പറങ്കിമാങ്ങകൾ തിന്നു കറപിടിച്ച നാവും ഉടുപ്പുകളുമായി ഇരുട്ടുമ്പോൾ ഞങ്ങൾ വീട്ടിലേക്ക് നടന്നു

അമ്മയുടെ തറവാട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ആ വീട് വാങ്ങിയ കഥ മറ്റൊരു വേദനയുടെ താളാണ്. ആ പേജിലേക്ക് നമ്മളിപ്പോൾ പോകേണ്ടതില്ല. തീർച്ചയായും ആ കഥ ഇവിടെത്തന്നെ എഴുതാം.
അമ്മയും അച്ഛനും അമ്മമ്മയും ഞങ്ങൾ രണ്ടു കുട്ടികളും അമ്മയുടെ അനിയനും ആയിരുന്നു ആ വീട്ടിൽ താമസം. സത്യൻ മാമ എന്ന് ഞങ്ങൾ വിളിച്ചു വിളിച്ച് സത്യാമ ആയിപ്പോയ അമ്മാവന്റെ കല്യാണം കഴിഞ്ഞതോടെ ആ ചെറിയ വീട്ടിൽ തുടരുന്നത് പ്രയാസമായി. അമ്മയും അമ്മാവന്റെ ഭാര്യയുമായി ചെറിയ ഉരസലുകൾ പതിവായി. അങ്ങനെയാണ് അച്ഛന്റെ ജോലിസ്ഥലത്തേക്ക് ഞങ്ങളെക്കൂടി കൊണ്ടുപോകുന്നത്. ആ പടിയിറക്കം അമ്മയെ വല്ലാതെ ബാധിച്ചു എന്ന് വൈകാതെ ഞങ്ങൾക്ക് മനസ്സിലായി.