൂക്കളും സൂര്യനും. എനിക്കിന്നും അത്തരം സാരികള്‍ ഇഷ്ടമാണ്.
അമ്മ മരിച്ചപ്പോള്‍ അലമാരയിലിരിക്കുന്ന സാരികള്‍ വലിയ വീര്‍പ്പുമുട്ടലുണ്ടാക്കി. അമ്മയുടെ കമ്മലുകള്‍, അമ്മയുടെ പേഴ്സുകള്‍... അമ്മ മരിച്ചതിനേക്കാള്‍ ഞാന്‍ ഹൃദയം പൊട്ടിക്കരഞ്ഞത് അമ്മയുടെ ദേഹത്തു നിന്നഴിച്ചെടുത്ത മാലയും വളയും മൂക്കുത്തിയും ദിവസങ്ങള്‍ക്കു ശേഷം എന്റെ വേണു മാമന്‍ എനിക്കു തന്നപ്പോഴാണ്. അമ്മയുടെ സാരികളെല്ലാം ആവശ്യക്കാര്‍ക്കു കൊടുത്തു. കാണുമ്പോഴുള്ള വീര്‍പ്പു മുട്ട് ഒഴിവാക്കാമല്ലോ. ചാരനിറവും തുഞ്ചത്ത് കരിംപച്ച ആനകളുമുള്ള ഒരു സാരി മാത്രം ഞാന്‍ മാറ്റിവെച്ചു. എനിക്ക് കുറേ സാരികളുണ്ട്. ഇഷ്ടമുള്ള വസ്ത്രങ്ങളൊന്നുമില്ലാതിരുന്ന, പുസ്തകങ്ങളിലുള്ള നിറങ്ങളല്ലാതെ ഒന്നുമില്ലാതിരുന്ന ബാല്യത്തിന്റെയും കൗമാരത്തിന്റെയും കടം വീട്ടാന്‍ സ്വന്തം കാലില്‍ നിന്നപ്പോള്‍ ഞാന്‍ വാങ്ങിക്കൂട്ടിയവ,വാങ്ങിപ്പിച്ചവ,പ്രിയപ്പെട്ടവരുടെ കൈവിരലുകള്‍ പതിഞ്ഞവ,പ്രിയമുള്ള ഓര്‍മ്മകള്‍ നിറഞ്ഞവ. മിക്കവാറും ഫാബ് ഇന്ത്യ സാരികള്‍.
എന്റെ ശരീരപ്രകൃതിക്കും നിറത്തിനും ഇഷ്ടത്തിനും ചേരുന്നവ. ഓഫീസിലേക്ക് ഞാന്‍ സന്തോഷത്തോടെ ഉടുക്കുന്നവ. ഓരോ ആഘോഷവേളകള്‍ക്കു വേണ്ടി മാത്രമായി വാങ്ങിയവ..എനിക്കേറ്റവും ഇഷ്ടപ്പെട്ട ചുവപ്പു നിറമുള്ളവ,നീല നിറം പൂശിയവ, പട്ടുസാരികള്‍,പരുത്തി സാരികള്‍,ലിനന്‍..ഏറ്റവും പുതിയ ഇഷ്ടനിറങ്ങളായ പച്ചയിലും മഞ്ഞയിലും അഹങ്കരിക്കുന്നവ. .ഞാന്‍ മരിച്ചാല്‍ എന്റെ സാരികളെ നിങ്ങളെന്തു ചെയ്യും? പതിമൂന്നു വയസ്സുള്ള എന്റെ മകള്‍ അവള്‍ക്കു ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ വാങ്ങിക്കൊടുത്ത പെണ്ണുടുപ്പുകള്‍ കണ്ണുറച്ചതേ വലിച്ചെറിഞ്ഞ് കുട്ടിനിക്കറും ടോപ്പും സ്ഥിരമാക്കിയവളാണ്. അവള്‍ അമ്മയുടെ സാരികള്‍ ഉടുക്കാന്‍ യാതൊരു വഴിയും കാണുന്നില്ല. എന്റെ അതേ ഇഷ്ടങ്ങളുള്ള ഒരാളുണ്ടാകാന്‍ വഴിയില്ലാത്തതിനാല്‍ അവ പല സ്ഥലങ്ങളിലേക്ക്,പല അലമാരകളിലേക്ക്,പല ഉടലുകളിലേക്ക് ' ആകാശദൂതിലെ'' കുഞ്ഞുങ്ങളെ പോലെ വഴിമാറി പോകുമോ? പല അലമാരകളിലിരുന്ന് അവ എന്നെ തിരയുമോ? പല നിറങ്ങള്‍ നൂറായി ചിതറുമോ? ഞാന്‍ മരിക്കുമ്പോള്‍ എന്റെ സാരികളെങ്കിലും എന്നെയോര്‍ക്കുമായിരിക്കും,അല്ലേ?
Content Highlights: Deputy collector at Govt of kerala kabani civic writes about mother