പങ്കിട്ട പുളി കൈവെള്ളയിൽ പതിച്ചുവയ്ക്കും. ഇടയ്ക്ക് രഹസ്യമായി കൈ നിവർത്തി ഒന്നുനക്കും, കൈമടക്കും

ഞങ്ങൾ തമ്മിൽ ജനിച്ചപ്പോൾ മുതലുള്ള കൂട്ടാണ് എന്ന് പറയുന്നത് കേട്ടിട്ടില്ലേ? യുക്തിപരമായി ആ പ്രയോഗത്തിൽ തെറ്റുണ്ടെങ്കിലും ഓർമ്മകൾ ഉറച്ചു തുടങ്ങുന്ന സമയത്താണ് യഥാർത്ഥത്തിൽ ഒരാൾ ജനിക്കുന്നത്. അവിടുന്നിങ്ങോട്ടാണ് ജീവിതം എന്ന് പറയാം. ഓർമ്മകൾ തുടങ്ങുന്ന കാലം മുതൽ അതവസാനിക്കുന്ന കാലം വരെ മാത്രമേ മനുഷ്യർക്ക് ജീവിതമുള്ളൂ എന്നും പറയാം. അങ്ങനെ നോക്കിയാൽ ഓർമ്മയുറച്ചപ്പോൾ നമ്മുടെ കൂടെയുള്ളവരെ ജനനം മുതൽ കൂടെയുള്ളവർ എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ. അപ്പോൾ മണിക്കുട്ടിയെ എനിക്ക് ഞാൻ ജനിച്ചപ്പോൾ കിട്ടിയതാണ്.
നളിനി ചേച്ചിയുടെയും അപ്പുണ്ണി ഏട്ടന്റെയും മൂന്നു മക്കളിൽ രണ്ടാമത്തവൾ എന്റെ സമപ്രായക്കാരി. എന്റെ വീട്ടിൽനിന്ന് ഇറങ്ങി നടന്നാൽ രണ്ട് മിനുട്ട് മതി അവളുടെ വീട്ടിലെത്താൻ. ഒരു ഇടവഴിയും വേലിയും കഴിഞ്ഞാൽ അവളുടെ വീടായി. വീട്ടിൽനിന്ന് ഒരു കയറ്റം കഴിഞ്ഞ് ഒരു റബ്ബർ തോട്ടം മുറിച്ചു കടന്നാൽ സ്‌കൂളായി. ഗവൺമെന്റ് എൽ. പി സ്‌കൂൾ പായമ്പാടം എന്ന, ഞങ്ങളുടെ 'പായംപാടം ഉസ്‌കൂൾ'. ആകെ അഞ്ച് മുറികളുള്ള നീളൻ കെട്ടിടം. ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസുകൾ, ബാക്കിയുള്ള ഒരു മുറിയിലാണ് ഹെഡ്മാഷും ടീച്ചർമാരും ഇരിക്കുക. ഹെഡ്മാഷിന്റെ മുറിയുടെ നേരെ മുൻപിലെ കുട്ടിപ്പുര, അതാണ് കഞ്ഞിപ്പുര.
കുട്ടിക്കൂട്ടത്തിൽ എന്റെ സ്വാസ്ഥ്യവലയം അവളായിരുന്നു, മണിക്കുട്ടി. ചിലപ്പോൾ കൂട്ടത്തിൽ എല്ലാവരുടെയും ഏറ്റവും പ്രിയങ്കരിയും അവൾ ആയിരുന്നിരിക്കണം. നാട്ടിലെ 'ടെററാ'യിരുന്ന നായരുടെ കൊച്ചുമോളാണ് സൗമ്യ. നായരുടെ പറമ്പിലാണ് രുചിയുള്ള ഈമ്പിക്കുടിയൻ കുഞ്ഞൻ മാങ്ങകൾ ഉണ്ടാവുന്ന വലിയ നാടൻ മാവുള്ളത്. മാങ്ങാക്കാലത്ത് കൊതിപിടിച്ച് മാഞ്ചോട്ടിലെത്തുന്ന ഞങ്ങളെ ആട്ടി പറഞ്ഞയക്കലാണ് അയാളുടെ ഹരം. കുട്ടിക്കൂട്ടത്തിന്റെ ലോകത്തെ കൊടൂര വില്ലൻ. ആ ദ്രോഹിയുടെ കൊച്ചുമോളെ ഞങ്ങൾ ഒറ്റപ്പെടുത്തേണ്ടതാണ്, പക്ഷേ മണിക്കുട്ടിയാണ് അവളെ കൂട്ടിക്കൊണ്ടുവന്നത്. അവൾ പറഞ്ഞാൽ അപ്പീലില്ല അക്കാലത്ത്.
അമ്മച്ചനും അമ്മമ്മയും ക്രൂരമായി അപമാനിക്കുന്ന ഞങ്ങളെ പ്രതി സൗമ്യയ്ക്ക് വലിയ വിഷമം ഉണ്ടായിരുന്നു. ആ വിഷമം അവൾ തീർക്കാൻ ശ്രമിച്ചത് ഞങ്ങളെ പരമാവധി പരിഗണിക്കാൻ ശ്രമിച്ചുകൊണ്ടാണ്. വാളംപുളി കല്ലുപ്പിട്ട് ഉരലിൽ ഇടിച്ച് വരളികളാക്കി ഉറിയിൽ സൂക്ഷിച്ചു വയ്ക്കുന്ന അവളുടെ അമ്മമ്മയുടെ കണ്ണുവെട്ടിച്ച് സൗമ്യ വരളികളുടെ വശങ്ങൾ ഒടിച്ചു കടത്തും. കയ്യിലിട്ട് ഉരുട്ടി ഉണ്ടയാക്കിയ പുളി മണിക്കുട്ടിയെ ഏൽപ്പിക്കും. മൂത്രപ്പുരയുടെ ചുമരിന്റെ മറവിൽ മണിക്കുട്ടിയുടെ സംഘം, ചിത്രയും ഞാനും അടങ്ങുന്ന നാലോ അഞ്ചോ പേർ അതീവ രഹസ്യമായി ഒത്തുകൂടും.
പങ്കിട്ട് കിട്ടിയ പുളി കൈവെള്ളയിൽ പതിച്ചു വയ്ക്കും. കൈ ചുരുട്ടിയാൽ അങ്ങനെ ഒരു രുചി അകത്ത് ഒളിപ്പിച്ചിട്ടുണ്ട് എന്ന് ഒരാളും അറിയില്ല. കളികൾക്കിടയിലും ക്ലാസിൽ ഇരിക്കുമ്പോഴും കൈ നിവർത്തി ഒന്നു നക്കും, കൈമടക്കും. ഈ അതിപ്രധാന പ്രവർത്തിയുടെ രഹസ്യസ്വഭാവം പുളി തീരുന്നതുവരെ സൂക്ഷിക്കണം. മണിക്കുട്ടിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് അത്രയും നേരം ഞങ്ങളുള്ളത്. സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്ക് കനത്ത വില നൽകേണ്ടിവരും. നായരു*ടെ നാടൻ മാങ്ങയും നായരച്ചി*യുടെ പുളിവറളിയുടെ പങ്കും നിഷേധിക്കപ്പെടും. അത് അക്കാലത്ത് വലിയ നഷ്ടം തന്നെയായിരുന്നു.
ഉച്ചയ്ക്ക് മുൻപും ശേഷവുമുള്ള, അരമണിക്കൂർ വീതമുള്ള ഇന്റർവൽ ഞങ്ങൾ കെട്ടഴിച്ചുവിട്ടത് പോലെ പറക്കുന്ന സമയമാണ്. സ്റ്റാഫ് റൂമിലെ ജനലിലൂടെ ടീച്ചർമാരുടെ കരുതൽ നോട്ടങ്ങൾ ഇടയിലൊക്കെ പറന്നു വരും. അപകടകരമായ കളികൾ കാണുന്നയുടൻ കളിക്കാരുടെ പേര് ഉച്ചത്തിൽ മുഴങ്ങും. കളിയലകൾ ആ ശബ്ദത്തിൽ ഒന്നടങ്ങും, തത്കാലത്തേക്ക്. ജനലിന് പുറകിൽനിന്ന് ടീച്ചറുടെ നിഴൽ മാറുന്നതോടെ വീണ്ടുമിളകും.
അഞ്ചു മുതൽ എട്ടു വയസ്സുവരെ എന്റെ നെറ്റിയിലും താടിയിലും നിറയെ പാലുണ്ണികൾ ആയിരുന്നു. പലപ്പോഴും മുഖം ഇടിച്ചു വീണ് എന്റെ പാലുണ്ണികൾ പൊട്ടി ചോരയൊലിച്ചു. അപ്പോഴൊക്കെ മണ്ണുപുരണ്ട കൈകൊണ്ട് മണിക്കുട്ടി ആ ചോര തുടച്ചു തന്നു. എത്തിപ്പിടിച്ച് വലിയ കിണറിൽനിന്ന് വെള്ളം കോരി മുഖം കഴുകി തന്നു.
'ഇനി ഓടണ്ട ഇവിടെ ഇരിക്ക്. അവരൊക്കെ കളിച്ചോട്ടെ ഞാൻ കൂടെ ഇരിക്കാം.' എന്ന് എന്നെ ആശ്വസിപ്പിച്ചു. വീണു എന്നറിഞ്ഞാൽ കളികളും കൂട്ടുകാരും കുറച്ചു ദിവസത്തേക്ക് നിഷേധിക്കപ്പെടും. ആ പേടിയിൽ പല മുറിവുകളും ഞങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട്. അതേ പേടികൊണ്ടാണ് മണിക്കുട്ടി അക്കാലത്ത് എന്റെ മുറിവുകൾക്ക് കൂട്ടിരുന്നത്.
ആ കൂട്ടിരിപ്പ് ഞാനാ നാടുവിട്ടു പോരുന്നത് വരെ അവൾ തുടർന്നു. ഞാനും അവളെ എപ്പോഴെങ്കിലുമൊക്കെ ആശ്വസിപ്പിച്ചിട്ടുണ്ട്. പക്ഷേ അതിനു പകരംതരലായിരുന്നില്ല അവളുടെ സാന്നിധ്യം. ഒന്നിനുമല്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ പലപ്പോഴും നിശബ്ദമായി അവൾ കൂടെ ഉണ്ടായിട്ടുണ്ട്. കുട്ടിക്കാലം സുന്ദരമാക്കിയ അപൂർവ്വം മനുഷ്യരിൽ ഒരാളാണ് അവൾ. അവളെ കുറിച്ചാണ് ഇനിയും ഞാൻ എഴുതുക. മണിക്കുട്ടിയോർമ്മകളുടെ ഓരോ പൊട്ടും പൊടിയും ഞാൻ പെറുക്കി വെച്ചിട്ടുണ്ട്. എന്റെ സ്‌നേഹം അവളെയും അവളുൾപ്പെടുന്ന ലോകത്തെയും അറിയിക്കാൻ എഴുതുക എന്നല്ലാതെ മറ്റെന്താണ് ഞാൻ ചെയ്യേണ്ടത്? മറ്റൊരു സ്‌നേഹഭാഷയും എനിക്കറിയില്ല, അക്ഷരങ്ങൾ അല്ലാതെ.
(* ജാതിനാമത്തിൽ മനുഷ്യരെ സംബോധന ചെയ്യുന്നത് അക്കാലത്ത് സ്വാഭാവികമായിരുന്നു. നായരുടെ ഭാര്യ നായരച്ചി, തിയ്യന്റെ ഭാര്യ തിയ്യത്തി എന്നിങ്ങനെ. ആ കാലഘട്ട സൂചനയായി മാത്രം അത്തരം വാക്കുകളെ സ്വീകരിക്കാൻ അപേക്ഷ.)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: nostalgic childhood memories of school days, secret tamarind sharing, and the invaluable friendship