തണ്ണിമത്തനും പലസ്തീന്‍ പ്രതിരോധവും തമ്മിലെന്ത്...? കാനില്‍ തണ്ണിമത്തന്‍ ബാഗുമായി തിളങ്ങി കനി.....

#സൂരജ് സുകുമാരന്‍
കാന്‍ വേദിയില്‍ കനി കുസൃതി
കാന്‍ വേദിയില്‍ കനി കുസൃതി

ഭിനയം സ്വപ്‌നം കാണുന്ന ആരും കൊതിക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിലെ റെഡ് കാര്‍പ്പറ്റ്, അതിലൂടെ മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും നടന്നുവന്നപ്പോള്‍ മലയാളി ഹൃദയംകൊണ്ടാണ് കൈയടിച്ചത്. ആ ചരിത്രനടത്തത്തില്‍ കനി കുസൃതി കൈയിലേന്തിയ ബാഗും താരമായി, പലസ്തീന്‍ ഐക്യദാര്‍ഡ്യത്തിന്റെ അടയാളമായ തണ്ണിമത്തന്‍ രൂപത്തിലുള്ള ബാഗാണ് കനി കൈയിലേന്തിയത്. ലോകം ഉറ്റുനോക്കുന്ന കാനിലെ സ്വപ്‌ന വേദിയില്‍ മലയാളിയുടെ ഉശിരന്‍ നിലപാട് പറയാന്‍ കനി കാണിച്ച ധൈര്യത്തിന് സോഷ്യല്‍ മീഡിയലോകം ഒന്നടങ്കമാണ് കൈയടിച്ചത്. തണ്ണീര്‍മത്തന്‍ എങ്ങനെയാണ് പലസ്തീന്‍ ഐക്യദാര്‍ഡ്യത്തിന്റെ അടയാളമാകുന്നതെന്ന് ആ കമന്റുകളില്‍ ചിലര്‍ സംശയവുമുന്നയിച്ചു.

വിപ്ലവ ചുവപ്പ്

പലസ്തീന്‍ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് തണ്ണിമത്തൻ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി ലോകമെങ്ങും നിറയുന്നത്. തണ്ണിമത്തന്‍ പലസ്തീന്‍ പ്രതിരോധത്തിന്റെ അടയാളമായി സ്വീകരിക്കാന്‍ തുടങ്ങിയത് എപ്പോഴാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കിലും അതില്‍ പിന്നില്‍ പറയുന്ന ചരിത്രം ഇപ്രകാരമാണ്. അറബ്-ഇസ്രായേല്‍ യുദ്ധത്തിന് ശേഷം 1967 മുതല്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ പലസ്തീന്‍ പതാകയ്ക്ക് നിരോധനമേര്‍പ്പെടുത്തി. പതാകയോ അതിലെ നിറങ്ങള്‍ക്ക് സമാനമായോ വസ്തുക്കളോ പ്രദര്‍ശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. 25 വര്‍ഷം നിലനിന്ന ആ ഉത്തരവ് 1993 ലാണ് പിന്‍വലിച്ചത്. എന്നാല്‍ പോയവര്‍ഷം വീണ്ടും പൊതുവിടങ്ങളില്‍ പലസ്തീന്‍ പതാകകള്‍ക്ക് നിരോധനമേര്‍പ്പെടുത്തികൊണ്ട് ഇസ്രായേല്‍ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു. 1980 കളില്‍ തന്റെ ആര്‍ട്ട് ഗാലറിയില്‍ സെന്‍സര്‍ഷിപ്പിനെത്തിയ ഇസ്രായേല്‍ പട്ടാളക്കാരാണ് തണ്ണിമത്തന്‍ പ്രതിരോധ അടയാളമായിമാറ്റിയതെന്നാണ് പലസ്തീന്‍ ചിത്രകാരനായ സ്ലിമന്‍ മന്‍സൂര്‍ പറയുന്നത്. ആ കഥ ഇങ്ങനെ.

തണ്ണിമത്തന്‍ രൂപം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍


ഒരിക്കല്‍ സ്ലിമന്റെ ആര്‍ട്ട് ഗാലറി പരിശോധിക്കാന്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ എത്തുന്നു. പലസ്തീനികളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ ഗാലറിയില്‍ നിന്ന് പട്ടാളക്കാര്‍ പിടിച്ചെടുത്തു. ശേഷം ഭംഗിയുള്ള പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രം മാത്രം താങ്കള്‍ വരച്ചാല്‍ മതിയെന്നും അത്തരം ചിത്രങ്ങള്‍ നല്ല വിലനല്‍കി ഞങ്ങള്‍ വാങ്ങിക്കാം എന്നും പട്ടാളക്കാര്‍ ഉപദേശിക്കുന്നു. തങ്ങളെ ചിത്രങ്ങള്‍ക്ക് കാണിച്ച് അനുമതി നേടാതെ ഇനി ഒരിക്കലും സ്ലിമാന് ചിത്രപ്രദര്‍ശനം നടത്താനാകില്ലെന്നും പട്ടാളക്കാര്‍ അന്ന് പറഞ്ഞു. പലസ്തീന്‍ പതാകയില്‍ ഉപയോഗിച്ചിരിക്കുന്ന ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ പെയിന്റിങ്ങിനായി ഒരിക്കലും ഉപയോഗിക്കരുതെന്ന് ആജ്ഞാപിച്ചു. അന്ന് സ്ലിമാനൊപ്പം അവിടെയുണ്ടായിരുന്നു ഇസാം ബദര്‍ എന്ന ചിത്രകാരന്‍ അപ്പോള്‍ പട്ടാളക്കാരോട് ഇങ്ങനെ ചോദിച്ചു ' ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ ഉപയോഗിച്ച് ഞാന്‍ പൂക്കളെ വരച്ചാല്‍ നിങ്ങളെന്ത് ചെയ്യും..?..''

' ആ നിറങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ എന്ത് വരച്ചാലും ഞങ്ങളത് കണ്ടുകെട്ടും. അത് തണ്ണീര്‍മത്തന്റെ ചിത്രമായാല്‍ പോലും..'
പട്ടാളസംഘത്തലവന്റെ മറുപടി ഇപ്രകാരമായിരുന്നു.
ഈ സംഭവം പുറംലോകത്തെത്തിയതോടെ സ്ലിമാന് പിന്തുണയുമായി നിരവധി ചിത്രകാരന്മാര്‍ രംഗത്തെത്തി. നിരോധിത നിറങ്ങള്‍ ഉപയോഗിച്ച് മാത്രം അവര്‍ ചിത്രങ്ങള്‍ വരച്ചു. തണ്ണിമത്തന്‍ ചിത്രങ്ങള്‍ ലോകമെങ്ങും നിറഞ്ഞു. ഈ സംഭവത്തിന് ഒരുവര്‍ഷത്തിന് ശേഷം പട്ടാളക്കാര്‍ സ്ലിമാനെ അറസ്റ്റ് ചെയ്തു. ഭക്ഷണവും വെള്ളവും പോലും നല്‍കാതെ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് സ്ലിമാന്‍ തണ്ണിമത്തന്റെ ചിത്രങ്ങളും മറ്റ് രാഷ്ട്രീയ ചിത്രങ്ങളും വരയ്ക്കാന്‍ ആരംഭിച്ചത്. സ്ലിമാന്റെ കഥ അറിഞ്ഞ ലോകത്തെ പ്രമുഖ ചിത്രകാരമാര്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ചിത്രങ്ങള്‍ വരച്ചു. അതൊരു തരംഗവും പ്രതിരോധവും അടയാളവുമായി മാറി.   

സ്ലിമാന്‍ മന്‍സൂറിന്റെ പ്രസിദ്ധമായ 'വാട്ടര്‍മെലന്‍ ബോയ്' എന്ന പെയിന്റിങ്‌


 ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നം വീണ്ടും രക്തചൊരിച്ചിലുകളിലേക്കും യുദ്ധത്തിലേക്കും കടന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ തണ്ണീര്‍മത്തന്‍ ഡിസൈനോട് കൂടി പലസ്തീന്‍ ഐക്യദാര്‍ഡ്യ ഉല്‍പന്നങ്ങളുടെയും വില്‍പന വര്‍ധിച്ചിരുന്നു. പലപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളിലും ഫെസ്റ്റിവലുകളിലുമെല്ലാം സെലിബ്രിറ്റികള്‍ തങ്ങളുടെ നിലപാട് നിശബ്ദമായി അടയാളപ്പെടുത്താന്‍ തണ്ണീര്‍മത്തന്‍ ഡിസൈനോട് കൂടിയ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട്. തണ്ണീര്‍മത്തന്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവയെല്ലാം പ്രതിരോധ അടയാളങ്ങളാകുന്നു. അതിന്റെ തുടര്‍ച്ചയായാണ് കാനില്‍ കനികുസൃതി തണ്ണീര്‍മത്തന്‍ ബാഗുമേന്തി തന്റെ നിശബ്ദം പ്രതിഷേധം രേഖപ്പെടുത്തിയത്. നടി കേറ്റ് ബ്ലാന്‍ഷെറ്റ്, പാസ്‌ക്കന്‍ കാന്‍ തുടങ്ങി നിരവധി പേര്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ സമാന പ്രതിഷേധം രേഖപ്പെടുത്തി. 

ഇന്ത്യയുടെ അഭിമാനം... 

മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകപ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തില്‍ ഒരുഇന്ത്യന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരമായ ഗോള്‍ഡന്‍ പാമിന് (പാം ദോര്‍)  വേണ്ടിയാണ് ഇന്ത്യൻ ചിത്രമായ  'ഓള്‍ വെ ഇമാജിന്‍ ആസ് ലൈറ്റ്' മത്സരിക്കുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി നായികമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രീമിയറിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായല്‍ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങള്‍ ആയ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂണ്‍, ഛായാ ഖദം എന്നിവരോടൊപ്പം  രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവര്‍ റെഡ്  കാര്‍പ്പറ്റില്‍ ചുവടുവച്ചു. ഇന്ത്യന്‍ താരങ്ങളെ ആവേശത്തോടെയാണ് കാന്‍ ഫെസ്റ്റിവലില്‍ സ്വീകരിച്ചത്. തുടര്‍ന്ന് പ്രധാന തിയേറ്റര്‍ ആയ ഗ്രാന്‍ഡ് തിയേറ്റര്‍ ലൂമിയറിലാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് സ്‌ക്രീനിംഗ് നടന്നത്. മുംബൈയിലെ രണ്ട് വ്യത്യസ്ത നഴ്സുമാരുടെ ജീവിതത്തെ ആധാരമാക്കിയാണ് കഥ പറയുന്നത്. 

ദിവ്യ പ്രഭ കാന്‍ ഫിലിം ഫെസ്റ്റ് വേദിയില്‍

കൈയടി നേടി കനിയും ദിവ്യപ്രഭയും...

റെഡ് കാര്‍പ്പറ്റില്‍ തിളങ്ങിയ കനിയും ദിവ്യപ്രഭയുമടക്കമുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തര്‍ നൃത്തം ചവിട്ടുകയും ചെയ്തതോടെ കണ്ടുനിന്നവരെല്ലാം കൈയടിച്ചു. പഫ് സ്ലീവോട് കൂടിയ ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ട് ടൈപ്പ് ഗൗണ്‍ ധരിച്ചാണ് ദിവ്യപ്രഭ ശ്രദ്ധനേടിയത്. റെഡ്കാര്‍പ്പറ്റിലെ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. മലയാളിക്ക് അഭിമാനനിമിഷം എന്ന കുറിപ്പില്‍ പലരും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

Content Highlights: kani kusurthi with watermelon bag, why watermelons are symbol of palestinian solidarity