ബുക്കറില്‍ ചരിത്രം, ചുരുക്കപ്പട്ടികയില്‍ ആറില്‍ അഞ്ചും വനിതകള്‍

ബുക്കര്‍ പുരസ്‌കാരം Photo: thebookerprizes.com
ബുക്കര്‍ പുരസ്‌കാരം Photo: thebookerprizes.com

സാഹിത്യ നൊബേല്‍ സമ്മാനം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‌കാരങ്ങളിലൊന്നാണ് ബുക്കര്‍ പ്രൈസ്. യു.കെ.യിലും അയര്‍ലന്‍ഡിലും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരത്തിന് മത്സരിക്കാനാവുക. 

ഇത്തവണത്തെ ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോള്‍ അത് ചരിത്രസംഭവമായി. ചുരുക്കപ്പട്ടികയില്‍ ആറില്‍ അഞ്ചും വനിതാ എഴുത്തുകാര്‍. 55 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വനിതാ എഴുത്തുകാര്‍ ചുരുക്കപ്പട്ടികയില്‍ ഒരുമിച്ച് ഇടംപിടിക്കുന്നത്. റേച്ചല്‍ കഷ്‌നര്‍, ഷാര്‍ലറ്റ് വുഡ്, ആന്‍ മൈക്കിള്‍സ്, സാമന്ത ഹാര്‍വേ, യേല്‍ വാന്‍ഡെര്‍ വൂഡന്‍, പെര്‍സിവല്‍ എവററ്റ് എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചവര്‍. ഇതില്‍ പേര്‍സിവല്‍ ഒഴികെ ബാക്കി എല്ലാവരും വനിതകളാണ്.

'ക്രിയേഷന്‍ ലേക്കാ'ണ് അമേരിക്കകാരിയായ റേച്ചലിന് പട്ടികയില്‍ സ്ഥാനം നല്‍കിയത്. 2018-ല്‍ റേച്ചല്‍ മാന്‍ ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ നോവലിസ്റ്റായ ഷാര്‍ലറ്റ് 'സ്‌റ്റോണ്‍ യാര്‍ഡ് ഡെവോഷന്‍' വഴി പട്ടികയില്‍ ഇടംപിടിച്ചു. പത്തുവര്‍ഷത്തിനിടെ ആദ്യമായി ഒരു ഓസ്‌ട്രേലിയക്കാരിയുടെ നേട്ടം. കാനഡക്കാരിയായ ആന്‍ തന്റെ മൂന്നാമത്തെ നോവലായ 'ഹെല്‍ഡി'ലൂടെ അവസാന ആറിലെത്തി. വിമെന്‍സ് പ്രൈസ് ജേതാവായ ആന്‍  ബുക്കര്‍ ചുരുക്കപ്പട്ടികയിലെത്തുന്നത് ഇതാദ്യം. ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത 'ഓര്‍ബിറ്റല്‍' എന്ന നോവലിലൂടെ അവസാന ആറില്‍ ഇടംപിടിച്ചു. നെതര്‍ലന്‍ഡ്‌സില്‍ നിന്നാണ്  യേല്‍ വാന്‍ഡര്‍ വൂഡന്റെ വരവ്. 'ദ സേഫ് കീപ്പ്' എന്നാണ് ഇടംപിടിച്ച നോവലിന്റെ പേര്. ഡച്ച് നോവലിസ്റ്റ് ബുക്കര്‍ ചുരുക്കപ്പട്ടികയില്‍ വരുന്നത് ഇതാദ്യം. നവംബര്‍ 12-നാണ് ബുക്കര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചിനായിരുന്നു 2023 ലെ ബുക്കര്‍ പുരസ്‌കാരം.


 

Content Highlights: Women dominate 2024 Booker Prize shortlist