വിജയ്‌യും സംഗീതയും കോടതിയിൽ നേരിട്ട് ഹാജരാകണം, ഒരുമിക്കുകയാണെന്നുള്ള സൂചനകൾ ശക്തം

സി.ജോസഫ് വിജയ്, സംഗീത സ്വർണലിംഗം | PTI, Instagram
സി.ജോസഫ് വിജയ്, സംഗീത സ്വർണലിംഗം | PTI, Instagram

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചന കേസ് (Vijay-Sangeetha Divorce Case), ജൂൺ 15-ന് പരിഗണിക്കുമെന്നായിരുന്നു ചെങ്കൽപേട്ട് കോടതി നേരത്തെ പറഞ്ഞിരുന്നത്. പ്രശസ്തരായതിനാലും സ്വകാര്യതയുടെ പ്രശ്‌നങ്ങളുള്ളതിനാലും വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്നും വിജയ്‌യും സംഗീതയും അഭിഭാഷകർ മുഖേന അഭ്യർഥിച്ചിരുന്നു. അതിനുള്ള അപേക്ഷയും അവർ സമർപ്പിച്ചിരുന്നു. വിജയ്‌യുടെ തിരക്കുകളും സുരക്ഷാപരമായ പ്രശ്‌നങ്ങളും കൂടി ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു അപേക്ഷ നൽകിയത്.

നേരത്തെ നിശ്ചയിച്ചതുപോലെ കോടതി ജൂൺ 15-ന് കേസ് പരിഗണിക്കുകയും ചെയ്തു. എന്നാൽ, വീഡിയോ കോൺഫറൻസ് വഴി വിചാരണാനടപടികളിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചില്ല. കേസ് പരിഗണിച്ചപ്പോൾ വീഡിയോ കോൺഫറൻസിനായുള്ള മെയിൽ ഐഡി പോലും അപേക്ഷയിൽ ഉണ്ടായിരുന്നില്ല. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയതെന്നും പറയപ്പെടുന്നു. ഹർജിക്കാരനും പ്രതിഭാഗവും അവരുടെ ഇമെയിൽ ഐഡികൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. സംഗീതയുടെ അഭിഭാഷകൻ വക്കാലത്ത് ഫയൽ ചെയ്യാത്തത് എന്താണെന്നും ജഡ്ജി ചോദിച്ചു.

ഒടുവിൽ വിചാരണ ആഗസ്റ്റ് ഏഴിലേക്ക് മാറ്റിവെച്ചതായി കോടതി അറിയിക്കുകയായിരുന്നു. സംഗീതയും വിജയ്‌യും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് ജഡ്ജി നിർദേശിച്ചതായും അറിയുന്നു. ഏപ്രിലിലാണ് കോടതി കേസ് ആദ്യം പരിഗണിച്ചത്. ആ തവണയും ഇരുകക്ഷികളും ഹാജരായിരുന്നില്ല. അന്ന് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണപരിപാടികളുടെ തിരക്കിലായിരുന്നു വിജയ്. അതോടെ കേസ് മെയ് മാസത്തിലേക്ക് മാറ്റി. അപ്പോഴും വിജയ്‌യും സംഗീതയും കോടതിയിലെത്തിയിരുന്നില്ല. തുടർന്നാണ് ജൂൺ 15-ലേക്ക് മാറ്റിയത്.

എന്നാൽ, ഇതെല്ലാം നേരത്തെ പ്രചരിക്കുന്ന മറ്റൊരു റിപ്പോർട്ടിന് കൂടുതൽ ഊർജം പകരുകയാണ്. സംഗീതയും വിജയ്യും വീണ്ടും ഒന്നിച്ചുവെന്ന റിപ്പോർട്ടുകൾ കുറച്ചുദിവസങ്ങളായുണ്ട്. അതുകൊണ്ടാവാം സംഗീത വക്കാലത്ത് സമർപ്പിക്കാത്തതെന്നും പറയപ്പെടുന്നു. വീഡിയോ കോൺഫറൻസിനുള്ള അപേക്ഷയിൽ മെയിൽ ഐഡി നൽകാത്തതും ഈ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.

വിജയ്യുടെ അമ്മ ശോഭ ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നായിരുന്നു വാർത്തകൾ വന്നത്. അതോടെ ലണ്ടനിലായിരുന്ന സംഗീത തിരിച്ച് നാട്ടിലെത്തിയത്രേ. ജൂൺ 22-ന് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാവുമെന്നും ചില ഫാൻ പേജുകൾ അവകാശപ്പെടുന്നു. അന്നാണ് വിജയ്‌യുടെ പിറന്നാൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Chengalpattu court rejected the plea for video conferencing for the divorce proceedings of vijay and sangeeth. Both Vijay and Sangeetha are mandated to appear in person on August 7, 2026