പെൺകുട്ടിയാണെങ്കിൽ ആ കരുതലിന്റെ ഭാവം മാറി ഉപദ്രവത്തിന്റെ, അപമാനത്തിന്റെ സ്വഭാവം വരും

ജനിച്ച, വളർന്ന നാട് കാണാൻ പോവുക എന്നത് അപൂർവമായി മാത്രം ചെയ്യുന്നതാണ്. എഴുതുമ്പോൾ അവിടെ ജീവിച്ച കാലത്തെ മുഴുവനായി ആവിഷ്‌കരിക്കാൻ ശ്രമിക്കാറില്ല. ജീവിതത്തിൽ വേദനകളുടെ തട്ട് താണിരിക്കുന്നതുകൊണ്ടാണത്. വേദന, വേദന എന്ന് ആവർത്തിച്ചാൽ ഉണങ്ങി എന്ന് ഞാൻ വിശ്വസിക്കുന്ന മുറിവുകൾ വീണ്ടും പൊട്ടി നീറുമോ എന്ന് പേടിക്കുന്നതുകൊണ്ടും. മുറിഞ്ഞ, കരഞ്ഞ, മുഷിഞ്ഞ ഓർമ്മകൾ മാത്രം അടയാളപ്പെടുത്തിയാൽ പോരാ എന്ന നിർബന്ധം ഉള്ളതുകൊണ്ടുകൂടിയാണ്.
ഞാൻ മനുഷ്യരെ സ്‌നേഹിക്കുകയും സ്‌നേഹം അതിന്റെ എല്ലാ അർത്ഥത്തിലും അനുഭവിക്കുകയും ചെയ്ത, സമാധാനം അനുഭവിച്ച, കരഞ്ഞതിനേക്കാൾ ചിരിച്ച ഇടങ്ങളിലേക്ക് മാത്രമേ തിരികെ പോവാറുള്ളൂ. അതേ കാരണം കൊണ്ടാണ് നീണ്ട ഇരുപത് വർഷങ്ങൾ ജീവിച്ച നാടിനെ പതിനഞ്ച് വർഷമായി തിരിഞ്ഞുനോക്കാതിരുന്നത്.
ഓർത്താൽ നാടെന്ത് പിഴച്ചു?
ദാരിദ്ര്യം അതിന്റെ സകല മുള്ളുകൈകളും കൊണ്ട് മുറുക്കിയ ജീവിതമാണ് അവിടെ മിക്കവരുടെയും. അവരൊക്കെ പക്ഷേ വീടിന് അകത്ത് എന്തെങ്കിലും സുരക്ഷിതത്വം അനുഭവിച്ചവരാണ്. തീരെ കുഞ്ഞായിരുന്നപ്പോൾ വീട്ടിലിരുന്ന് പൊള്ളുമ്പോൾ എനിക്ക് പുറത്തേക്ക് ഓടാൻ എളുപ്പമായിരുന്നു. ലോകം കുട്ടികളോട് അന്ന് ദയയോടെ ഇടപെടുമായിരുന്നു. എന്നാൽ വളരുന്നതോടെ ആ കരുതൽ കുറഞ്ഞു വരും. പെൺകുട്ടിയാണെങ്കിൽ ആ കരുതലിന്റെ ഭാവം മാറി മാറി ഉപദ്രവത്തിന്റെ, അപമാനത്തിന്റെ സ്വഭാവം വരും. മുറിഞ്ഞ കുഞ്ഞു മനസ് ഉള്ളിലതുപോലെ തുടരുകയും ശരീരം അതിനെ വെല്ലുവിളിച്ചുകൊണ്ട് വളരുകയും ചെയ്തതോടെ എന്റെ നിസ്സഹായത ഇരട്ടിച്ചു.
പരിഗണിക്കുന്നവരെ സംശയിക്കേണ്ട ഗതികേട് വന്നു. സ്‌നേഹമാണ് എന്ന് ഉറച്ചു വിശ്വസിച്ച പലതും മറ്റെന്തോ ആണെന്ന് ബോധ്യപ്പെട്ടു. എന്നിട്ടും ഞാനത് വിശ്വസിക്കാൻ തയ്യാറായില്ല. അങ്ങനെയും കുറേ മുറിവുകൾ. അങ്ങനെ അങ്ങനെയാണ് വീടും നാടും ഒരുപോലെ ഉള്ളുകൊണ്ട് ഉപേക്ഷിക്കുന്നത്. ഇരുപത് വയസിന് ശേഷം വീട്ടിൽ പത്ത് ദിവസം തികച്ച് നിന്നിട്ടില്ല.
നാടും വീടും വിടുന്നതിന് മുൻപ് ജീവൻ തന്നെ ഉപേക്ഷിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു (അത് ഇനിയൊരിക്കൽ എഴുതാം). ഇപ്പോഴും പലരും വിശ്വസിക്കുന്നത് പ്രണയമാണ് അതിന് കാരണം എന്നാണ്. പക്ഷേ അല്ല, അന്നത്തെ പ്രണയം എന്നെ എന്നും ജീവിക്കാൻ പ്രേരിപ്പിച്ചിട്ടേയുള്ളു. (ആത്മനിന്ദ തോന്നിച്ച, എന്തിനായിരുന്നു എന്ന ചോദ്യം ഇപ്പോഴുമുള്ള, സ്‌നേഹത്തേക്കാൾ അപമാനം സ്വീകരിച്ച പ്രണയവും ഉണ്ടായിട്ടുണ്ട്, അത് പക്ഷേ ആ നാട്ടിൽ ജീവിച്ച കാലത്തല്ല.) ഇത്രയും പറഞ്ഞത്, 2025 അവസാനിക്കുന്നതിന് മുൻപ് ഞാൻ എന്റെ നാട് കാണാൻ പോയി എന്ന് പറയാനാണ്. ‘ഓർമ്മപ്പെരുങ്കൂട്ടം’ ആണ് എനിക്കാ ധൈര്യം തന്നത്. എന്നിട്ടും, അധീരയായിപ്പോയാലോ എന്ന പേടിയിൽ അപ്പുവിനെയും മോളെയും കൂട്ടിയാണ് പോയത്.
പ്രാണനിൽ ഒഴുകുന്ന പുഴ ഉൾപ്പെടെ പഴയ കുഞ്ഞു പെൺകുട്ടി ആഘോഷത്തോടെ ജീവിച്ച എല്ലായിടങ്ങളും പോയി കണ്ടു. വലിയ ഇറക്കം നിർത്താതെ ഓടിയിറങ്ങി ചെല്ലുന്നത് ഇപ്പോൾ പുഴയിലേക്കല്ല. ആറ്റുവഞ്ചി തിമിർത്തു വളരുന്ന പൊന്തക്കാട്ടിലേക്കാണ്. ഏറെക്കാലമായി കാണാൻ കൊതിച്ചു ചെന്ന ഒരാൾ അവിടെയില്ല എന്ന നിരാശയിൽ പുഴയെവിടെപ്പോയി എന്ന് ഞാൻ ഉറക്കെ ചോദിച്ചു. ഈ കാട്ടിൽ പുലി ഉണ്ടാവുമോ എന്ന് പേടിച്ച മഞ്ചാടി പോവാം അമ്മേ എന്ന് പിടിച്ചു വലിച്ചു കൊണ്ടിരുന്നു. എന്റെ നിരാശയാണോ അവളുടെ പേടിയാണോ ആദ്യം പരിഗണിക്കേണ്ടത് എന്ന് അപ്പു കുഴഞ്ഞു. മൂന്നുപേരും പരസ്പരം നോക്കി. ഇത്തിരി നേരത്തെ ആ നിശബ്ദതയിൽ ഒഴുക്കിന്റെ ശബ്ദം കേട്ടു. ആ ഒറ്റ നിമിഷത്തിൽ എനിക്ക് ജീവൻ തിരിച്ചു കിട്ടി. മറന്നു പോയ മറ്റൊരു വഴി തെളിഞ്ഞു. പുല്ലുകൾ ഞെരിഞ്ഞു കിടന്ന ചെറിയ ചവിട്ടുപാതയിലൂടെ ഞാൻ അതിവേഗം നടന്നു.
ഒന്ന് പതുക്കെ പോ, വല്ല പാമ്പും കാണും എന്ന് അപ്പുവും ഇത് ശരിക്കും കാടാണോ അമ്മാ എന്ന് മഞ്ചാടിയും പുറകെ എത്താൻ കഷ്ടപ്പെട്ടു. വേം കേറ്, പനി പിടിക്കും എന്ന് ആരോ കുഞ്ഞിനെ ശകാരിക്കുന്നത് കേട്ടു. ഇതാ നമ്മുടെ പുഴ എന്ന് ഉള്ള് കാലുകൾക്ക് വേഗത കൂട്ടി. വഴി മാറി ഒഴുകുന്ന പഴയ പുഴ കുസൃതിയോടെ ഉരുളൻകല്ലുകൾ വിരിച്ച് എന്നെ വീഴ്ത്താൻ നോക്കി. ഇത്തിരി വൈകിയെന്നല്ലേയുള്ളൂ എനിക്കറിയില്ലേ നിന്നെ, മറന്നതല്ല എന്ന് ഞാൻ അതിന്റെ പരിഭവം മാറ്റി. മഞ്ചാടിയുടെ കൈ പിടിച്ച് ഒഴുക്കിലേക്ക് ഇറങ്ങിനിന്നു. വഴുക്കുന്ന ഉരുളൻകല്ലുകളും തണുപ്പുള്ള വെള്ളവും അവൾക്ക് രസിച്ചു. കുളിച്ചാലോ അമ്മാ, പെട്ടെന്ന് കേറിക്കോളാം എന്ന് കുഞ്ഞ് കെഞ്ചി. മാറാൻ ഉടുപ്പും തുടയ്ക്കാൻ തോർത്തും എടുത്തില്ലല്ലോ, ഇനി വരുമ്പോൾ കുളിക്കാം എന്ന് ഞാൻ മഞ്ചാടിക്കും പുഴയ്ക്കും ഒരുമിച്ച് വാക്ക് കൊടുത്തു.
ഇരുവശങ്ങളിലും വളർന്ന് പുഴയ്ക്ക് സ്വകാര്യത ഉറപ്പുകൊടുത്ത ആറ്റുവഞ്ചി പൂക്കൾ പറിച്ചു കൊടുത്തപ്പോൾ മഞ്ചാടി ചിരിച്ചു. വീണ്ടും വരാം എന്ന് വെള്ളം തൊട്ട് യാത്ര പറഞ്ഞ് ഞങ്ങൾ കയറ്റം കേറി. കിതച്ച് വണ്ടിയിൽ ചാരി നിന്നപ്പോൾ നളിനി ചേച്ചി വരുന്നു. എന്റെ മണിക്കുട്ടിയുടെ അമ്മയാണ്. നിങ്ങൾക്ക് വയസാവില്ലേ എന്ന് ചോദിച്ച് ഞാൻ മുന്നിലേക്ക് കയറിനിന്നു. ഭഗവാനേ എന്ന് അതിശയത്തിൽ വിളിച്ച് നളിനി ചേച്ചി കണ്ണ് തള്ളി നിന്നു. എത്ര നാളായി കണ്ടിട്ട് എന്ന് കാലം അളക്കാൻ ശ്രമിച്ചു. വലിയ കുട്ടി ആയല്ലോ എന്ന് മഞ്ചാടിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
മണിക്കുട്ടിയുണ്ടോ ഇവിടെ? ഞാൻ ചോദിച്ചു.
ഉണ്ട്, വീട്ടിലേക്ക് ചെല്ല്, അവളും കുട്ടികളും വന്നിട്ടുണ്ട്.
മണിക്കുട്ടിയെ കാണാൻ പോവുന്നു!
ഞാൻ വീണ്ടും ഉള്ളിൽ പഴയ പെൺകുട്ടിയായി. ഞങ്ങൾ പങ്കിട്ട പെൺകുട്ടിക്കാലം മുന്നിൽ നിവർന്നു വന്നു. വെളുത്താൽ ഇരുട്ടുന്നതുവരെ ഒരുമിച്ചായിരുന്ന ആ കാലം. കല്ല് കമ്മലുകൾ മുതൽ പ്രേമരഹസ്യങ്ങൾ വരെ പങ്കിട്ട പ്രായമല്ല ഞങ്ങൾക്ക് ഇന്ന്. പക്ഷേ ഓർമ്മകൾക്ക് വലിയ മാജിക്ക് വശമുണ്ട്. മുപ്പതിനെ പതിമൂന്നും മൂന്നും ആക്കാൻ അതിനറിയാം.
മണിക്കുട്ടിയെ കണ്ടതും ഞങ്ങൾ ഓർത്തു ചിരിച്ച പെൺകുട്ടിക്കാലവും ഇനിയെഴുതാം.
( തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi