അല്ലു അർജുന്റെ പുഷ്പ മേക്കോവറിൽ നോവാക് ജോക്കോവിച്ച്; വിംബിൾഡൺ പേജ് ഹാക്ക് ചെയ്‌തെന്ന് ആരാധകർ

വിംബിൾഡണിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോൾ ഇന്ത്യൻ വൈബ് ആണെന്ന് ആരാധകർ. ഇന്ത്യൻസിനിമയിലെ കഥാപാത്രങ്ങളും സംഗീതവുമാണ് പേജിൽ നിറയുന്നത്. ഏറ്റവുമൊടുവിൽ നോവാക് ജോക്കോവിച്ചിന്റെ കാരിക്കേച്ചറാണ് ഇന്ത്യൻ കായികപ്രേമികളെ ഞെട്ടിച്ചത്. 'പുഷ്പ'യിലെ അല്ലു അർജുന്റെ ഐക്കോണിക് ആക്ഷനുമായിട്ടാണ്, പേജിൽ ജോക്കോവിച്ചിന്റെ കാരിക്കേച്ചർ പോസ്റ്റ് ചെയ്തത്. അതിനുമുകളിൽ 'പുഷ്പ' ടൈറ്റിലിന്റെ അതേ രീതിയിൽ ജോക്കോവിച്ചിന്റെ പേരും എഴുതിയിട്ടുണ്ട്. കാരിക്കേച്ചറിന് കൊടുത്ത ക്യാപ്ഷാണെങ്കിൽ ഹിന്ദിയിലും. 'രുക്കേഗാ നഹി ഓർ ഛുക്കേഗാ ഭീ നഹീ'. സിനിമയിലെ പ്രശസ്തമായ ഡയലോഗാണത്. ജോക്കോവിച്ചിന്റെ അടുത്ത മാച്ചിന് മുന്നോടിയായിട്ടാണ് പേജിൽ ഇത് പ്രത്യക്ഷപ്പെട്ടത്. 'പുഷ്പ' റിലീസായപ്പോൾ ഏറ്റവും കൂടുതൽ ഹിറ്റായതും അല്ലുവിന്റെ ഈ ആക്ഷനായിരുന്നു.
കുറച്ചുകാലമായി ഇന്ത്യൻ സിനിമകൾ വിംബിൾഡൺ പേജിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്. 'ആവേശം' സിനിമയുടെ ആവേശവും ഔദ്യോഗികപേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലെ ഇല്ലുമിനാറ്റി പാട്ടാണ് ഔദ്യോഗികപേജിലെത്തിയത്. സ്പാനിഷ് താരം കാർലസ് അൽക്കരാസിന്റെ ആരാധകർക്കായുള്ള പോസ്റ്റിനുകൊടുത്ത ക്യാപ്ഷൻ ഇങ്ങനെ, 'അൽക്കരാസ് ഫാൻസ്, ഹാപ്പി അല്ലേ?' ഈ പോസ്റ്റ് വന്നതോടെ മലയാളികൾ വാനോളം ആവേശത്തിലായി. വിംബിൾഡൺ പേജിന്റെ കമന്റ് ബോക്‌സ് മല്ലൂസ് തകർത്തുവാരി.
അതിനുമുമ്പ് 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമ ഇറങ്ങിയപ്പോഴും വിംബിൾഡൺ ഏറ്റെടുത്തിരുന്നു. സിനിമയുടെ പോസ്റ്റർ പോലൊരു ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു പേജിൽ. അതിനൊപ്പം വിംബിൾഡൺ ബോയ്‌സ് എന്ന ടൈറ്റിലും.
ഇന്ത്യൻ സിനിമകൾ പേജിൽ നിറയുമ്പോഴേക്കും ഇന്ത്യൻ ആരാധകർ പേജിൽ ഹാജർവെക്കും. വിംബിൾഡണിന്റെ പേജ് ആരെങ്കിലും ഹാക്ക് ചെയ്‌തോ എന്നായിരുന്നു ആളുകൾ അദ്ഭുതപ്പെട്ടത്. ഇന്ത്യക്കാരനാണ് പേജിന്റെ അഡ്മിൻ എന്ന് ആശ്വസിക്കുകയാണിപ്പോൾ അവർ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: wimbledons instagram is flooded with Indian cinema references, from Allu Arjuns Pushpa to manjummel boys