'അച്ഛൻ എപ്പഴാ വരാ?' അച്ഛന്റെ കുട്ടിക്ക് അതുമാത്രമേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ

ഒരു കുടുംബത്തിന് അല്ലലില്ലാതെ കഴിയാൻ വേണ്ടുന്ന പണം സമ്പാദിക്കാൻ അച്ഛന് ഒരുകാലത്തും കഴിഞ്ഞിരുന്നില്ല. മണി മാനേജ്‌മെന്റിൽ അച്ഛനെപ്പോഴും പരാജയപ്പെട്ടു. കടുത്ത പുകവലിയും ഇടയ്ക്ക് മദ്യപാനവും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും വഴക്കുകൾക്ക് കാരണമായില്ല. കലഹങ്ങൾ മുഴുവൻ പണത്തിന്റെ പേരിലായിരുന്നു. ആ കാര്യത്തിൽ അച്ഛനെ പ്രതിസ്ഥാനത്ത് നിർത്തി വിചാരണ ചെയ്തവരോട് എനിക്കിപ്പോഴും പ്രതിഷേധമുണ്ട്. എല്ലാ മനുഷ്യർക്കും എല്ലാ മേഖലയും വഴങ്ങില്ല എന്നും കുടുംബത്തിന്റെ നിലനിൽപ്പ് എല്ലാവരുടെയും തുല്യ ഉത്തരവാദിത്തമാണെന്നും ഒരാളുടെ ദൗർബല്യം മറ്റൊരാൾ നികത്തുകയാണ് വേണ്ടത് എന്നും എനിക്കിപ്പോൾ പറയാൻ കഴിയും. അന്നത്തെ കുഞ്ഞുമനസ്സിൽ അത്ര വലിയ ചിന്തകളൊന്നുമില്ലല്ലോ. എങ്കിലും അച്ഛൻ ഒന്നും സമ്പാദിച്ചില്ല എന്ന് പറയുന്നവരോട് (അതിൽ അമ്മയും ഉൾപ്പെടും) മുതിർന്ന ഞാൻ എപ്പോഴും ഒരു ചോദ്യം തിരിച്ചു ചോദിച്ചു. അച്ഛനുമാത്രമല്ല, അമ്മയ്ക്കും ആകാമായിരുന്നല്ലോ. അമ്മ നന്നായി തയ്ക്കുമായിരുന്നു. ഒരു ജോലി കണ്ടെത്താൻ ആ കാലത്ത് ആ പരിശീലനം ധാരാളം മതിയായിരുന്നു. എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു ശ്രമം നടത്താതിരുന്നത് ?പുരുഷനാണ് അധ്വാനിച്ചു കുടുംബം നോക്കേണ്ടതെന്ന വിശ്വാസം അക്കാലത്തെ എല്ലാ മനുഷ്യരെപ്പോലെ അമ്മയ്ക്കും ഉണ്ടായിരുന്നിരിക്കാം.
അച്ഛൻ പരാജയപ്പെട്ട വിഷയങ്ങൾ മാത്രം പൊക്കിപ്പിടിച്ച് റിപ്പോർട്ട് കാർഡ് അടിച്ചിറക്കിയവർ അച്ഛന്റെ നല്ലവശങ്ങൾ ഒന്നും കണ്ടില്ല. അക്കാലത്ത് പുരുഷന്മാരിൽ തീരെ പ്രകടമല്ലാത്ത പുരോഗമനാശയങ്ങൾ ജീവിതത്തിൽ കറയില്ലാതെ പകർത്തിയ ആളാണ് അച്ഛൻ. അമ്മയ്ക്ക് ഒരിക്കലും ഒരു കാര്യത്തിനും അച്ഛനോട് അനുവാദം ചോദിക്കേണ്ടി വന്നിട്ടില്ല. ചോദിക്കാതെ ചെയ്ത കാര്യങ്ങൾക്ക് വഴക്ക് കേൾക്കേണ്ടി വന്നിട്ടില്ല. ആറുമണിക്ക് വീട്ടിൽ കയറിക്കോളണം, നാട്ടിലെ മറ്റു സ്ത്രീകളോട് സൗഹൃദം പാടില്ല, കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അന്തിമാധികാരം അച്ഛനാണ്, സ്വന്തം ബന്ധുക്കളെ സന്ദർശിക്കാൻ അനുവാദവും സമയവും നോക്കണം, ഇങ്ങനെയുള്ള യാതൊരു തിട്ടൂരവും ഉണ്ടായിരുന്നില്ല. അക്കാലത്ത് അമ്മയുടെ കൂട്ടുകാരികൾ നയിച്ച തടവറ ജീവിതം അമ്മയ്ക്ക് അനുഭവിക്കേണ്ടിയും വന്നിട്ടില്ല.