ഇനിയുമൊരു വിഷുക്കാലത്തിനായുള്ള കാത്തിരിപ്പിൽ

#ശ്രീബ. എം
ജിസ്മ ഫൈസ്, രമ്യ തുറവൂർ, റിഹാൻ റാഷിദ്, സുഭാഷ് ഒട്ടുപുറം
ജിസ്മ ഫൈസ്, രമ്യ തുറവൂർ, റിഹാൻ റാഷിദ്, സുഭാഷ് ഒട്ടുപുറം

കത്തുന്ന മേടച്ചൂടിലും കണിക്കൊന്ന ചിരി ചൂടിക്കൊണ്ട് ഒരു വിഷുക്കാലം കൂടി. കൈനീട്ടവും മത്താപ്പൂ തിളക്കവുമായി വരുന്ന വിഷുദിനത്തിനു ഓരോ നാട്ടിലും ഓരോ കഥ...ഓരോ ആഘോഷഭേദങ്ങൾ. വിഷു ഓർമ്മകൾ വായനക്കാർക്ക് വേണ്ടി പങ്കുവെക്കുന്നു... മലയാളത്തിലെ യുവ എഴുത്തുകാരായ ജിസ്മ ഫൈസ്, രമ്യ തുറവൂർ, റിഹാൻ റാഷിദ്, സുഭാഷ് ഒട്ടുംപുറം എന്നിവർ...

ആദ്യമായി കിട്ടിയ കൈനീട്ടം

''കണിക്കൊന്നകൾ എനിക്കായി പൂക്കുന്നു എന്ന് കളിയായി പറയുന്നതിന് ഒരു കാരണമുണ്ട്. വർഷങ്ങൾക്കപ്പുറം ഒരു വിഷുവിന്റെ തലേന്നാളാണ് ഞാൻ ജനിച്ചത്. വേനലവധിയും ആരവങ്ങളും മാമ്പഴക്കാലവും കണിക്കൊന്നയും പിന്നെ എന്റെ പിറന്നാളും...അതാണെനിക്ക് വിഷുക്കാലം. ജീവിതത്തിലെ നിറമുള്ള ഓർമ്മകളെല്ലാം പാലക്കാടൻ കാറ്റിലലിഞ്ഞവയാണ്...അന്നാട്ടിൽ എത്തിപ്പെട്ട കാലത്ത് ഒരു ബ്രാഹ്മണ കുടുംബമായിരുന്നു അയൽപക്കത്ത്.  അവിടത്തെ പാട്ടിയെ (അമ്മൂമ്മ) കുറിച്ച് പറഞ്ഞാൽ തീരില്ല. വയസ്സായ എന്നല്ല, വയസ്സായവർ ഒന്നുകൂടി വയസ്സായാൽ എങ്ങനെ തോന്നും, അതാണ് പാട്ടി. എങ്കിലും എപ്പോഴും ജോലികൾ തിരക്കിട്ട് ചെയ്യുന്ന ആരോഗ്യവതിയും സുന്ദരിയുമായിരുന്നു അവർ. ബി.എസ്.എൻ.എല്ലിൽ ജോലിയുള്ള ഒരു മകനും അമ്മയില്ലാത്ത രണ്ടു പേരക്കുട്ടികളും...അതായിരുന്നു അവരുടെ കുടുംബം. 

വര: മദനൻ

പതിമൂന്ന് വയസ്സുള്ള എനിക്ക് വിഷു പ്രിയപ്പെട്ടതാവുന്നത് ആ വർഷമാണ്. കണിയൊരുക്കി രാവിലെ അവർ ഞങ്ങളെയും വിളിച്ചു. അന്നേവരെ സിനിമയിലോ ഫോട്ടോയിലോ മാത്രം കണ്ടിരുന്ന വിഷുക്കണി ഞാൻ നേരിൽ കണ്ടു. കണിക്കൊന്നയും വെള്ളരിയും പഴങ്ങളും കൃഷ്ണവിഗ്രഹവും സ്വർണ്ണനാണയങ്ങളും ആഭരണങ്ങളും നിലവിളക്കിന്റെ പ്രഭയിൽ തിളങ്ങി. ജീവിതത്തിലാദ്യമായ് വിഷു കൈനീട്ടം കിട്ടിയത് അന്നായിരുന്നു. പത്തിന്റെ പുതിയ പത്ത് നോട്ടുകളും തിളങ്ങുന്ന ഒരൊറ്റനാണയവും. എന്നാൽ അതൊന്നുമല്ല എന്നെ ഏറെ സന്തോഷിപ്പിച്ചത്. അവിടുത്തെ കുട്ടികൾക്കൊപ്പമിരുത്തി  പാട്ടി നൽകിയ മധുരപലഹാരങ്ങളും അതിലുപരി വാത്സല്യവും എന്റെ മനസ്സ് നിറച്ചു. എത്രയോ വിഷുക്കാലം കൊഴിഞ്ഞുതീർന്നു. പാട്ടി ഇന്നില്ല. കൂടും വിട്ട് കൂടുമാറിയപ്പോൾ ആ ഓർമ്മകൾ മാത്രം ബാക്കിയായി.

ഓരോ വിഷുക്കാലവും ഓരോ ഓർമ്മകളാണ്. വിഷു കഴിഞ്ഞാലും സദാ കണിക്കൊന്നകൾ പൂവിടുന്ന മനസ്സിൽ ഓർമ്മകളത്രയും ഞാൻ കാത്തുവയ്ക്കും...ഇനിയുമൊരു വിഷുക്കാലത്തിനായ് ഞാൻ കാത്തിരിക്കും..!
'കലാമിനിയുമുരുളും വിഷുവരും വർഷം വരും തിരുവോണം വരും പിന്നെയോരോതളിരിനും പൂവരും കായ് വരും അപ്പൊളാരെന്നും എന്തെന്നും ആർക്കറിയാം...'
ഈ വരികൾ ജീവിതത്തോടും ജീവിതയാത്രയോടും വല്ലാതെ അലിഞ്ഞുചേരുന്നു..!''- ജിസ്മ ഫൈസ്

ഒരു വിഷുക്കാലത്തിന്റെ ഓർമ്മയ്ക്ക്

''വിഷുക്കാലത്തെ ഓർക്കുമ്പോൾ തന്നെ കണിക്കൊന്ന പൂക്കളാണ് ഓർമ്മയിലേയ്ക്ക് വരുന്നത്. വിഷുക്കാലമാകുമ്പോൾ എന്റെ പ്രകൃതി മഞ്ഞനിറമണിയും. കണിക്കൊന്നപ്പൂവുകൾ എനിക്കേറെ ഇഷ്ടമാണ്. കുലകുലയായ് കിടക്കുന്ന അതിന്റെ മഞ്ഞ നിറം എന്റെ മനസ്സിനെ എന്തെന്നില്ലാതെ സന്തോഷിപ്പിക്കാറുണ്ട്. എന്റെ അച്ഛന്റെ കുടുംബവീടിന്റെ മുറ്റത്ത് ഒരു കൂറ്റൻ കണിക്കൊന്ന മരമുണ്ടായിരുന്നു. വിഷുക്കാലമാകുമ്പോൾ അത് നിറയെ പൂവിടും. രാവിലെ ഉണർന്നു നോക്കുമ്പോൾ മണ്ണ് കാണാത്തരീതിയിൽ പൂക്കൾ തൂവിക്കിടന്നിരുന്നു.

മഞ്ഞപ്പട്ടുവിരിച്ചതുപോലുള്ള മുറ്റത്ത് ഞാൻ ചെന്നിരിക്കുമ്പോൾ എന്റെ മുടിയിലും ദേഹത്തും കണിക്കൊന്നപ്പൂക്കൾ അടർന്നുവീഴും. കുറെ നേരം വേറൊരു ലോകത്തിലെന്നപോലെ ഞാനിരിക്കുമായിരുന്നു. ഇടയ്ക്കിടെ വീശുന്ന കാറ്റത്ത് പറമ്പിൽ ഉതിർന്നുവീഴുന്ന പഴുത്തു തുടുത്ത കർപ്പൂരമാങ്ങയും കിഴക്കേപ്പാടത്ത് ആടിയുലയുന്ന മഞ്ഞവയലിലെ നെല്ലോലകളും വേനൽ പൊള്ളിച്ച മരങ്ങളും അതിലെ പഴുത്ത ഇലകളും കൊണ്ട് പ്രകൃതിയാകെ മഞ്ഞച്ചുകിടക്കും. ഈ നിറം തന്നെയാണ് വിഷുക്കാലത്തിലേയ്ക്ക് എന്നെ ആകർഷിക്കുന്ന പ്രധാനഘടകം. 

എന്റെ അച്ഛൻ ആഘോഷങ്ങൾക്ക് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ്. അതിനാൽ ഏതൊരു വിശേഷദിവസം വന്നാലും അച്ഛൻ ഗംഭീരമായി ആഘോഷിക്കുക പതിവായിരുന്നു. വിഷുക്കണിയും വിഭവസമൃദ്ധമായ സദ്യയും ഒരുക്കി വിഷു ആഘോഷിക്കും. പൊതുവെ പടക്കത്തിന്റെ ശബ്ദം എനിക്ക് ഭയമായിരുന്നു. വീട്ടിലും അയല്പക്കത്തുമൊക്കെ പലതരത്തിലുള്ള വർണ്ണങ്ങളിലും ശബ്ദങ്ങളിലും ആഘോഷം നിറയുമ്പോൾ ഞാൻ ചെവിപൊത്തി മുറിക്കുള്ളിൽ ഇരിക്കുന്ന ഓർമയാണ് വരുന്നത്.

വര: മദനൻ

പണ്ടൊരിക്കൽ അമ്മയുടെ ഓലമേഞ്ഞ കുടുംബ വീട്ടിൽ വിഷുക്കാലം ആഘോഷിക്കുന്നതിനിടെ ഓലപ്പടക്കം മേൽക്കൂരയിൽ വീഴുകയും വീടിന്റെ പാതിഭാഗം പൂർണമായും കത്തിപ്പോകുകയും ചെയ്ത കഥ അമ്മൂമ്മ പറഞ്ഞുകേട്ട അന്നുമുതൽ ഉള്ളിൽ കയറിയ പേടിയായിരുന്നു അത്. ഒരു വിഷുക്കാലത്തും ഞാൻ പടക്കം പൊട്ടിക്കുകയോ അതിന്റെ പരിസരങ്ങളിലോ പോകാറുമില്ലായിരുന്നു. എന്നാൽ രാവിലത്തെ വിഷുക്കഞ്ഞിയും ചക്ക അവിയലും പപ്പടവും ഉച്ചയ്ക്കുള്ള വിഭവസമൃദ്ധമായ സദ്യയും എന്നെ സന്തോഷിപ്പിക്കും. പൊതുവെ ആഘോഷങ്ങളിൽ നിന്നൊക്കെ ഞാൻ അകന്നു മാറിയിരുന്നെങ്കിലും വിഷുക്കാലത്തിന്റെ ഒരു സമൃദ്ധിയും മഞ്ഞയണിഞ്ഞ പ്രകൃതിയും കണിക്കൊന്നപ്പൂക്കളും എന്നെ ആ കാലത്തോട് ഏറെ അടുപ്പിച്ചിരുന്നു''.- രമ്യ തുറവൂർ

പടക്കങ്ങളുടെ മണമുള്ള വിഷു

''രാവും പകലും നിലക്കാത്ത പടക്കങ്ങളുടെ ശബ്ദവും മണവുമാണ് വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം ഓർക്കുന്നത്. മലബാറിൽ പടക്കങ്ങളില്ലാതെ വിഷു പൂർണമാവുകയുമില്ല. മറ്റൊന്ന് വിഷുക്കണി വിളിയാണ്. കൊയിലാണ്ടി സബ്ജയിലിനു സമീപം ഖാദിയുടെ ഒരു യൂണിറ്റ് ഉണ്ട്. അവിടത്തെ കാര്യങ്ങൾ നോക്കി നടത്തുന്ന ഉദ്യോഗസ്ഥനും കുടുംബവും അതിനുള്ളിൽ തന്നെയാണ് താമസം. സജിയേട്ടനും ബിജുവും രമേശേട്ടനും അച്ഛനും അമ്മയും അടക്കമായിരുന്നു അന്നവിടത്തെ താമസക്കാർ. 

അതിനോട് ചേർന്നായിരുന്നു യൗവനത്തിലെ മിക്ക സമയങ്ങളും ചിലവഴിച്ചത്. ഒരു വിഷുക്കാലം, ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് വിഷുക്കണി വിളിക്കാൻ പോവാൻ തീരുമാനിച്ചു. എല്ലാവരും ഖാദിയിൽ ഒത്തുകൂടി. ദ്യം അതിനായി കുറച്ച് സാധനസാമഗ്രികൾ ഒപ്പിക്കണം. സജിയേട്ടന്റെ അമ്മ താലം തന്നു. അതിൽ പഴങ്ങളും ഒരു കൃഷ്ണവിഗ്രഹവും വെച്ചു. കുറച്ച് പടക്കങ്ങളും വാങ്ങി കൈയിൽ കരുതി. രാത്രി പതിനൊന്നൊക്കെ കഴിഞ്ഞപ്പോൾ ഞങ്ങൾ ആറേഴുപേര് പതുക്കെ നടക്കാൻ തുടങ്ങി. സബ്ജയിലിനു സമീപം ആകെയുള്ളത് മൂന്നോ നാലോ ഹിന്ദുവീടുകൾ മാത്രമായിരുന്നു. അതും സുഹൃത്തുക്കളുടെ വീടുകൾ. അവിടെ കയറിയിട്ട് കാര്യവുമില്ല.

അതുകൊണ്ട് നടപ്പ് നേരെ റെയിൽവേസ്റ്റേഷന് പിന്നിലേക്ക് ആക്കി. നടേലക്കണ്ടി മുതൽ ഓരോ വീടിനുമുന്നിലും ചെന്ന് താലം വെച്ച് ഞങ്ങൾ മാറി നിൽക്കും. പടക്കം പൊട്ടിച്ച് ഉറങ്ങുന്ന വീട്ടുകാരെ ഉണർത്തും. ഉറക്കം നടിക്കുന്നവരെ നാലുഭാഗത്തും പടക്കം പൊട്ടിച്ച് ഉണർത്താതെ സമാധാനം ഉണ്ടായിരുന്നില്ല. അതിനിടയിൽ വീട്ടുപറമ്പിലെ മാങ്ങയും ചാമ്പയും ചെടിച്ചട്ടിയിലും തുടങ്ങി സകലതിലും കൈവെക്കും. ഉണർന്നുവരുന്ന വീട്ടുകാര് താലത്തിൽ പൈസയിട്ടാൽ അടുത്ത വീട്ടിലേക്ക്...

വര: മദനൻ

രസകരമായ കാര്യം ഞങ്ങൾ ഒരു കൂട്ടരല്ല ഈ കണിവിളിച്ച് കറങ്ങുന്നത് എന്നതാണ്. വേറെയും ടീമുകൾ ഇതേ വഴിയിൽ കറങ്ങുന്നുണ്ടാവും. അവർക്കു മുൻപ് പറ്റാവുന്നത്ര 'കലക്ഷൻ' എടുക്കുകയാണ് ലക്ഷ്യം. അതിനിടെ ചില വീട്ടിൽനിന്നും പട്ടി ഓടിക്കും. പട്ടിക്കെന്ത് വിഷുക്കണി! എന്നാലും ഞങ്ങൾ വിടില്ല. പട്ടിയുടെ കുര നിറുത്താനെങ്കിലും വീട്ടുകാർ വാതില് തുറന്ന് താലത്തിൽ പൈസയിടും. അവസാനം താലത്തിലെ പഴങ്ങൾ തിന്നുകൊണ്ട് നേരെ ഖാദിയിലേക്ക് മടങ്ങിയെത്തി. അവിടെ വെച്ചാണ് കലക്ഷൻ എണ്ണിത്തിട്ടപ്പെടുത്തലും മറ്റും. അതിനിടെ സജിയേട്ടന്റെ അമ്മ ചായയും പലഹാരവും തന്നു. അതും കുടിച്ചുകൊണ്ട് നേരം വെളുപ്പിച്ചു.

എല്ലാം കഴിയുമ്പോൾ പ്രകാശേട്ടന്റെ വീട്ടിലെ ചിക്കൻ പൊരിച്ചതടക്കമുള്ള സദ്യയും പായസവും കഴിക്കും. ഒരുമിച്ചിരുന്ന തലേ രാത്രിയിലെ അബദ്ധങ്ങളും തമാശകളും പങ്കുവെക്കും. പ്രധാനപ്പെട്ട കാര്യം അക്കൂട്ടത്തിലെ ഏക മാപ്ല ഞാനാണെന്നതാണ്. മനുഷ്യർ മതവും ജാതിയുമായി പരസ്പരം പോരടിക്കുന്ന കാലത്ത് ഇതൊക്കെ ശരിക്കും സന്തോഷകരമായ ഓർമകളാണ്. മറ്റൊന്നും ലഹരിയല്ലാത്ത, സൗഹൃദം ലഹരിയായിരുന്ന കാലം.

വിഷമകരമായ കാര്യം അന്ന് എല്ലാത്തിനും കൂടെയുണ്ടായിരുന്ന കൂട്ടുകാരിൽ ചിലർ ഇപ്പോൾ ജീവനോടെ ഇല്ല എന്നാണ്. ബൈക്ക് ആക്‌സിഡന്റിന്റെ രൂപത്തിൽ മരണത്തിലേക്ക് മറഞ്ഞുപോയവർ. ഓരോ വിഷുക്കാലവും അവരെ ഓർക്കാതെ കടന്നുപോവാറില്ല. മരണമഞ്ഞയിൽ സ്മരണകൾ മാത്രം ബാക്കിയാക്കിയ പ്രിയപ്പെട്ട സുഹൃത്തുക്കൾ''.-റിഹാൻ റാഷിദ്

വിഷുപ്പക്ഷിക്കായുള്ള കാത്തിരിപ്പിൽ

''ആണ്ടറുതികളിൽ എനിക്കേറ്റവും പ്രിയം വിഷുവിനോടാണ്. രസകരമായ കാര്യമെന്തെന്ന് വെച്ചാൽ ഓണം പോലെയോ പെരുന്നാൾ പോലെയോ അത്ര വർണ്ണാഭമല്ല വിഷു ഞങ്ങളുടെ ഗ്രാമത്തിൽ. എന്നിട്ടും വിഷുവിനെ ഇഷ്ടപ്പെടാൻ എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. ആരും മരിക്കാത്ത ആണ്ടറുതികൾ ആഘോഷിക്കാൻ കിട്ടുന്നത് അപൂർവ്വമാണ്. ഓരോ കൊല്ലവും ബന്ധുക്കളിൽ ആരെങ്കിലുമൊക്കെ മരിക്കും. ഓണവും വിഷുവുമൊക്കെ അങ്ങ് പോയിക്കിട്ടും. കോടിയുടുക്കാത്ത, പടക്കം പൊട്ടിക്കാത്ത, പൂക്കളമിടാത്ത ആണ്ടറുതികൾ.

വിഷുവിന്റെ പ്രധാനപ്പെട്ട ഓർമ്മകൾ തുടങ്ങുന്നത് പടക്കം, പൂത്തിരി, മത്താപ്പൂവിൽ നിന്നാണ്. പിന്നെ പാമ്പുഗുളികയും. കത്തിക്കുമ്പോ വിഷപ്പുകയിൽ നിന്നുയർന്നുവരുന്ന കരിനാഗത്തെ കാണുമ്പോൾ ഇന്നും ഞാൻ ചിരിച്ചുകുഴയും. അച്ഛൻ പിശുക്കി വാങ്ങിത്തരുന്ന പടക്കവും പൂത്തിരിയുമൊക്കെ ഏറെ സമയം ഇടവേളയിട്ടാണ് കത്തിക്കാറ്. തീർന്നുപോയാൽ പിന്നെ അയലത്തെ ഒച്ചകൾ കേട്ടിരിക്കുകയേ നിർവ്വാഹമുള്ളൂ. രാത്രി ഏറെ കഴിഞ്ഞ് ഗ്രാമം നിശ്ശബ്ദമായാലും അക്കരെനിന്ന് കരിമരുന്നിന്റെ ശബ്ദം കേൾക്കും. ഏതോ മാഷിന്റെ വീട്ടിൽ നിന്നാണത്രേ. കൊതിയാവും. ആ ശബ്ദങ്ങളും വർണ്ണങ്ങളും നോക്കി പുഴയോരത്തിരിക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.

വര: മദനൻ

ഇതുകൊണ്ടുമാത്രമല്ല വിഷു എനിക്ക് പ്രിയപ്പെട്ടതാകുന്നത്. അതിനുപിന്നിൽ ഒരു കാത്തിരിപ്പിന്റെ കഥ കൂടിയുണ്ട്. ഇന്നും സഫലമാകാത്ത ഒരു കാത്തിരിപ്പ്. അതും ഒരു പക്ഷിക്കു വേണ്ടി. പേരു കേൾക്കുമ്പോൾ തന്നെ വേനലിന്റെ മനോഹാരിത മുഴുവൻ മനസ്സിലേക്കെത്തിക്കാൻ കഴിവുള്ള പക്ഷി. ഉത്തരായണക്കിളി, കതിരുകാണാക്കിളി, ചക്കയ്ക്കുപ്പുണ്ടോ കുയിൽ എന്നൊക്കെ പേരുകളുള്ള വിഷുപ്പക്ഷി.

സാധാരണയായി നാട്ടിൻപുറത്തു കാണാറുള്ള മിക്ക പക്ഷികളും എന്റെ ഗ്രാമത്തിലുണ്ട്. പക്ഷേ, ഇന്നുവരെ കണ്ടുകിട്ടാൻ പാടുള്ള ആ നാണക്കാരനെ ഇവിടെ കണ്ടിട്ടില്ല. ഞങ്ങളുടെ ഗ്രാമത്തിന് അപരിചിതനാണ് ആ പക്ഷി. അതിന്റെ കാരണമെന്തെന്ന് അറിയില്ല.

വിഷുക്കാലമാകുമ്പോഴാണ് അവരുടെ പാട്ട് കേൾക്കുകയത്രേ. ഓരോ വിഷുക്കാലത്തും ഞാൻ കാത്തിരിക്കും. കണ്ടിട്ടില്ലെങ്കിലും പ്രസിദ്ധമായ ആ പാട്ടെങ്കിലും കേട്ടാൽ മതിയായിരുന്നു. എത്രയോ വിഷു കടന്നുപോയി. ബന്ധുക്കൾ മരിക്കുമ്പോൾ പടി കടന്നെത്താത്ത ആണ്ടറുതികൾ പോലെ ഉത്തരായണക്കിളികൾ എവിടെയോ മറഞ്ഞിരിക്കുക തന്നെയാണ്. ഈ വിഷുക്കാലത്തെങ്കിലും കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയോടെ ഞാനാരോ മരക്കൊമ്പിലേക്കും കണ്ണുകൾ കാത്തുവെച്ചിരിക്കുകയാണ്''.- സുഭാഷ് ഒട്ടുംപുറം



 

Content Highlights: writers sharing vishu memories