കനത്ത മഴ നനഞ്ഞ് ഭക്ഷണമില്ലാതെ കാട്ടില്‍ ദിവസങ്ങളോളം; അമേരിക്കന്‍ വനിതയ്ക്കുനേരെ നടന്നത് കൊടുംക്രൂരത

വനത്തില്‍ കണ്ടെത്തിയ യു.എസ്. വനിത
വനത്തില്‍ കണ്ടെത്തിയ യു.എസ്. വനിത

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലുള്ള കാട്ടില്‍ ഇരുമ്പുചങ്ങല കൊണ്ട് മരത്തില്‍ കെട്ടിയിട്ട നിലയില്‍ അമേരിക്കന്‍ വനിതയെ കണ്ടെത്തിയിട്ട് ദിവസങ്ങളാവുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴയായിരുന്നു സംസ്ഥാനത്തുടനീളം. ഒറ്റപ്പെട്ട കാട്ടില്‍ ഒരു വിളിക്ക് മറുവിളി കേള്‍ക്കാനോ ഭക്ഷണം തരാനോ ആരുമില്ലാതെ, കനത്ത മഴയില്‍ രാപ്പകല്‍ തള്ളിനീക്കേണ്ടി വന്നു അവര്‍ക്ക്. 

മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന വനിതയോട് ഭര്‍ത്താവാണ് ഈ ക്രൂരത ചെയ്തതെന്നാണ് പോലീസിന്റെ അനുമാനം. എന്തിനായിരിക്കും ഈ കൊടുംക്രൂരതയെന്ന ചോദ്യം അവശേഷിക്കുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരം ശോഷിച്ച നിലയിലായിരുന്നു. കാര്യങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കാനുള്ള മാനസികാവസ്ഥയോ ശാരീരികാവസ്ഥയോ കണ്ടെത്തുമ്പോള്‍ അവര്‍ക്കില്ലായിരുന്നു. താന്‍ മാനസിക പ്രശ്‌നമുള്ളയാളാണെന്നും ഭര്‍ത്താവാണ് തന്നെ ഇവിടെയെത്തിച്ചതെന്നും വനിത എഴുതി നല്‍കിയിട്ടുണ്ട്.  

ലളിത കായി കുമാര്‍ എന്നാണ് ഈ 50-കാരിയുടെ പേരെന്ന് കണ്ടെത്തിയ രേഖകള്‍ സൂചനയുണ്ട്. വനത്തിലെത്തിയ ആട്ടിടയന്‍ കരച്ചില്‍ കേട്ട് നടത്തിയ തിരച്ചിലിലാണ് അവരെ കണ്ടെത്തിയത്. ഉടനെതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എത്രദിവസമായി കാട്ടിലെത്തിയിട്ട് എന്നത് വ്യക്തമല്ല. യു.എസ്. പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്‌നാട് അഡ്രസിലുള്ള ആധാര്‍ കാര്‍ഡും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ആശുപത്രിയിലുള്ള അവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സൈക്യാട്രിക് പ്രശ്‌നങ്ങള്‍ കാണിക്കുന്ന അവരുടെ കൈവശം മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനും കണ്ടെത്തിയിരുന്നു. 

ചതിക്കുപിന്നില്‍ ഭര്‍ത്താവോ?
അമേരിക്കന്‍ വനിതയുടെ ഭര്‍ത്താവിനെതിരേ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്നാണ് അറിയുന്നത്. ആശുപത്രിയില്‍ വെച്ച് സ്ത്രീ എഴുതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. തമിഴ്‌നാട് സ്വദേശിയായ ഭര്‍ത്താവാണ് തന്നെ കാട്ടില്‍ കെട്ടിയിട്ട് കടന്നുകളഞ്ഞതെന്നാണ് അവരുടെ മൊഴി. കഴിഞ്ഞ പത്തുവര്‍ഷമായി അവര്‍ ഇന്ത്യയിലാണ്. വിസാ കാലാവധി കഴിയുകയും ചെയ്തിട്ടുണ്ട്. ദേശീയത സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ക്കായി രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറയുന്നു. തമിഴ്‌നാട്, ഗോവ തുടങ്ങിയ പ്രദേശങ്ങളിലായി സ്ത്രീയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോയെന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

Content Highlights: woman with us passport found chained to tree in maharashtra village