തൊടിയിലെയും പാടത്തെയും കായ്കനികൾ മാത്രം മലയാളികൾ കണികണ്ട കാലം

#ഡോ. അനിത എം.പി.
വര: ശ്രീലാൽ എ.ജി.
വര: ശ്രീലാൽ എ.ജി.

വിഷുവിന്റെ വിലോഭനീയത അതിന്റെ ചടങ്ങുകളാണ്. വിഷുക്കണി വെക്കൽ, വിഷുക്കൈനീട്ടം കൊടുക്കൽ, പടക്കം പൊട്ടിക്കൽ, അരിയും തേങ്ങാപ്പാലും ജീരകവും ചേർത്തുണ്ടാക്കുന്ന വിഷുക്കട്ട എന്ന പലഹാരമുണ്ടാക്കൽ, കൃഷിയായുധങ്ങളുടെ പൂജ, വിഷുച്ചാൽ കീറൽ, വിഷുവിത, വിഷുസദ്യ, പിന്നെ പറമ്പുകൃഷിക്കായി കൈക്കോട്ടുചാൽ കീറൽ ഇങ്ങനെ പോകുന്നു അവ. ഒരുകാലത്ത് കണിത്താലത്തിൽ മലയാളി കണികണ്ടതെല്ലാം പറമ്പിലും പാടത്തും സ്വയം കൃഷിചെയ്തുണ്ടാക്കിയ കായ്കനികളായിരുന്നു. പ്രകൃതിയും മനുഷ്യരും മൃഗങ്ങളും ചേർന്നൊരുക്കുന്ന ഒരു കൂട്ടായ്മയാണ് ഈ വിളവെടുപ്പുത്സവം. 

മാത്രമല്ല ഇത് മലയാളിയുടെ പുതുവത്സരം കൂടിയാണ്. പടക്കം പൊട്ടിച്ചാണ് മലയാളികൾ വിഷുവിനെ വരവേല്ക്കുന്നത്. എം.ടിയുടെ 'പടക്കം' എന്ന ചെറുകഥയിൽ, പടക്കം വാങ്ങി കൊതി തീരെ പൊട്ടിക്കാൻ കൊതിച്ച് മച്ചിന്റെ വാതിൽ തുറന്ന് ഭഗവതിയുടെ ഭണ്ഡാരപ്പെട്ടിയിൽനിന്ന് പണമെടുക്കുന്ന ഒരു ദരിദ്രബാലനുണ്ട്. 1948-ൽ ചിത്രകേരളത്തിൽ പ്രസിദ്ധീകരിച്ച എം.ടി.യുടെ ആദ്യചെറുകഥയുടെ പേരും 'വിഷുവാഘോഷം' എന്നാണ്. വിഷു ചിലർക്കെങ്കിലും ഗൃഹാതുരത്വം കലർന്ന ഒരോർമ്മയാണെങ്കിൽ മറ്റു ചിലർക്കത് സ്വപ്നസന്നിഭമായ ഒരാദർശഭൂമികയാണ്. 

വിത്തും കൈക്കോട്ടും എന്നോർമ്മിപ്പിക്കുകയും ചക്കയ്ക്കുപ്പുണ്ടോ എന്നു ചോദിക്കുകയും ചെയ്തുകൊണ്ട് പാടുന്ന വിഷുപ്പക്ഷിയും, എനിക്കാവതില്ലേ, വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ (അയ്യപ്പപണിക്കർ) എന്നുപറഞ്ഞ് പൂത്തുലയുന്ന കണിക്കൊന്നയും വിഷുവിന് സമാരംഭം കുറിക്കുന്ന സൂചനകളാണ്.

പണ്ടൊക്കെ വീട്ടുകാർ കണികണ്ടതിനുശേഷം വീട്ടുമുറ്റത്തെ ആലയിലുള്ള കന്നുകാലികൾക്കും കണിത്താലവും വിളക്കുമെടുത്തു കണികാണിക്കും. കണിക്കുവെച്ച ചക്കവെട്ടി വിഷുസദ്യയ്ക്ക് എരിശ്ശേരി വയ്ക്കും, തോരൻ വയ്ക്കും. സദ്യയ്ക്ക് മാങ്ങാ പുളിശ്ശേരിയുണ്ടാവും, കണ്ണിമാങ്ങാ അച്ചാറുമുണ്ടാകും. മറ്റു സദ്യകളിൽനിന്ന് വിഷുസദ്യയെ വ്യത്യസ്തമാക്കുന്നത് ഈ രണ്ടു വേനൽക്കാലഫലങ്ങളെക്കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ്. 

ശരി; മാമ്പഴക്കാല-
മോർത്തു പേ പിടിക്കാതെ
വെയിലിൻകൊന്നപ്പൂവേ
മൂടുകെൻ വിരഹങ്ങൾ

എന്ന് സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട്.

'കണ്ണാന്തളിപ്പൂക്കളുടെ കാല'ത്തിൽ എം.ടി. വാസുദേവൻനായർ എഴുതുന്നുണ്ട്, 'ഞാനാലോചിക്കുകയാണ്, എത്ര നിറങ്ങളാണ്, എത്ര ഗന്ധങ്ങളാണ്, എത്ര വിസ്മയങ്ങളാണ് എനിക്കു നഷ്ടപ്പെട്ടത്' എന്ന്. വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന ഒരു കാർഷികസംസ്‌കൃതിയുടെ പെട്ടെന്നുള്ള അപചയമുണ്ടാക്കുന്ന നഷ്ടബോധം ഏതെല്ലാം രീതിയിലാണ് എഴുത്തുകാരെ വേവലാതിപ്പെടുത്തുന്നതെന്ന് പരിശോധിക്കുകയാണിവിടെ:

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

തകഴി 'കൃഷിക്കാരൻ' എന്ന ചെറുകഥയിലൂടെ കുട്ടനാടിന്റെ കാർഷികസംസ്‌കാരത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നു. ഇതിലെ പ്രധാന കഥാപാത്രമായ കേശവൻ നായർ പറയുന്നു, 'എങ്ങാണ്ട്ന്ന് കുറേ പണം കൊണ്ടുവന്നു കുറെ വളം വാരിയിട്ടു നെല്ല് ഉണ്ടാക്കിയകൊണ്ട് കൃഷിക്കാരൻ ആകത്തില്ല.' പക്ഷേ, വീര്യമേറിയ വളം വാരിവിതറി ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഔതക്കുട്ടിക്കാണ് തിരുമുൽപ്പാടിന് പാട്ടനെല്ല് കൊടുക്കാൻ പറ്റുന്നത്. പാട്ടനെല്ല് കൊടുക്കാനാവാത്ത കേശവൻ നായർക്ക് പാടം നഷ്ടപ്പെടുന്നു. പാടം നഷ്ടപ്പെട്ടിട്ടും കേശവൻ നായർ അതിരാവിലെ പാടത്തുപോകും. നെല്ലിന് പഴുപ്പുണ്ടോ എന്നു പരിശോധിക്കും. കണ്ടാൽ നെഞ്ചുനീറി ഔതക്കുട്ടിയെ അറിയിക്കും. കേശവൻ നായർ എന്ന കൃഷിക്കാരന്റെയുള്ളിലും ഒരുപാട് നന്മയുണ്ട്. അത് അയാളെക്കൊണ്ടു പറയിക്കുന്നു, 'ഞാൻ മുടിഞ്ഞോട്ടെ. എന്നാലും ചെയ്യരുതാത്തത് ചെയ്യുകില്ല' എന്ന്.

കള്ളൻ ചക്കേട്ടു
കണ്ടാൽ മിണ്ടണ്ട
കൊണ്ടോയ് തിന്നോട്ടെ
എന്ന സൗമനസ്യത്തിന്റെ, സഹാനുഭൂതി നിറഞ്ഞ മനുഷ്യസ്നേഹത്തിന്റെ ഒരു പാഠഭേദംകൂടിയുണ്ട് വിഷുപ്പക്ഷിയുടെ പാട്ടിന്. 

പൊൻകുന്നം വർക്കിയുടെ 'ആ വാഴവെട്ട്' വാഴക്കൃഷി ചെയ്ത് ജീവിക്കുന്ന ഒരു കർഷകന്റെ കഥയാണ്. 1940-കളിൽ മധ്യതിരുവിതാംകൂറിലെ കർഷകർ നേരിട്ട പ്രശ്നങ്ങളാണ് ഇതിൽ പറയുന്നത്. വാഴകൾക്ക് അസുഖം ഉണ്ടെന്നും വാഴ ഒന്നിച്ച് നശിപ്പിച്ചുകളയണമെന്നും പറഞ്ഞ് ഗവൺമെന്റിൽനിന്ന് വരുന്ന ഉദ്യോഗസ്ഥരോട് മാർക്കോസിന്റെ മകൾ റാഫേൽ പറയുന്നു, എന്റെ അച്ഛനും അസുഖമുണ്ട്. വെട്ടി മൂടിയേക്കൂ എന്ന്. ആ ഉദ്യോഗസ്ഥർക്ക് കൃഷി ചെയ്യാൻ അറിയില്ല, വെട്ടിക്കളയാനേ അറിയൂ. മാർക്കോസ് അവരോട് ചോദിക്കുന്നുണ്ട്, രോഗം വന്നാൽ എല്ലാം വെട്ടിക്കളയുമോയെന്ന്. റേഷൻ പോലും കിട്ടാത്ത കാലത്ത് വാഴക്കൃഷികൊണ്ടായിരുന്നു ആ കുടുംബം ജീവിച്ചിരുന്നത്. വെള്ളിയാഴ്ച ചന്തയിൽ പോയി വിൽക്കാൻ ഒരു കുലയെങ്കിലും ആ വാഴത്തോട്ടത്തിൽനിന്ന് കിട്ടുമായിരുന്നു.

എന്തൊരുഷ്ണം ഈ വെയിലിൽ
നീരൊഴുക്കിൽ നീന്തും
സ്വർണ്ണമത്സ്യജാലം
ഇടതൂർന്നണഞ്ഞപോലെ
 
എന്നു ഒ.എൻ.വിയും

കൂട്ടുകാരോടുംകൂടി-
പ്പാഞ്ഞെത്തിപ്പെറുക്കുന്ന
നാട്ടുമാമ്പഴങ്ങൾതൻ
ഭിന്നഭിന്നമാം സ്വാദിനെക്കുറിച്ചു വൈലോപ്പിള്ളിയും പാടുന്നു
.

എൻ.പ്രഭാകരന്റെ 'സ്ഥാവരം' എന്ന ചെറുകഥയിൽ കുറുന്തോട്ടിൽ അപ്പ മാഷുടെ വീട്ടിൽ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരോട് അയൽക്കാരി സാറാമ്മ പറയുന്നു, 'കുടിയും വലിയും ഒന്നുമില്ല മൂപ്പർക്ക്. പക്ഷേ, അതിലും വലിയൊരു ദുശ്ശീലം ഉണ്ട്- കൃഷി' എന്ന്! ജപ്തിചെയ്യാൻ വരുന്നവർക്ക് എടുത്തുകൊണ്ടുപോവാൻ പറ്റുന്ന വസ്തുക്കളെല്ലാം ജപ്തിചെയ്തു കൊണ്ടുപോയപ്പോൾ നിലത്ത് ഉറപ്പിച്ചിരുന്ന പത്തായം മാത്രം ഇളക്കാൻ പറ്റിയില്ല. അവർ തിരിച്ചുപോയപ്പോൾ വെയിൽ വിങ്ങുന്ന ആകാശം നോക്കി അപ്പ മാഷ് നെഞ്ചുഴിയുന്നു. പിന്നെ പത്തായത്തിൽ കേറിക്കിടന്ന് അഗാധവും പ്രശാന്തവുമായ ഒരു ഉറക്കത്തിലേക്കു പോകുന്നു.

വര: ബി.എസ്.പ്രദീപ് കുമാർ

വി.ആർ. സുധീഷിന്റെ 'ഫുക്കുവോക്ക കണ്ട കേരളത്തിൽ' ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവായ മസനൊബു ഫുക്കുവോക്ക കേരളത്തിലെ റെയിൽവേ നിലയത്തിൽ കാലുകുത്തിയപ്പോൾ, ആരോ ആരെയോ വിളിക്കുന്ന വിളിയാണ് കേൾക്കുന്നത്, 'എന്തൂട്ടാ കന്നാലീ,' എന്ന്. കന്നുകാലിയും മനുഷ്യനും തമ്മിൽ ഭേദമില്ലാത്ത ഏകതാനത ഫുക്കുവോക്കയ്ക്ക് ഇഷ്ടമായി. കൃഷിയിലും സാഹിത്യത്തിലും ഒരുപോലെ ഇഷ്ടമുള്ള ഒരാളെ തേടിയാണ് ഫുക്കുവോക്ക കേരളത്തിൽ എത്തുന്നത്. പക്ഷേ, ഇവിടെ എത്തിയപ്പോൾ ഇവിടെ ഉള്ളവർക്ക് പെണ്ണിലേ കൃഷിയുള്ളൂ, മണ്ണിൽ ഇല്ലേ എന്നു സംശയിക്കുന്നു.

ചെങ്കനൽ നിറമോലും പൊൻകതിർനിര നിന്നു
കുങ്കുപ്പൂവർച്ചിക്കും മാണിക്യമണിത്തേരിൽ
വന്നു നീ വീണ്ടുമാദിസൗന്ദര്യ പ്രവാഹമേ, വന്നു നീ വീണ്ടും മേടമാസത്തിൻ പ്രഭാതമേ !
(കൃഷിക്കാരന്റെ പാട്ട്-പി.കുഞ്ഞിരാമൻ നായർ )

അംബികാസുതൻ മാങ്ങാടിന്റെ 'ചിന്നമുണ്ടി' എന്ന കഥയിൽ വംശനാശം സംഭവിച്ച പൈനാടൻനെൽവിത്തു തേടിയുള്ള കഥാനായകന്റെ യാത്രയും അതിന്റെ കണ്ടെത്തലും വിഫലമായിപ്പോയ അതിന്റെ ആഹ്ലാദവുമാണ് ഇതിവൃത്തം. എല്ലാ നെൽവിത്തും മൂന്നുമാസമാകുമ്പോൾ മൂപ്പെത്തി കൊയ്യാനാകും. എന്നാൽ പൈനാടൻനെല്ലിന് പത്തുമാസം വേണം മൂപ്പെത്താൻ. അതുകൊണ്ടുതന്നെ അതു പൊലയുള്ള നെല്ലാണ്. 'തിരിതിരി പുലയാ, വഴിതിരി പുലയാ' എന്ന ആജ്ഞ കേട്ടപ്പോൾ 'അങ്ങെല്ലാം കാടുണ്ട്, ഇങ്ങെല്ലാം മുള്ളുണ്ട്, ഒക്കത്ത് കുട്ടീണ്ട്, തലേല് കുടമുണ്ട് എങ്ങോട്ടാണ് അടിയൻ മാറേണ്ടത്' എന്നു ചോദിക്കാൻ ധൈര്യം കാണിച്ച പുലയനെപ്പോലെ, ആചാര്യന്റെ ചോദ്യങ്ങൾക്കു മുൻപിൽ പതറാതെ ചെളിയിൽ തലപൊന്തിച്ചുനിന്ന പുലയനെപ്പോലെ, വെള്ളംകേറിയാലും ചീഞ്ഞുപോകാതെ എട്ടടിവരെയൊക്കെ പൊങ്ങിവളരുമത്രേ ഈ അദ്ഭുതനെല്ല്.

മുണ്ടകൻവയൽക്കരെ
മഴനൂലിറങ്ങുമ്പോൾ
പിന്നെയും മേടത്തിന്റെ
സൂര്യസംക്രമത്തേരിൽ
പൊന്നണിഞ്ഞെത്തുന്നുവോ
മണ്ണിന്റെ വിഷുക്കതിർ
 
 എന്ന് ആലങ്കോട് ലീലാകൃഷ്ണന്റെ കവിത.

ഗ്രാമീണതയും നാഗരികതയും പരസ്പരമറിയുകയാണ് 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന അർഷാദ് ബത്തേരിയുടെ കഥയിൽ. വയലും കാറ്റും കുന്നുകളും വൃക്ഷങ്ങളും കാഴ്ചയിലൂടെ ഹൃദയപരവതാനിയിലേക്കിറങ്ങുന്ന നേരെത്തക്കുറിച്ച് കഥയിൽ പറയുന്നുണ്ട്. അയൽവീട്ടിലെ ജൻട്രി തോമസിന്റെ വീട്ടിൽ, അക്വേറിയത്തിൽ മീനുകളുണ്ട്. കൂട്ടിൽ പക്ഷികളുണ്ട്. പറമ്പും പാടങ്ങളും മരങ്ങളും നഷ്ടപ്പെട്ട ആ പക്ഷികളെ ചെമ്പരത്തികൊണ്ടു വേലികെട്ടിയ വീട്ടിലെ ഉത്തമൻ എന്ന പയ്യൻ കൈകൂട്ടിയടിച്ച് ഒച്ചവെച്ചുണർത്തുകയാണ്. ഒരിക്കൽ അവിടെയുണ്ടായിരുന്ന പുഴയിലേക്ക് ഒഴുക്കിക്കളയാൻ അവരിരുവരും അക്വേറിയത്തിലെ മീനുകളെയും കൊണ്ടോടുന്നുണ്ട്. കാണാതായ പുഴയെ നോക്കി ഉത്തമൻ നിസ്സഹായതയോടെ പറയുന്നു: ഇവിടെ ഒരു പുഴയുണ്ടായിരുന്നു സത്യം. ഞങ്ങൾ അതിൽ കുളിക്കാറുണ്ടായിരുന്നു.

ഒരു ഒ.എൻ.വിക്കവിത മനസ്സിൽ നിറയുന്നു:
ആതിരകൾ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവു തിരയുന്നു.
ആറുകളൊഴുക്കു തിരയുന്നു.

ശ്രീ. വിനോയ് തോമസിന്റെ 'മക്കാനിയ മൈക്രാന്ത' എന്ന കഥയിലെ ജോഷിച്ചന് വിവാഹമാർക്കറ്റിൽ വിലയിടിയാൻ കാരണം, അയാൾ ഒരു കർഷകനായതുകൊണ്ടാണ്. കർഷകനായ ജോഷിച്ചനെ വിവാഹം കഴിച്ചാൽ വീടിനുള്ളിലും വീടിനുപുറത്തും കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്ന് പെൺകുട്ടികൾ ഭയപ്പെടുന്നു. ജോഷിച്ചന് കൃഷിപ്പണി വിട്ട് മറ്റൊരു ജോലിയിൽ അഭയം തേടേണ്ടിവരുന്നു.

ചക്കത്തോരൻ / മാതൃഭൂമി ആർക്കൈവ്‌സ്‌

ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവൽകൃതലോകത്തിൽ പുലർന്നാലും 
മനസ്സിൽ ഉണ്ടാവട്ടെ, ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും എന്ന് കവിക്കു (വൈലോപ്പിള്ളി)  പ്രത്യാശിക്കാതിരിക്കാനാവുന്നില്ല.

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'കൊച്ചനിയത്തി'യുടെ രചയിതാവായ നാരായൻ എഴുതിയ ചെറുകഥയാണ് 'തേൻവരിക്ക'. അയ്യപ്പന്റെ വീട്ടിൽ ഒരു തേൻവരിക്ക പ്ലാവ് ഉള്ളതുകൊണ്ട് മക്കൾ പഞ്ഞമറിഞ്ഞിട്ടില്ല. പ്ലാവ് മുറിക്കാൻ ആളെ കൂട്ടി വരുന്ന മകൻ സുരേന്ദ്രനോട് അയ്യപ്പൻ പറയുന്നു, 'മണ്ണും മരവും തമ്മിലുള്ള ബന്ധം നിനക്കറിഞ്ഞുകൂടാ.' പ്ലാവിൽ ചവണയുണ്ടാകുന്നതുതൊട്ട് അയ്യപ്പന് കണക്കറിയാം. തുലാമാസമാകുമ്പോൾ ചുവട് മുതൽ ചവണക്കായ്കൾ ഉണ്ടാകും. മകരമാസത്തിലെ പകുതി തണുപ്പ് ആകുമ്പോൾ പകുതി വിളവാകും. കുംഭമാസത്തിലെ ശിവരാത്രിക്ക് പുഴുങ്ങാൻ പാകമായി ചക്കയുണ്ടാകും. 100-150 വരിക്കച്ചക്കകൾ വരെ ഉണ്ടാകും. അനുവാദം ചോദിക്കുംപോലെ പ്രാർത്ഥനയോടെയാണ് ചക്ക മുറിക്കുക. ആ പ്ലാവ് മുറിക്കുന്നത് കാണാൻ ശക്തിയില്ലാതെ അയ്യപ്പൻ കാഴ്ചയിൽനിന്ന് അകന്നുനടക്കുന്നുണ്ട്. പകരം റബ്ബർതൈകൾ നടുന്ന സുരേന്ദ്രനെ അതിന്റെ അനന്തരഫലം കാത്തിരിക്കുന്നുമുണ്ട്.

സുസ്മേഷ് ചന്ത്രോത്തിന്റെ 'ഹരിതമോഹനം' എന്ന കഥയിൽ ഫ്ളാറ്റിന്റെ ഏഴാം നിലയിൽ രണ്ടു മുറിയിൽ, ഒരാൾക്ക് കഷ്ടിച്ച് തിരിയാൻ കഴിയുന്ന അടുക്കളയിൽ ജീവിക്കുമ്പോഴും മരങ്ങളൊക്കെ നട്ടുവളർത്താൻ കൊതിക്കുന്നൊരു മനസ്സുണ്ട് അരവിന്ദന്. ഒരു കൊച്ചുവീടും മുമ്പിലൊരു പൂന്തോട്ടവും പിന്നിലൊരു കുളവും പിന്നെ പറമ്പിൽ കുറേ മരങ്ങളും. അതിനായൊരു നാലു സെന്റ് ഭൂമിയുമാണ് അയാളുടെ സ്വപ്നം. ഒരു ഇലഞ്ഞിച്ചെടി ടെറസിന്റെ മുകളിൽ വളർത്താൻ കൊണ്ടുവന്ന അരവിന്ദനോടു മകൾ ചോദിക്കുന്നുണ്ട്, അച്ഛൻ കൈകൊണ്ടാണോ മണ്ണെടുത്തത്? മണ്ണ് ഇച്ചീച്ചിയല്ലേ എന്ന്. പിന്നീട് ടെറസിൽ ഇലഞ്ഞി, ചെമ്പകം, മന്ദാരം, നീർമാതളം, പുന്ന, ആര്യവേപ്പ്, നെന്മേനിവാക ഇതൊക്കെ നട്ടുപിടിപ്പിക്കുന്നു. ഭാര്യ സുമനയുടെയും മക്കളുടെയും സങ്കല്പത്തിൽ സ്വന്തമായൊരു മണ്ണിൽ ഒരു മേടമാസത്തിൽ അരവിന്ദൻ അതൊക്കെ കുഴിച്ചിടുന്നുണ്ട്. മണ്ണ് ടെറസിലേക്ക് കൊണ്ടുപോകുമ്പോൾ ലിഫ്റ്റിൽ തൂവിപ്പോയതിന് വഴക്കിട്ട രാജൻ പിള്ള ഒടുവിൽ കുറെ മരങ്ങളൊക്കെ നിൽക്കുന്ന ഒരു സ്ഥലം അവർക്ക് പാകമായ വിലയ്ക്ക് ഏർപ്പാടാക്കുന്നു. വിദേശത്തുള്ള അതിന്റെ ഉടമസ്ഥർക്ക് അവിടത്തെ മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്നേ ഉണ്ടായിരുന്നുള്ളൂ. അരവിന്ദനാണെങ്കിൽ അതൊന്നും വെട്ടിമുറിക്കാതെ സംരക്ഷിക്കുമല്ലോ.

കാലമിനിയുമുരുളും.
വിഷു വരും. വർഷം വരും. 
തിരുവോണം വരും. പിന്നെ
ഓരോ പൂവിനും തളിരിനും
പൂ വരും. കായ് വരും. (കക്കാട്)

കാലം മാറിവരുമ്പോഴും അന്യംനിന്നുപോകാതെ കാത്തുവെക്കേണ്ട ഒന്നാണ് മലയാളിക്ക് തന്റെ സ്വത്വത്തിന്റെ വേരുകളാഴ്ന്ന കാർഷികസംസ്‌കൃതി. ദാമോദരൻ കുളപ്പുറത്തിന്റെ ഭൂവിസ്മയങ്ങൾ എന്ന കഥയിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലെത്തി ഫ്ളാറ്റിലൊതുങ്ങുന്ന വിപിനയ്ക്ക് ഭർത്താവിന്റെ ആഗ്രഹങ്ങൾ വേവിക്കാനുള്ള ഒരു വെപ്പുപാത്രംമാത്രമാണ് താനെന്ന തിരിച്ചറിവുണ്ടാകുന്നു. മണ്ണിൽ ആഴത്തിൽ വേരോടിയ ചെടിക്കു മാത്രമേ പറഞ്ഞുപോകുന്നതിന്റെ വേദന മനസ്സിലാകുകയുള്ളൂ എന്നവൾ കണ്ടെത്തുന്നു. നാട്ടിലെത്തിയ അവളെ തിരിച്ചുവിളിക്കുന്ന ഭർത്താവിനോട് അവൾ പറയുന്നു, ഞാനിനി അങ്ങോട്ടു തിരിച്ചുവരുന്നില്ലെന്ന്. ഞാനിവിടെ വയലിൽ കുറച്ചു പച്ചക്കറിവിത്തുകൾ നട്ടിട്ടുണ്ട്. ഞാൻ നട്ട പയർമണികൾ ചെറുകട്ടകൾക്കിടയിൽ വരിവരിയായി മുളച്ചുപൊന്തുന്ന കാഴ്ച കാണേണ്ടതാണ്.

വിഷു അട / മാതൃഭൂമി ആർക്കൈവ്‌സ്‌

ഈ കഥകളൊക്കെ നമ്മോടു ചോദിക്കുന്നത് മണ്ണിലും മനുഷ്യമനസ്സിലും ഇനിയും വറ്റാത്ത നന്മയുടെ ഉറവയുണ്ടെന്നറിയാതെ, നമ്മളെങ്ങോട്ടാണ് ഈ ഓടിക്കൊണ്ടിരിക്കുന്നത് എന്നാണ്. ഇനിയും നടന്നുതീർക്കാനൊരു കടൽദൂരമൊന്നുമില്ലല്ലോ നമുക്ക്.

ഇത്തവണത്തെ വിഷുവും വിഷുക്കണിയുമൊക്കെ ഗംഭീരമാകട്ടെ. സുഗതകുമാരിയുടെ ഈ വിഷുക്കവിതയിലെ ആശംസ നിങ്ങൾക്ക്:
നല്ലോണം നല്ലോണം കണ്ടോളൂ 
നല്ലതുതന്നെ വരുമല്ലോ...


 

Content Highlights: a nostalgic writeup about vishu