'ധുരന്ധറിൽ മുഴുവൻ നുണകൾ; കുറ്റവാളികളെ മഹത്വവത്കരിക്കുന്നു'

സർവ റെക്കോഡുകളും തകർത്ത് മുന്നേറുകയാണ് 'ധുരന്ധർ'. എക്കാലത്തെയും പത്തു മികച്ച ഇന്ത്യൻചിത്രങ്ങളിലൊന്നായി അതു മാറുകയും ചെയ്തു. അതിനിടെ ചിത്രത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബർ ധ്രുവ് റാഠി.
അപകടകരമായ 'പ്രൊപഗാന്റ'യും നുണയുമാണ് 'ധുരന്ധർ' എന്നാണ് ധ്രുവ് വിശേഷിപ്പിക്കുന്നത്. തന്റെ വാദങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കുകയും ചെയ്തു. നേരത്തെ സിനിമയിലെ വയലൻസിനെയും രക്തച്ചൊരിച്ചിലിനെയും വിമർശിച്ചിരുന്നു. പുതിയ വീഡിയോയിൽ ചിത്രത്തിന്റെ രാഷ്ട്രീയച്ചായ്‌വുകൾക്കുനേരെയും അദ്ദേഹം കടന്നാക്രമിക്കുന്നു. ഏറ്റവും മോശമായി നിർമിച്ച സിനിമകളേക്കാൾ അപകടകരമാണിതെന്നാണ് ധ്രുവ് പറയുന്നത്.
'300 കോടി രൂപയുടെ ഒരു പ്രൊപഗാന്റ സിനിമ നശിപ്പിക്കാൻ ഒരു യൂട്യൂബ് വീഡിയോ മതി', എന്നാണ് ധ്രുവ് ആദ്യം എക്‌സിൽ കുറിച്ചത്. അതിനുശേഷമാണ് വീഡിയോ പുറത്തുവിട്ടത്. 'റിയാലിറ്റി ഓഫ് ധുരന്ധർ' എന്ന പേരിലുള്ള വീഡിയോയിൽ, സംവിധായകൻ ആദിത്യ ധർ സിനിമയിലൂടെ നുണകൾ വിൽക്കാൻ ശ്രമിക്കുന്നുവെന്നും ധ്രുവ് ആരോപിച്ചു. ചിത്രം നന്നായി നിർമിച്ചുവെങ്കിലും, അത് കൂടുതൽ അപകടകരമാണെന്നും പറയുന്നു. ''നന്നായി നിർമിച്ച സിനിമകളുടെ പ്രൊപഗാന്റ കൂടുതൽ അപകടകരമാണ്. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫിലിംസ് പോലുള്ള സിനിമകൾ അപകടകരമായിരുന്നില്ല. കാരണം അത് മോശമായിട്ടാണ് നിർമിച്ചത്. എന്നാൽ ധുരന്ധർ നന്നായിട്ടാണ് ചിത്രീകരിച്ചത്''.
''സിനിമ എത്ര നല്ലതാണെങ്കിലും, അവസാനം അത് ഹിറ്റ്ലറുടെ കാലത്തെ നാസി പ്രൊപഗാന്റ സിനിമ പോലെയുള്ള പ്രചരണമാണ്. അവരുടെ കാലത്തെ ഈ വ്യാജ പ്രൊപഗാന്റ സിനിമകളും വളരെ ലാഭകരമായിരുന്നു'', അദ്ദേഹം തുടരുന്നു. ചിത്രത്തിൽ കുറ്റവാളികളെ മഹത്വവത്കരിക്കുകയും അക്രമങ്ങൾ നടത്തുകയും ചെയ്യുന്നതിനെ ധ്രുവ് ചോദ്യം ചെയ്യുന്നു.
ഈ വീഡിയോ പുറത്തുവിട്ടതിനുപിറകെ അതിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. അതോടെ അദ്ദേഹം കമന്റ് ബോക്‌സ് ഓഫ് ചെയ്തിടുകയും ചെയ്തു. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകരാരും തന്നെ പ്രതികരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: ouTuber Dhruv Rathee slams `Dhurandhar`, calling it dangerous propaganda and lies. Discover the controversy surrounding the film and its alleged glorification of criminals